കൂത്താട്ടുകുളം ഗവ. ആശുപത്രി
ഗുരുതര ചികിത്സാപിഴവ് ; ഡ്രിപ് ഇട്ട കൈയുടെ സ്വാധീനം കുറഞ്ഞു

ചികിത്സാപ്പിഴവിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ രഞ്ജിത് രമേശിന്റെ കൈ
കൂത്താട്ടുകുളം
കൂത്താട്ടുകുളം കുടുംബാരോഗ്യകേന്ദ്രത്തിൽ ഗുരുതര ചികിത്സാപിഴവെന്ന് പരാതി. പ്രമേഹം കൂടുതലായി ചികിത്സതേടിയ യുവാവിന് ഡ്രിപ് ഇട്ടതിനെ തുടർന്ന് കൈപഴുത്ത് ശസ്‌ത്രക്രിയ നടത്തേണ്ടിവന്നതായും കൈക്ക് സ്വാധീനം കുറഞ്ഞതായുമാണ് ആരോപണം. തിരുമാറാടി പുന്നംകോട് തടത്തിപ്പറമ്പിൽ രഞ്ജിത് രമേശനാണ് (42) പരാതിക്കാരൻ.
ആശുപത്രി സൂപ്രണ്ടിനും നഗരസഭ ചെയർപേഴ്‌സണും കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്.
ജൂലൈ പത്തിനാണ് രഞ്ജിത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടിയത്.
പ്രവേശിപ്പിച്ച ദിവസം മൂന്നുതവണ കൈയിൽ ഡ്രിപ് കയറ്റി. രാത്രി ശക്തമായ വേദനയുണ്ടായി നീരുകെട്ടി. രണ്ടുദിവസം കഴിഞ്ഞും വേദനയും നീരും കൂടിയതോടെ സർജനെ കാണിക്കണമെന്ന് ഡോക്ടർ പറഞ്ഞു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ സർജനെ കണ്ട് മൂന്നുദിവസം തുടർച്ചയായി കുത്തിവയ്‌പെടുത്തിട്ടും നീരും വേദനയും കുറഞ്ഞില്ല. തുടർന്ന്, മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോയി.
അവിടെനിന്ന് എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുതവണ കൈക്ക് ശസ്‌ത്രക്രിയ നടത്തി. 15 ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ കിടന്നുവെങ്കിലും മാറ്റമുണ്ടായില്ല. മറ്റെല്ലാ ആശുപത്രിയിലെയും ഡോക്ടർമാർ ഇത് ചികിത്സാപിഴവാണെന്ന് ചൂണ്ടിക്കാട്ടിയതായി രഞ്ജിത് പറയുന്നു. ഞരമ്പിൽ സൂചി കയറ്റേണ്ടതിന് പകരം പേശിയിൽ കയറ്റിയതിനെ തുടർന്നാണ് ഈ സ്ഥിതി ഉണ്ടായതെന്നാണ് രഞ്ജിത്തും ബന്ധുക്കളും ആരോപിക്കുന്നത്.
കൂലിപ്പണിചെയ്തു ജീവിക്കുന്ന നിർധനകുടുംബത്തിലെ രഞ്ജിത്തിന് ഇപ്പോൾ ഒന്നരലക്ഷത്തോളം രൂപ ചികിത്സയ്‌ക്ക് ചെലവായി. വേദന കൂടി ചികിത്സയ്‌ക്ക് വഴികളില്ലാതായതോടെ വീണ്ടും കൂത്താട്ടുകുളം ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരിക്കുകയാണ് രഞ്ജിത്.
അടിയന്തര നടപടിവേണം
കൂത്താട്ടുകുളം
ചികിത്സാപിഴവെന്ന യുവാവിന്റെ പരാതിയിൽ അടിയന്തരനടപടിയും തുടർചികിത്സയും ഉറപ്പാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. ജൂലൈയിൽതന്നെ രഞ്ജിത് നഗരസഭയ്‌ക്ക് പരാതി നൽകിയിരുന്നു. രണ്ട് മാസത്തോളം പരാതിക്കാരനുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്കും സാന്പത്തികനഷ്ടത്തിനും ചെയർമാനും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനും ഉത്തരവാദിത്വമുണ്ടെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് സണ്ണി കുര്യാക്കോസ് പറഞ്ഞു. കൂത്താട്ടുകുളം ഗവ.ആശുപത്രിയിലെത്തിയ രഞ്ജിത്തിനെ എൽഡിഎഫ് കൗൺസിലർമാർ സന്ദർശിച്ചു. തുടർ ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജും ആവശ്യപ്പെട്ടു.









0 comments