ad
Deshabhimani

‘ഹോപ്പ്‌’ ഇല്ലാ മുസിരിസ്‌ ബോട്ട്‌

KOCHI CONNECT

പള്ളിപ്പുറം കോട്ടയ്ക്കു സമീപം മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ ബോട്ട് ജെട്ടി കാടുകയറി നശിച്ചനിലയിൽ

വെബ് ഡെസ്ക്

Published on Sep 03, 2026, 03:47 AM | 1 min read

കൊച്ചി


ചരിത്രഗന്ധമുള്ള വഴികളിലൂടെ ഓളപ്പരപ്പുകള്‍ താണ്ടിയൊരു പ്രയാണം, അതായിരുന്നു മുസിരിസ് പെെതൃക ബോട്ട് യാത്ര. യവനരും ആദിചേരന്‍മാരും ചേര പെരുമാക്കന്‍മാരും ലന്തക്കാരും പറങ്കികളും ജൂതരും അറബികളും പാലിയത്തച്ചനും കൊച്ചി–തിരുവിതാംകൂര്‍ രാജാക്കന്‍മാരും സഞ്ചരിച്ച കായല്‍വഴികളിൽ സഞ്ചരിക്കാന്‍ പുതുതലമുറയ്ക്ക് അവസരമേകിയ ‘ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് മുസിരിസ്’ പൈതൃക യാത്ര ഇന്ന് നിശ്‌ചലാവസ്ഥയിലാണ്‌. ടൂറിസംവകുപ്പാണ്‌ മുസിരിസ് പ്രോജക്ട്‌സ് ബോട്ട് സര്‍വീസ് തുടങ്ങിയത്.

അനാസ്ഥയിൽ 
ആകർഷണം നഷ്ടമായി


2016 ഫെബ്രുവരിയിലാണ്‌ പദ്ധതി തുടങ്ങിയത്‌. പറവൂര്‍ ചന്തയുടെ കിഴക്കേയറ്റത്തെ ജെട്ടിയില്‍നിന്നാണ് ബോട്ടുകള്‍ മുസിരിസിന്റെ ചരിത്രഭൂമികയിലേക്ക് പ്രയാണം തുടങ്ങിയിരുന്നത്. പറവൂര്‍ പെരിയാറിന്റെ കൈവഴിയിലൂടെ വേമ്പനാട്ടുകായലില്‍ കയറി കോട്ടപ്പുറത്തെത്തി അവിടെനിന്ന്‌ ചേന്ദമംഗലത്തേക്കായിരുന്നു യാത്ര. പറവൂര്‍ സിനഗോഗ്, പഴയ സുഗന്ധവ്യഞ്ജന വില്‍പ്പനകേന്ദ്രമായ പറവൂര്‍ ചന്ത, പള്ളിപ്പുറം കോട്ട, പള്ളിപ്പുറം മഞ്ഞുമാതാ പള്ളി, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം ചന്ത, ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ മസ്ജിദ്, പാലിയത്തച്ചന്‍മാരുടെ പാലിയം കൊട്ടാരവും നാലുകെട്ടും, ചേന്ദമംഗലം സിനഗോഗ് എന്നിങ്ങനെ ചരിത്രവഴികളിലൂടെ നിരവധിപേര്‍ ശീതീകരിച്ച ബോട്ടുകളില്‍ ഇതുവഴി യാത്രചെയ്തു. എന്നാൽ, പെട്ടെന്നുതന്നെ ബോട്ടുകളുടെ ശീതീകരണസംവിധാനങ്ങള്‍ തകരാറിലായി, പകരം ഫാനായി. സൗകര്യങ്ങള്‍ കുറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോട്ട്‌ യാത്രയിൽ താൽപ്പര്യം കുറഞ്ഞു. പദ്ധതിയുടെ കേന്ദ്രമായ പറവൂരിലെ ജനപ്രതിനിധിയും കൈയൊഴിഞ്ഞു.




കാടുമൂടി ബോട്ട്‌ജെട്ടി


ദേശീയപാത 66 നിര്‍മാണവുമായി ബന്ധപ്പെട്ട് പറവൂര്‍ പാലത്തിനു സമാന്തരമായി പുതിയ പാതയില്‍ നിര്‍മിച്ച പാലത്തിനു താഴെക്കൂടി ബോട്ട് കടന്നുപോകില്ല, അതിനാല്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയെന്നാണ് അധികൃതരുടെ ഭാഷ്യം. ഇതുവഴിയല്ലാതെ വേമ്പനാട്ട് കായലില്‍ ബോട്ടെത്തിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദേശീയപാതയിലെ പാലം ഉയര്‍ത്തി. അതുവരെ നാല്‌ ബോട്ടുകള്‍ പറവൂര്‍ തട്ടുകടവ് ജെട്ടിയില്‍ തുരുമ്പെടുത്തുകിടന്നു. പള്ളിപ്പുറം കോട്ടയ്ക്കടുത്ത് പണിത ജെട്ടിയാകട്ടെ ബോട്ട് അടുക്കാന്‍ സാധിക്കാത്തവിധമാണുള്ളത്. അവിടം ഇപ്പോള്‍ കാടുമൂടിയനിലയിലാണ്. നിലവില്‍ കോട്ടപ്പുറത്തെ ജെട്ടിയില്‍നിന്നാണ് ബോട്ട് സര്‍വീസുള്ളത്. കോട്ടപ്പുറം കോട്ട, ചേന്ദമംഗലം സിനഗോഗ്, പാലിയം കൊട്ടാരം എന്നിവിടങ്ങളിലേക്ക് മാത്രമാണിപ്പോള്‍ സര്‍വീസ്. പൂര്‍ണമായ സര്‍വീസ് എന്നാരംഭിക്കും എന്ന ചോദ്യത്തിന് അധികൃതര്‍ക്ക് കൃത്യമായ മറുപടിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home