മച്ചാനേ...ഇത് ‘ബികെയു’ മൂഡ്..

ജാസര്‍ ക്ലിക്സ്
കൊച്ചി
‘മച്ചാനേ..ഏത് മൂഡ്?... ബികെയു മൂഡ്'. ഓണം തൂക്കിയ മൂഡിലാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ ജാസര്‍ ക്ലിക്സ്. റീല്‍സെല്ലാം പണ്ടേ ഹിറ്റാണെങ്കിലും അഭിനയിച്ച ആദ്യസിനിമ വലിയ വിജയമായതിന്റെ ത്രില്ലിലാണ് ജാസര്‍. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയറ്ററുകളിൽ വിജയകരമായി മുന്നേറുമ്പോൾ ദേവദത്ത് എന്ന കഥാപാത്രത്തിന് ലഭിക്കുന്ന കൈയടികള്‍ ചില്ലറയല്ല.
ചെറുപ്പംമുതലേ സിനിമയായിരുന്നു ജാസറിന്റെ ലക്ഷ്യം. ചെറിയ വീഡിയോകള്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തായിരുന്നു തുടക്കം. നിരവധി ഓഡീഷനിലും പങ്കെടുത്തു. ഓഡീഷന് ആദ്യം ചോദിക്കുന്നത് പെര്‍ഫോമന്‍സ് വീഡിയോകളായിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സും യുട്യൂബില്‍ ഷോര്‍ട്സും ഇടാന്‍ തുടങ്ങി. കോളേജിലെയും വീടിനടുത്തെയും സുഹൃത്തുക്കളും ഒപ്പമുണ്ടായി. റീല്‍സ് വലിയരീതിയില്‍ ശ്രദ്ധിക്കപ്പെടുമ്പോഴും സിനിമയില്‍ അവസരം ലഭിക്കണമെന്നതായിരുന്നു ജാസറിന്റെ വലിയ ആഗ്രഹം.
അവസരങ്ങള്‍ ചോദിച്ച് ഗിരീഷ് എ ഡിക്ക് മെസേജ് അയക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ‘പൊളി മൂഡ്' എന്ന വീഡിയോ കണ്ട് ജാസറിനെ ഗിരീഷ് വിളിച്ചു. ഇഷ്ടസംവിധായകന്‍ അവസരവുമായി വിളിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയതെന്ന് ജാസര്‍ പറഞ്ഞു. ഒരുപാടുനാള്‍ പരിശ്രമിച്ചതിന്റെ ഫലമാണ് ബെത്‌ലഹേമിലൂടെ ലഭിച്ചത്. ആദ്യമായി അഭിനയിക്കാന്‍ എത്തിയ ഭയമോ ടെന്‍ഷനോ ബെത്‌ലഹേം സെറ്റില്‍ ഉണ്ടായില്ല. നിവിന്‍ പോളിയോടൊപ്പമുള്ള സീനുകളെല്ലാം വലിയ അനുഭവമാണ് നല്‍കിയതെന്നും ജാസര്‍ പറഞ്ഞു. കലൂര്‍ ഫ്രീഡം റോഡിലാണ് ജാസറിന്റെ താമസം. ബാപ്പ: നജീബ്. ഉമ്മ: സജീന. സഹോദരി: ജിസ്ന.









0 comments