ഇൻഫോപാർക്കിലേക്കുള്ള പാത 2027 ആഗസ്‌തിൽ
മെട്രോ മൂന്നാംഘട്ടം ഉയരപ്പാത തന്നെ; 2031ൽ പൂർത്തിയാക്കാമെന്ന്

കൊച്ചി
ആലുവയില്‍നിന്ന് അന്താരാഷ്ട്ര വിമാനത്താവളംവഴി അങ്കമാലിവരെയുള്ള കൊച്ചി മെട്രോ മൂന്നാംഘട്ടം പൂർണമായും ഉയരപ്പാതയായിരിക്കുമെന്ന് കെഎംആർഎൽ. സർക്കാരിന് അടുത്തിടെ സമർപ്പിച്ച വിശദ പദ്ധതി രേഖ (ഡിപിആർ) പ്രകാരം പൂർണമായും ഉയരപ്പാത (എലിവേറ്റഡ്) വരുന്ന രീതിയിലാണ് മൂന്നാംഘട്ടം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാഗത്ത് ഭൂമിക്ക് അടിയിലൂടെ പാത കടന്നുപോകുന്നില്ലെന്നും കെഎംആർഎൽ അറിയിച്ചു.
ഡിപിആർ പ്രകാരം 18.09 കിലോമീറ്ററാണ് പാത. 14 സ്‌റ്റേഷനുകളുണ്ടാകും. മൂന്നാംഘട്ടത്തിന്റെ കുറച്ചുദൂരം ഭൂഗര്‍ഭപാതയായിരിക്കുമെന്നും 15 സ്‌റ്റേഷനുകളുണ്ടാകുമെന്നുമാണ് നേരത്തേ കെഎംആർഎൽ പറഞ്ഞിരുന്നത്.
പദ്ധതി ചെലവ് കൂട്ടുന്നതിനാലാണ് ഭൂഗർഭ പാത ഒഴിവാക്കിയതെന്നാണ് വിവരം. ഇൗവർഷംതന്നെ കേന്ദ്ര–സംസ്ഥാനസർക്കാർ അനുമതി ലഭിക്കുകയും 2027ൽ ഭൂമിയേറ്റെടുക്കുകയും ചെയ്‌താൽ 2031ൽ മൂന്നാംഘട്ടം യാഥാർഥ്യമാക്കാൻ കഴിയുമെന്ന് സ്ഥാനമൊഴിഞ്ഞ കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.
ഡിപിആറിലെ നിർമാണ കാലയളവ് ഇത്തരത്തിലാണ്. നിർമാണ വൈദഗ്‌ധ്യം ഉൾപ്പെടെയുള്ള അനുകൂലഘടകങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ പദ്ധതി 2030ൽ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്.
വിമാനത്താവളത്തിനുസമീപം സിയാൽ നിർമിക്കുന്ന വാണിജ്യ സമുച്ചയവുമായി ബന്ധിപ്പിച്ചാണ് പാത കടന്നുപോകുക. വിമാനത്താവളത്തിലെ മെട്രോ സ്‌റ്റേഷൻ സിയാൽതന്നെ നിർമിക്കുമെന്നും സൂചനയുണ്ട്. വിമാനത്താവളം വഴിയായതിനാൽ കേന്ദ്രത്തിൽനിന്നുള്ള ധനവിഹിതം കൂടുതൽ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ഇൻഫോപാർക്കിലേക്ക് നിർമാണം പുരോഗമിക്കുന്ന മെട്രോ രണ്ടാംഘട്ടം 2027 ആഗസ്‌തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിവരം. സ്വാതന്ത്ര്യദിനത്തിൽ ഉദ്‌ഘാടനം നടത്താൻ കഴിയുംവിധത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. സാങ്കേതിക തടസ്സങ്ങൾ ഉയർന്നാൽ മാത്രമേ രണ്ടാംഘട്ടം വൈകൂ.
മെട്രോ അങ്കമാലിവരെ ദീര്‍ഘിപ്പിക്കണമെന്നതും കൊച്ചി വിമാനത്താവളവുമായി മെട്രോ കണക്ടിവിറ്റി വേണമെന്നതും ദീർഘനാളായുള്ള ആവശ്യമായിരുന്നു. ഇത് പരിഗണിച്ചാണ് എൽഡിഎഫ് സർക്കാർ ഇതിനായുള്ള നടപടി സ്വീകരിച്ചത്. വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യത്തിനുപുറമെ, നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനും പദ്ധതി പരിഹാരമാകും. പ്രാദേശിക വികസനത്തിനും വഴിയൊരുക്കും. അങ്കമാലിയിലേക്ക് മെട്രോ നീട്ടണമെന്ന് സിപിഐ എമ്മും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.










0 comments