നേന്ത്രപ്പഴത്തിനും ഞാലിപ്പൂവനും "തീവില' തന്നെ

എടവനക്കാട്ടെ പഴക്കടയിൽ വിൽപ്പനയ്‌ക്കുള്ള നേന്ത്രക്കുലയും ഞാലിപ്പൂവനും
വൈപ്പിൻ
വിപണിയിൽ വിലയിടിയാതെ ഞാലിപ്പൂവനും നേന്ത്രപ്പഴവും. കിലോയ്ക്ക് 50 രൂപയുണ്ടായിരുന്ന ഞാലിപ്പൂവൻ 90 മുതൽ 100 രൂപവരെയായി. നഗരങ്ങളിൽ 120 രൂപവരെയെത്തി. ഓണക്കാലത്ത് ഞാലിപ്പൂവൻ പഴം കിട്ടാനില്ലാത്ത സാഹചര്യമുണ്ടായിരുന്നെന്ന് കച്ചവടക്കാർ പറയുന്നു.
സീസൺ അല്ലാത്തതുകൊണ്ടുള്ള ലഭ്യതക്കുറവാണ് ഓണശേഷവും ഞാലിപ്പൂവന് വില കുറയാത്തതിന് പ്രധാന കാരണം. ചിങ്ങമാസമെത്തിയതോടെ വിവാഹസദ്യകളിലും ഞാലിപ്പൂവനുതന്നെയാണ് പ്രഥമ സ്ഥാനം. മാള ഭാഗത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുമാണ് പ്രധാനമായും ഇവ വിപണിയിലെത്തുന്നത്. നാടൻ ഞാലിപ്പൂവൻ കുലകളേക്കാൾ തമിഴ്നാട്ടിൽനിന്നെത്തുന്നവയിൽ ഇടതൂർന്ന പടലകളാണുള്ളത്. അതിനാൽ തമിഴ്നാട് പഴങ്ങൾക്കും ആവശ്യക്കാർ കൂടുതലാണ്. വയനാട്ടിൽനിന്ന് വരുന്ന പഴങ്ങൾക്കും വിപണിയുണ്ട്.
നേന്ത്രപ്പഴത്തിനും ഉയർന്ന വില തുടരുകയാണ്. ചിപ്‌സുണ്ടാക്കാൻ പച്ചക്കായയും നേന്ത്രപ്പഴവും വലിയതോതിൽ ഉപയോഗിക്കുന്നതാണ് കാരണം. നേന്ത്രക്കായയുടെ നാടൻ ഇനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. രുചിയിലും ഗുണത്തിലും ഇവ മറുനാടൻ പഴങ്ങളെക്കാൾ മുന്നിലാണ്. നിലവിൽ കിലോയ്ക്ക് 65 മുതൽ 75 രൂപവരെയാണ് വില. റോബസ്റ്റയ്ക്ക് 40, പാളയംകോടന് 40, പൂവമ്പഴത്തിന് 50 രൂപവരെയും വിലയുണ്ട്. വരുംമാസങ്ങളിൽ കൂടുതൽ പഴങ്ങൾ വിപണിയിലെത്തുന്നതോടെ മാത്രമേ വിലയിൽ കാര്യമായ കുറവുണ്ടാകൂ എന്നാണ് വ്യാപാരികൾ പറയുന്നത്.










0 comments