ജിസിഡിഎയിൽ ദിവസവേതനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

കൊച്ചി
ജിസിഡിഎയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിട്ടു. വർഷങ്ങളായി ജോലിചെയ്യുന്നവരെ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് ജിസിഡിഎയുടെ പ്രവർത്തനങ്ങളെയും പദ്ധതികളെയും ബാധിക്കും. പതിവുപോലെ ജോലിക്ക് എത്തിയപ്പോഴാണ് ഇവരോട് ജോലിക്ക് കയറേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്.
15 പേർ ദിവസവേതനക്കാരായുണ്ട്. അറ്റൻഡന്റ്, ഓവർസിയർ, കംപ്യൂട്ടർ ഓപ്പറേറ്റർ, ഇലക്‌ട്രീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, പന്പ് ഓപ്പറേറ്റർ, കെയർടേക്കർ തുടങ്ങിയ അത്യാവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലിയാണ് ഇവർ ചെയ്‌തിരുന്നത്. സ്ഥിരംജീവനക്കാരുടെ കുറവ് ജിസിഡിഎയിലുണ്ട്. ഇൗ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ ദൈനംദിന ഭരണ–സാങ്കേതിക പ്രവർത്തനങ്ങളിൽ താൽക്കാലിക ജീവനക്കാരുടെ സേവനം പ്രധാനമായിരുന്നു. ഓഫീസിന്റെയും വിവിധ പദ്ധതികളുടെയും പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു.
നിലവിൽ ജിസിഡിഎയിൽ ചെയർമാനോ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയോ ഇല്ല. ഇൗ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ മുന്നിൽനിർത്തിയുള്ള നടപടി. എൽഡിഎഫ് സർക്കാർ കാലയളവിൽ ജിസിഡിഎ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. സ്ഥിരപ്പെടുത്തണമെന്ന ജീവനക്കാരുടെ അപേക്ഷ പരിഗണിച്ചായിരുന്നിത്. തുടർനടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
അനുകൂലനടപടി സ്വീകരിക്കണം: കെ ചന്ദ്രൻപിള്ള
ജിസിഡിഎയിലെ ദിവസവേതനക്കാരെ പിരിച്ചുവിട്ടതിനെതിരെ മുൻ ചെയർമാൻ കെ ചന്ദ്രൻപിള്ള തദ്ദേശമന്ത്രി കെ എം ഷാജിക്ക് കത്ത് നൽകി. ജീവനക്കാരെ ഒഴിവാക്കുന്നത് സ്ഥാപനത്തിന്റെ പ്രവർത്തന തുടർച്ചയെ ബാധിക്കുമെന്നും അവരുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗം ഇല്ലാതാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ചിലർ 2006 മുതൽ തുടർച്ചയായി ജിസിഡിഎയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചെയർപേഴ്‌സണും ചുമതലേൽക്കുന്നതുവരെ പിരിച്ചുവിടൽനടപടികൾ താൽക്കാലികമായി നീട്ടിവയ്‌ക്കാൻ മന്ത്രി അടിയന്തരമായി ഇടപെടണം. പുതിയഭരണസമിതി ചുമതലയേറ്റശേഷം സ്ഥാപനത്തിന്റെ ആവശ്യകത, ജീവനക്കാരുടെ സേവനം, സർക്കാർ മാനദണ്ഡങ്ങൾ എന്നിവ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാമെന്നും ചന്ദ്രൻപിള്ള പറഞ്ഞു.










0 comments