ad
Deshabhimani

പദ്ധതികളില്ല, സഹായവും നിലച്ചു; 
മത്സ്യകർഷകർ ആശങ്കയിൽ

Fish farmers


മത്സ്യകർഷക

avatar
സ്വന്തം ലേഖകൻ

Published on Sep 03, 2026, 02:50 AM | 1 min read

പള്ളുരുത്തി


യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തി മൂന്നുമാസം പിന്നിട്ടിട്ടും പുതിയ മത്സ്യകൃഷി പദ്ധതികളൊന്നും നടപ്പാക്കാത്തതിൽ മത്സ്യകർഷകർ ആശങ്കയിൽ. ബജറ്റിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നുപോലും നടപ്പായിട്ടില്ല. മുൻ സർക്കാർ വിജയകരമായി നടപ്പാക്കിവന്ന പദ്ധതികൾക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങളും ഇതുവരെ നൽകിയിട്ടില്ല.

സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി എന്ന പേരിൽ കഴിഞ്ഞ സർക്കാർ പത്തോളം മത്സ്യകൃഷികൾ നടപ്പാക്കിയിരുന്നു. ഇതിൽ കൂടുകൃഷി, ഒരു നെല്ലും ചെമ്മീനും, ഞണ്ടുകൃഷി, ഓരുജല സമ്മിശ്ര മത്സ്യകൃഷി തുടങ്ങിയ പദ്ധതികൾ ഏറെ ജനപ്രീതി നേടി.


40 മുതൽ 60 ശതമാനംവരെ സബ്‌സിഡിയാണ്‌ പദ്ധതികളിലൂടെ കർഷകർക്ക്‌ ലഭിച്ചിരുന്നത്‌. ശരാശരി അമ്പതോളം ഗുണഭോക്താക്കൾ ഓരോ തദ്ദേശസ്ഥാപനങ്ങൾക്കുകീഴിലും ഇ‍ൗ പദ്ധതികളെ ആശ്രയിച്ച് മത്സ്യകൃഷി നടത്തിയിരുന്നു. കോവിഡുകാലത്ത് വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പലരും ഇ‍ൗ പദ്ധതികളിലാണ്‌ വരുമാനം കണ്ടെത്തിയത്‌.


യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷിയുടെ പേര് മുഖ്യമന്ത്രി മത്സ്യകൃഷി എന്നാക്കിയതല്ലാതെ പുതുതായൊന്നും ആവിഷ്‌കരിച്ചുനടപ്പാക്കിയിട്ടില്ല. സംയോജിത ഫിഷ്/സ്കാംപി കൃഷി, യുവാക്കളെയും പുതിയ സംരംഭകരെയും ആകർഷിക്കാൻ ബയോഫ്ലോക്ക് ഫിഷ്‌ ഫാമിങ്, റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, പൊക്കാളി, കോൾനിലങ്ങളിലെ കൂടുകൃഷി, സൊസൈറ്റികൾവഴി വനിതാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് മത്സ്യകൃഷിക്കും മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനും ഗ്രാന്റ്‌ എന്നിവ യുഡിഎഫ്‌ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചതാണ്‌. ഒന്നുപോലും നടപ്പായില്ല. സാധാരണനിലയിൽ പുതിയ പദ്ധതികളിൽ ജൂലൈയിൽ അപേക്ഷ ക്ഷണിച്ച് ഗുണഭോക്താക്കളെ കണ്ടെത്തേണ്ടതാണ്‌.


മുൻ എൽഡിഎഫ്‌ സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ ആദ്യ സബ്സിഡിവിഹിതം ഗുണഭോക്താക്കൾക്ക്‌ ലഭിച്ചിരുന്നു. തുടർന്നുള്ള രണ്ടും മൂന്നും ഘട്ടങ്ങളിലെ സബ്സിഡി തുക പുതിയ സർക്കാരാണ്‌ നൽകേണ്ടത്‌. അത്‌ ഇനിയും ലഭിക്കാത്തത്‌ കൃഷി ആരംഭിച്ചുകഴിഞ്ഞ കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home