ad
Deshabhimani

ശ്രദ്ധേയ കണ്ടെത്തലുമായി കുഫോസ് ഗവേഷകർ

കൈറ്റോണ്‍ പരിണാമത്തിൽ 
പ്രകൃതിനിർധാരണത്തിന് നിർണായക പങ്ക്

Kufos researchers

കൈറ്റോണുകൾ

വെബ് ഡെസ്ക്

Published on Sep 03, 2026, 02:41 AM | 1 min read

കൊച്ചി


​സമുദ്രജീവികളായ കൈറ്റോണുകളില്‍ പരിണാമം എങ്ങനെയാണ് നടക്കുന്നതെന്ന കണ്ടെത്തലുമായി കുഫോസ് ഗവേഷകര്‍. കടലിലെ പാറകളിൽ പറ്റിപ്പിടിച്ച് ജീവിക്കുന്ന, എട്ട് ചെറുപാളി പുറംതോടുള്ള ചെറിയ സമുദ്ര മോളസ്കുകളാണ് കൈറ്റോണുകൾ. കോടിക്കണക്കിന് വർഷങ്ങളായി പ്രകടമായ ശരീരഘടനാ മാറ്റങ്ങളില്ലാതെ നിലനിൽക്കുന്ന പുരാതന ജീവിവര്‍ഗമാണിത്.


കൈറ്റോണുകളുടെ ജനിതകഘടന പഠനത്തിലൂടെ, ഇവയുടെ പരിണാമത്തിൽ പ്രകൃതിനിർധാരണത്തിന് നിർണായക പങ്കുണ്ടെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം കണ്ടെത്തി. കോടിക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന കൈറ്റോണുകൾക്കുള്ളിൽ പരിണാമം തുടർന്നുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ കണ്ടെത്തൽ.

കേരള തീരത്തുനിന്നുള്ള രണ്ട് കൈറ്റോൺ ഇനങ്ങളുടെ മൈറ്റോകോൺഡ്രിയൽ ജീനോം പൂർണമായി ക്രമീകരിച്ചാണ് പഠനം നടത്തിയത്. ചോമ്പാലയിൽനിന്ന് അകാന്തോചിന്തോണ മഹെന്‍സിസ്, വർക്കലയിൽനിന്ന് പ്ലാക്സിഫോറ ട്രൈകളര്‍ എന്നിവയെ ശേഖരിച്ചാണ് പഠനം നടത്തിയത്.


44 ഇനം കൈറ്റോണുകളെ പഠിച്ചു

കേരളത്തിൽനിന്ന് ലഭിച്ച പുതിയ ജനിതക വിവരങ്ങൾക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 42 കൈറ്റോൺ ഇനങ്ങളുടെ ജനിതക വിവരങ്ങളും ഗവേഷകർ പരിശോധിച്ചു. കേരളത്തിലേതുള്‍പ്പെടെ ആകെ 44 ഇനം കൈറ്റോണുകളുടെ വിവരങ്ങൾ താരതമ്യം ചെയ്ത് അവ തമ്മിലുള്ള പരിണാമബന്ധം മനസ്സിലാക്കാനും ശ്രമിച്ചു.



പരിസ്ഥിതിയോട് 
പൊരുത്തപ്പെടാൻ 
ജീനുകളിലും മാറ്റം

കടൽത്തീരത്തെ പാറകളിലും വേലിയേറ്റ മേഖലകളിലും ജീവിക്കുന്ന കൈറ്റോണുകൾക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് നേരിടേണ്ടിവരുന്നത്. വേലിയേറ്റവും ഇറക്കവും താപനിലയിലെ മാറ്റങ്ങളും ഓക്സിജൻ ലഭ്യതയിലെ വ്യത്യാസങ്ങളും ഇവയുടെ ജീവിതത്തെ സ്വാധീനിക്കുന്നു. സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനായി കോശങ്ങൾക്ക് ഊർജം ഉൽപ്പാദിപ്പിക്കുന്നതിൽ പ്രധാന പങ്കുള്ള ചില ജീനുകളിൽ സ്വാഭാവിക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഗവേഷകർ കണ്ടെത്തി. “പുറമെ മാറ്റമില്ലെങ്കിലും ഉള്ളിൽ പരിണാമം തുടരാം” എന്നും പഠനം വ്യക്തമാക്കുന്നു. ഡോ. ലിജു തോമസ്, ഡോ. കെ രഞ്ജീത്, നിർമലഗിരി കോളേജിലെ സാന്ദ്ര ശശീന്ദ്രൻ, ഡോ. സിബി ഫിലിപ്പ് എന്നിവരാണ് ഗവേഷകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home