'ഇഡി എന്നാൽ ഇലക്ഷൻ ഡ്യൂട്ടി’

പി ആർ ചന്തു കിരൺ
Published on Oct 15, 2026, 01:30 AM | 3 min read
എല്ലാം യജമാനനുവേണ്ടി
പ്രതിപക്ഷപാർടികളിലെ നേതാക്കൾക്കെതിരെ എന്തിന്റെയെങ്കിലും പേരിൽ കേസെടുക്കാനാണ് മോദിസർക്കാർ നിർദേശിക്കുന്നത്. സാന്പത്തികത്തട്ടിപ്പോ അഴിമതിയോ നടന്നിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിലും കേന്ദ്ര ഏജൻസികൾ കേസെടുക്കും. ബ്ലാങ്ക് പേപ്പറുകളാണ് ആയുധം. ഇഡി അതിൽ ഒരു കഥയെഴുതും. പ്രതിപക്ഷപാർടി നേതാക്കളെ മോശക്കാരായി ചിത്രീകരിക്കുന്നതിലൂടെ തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാൻ ബിജെപിക്കാകും.
ഇന്ത്യൻ ജനത സത്യസന്ധതയും ആത്മാർഥതയുമുള്ള രാഷ്ട്രീയനേതൃത്വത്തെയാണ് ആഗ്രഹിക്കുന്നത്. ബിജെപിയോ കോൺഗ്രസോ അത്തരത്തിൽ ആത്മാർഥമായ രാഷ്ട്രീയപ്രവർത്തനം ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ മറ്റു രാഷ്ട്രീയപാർടികളെ ജനം തെരഞ്ഞെടുക്കും. ഇത്തരത്തിൽ ആത്മാർഥമായ രാഷ്ട്രീയപ്രവർത്തനത്തിന് വിവിധ പാർടികൾ രംഗത്തുവരുന്പോൾ, ആ നേതാക്കളെ ഇഡി–സിബിഐ എന്നിവ വഴി വ്യാജ കേസിൽ കുടുക്കി അപമാനിക്കും.
ഇവർ സത്യസന്ധരല്ലെന്ന് പ്രചരിപ്പിക്കും. ഇൗ കേസുകൾ വ്യാജമാണെന്ന് പിന്നീട് തെളിയും. അതിന് നീണ്ട കാത്തിരിപ്പുണ്ട്. 18 മാസങ്ങൾക്കുശേഷമാണ് എനിക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാനായത്. ഞാൻ എംഎൽഎയും മന്ത്രിയുമായിരുന്നു. അത്തരത്തിൽ മുഖ്യമന്ത്രി, മന്ത്രി, എംഎൽഎ, എംപി തുടങ്ങി സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ കള്ളക്കേസിൽ പെടുത്തി ജയിലിലടച്ചാൽ അതിനുപിന്നിൽ തെരഞ്ഞെടുപ്പ് അട്ടിമറിമാത്രമാണ് ലക്ഷ്യം.
അഴിമതിയല്ല, തെരഞ്ഞെടുപ്പാണ് യഥാർഥ വിഷയം. അത്തരത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മോദിയുടെ തെരഞ്ഞെടുപ്പ് ഏജന്റായി മാറി. അന്വേഷണ ഏജൻസി എന്ന നിലയിലല്ല ഇഡി പ്രവർത്തിക്കുന്നത്.
ജനങ്ങൾക്കായി പ്രവർത്തിക്കുന്നവരെ ബിജെപി ലക്ഷ്യമിടും
ജനകീയവിഷയങ്ങളും കാന്പുള്ള രാഷ്ട്രീയവും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയനേതൃത്വത്തെ ബിജെപി വേട്ടയാടും. ജനങ്ങളെ എങ്ങനെ സേവിക്കണമെന്ന് ബിജെപിക്ക് അറിയില്ല. ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് എങ്ങനെ തെരഞ്ഞെടുപ്പ് ജയിക്കാമെന്നുമാത്രമാണ് അവർക്ക് അറിയാവുന്നത്.
ഭരണം നഷ്ടമാകരുതെന്ന ഏക അജൻഡമാത്രം. ആര് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നുവോ അവരെ ലക്ഷ്യമിടും. ബഹുമാന്യനായ നേതാവാണ് പിണറായി വിജയൻ. കേരളത്തിലെ ജനത ഒന്നിലേറെ തവണ അദ്ദേഹത്തെ തെരഞ്ഞെടുത്തു. ജനോപകാരപ്രദമായ ഇടപെടൽ നടത്തണമെങ്കിൽ സർക്കാർ നവീനവും കാര്യക്ഷമവുമായി പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കണം.
സ്കൂളുകൾ, ആശുപത്രികൾ എന്നിവ നിർമിക്കാനും നവീകരിക്കാനും കൂടുതൽ തൊഴിൽ നൽകാനും ക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സർക്കാരിന്റെ വരുമാനം വർധിപ്പിക്കണം. അത്തരം മികച്ച ഇടപെടൽ ഏതു ബിജെപിയിതര സർക്കാരുകൾ ചെയ്താലും മോദിസർക്കാർ തടയിടും. ഡൽഹിയിലും അതാണ് സംഭവിച്ചത്. പിണറായി വിജയനെതിരായ നീക്കവും അതുകൊണ്ടാണ്.
പണപ്പിരിവും ലക്ഷ്യം
രാഷ്ട്രീയ എതിരാളി എന്നനിലയിലാണ് എന്നെ വേട്ടയാടിയത്. അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. ഡൽഹി തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. കള്ളക്കേസിൽ ഇഡി അറസ്റ്റ് ചെയ്തപ്പോൾ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യമാണ് തങ്ങൾ ഇപ്പോൾ പരിഗണിക്കുന്നത്, കേസിന്റെ മെറിറ്റിലേക്ക് കടന്നാൽ വിചാരണക്കോടതിയുടെ രണ്ട് ചോദ്യത്തിൽ ഇൗ കേസ് തകരുമെന്നാണ് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിലെ ജഡ്ജിമാർ തുറന്നകോടതിയിൽ പരസ്യമായി കേന്ദ്രസർക്കാരിന്റെ അഭിഭാഷകനോട് പറഞ്ഞത്.
ഇൗ നിലയിലാണ് കേസുകൾ തട്ടിക്കൂട്ടുന്നത്. അതേസമയം, രാഷ്ട്രീയവൈരം മാത്രമല്ല ബിജെപി–ഇഡി കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. കേസുകളിൽ കുടുക്കി വ്യവസായികളിൽനിന്ന് ബിജെപി വൻ തുക സ്വന്തമാക്കുന്നുണ്ട്. എന്റെ കേസിലടക്കം പല വ്യവസായികളെയും പെടുത്തി. അവരുടെ ബന്ധുക്കളിൽ പലരെയും അറസ്റ്റ് ചെയ്തു. ബിജെപിയുടെ അക്കൗണ്ടിലേക്ക് പണം നൽകുന്നതോടെ ഇവരെ മോചിപ്പിക്കും.
ബിജെപിക്കും നേതൃത്വത്തിലുള്ളവർക്കും പണപ്പിരിവിനുള്ള ഉപകരണമായും കേന്ദ്ര ഏജൻസികളെയും കേസുകളെയും മാറ്റി. ഇവിടെയാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടലുണ്ടായത്. ഇലക്ടറൽ ബോണ്ട് വിവരം പുറത്തുവിടാൻ കോടതി ഉത്തരവിട്ടതോടെ, ഇത്തരത്തിൽ ബിജെപിക്ക് ‘സംഭാവന’ നൽകിയവരുടെ പട്ടിക പുറത്തുവന്നു. ഇതോടെ ഇൗ നീക്കം കൂടുതൽ വെളിച്ചത്തായി.
കോൺഗ്രസ് ബിജെപിയെ സഹായിക്കുന്നു
പലപ്പോഴും ബിജെപിയെ സഹായിക്കുന്നവിധത്തിൽ നിലകൊള്ളുന്ന പ്രതിപക്ഷപാർടിയാണ് കോൺഗ്രസ്. അതുകൊണ്ടുതന്നെ ബിജെപി കോൺഗ്രസിനെ കുത്തിനോവിക്കാറേയുള്ളൂ. വേദനിപ്പിക്കില്ല. എന്നാൽ, മറ്റു പ്രതിപക്ഷ രാഷ്ട്രീയപാർടികൾക്കും നേതാക്കൾക്കും എതിരാകുന്പോൾ കള്ളക്കേസെടുത്ത് ജയിലിലടയ്ക്കും.
പുറത്തിറങ്ങാതിരിക്കാൻ തുടർ കേസുകളും നടപടികളുമുണ്ടാകും. തെരഞ്ഞെടുപ്പുതോൽവി ഉറപ്പാക്കും. കോൺഗ്രസ് ഇതര പ്രതിപക്ഷപാർടി നേതാക്കളെയും മുഖ്യമന്ത്രിമാരടക്കം നേതാക്കളെയും ഒരു തെളിവുമില്ലാതെയാണ് കേസിൽ കുടുക്കുന്നത്. കോൺഗ്രസ് ഇതിനെ എതിർക്കാറില്ല.
പ്രക്ഷോഭങ്ങൾ പ്രതീക്ഷ
ബിജെപിയുടെ ജനവിരുദ്ധതയ്ക്കും വോട്ടുവെട്ടാൻ നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും എതിരായി രാജ്യത്ത് ശക്തമാകുന്ന പുതിയ പ്രക്ഷോഭങ്ങൾ പ്രതീക്ഷയാണ്. മോദിസർക്കാർ രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ തകർത്തു. സാമൂഹ്യ ഐക്യവും ഭരണഘടനാ വ്യവസ്ഥയും അട്ടിമറിച്ചു. ജനം മോദിയെ വെറുക്കാൻ തുടങ്ങി. ജെൻ സീകൾ മോദിയെ ഇഷ്ടപ്പെടുന്നില്ല.
കാരണം അവർ രാജ്യത്ത് വികസനം ആഗ്രഹിക്കുന്നു. മികച്ച വിദ്യാഭ്യാസ–തൊഴിൽ അവസരങ്ങൾ വേണം. മോദി ഇതിനായല്ല പ്രവർത്തിക്കുന്നത്. പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നതിന്റെ തിരക്കിലാണ് മോദി. മോദി അനുകൂലമാധ്യമങ്ങൾ മാത്രമാണ് അദ്ദേഹത്തെ വിജയിച്ച നേതാവായി അവതരിപ്പിക്കുന്നത്.
എന്നാൽ, മോദി രാജ്യത്തെ പുരോഗതിയിലേക്കല്ല നയിക്കുന്നത്; ദുരിതത്തിലേക്കാണ്. രാജ്യത്തെയും സമൂഹത്തെയും വഞ്ചിച്ച് അട്ടിമറി തെരഞ്ഞെടുപ്പുവിജയങ്ങളിലൂടെ രാജ്യത്തിന്റെ നേതാവാകാൻ കഴിയില്ല. ബിജെപിയെ അകറ്റിനിർത്താനായി ഒന്നിച്ച് പൊരുതണം.














