Deshabhimani

നന്മ തുന്നിയിട്ട നീലക്കുപ്പായം

Red Brigade CITU
avatar
ബിജോ ടോമി

Published on Nov 22, 2026, 01:30 AM | 3 min read

വാഹനാപകടത്തിൽ ചോരയൊലിപ്പിച്ച്‌ റോഡിൽ കിടക്കുന്നവർക്കരികിൽ പാഞ്ഞെത്തുന്നവരുടെ കൈയിലെ തഴമ്പിന്‌ ജീവിതത്തിന്റെ മുഴുവൻ ഭാരവും ഉണ്ടാകാം. നഗരത്തിലൊരു തീപിടിത്തം ഉണ്ടായാലും അഗ്നിരക്ഷാസേന എത്തുന്നതിനുമുമ്പേ കഴിയുംവിധം അവർ രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ടാകും. നിനയ്‌ക്കാത്ത നേരത്ത്‌ കെട്ടിടം തകർന്നും മണ്ണിടിഞ്ഞും ഉണ്ടാകുന്ന അപകടങ്ങളിൽ സ്വന്തം സുരക്ഷപോലും നോക്കാതെയാണ്‌ ഒരു ജീവൻപോലും പൊലിയാതെ കാക്കാൻ ഓടിയെത്തുക.


കമ്പോളങ്ങളിലെ തിരക്കിനിടയിലും ഒരു അപകടശബ്ദം ചെവിയിൽ പതിക്കുന്ന നിമിഷം മറ്റെല്ലാം മാറ്റിവച്ച്‌ രക്ഷാപ്രവർത്തകരുടെ റോളിലേക്ക്‌ മാറുന്നവർ – റെഡ്‌ ബ്രിഗേഡ്‌.

​സിഐടിയുവിന്റെ കയറ്റിറക്ക്‌ തൊഴിലാളികൾക്ക്‌ അപകടമേഖലയിലെ ഇടപെടൽ തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വമാണ്‌. ഏതപകടത്തിലും ഓടിയെത്തുന്ന തിരുവനന്തപുരംമുതൽ കാസർകോടുവരെയുള്ള ഒരു രക്ഷാസേനയായി ഇ‍ൗ നീലക്കുപ്പായക്കാർ മാറിയിരിക്കുന്നു.


കനിവ്‌, ബ്ലൂ ബ്രിഗേഡ്‌... റെഡ്‌ ബ്രിഗേഡ്‌


​റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ഏറ്റവും വേഗം ആശുപത്രികളിലെത്തിച്ച് ജീവൻ രക്ഷിക്കുന്നത് നിരത്തുകളിൽ പണിയെടുക്കുന്ന ചുമട്ടു തൊഴിലാളികളാണ്. ഇ‍ൗ മാനവികതയെ പ്രോത്സാഹിപ്പിച്ച കേരള സ്‌റ്റേറ്റ്‌ ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) തീപിടിത്തങ്ങൾ, കെട്ടിടം തകരൽ, പ്രകൃതി ദുരന്തങ്ങൾ എന്നിവയിലെല്ലാം അവരുടെ സേവനം ഉറപ്പുവരുത്താനുള്ള പ്രവർത്തനം നടത്തി. 2008ൽ റോഡപകടത്തിൽപ്പെട്ട സാഹിത്യകാരൻ പി അയ്യനേത്തിനെ ആശുപത്രിയിലെത്തിച്ചത് കയറ്റിറക്ക് തൊഴിലാളികളായിരുന്നു. സുനാമി ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനും മൃതശരീരങ്ങൾ മറവു ചെയ്യാനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുക്കാനും തൊഴിലാളികൾ മുന്നോട്ടു വന്നു. സുനാമിക്കുശേഷം കയറ്റിറക്കു തൊഴിലാളികൾ അപകടങ്ങളിൽപ്പെടുന്നവരെ സംരക്ഷിക്കാനുള്ള പ്രവർത്തനംകൂടി ഏറ്റെടുക്കേണ്ടവരാണെന്ന ബോധം ഉളവാക്കി.


എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിലെ തൊഴിലാളികൾ നേതൃത്വം നൽകി കനിവ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. തൊഴിലാളികളുടെ സംഭാവന വാങ്ങി യന്ത്രസാമഗ്രികളും ട്രോമാ കെയർ യൂണിറ്റോടുകൂടിയ ആംബുലൻസ് അടക്കമുള്ളവയും സർക്കാർ ആശുപത്രികൾക്കു നൽകി. പാലിയേറ്റീവ് പ്രവർത്തനം വ്യാപകമാക്കി.


തിരുവനന്തപുരം നഗരത്തിലുണ്ടായ വൻ തീപിടിത്തങ്ങൾ, തമ്പാനൂർ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഉഡുപ്പി ലോഡ്‌ജിന്റെ തകർന്നു വീഴൽ തുടങ്ങിയ വൻ ദുരന്തങ്ങളിൽപ്പെട്ടവരെ രക്ഷിക്കാൻ ആദ്യം ഓടിയെത്തിയത്‌ ചുമട്ടു തൊഴിലാളികൾ ആയിരുന്നു. ഓഖി വേളയിലും ഈ പ്രവർത്തനം തുടർന്നു. സന്നദ്ധസേവനരംഗത്ത് തൽപ്പരരായവരെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത്‌ ‘ബ്ലൂ ബ്രിഗേഡ്’ എന്ന സംഘടനയ്‌ക്ക് രൂപം നൽകി. അന്ന്‌ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ്‌ നീലക്കുപ്പായക്കാരുടെ സംഘടനയായതുകൊണ്ടുതന്നെ ബ്ലൂ ബ്രിഗേഡ് എന്ന പേര് നിർദേശിച്ചത്.


Red Brigade CITU blood donationറെഡ്‌ ബ്രിഗേഡ്‌ പ്രവർത്തകർ രക്തദാനം നടത്തുന്നു


പ്രളയകാലത്ത് ബ്ലൂ ബ്രിഗേഡിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്‌ത്‌ ചെളികൊണ്ട് മൂടിയ വീടുകളും മറ്റും വൃത്തിയാക്കി. കോവിഡ്‌ സമയത്ത്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ തീർന്ന ഘട്ടത്തിൽ പെരുമഴയത്ത്‌ ഓക്‌സിജൻ കയറ്റി ആശുപത്രിയിൽ എത്തിച്ചത് ഈ സേനാംഗങ്ങളാണ്. കോവിഡ് വാക്‌സിൻ ഒരു പ്രതിഫലവും വാങ്ങാതെ ഇവർ കയറ്റിറക്ക് നടത്തി. അസുഖബാധിതരെ ആശുപത്രിയിലെത്തിക്കുക, ഹെൽപ്‌ ഡെസ്‌കുകൾ, ശവസംസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുക, ഭക്ഷണസാധനങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുക എന്നിവയും ഏറ്റെടുത്തു.


കനിവിന്റെയും ബ്ലൂ ബ്രിഗേഡിന്റെയും ചുവടുപിടിച്ച് സംസ്ഥാനത്താകെ സന്നദ്ധസേവനത്തിനായി പരിശീലനം ലഭിച്ച ഒരു രക്ഷാസേനയെ രൂപീകരിക്കാൻ ഫെഡറേഷൻ തീരുമാനിച്ചു. അങ്ങനെ റെഡ്‌ ബ്രിഗേഡ്‌ പിറവിയെടുത്തു. ഒക്ടോബർ 31ന് എറണാകുളം മറൈൻ ഡ്രൈവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഒ‍ൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.


5000 അംഗങ്ങൾ


​നിലവിൽ സംസ്ഥാനത്തൊട്ടാകെ വിദഗ്‌ധ പരിശീലനം ലഭിച്ച 5000 വളന്റിയർമാരാണ്‌ റെഡ് ബ്രിഗേഡിൽ ഉള്ളത്‌. ആറുമാസത്തിനുള്ളിൽ പതിനായിരം പേരെ സേവനസജ്ജരാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കേരള സ്‌റ്റേറ്റ്‌ ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി ആർ രാമു പറഞ്ഞു. തിരുവനന്തപുരത്തുമാത്രം 3000 പേർക്ക്‌ പരിശീലനം നൽകിക്കഴിഞ്ഞു. 40 വയസ്സിൽ താഴെയുള്ള സേവനസന്നദ്ധരായവരെയാണ്‌ നിലവിൽ റെഡ്‌ ബ്രിഗേഡിന്റെ ഭാഗമാക്കുന്നത്‌. പ്രായത്തിന്റെ പേരിൽ മാറ്റിനിർത്തരുതെന്ന പരാതിയുമായി നിരവധി കയറ്റിറക്ക്‌ തൊഴിലാളികൾ സമീപിക്കാറുണ്ടെന്ന്‌ ആർ രാമു പറഞ്ഞു.


ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സഹകരണത്തോടെയാണ്‌ അപകടത്തിൽപ്പെടുന്നവർക്ക്‌ പ്രഥമശുശ്രൂഷ നൽകേണ്ട വിധവും ആംബുലൻസിൽ കയറ്റേണ്ടതുമെല്ലാം പരിശീലിപ്പിക്കുന്നത്‌. പൊലീസ്, അഗ്നിരക്ഷാസേന, നീന്തൽ വിദഗ്‌ധർ, ദുരന്തനിവാരണ സേന തുടങ്ങിയ ഏജൻസികൾ വഴിയും ശാസ്ത്രീയമായ പരിശീലനം നൽകുന്നു. മുണ്ടക്കൈ, ചൂരൽമല അപകടങ്ങളിലും കോഴിക്കോട്ടുണ്ടായ വൻ തീപിടിത്തങ്ങളിലും സന്നദ്ധപ്രവർത്തനം നടത്താൻ റെഡ് ബ്രിഗേഡ് മുന്നിലുണ്ടായിരുന്നു. 363 പേരടങ്ങുന്ന സംഘം രണ്ടാഴ്‌ച തമ്പടിച്ചാണ്‌ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്‌.


​പാവപ്പെട്ടവർക്ക്‌ സഹായം, രക്തദാനം, പാലിയേറ്റീവ് പ്രവർത്തനം, ആശുപത്രികൾക്കാവശ്യമായ യന്ത്രസാമഗ്രികളും മറ്റു സംവിധാനങ്ങളും നൽകൽ, ഫലവൃക്ഷത്തൈ നടൽ, ലഹരിവിരുദ്ധ പ്രവർത്തനം തുടങ്ങിയവയും റെഡ് ബ്രിഗേഡ് ലക്ഷ്യം വയ്ക്കുന്നു. നേതാക്കന്മാരുടെ അനുസ്‌മരണ ദിനങ്ങളിലടക്കം രക്‌തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. സമ്മേളനങ്ങളിൽ ചെലവുകൾ ചുരുക്കി ആ തുകയുടെ സഹായം പാവപ്പെട്ടവർക്ക്‌ ലഭ്യമാക്കുന്നു. എറണാകുളത്ത്‌ എട്ട്‌ വീടുകളാണ്‌ നിർമിച്ചു നൽകിയത്‌. കയറ്റിറക്ക്‌ തൊഴിലാളികളെ ബോധപൂർവം മോശക്കാരാക്കാൻ ശ്രമിക്കുന്നവർ ഇ‍ൗ സേവനപ്രവർത്തനങ്ങൾ കണ്ടില്ലെന്ന്‌ നടിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home