കളിക്കളത്തിന് ഇന്ന് കൊടിയിറക്കം
കരുത്തോടെ വയനാട് തന്നെ


സ്വന്തം ലേഖകൻ
Published on Nov 22, 2026, 12:00 AM | 1 min read
കഴക്കൂട്ടം
പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഒന്പതാമത് കളിക്കളം കായികമേള ഞായറാഴ്ച സമാപിക്കും. രണ്ടാം ദിനം അവസാനിച്ചപ്പോൾ 347 പോയിന്റോടെ വയനാട് ജില്ല ആധിപത്യം തുടരുന്നു. 71 പോയിന്റുമായി കാസർകോട് പിന്നിലുണ്ട്. 60 പോയിന്റോടെ പാലക്കാട് മൂന്നാമതും 57 പോയിന്റുമായി തൃശൂർ നാലാമതുമായി ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. 66 ഇനങ്ങളിൽനിന്നായി 11 സ്വർണം, ആറ് വെള്ളി, അഞ്ച് വെങ്കലവുമായി 84 പോയിന്റോടെ വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 6 സ്വർണം, 10 വെള്ളി, 6 വെങ്കലം നേടി 69 പോയിന്റുമായി പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ രണ്ടാം സ്ഥാനത്തും 9 സ്വർണം, 3 വെള്ളി, 4 വെങ്കലം എന്നിവ നേടി 66 പോയിന്റുമായി തിരുനെല്ലി ആശ്രമം മോഡൽ റസിഡൻഷ്യൽ സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്. 61 പോയിന്റുമായി നല്ലൂർനാട് ഡോ. അംബേദ്കർ മെമ്മോറി യൽ എംആർഎസ് നാലാം സ്ഥാനത്തും എത്തി. ഹൈജമ്പ്, ഷോട്ട്പുട്ട്, ലോങ് ജമ്പ്, ആർച്ചറി, ജാവലിൻ ത്രോ, കബഡി, റിലേ എന്നീ ഇനങ്ങളാണ് പൂർത്തിയായത്. പകൽ മൂന്നിന് കാര്യവട്ടം എൽഎൻസിപിഇ സ്റ്റേഡിയത്തിൽ സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും മന്ത്രി കെ എ തുളസി നിർവഹിക്കും.









0 comments