ജീവിതത്തിന് തണലായി ‘ശ്രീ’യുടെ വർണക്കുട

ശ്രീരാജ് മുച്ചക്ര വാഹനത്തിൽ
ഗിരീഷ് എസ് വെഞ്ഞാറമൂട്
Published on Nov 22, 2026, 12:00 AM | 1 min read
വെഞ്ഞാറമൂട്
ജീവിതത്തിൽ അപ്രതീക്ഷിതമായ പ്രതിസന്ധികളുണ്ടാകുമ്പോൾ വിധിയെ പഴിച്ചിരിക്കാനല്ല, മറിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനാണ് വെഞ്ഞാറമൂട് സ്വദേശിയായ ശ്രീ എന്ന ശ്രീരാജ് തീരുമാനിച്ചത്. ജീവിതം വീൽചെയറിലായിട്ട് 19 വർഷമായെങ്കിലും, പോരാട്ടവീര്യത്തോടെ ജീവിതത്തോട് പടപൊരുതുകയാണ് ഈ യുവാവ്. എസി ടെക്നീഷ്യനായി ജോലിചെയ്തുവരുന്നതിനിടെ, 2007 ഏപ്രിലിലുണ്ടായ അപകടത്തിലാണ് ശ്രീരാജിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു. ദീർഘനാൾ ചികിത്സ നടത്തിയെങ്കിലും പിന്നീട് എഴുന്നേറ്റുനടക്കാനായില്ല. എന്നാൽ, സംഭവിച്ച ദുരന്തത്തെയോർത്ത് തളർന്നിരിക്കാൻ ശ്രീരാജ് തയ്യാറായില്ല. സ്വന്തം ചികിത്സയ്ക്കുള്ള ചെലവെങ്കിലും കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയാണ് ശ്രീരാജ് കുട നിർമാണ സംരംഭമായ ‘ശ്രീസ് അന്പ്രലാ' ആരംഭിച്ചത്. അമ്മയും പിന്തുണയുമായി ഒപ്പം നിന്നു. ത്രീ-ഫോൾഡ് കുടകൾ ഉൾപ്പെടെ വൈവിധ്യമുള്ള കുടകൾ ശ്രീരാജ് നിർമിക്കുന്നുണ്ട്. വലിയ ബ്രാൻഡല്ലാത്തതിനാൽ വിൽപ്പനയ്ക്കെടുക്കാൻ വ്യാപാരികൾ മടികാട്ടിയിരുന്നു. ആ പ്രതിസന്ധിക്കുമുന്നിലും ശ്രീരാജ് പതറിയില്ല. സമൂഹമാധ്യമങ്ങൾവഴി കുടയുടെ പ്രചാരണം നടത്തി. സുഹൃത്തുക്കളും സഹായിച്ചതോടെ ആ വെല്ലുവിളി മറികടക്കാനായി. ഇന്ന് ജീവിതവെളിച്ചത്തിന്റെ വർണക്കുടകൾ നിവർത്തിയാണ് ശ്രീരാജ് ജീവിതത്തെ നേരിടുന്നത്. ശാരീരിക പരിമിതികൾ അനുഭവിക്കുന്നവർക്കും ജീവിതത്തിൽ തളർന്നുപോകുന്നവർക്കും വലിയൊരു പാഠവും ഊർജവുമാണ് ഈ ജീവിതയാത്ര. കുടകൾ ആവശ്യമുള്ളവർക്കും ശ്രീരാജിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ബന്ധപ്പെടാം: 9947412255.








0 comments