Deshabhimani

കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് കൂടുന്നു

a
avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 12:32 AM | 2 min read

കരിപ്പൂർ

കരിപ്പൂർ വിമാനത്താവളംവഴിയുള്ള സ്വർണക്കടത്ത് കൂടുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറ് കിലോ സ്വർണമാണ് പിടികൂടിയത്. എട്ടുകോടി രൂപ വിലവരുന്നതാണ് സ്വർണം. പുതിയ കള്ളക്കടത്ത് തന്ത്രങ്ങളാണ് കടത്തുകാർ ഉപയോഗിക്കുന്നത്. കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനെത്തുന്ന കവർച്ചാ സംഘങ്ങളും കരിപ്പൂരിനെ താവളമാക്കുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗവും (ഡിആർഐ), കസ്റ്റംസുമാണ് കരിപ്പൂരിൽ സ്വർണവേട്ട നടത്തുന്നത്. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിക്കുന്ന സ്വർണം പൊലീസും പിടികൂടുന്നു.

നവംബർ പകുതിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പതിവായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 1.96 കിലോ സ്വർണം ഡിആർഐ സംഘം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. രണ്ടര കോടി രൂപ വിലവരുന്നതാണ് സ്വർണം. കോഴിക്കോട് സ്വദേശിയാണ് സ്വർണവുമായെത്തിയത്.

19നാണ് ഷൂസിന്റെ സോളിൽ ഒളിപ്പിച്ച സ്വർണവുമായി കണ്ണൂർ സ്വദേശിയെ കരിപ്പൂർ പൊലീസ് പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടത്തിയ സ്വർണം പൊലീസ് പിന്തുടർന്ന് പിടികൂടി. രണ്ട് കോടിയിലധികം രൂപ വിലവരുന്ന 1,467 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽനിന്ന് കണ്ടെടുത്തത്. ഇക്കഴിഞ്ഞ 17, 18 തീയതികളിൽ വ്യത്യസ്ത സംഭവങ്ങളിലായി നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാന്റ്സിലും ശരീരത്തിലും ഒളിപ്പിച്ചുകൊണ്ടുവന്ന 1.66 കിലോ സ്വർണമാണ് കണ്ടെടുത്തത്. ദുബായിൽനിന്നെത്തിയ യാത്രക്കാരൻ ധരിച്ചിരുന്ന ജീൻസ് പാന്റിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിക്കുകയായിരുന്നു. ഒരുകോടി രൂപ വിലവരുന്നതാണ് സ്വർണം. റാസൽഖൈമയിൽനിന്നെത്തിയ മറ്റൊരു യാത്രക്കാരൻ ഗുളികരൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് 790 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.

​കവർച്ചാ സംഘവും സജീവം

​കരിപ്പൂർ വിമാനത്താവള പരിസരത്ത് സ്വർണം തട്ടിയെടുക്കാൻ ('സ്വർണം പൊട്ടിക്കൽ') സംഘവും സജീവമാണ്. നാടകീയമായ കവർച്ചാ കേസുകൾ നടക്കുന്നു. 1.10 കോടിയുടെ സ്വർണവുമായി കരിപ്പൂരിലെത്തിയ യുവതിയെ വിമാനത്താവളത്തിന് പുറത്തുവച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ചു. പൊലീസ് പിന്തുടർന്നാണ് കവർച്ചാ സംഘത്തെ പിടികൂടിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിതന്നെയാണ് കവർച്ചാ നാടകം ആസൂത്രണംചെയ്തതെന്ന് കണ്ടെത്തിയിരുന്നു.

ക്വട്ടേഷൻ സംഘങ്ങളുടെ ഇടപെടൽ പലപ്പോഴും സംഘർഷത്തിൽ കലാശിക്കുന്നു. വിദേശത്തുനിന്ന് കടത്തുന്ന സ്വർണം വിമാനത്താവളത്തിന് പുറത്തുവച്ച് തട്ടാൻ എത്തുന്ന ക്വട്ടേഷൻ സംഘങ്ങളെ കുറിച്ചുള്ള അനോഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. മുമ്പും യാത്രക്കാരന്റെ അറിവോടെ സ്വർണം കവരാൻ എത്തിയ സംഘങ്ങളെ കരിപ്പൂർ പൊലീസ് പിടികൂടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home