ദേ, ചന്ദ്രനും ശനിയും

കാടാമ്പുഴ പിലാത്തറ രഘുനാഥൻ മാസ്റ്റർ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ക്യാമ്പിൽ കുട്ടികൾ വാനനിരീക്ഷണം നടത്തുന്നു
വളാഞ്ചേരി
ദൂരെനിന്നുമാത്രം കണ്ടറിഞ്ഞ ചന്ദ്രൻ ഇതാ കൈയത്തുംദൂരത്ത്! ഒപ്പം ശനിയും. പുസ്തകങ്ങളിലും ചിത്രങ്ങളിലുംമാത്രം കണ്ടിരുന്ന ആകാശഗോളങ്ങളെ സ്വന്തം കണ്ണുകളിലൂടെ അടുത്തറിഞ്ഞപ്പോൾ കുട്ടികളിൽ കൗതുകത്തിന്റെ പുതിയ ലോകം തുറന്നു.
കാടാമ്പുഴ പിലാത്തറ രഘുനാഥൻ മാസ്റ്റർ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം സഹകരണത്തോടെ തവനൂർ കെഎംജിയുപി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം സംഘടിപ്പിച്ച ക്യാമ്പാണ് കുട്ടികൾക്ക് പുതിയ ശാസ്ത്രാനുഭവം സമ്മാനിച്ചത്.
'കാലാവസ്ഥാ വ്യതിയാനവും അതിജീവനവും', 'ഹരിതവീട്', 'വാനം മഹാത്ഭുതം' എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പ്രകൃതിയെ അടുത്തറിഞ്ഞു. വാനനിരീക്ഷണമാണ് കുട്ടികളിൽ കൂടുതൽ കൗതുകമുണർത്തിയത്. പ്രകൃതിനടത്തം, ശാസ്ത്രകളിപ്പാട്ടങ്ങളുടെ നിർമാണം, ജെൻഡർ ശിൽപ്പശാല എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.
ശാസ്ത്രബോധവും പരിസ്ഥിതി സൗഹൃദ ജീവിതശീലങ്ങളും കുട്ടികളിലേക്കും അവരിലൂടെ കുടുംബങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കാടാമ്പുഴ പിലാത്തറ രഘുനാഥൻ മാസ്റ്റർ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പി സതീശൻ, വി രാജലക്ഷ്മി, സജി ജേക്കബ്, കെ കെ ശശീന്ദ്രൻ, പി സി ബഷീർ, കെ ടി ഷെഫീല, പി വിജയകൃഷ്ണൻ, ലീനാ ജോസഫ്, കെ ടി ജ്യോതി, എ ഗീത എന്നിവർ സംസാരിച്ചു.









0 comments