Deshabhimani

കലിക്കറ്റ്‌ സർവകലാശാല

കരാർ അധ്യാപകനെ പുറത്താക്കി; ‘വിളി’ വന്നതോടെ തിരിച്ചെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2026, 12:35 AM | 1 min read

സ്വന്തം ലേഖകൻ

തേഞ്ഞിപ്പലം

ചുമതലാ നിർവഹണത്തിലെ വീഴ്ചകളും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കുന്നതിലെ അനാസ്ഥയും കാരണം പുറത്താക്കാൻ തീരുമാനിച്ച കരാർ അധ്യാപകനെ ഇടപെടൽ വന്നതോടെ നിലനിർത്തി കലിക്കറ്റ്‌ സർവകലാശാല. വിദൂര- ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിലെ അറബിക് വിഭാഗം അസി. പ്രൊഫസർ എം പി നൗഷാദിനെയാണ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ പുറത്താക്കിയത്. എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധമുള്ള നൗഷാദിനെ പുറത്താക്കിയതോടെ വിസിക്ക് 'വിളികൾ' വന്നു. ഇതോടെ കഴിഞ്ഞ ദിവസം രാത്രി ഫയൽ തിരിച്ചെടുത്ത് നടപടികൾ നിർത്തിവയ്ക്കാൻ വിസി ഉത്തരവിടുകയായിരുന്നു. ഓൺലൈൻ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളുടെ റെക്കോർഡിങ്‌, എഡിറ്റിങ്‌ തുടങ്ങിയ ചുമതലകൾ ഇദ്ദേഹത്തിനുണ്ടായിരുന്നു. 2026 ജനവരിമുതൽ എംഎ അറബിക് ലാംഗ്വേജ് ആൻഡ്‌ ലിറ്ററേച്ചർ പ്രോഗ്രാമിനായി ഏകദേശം 50 വീഡിയോ ക്ലാസുകൾ തയ്യാറാക്കണമായിരുന്നു. എന്നാൽ 24 വീഡിയോകൾമാത്രമാണ് റെക്കോർഡ് ചെയ്തിട്ടുള്ളത്. ഇതിൽതന്നെ ആറ് വീഡിയോകളുടെ എഡിറ്റിങ്‌ പൂർത്തീകരിച്ചിട്ടുമില്ല. 2026 മാർച്ച് 13ന് ശേഷം 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോപോലും നൗഷാദ് റെക്കോർഡും ചെയ്തിട്ടില്ല. 2026 മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഒരുവിധ റെക്കോർഡിങ്‌, എഡിറ്റിങ്‌ ജോലിയും നിർവഹിച്ചിട്ടില്ല. ജോലികൾ പൂർത്തീകരിക്കാൻ വാക്കാൽ അധികൃതർ നിർദേശങ്ങൾ നൽകിയെങ്കിലും നൗഷാദ് സഹകരിച്ചില്ല. വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലായിരുന്നു. കൂടുതൽ വിശദാംശങ്ങളും അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതിനുള്ള സമയക്രമവും ആവശ്യപ്പെട്ട് അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ മറുപടി നൽകാൻ നിർദേശിച്ച് അധികൃതർ വീണ്ടും ഒക്ടോബറിൽ മെമ്മോ നൽകി. എന്നാൽ നിശ്ചിത കാലാവധിക്കുള്ളിൽ മറുപടി നൽകിയതുമില്ല. ഇതോടെയാണ്‌ വിസി നൗഷാദിന്റെ കരാർ നിയമനം അവസാനിപ്പിച്ചത്‌. എന്നാൽ ഉന്നത ഇടപെടലുണ്ടായതോടെ വിസി മലക്കംമറിഞ്ഞു. വിശദീകരണം വാങ്ങാതെയാണ് നടപടിയെന്ന പരാതി നൗഷാദിൽനിന്ന് വാങ്ങി ജോലിയിൽ പ്രവേശിപ്പിക്കാനാണ് നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home