പ്രതീക്ഷാനിർഭരം ഈ വിജയങ്ങൾ

മംദാനി / കാതറിൻ കൊണോലി / റോബ് ജെറ്റൻ

വി ബി പരമേശ്വരൻ
Published on Nov 07, 2025, 10:45 PM | 4 min read
ലോകമെങ്ങും തീവ്രവലതുപക്ഷത്തിന് അനുകൂലമായ കാറ്റ് വീശിക്കൊണ്ടിരിക്കെ ഇടതുപക്ഷ ആശയങ്ങൾ ശക്തമായി ഉയർത്തിയ സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറായും കാതറിൻ കൊണോലി (Catherine connolly) അയർലൻഡിൽ പ്രസിഡന്റായും പുരോഗമന ആശയങ്ങൾ മുന്നോട്ടുവച്ച റോബ് ജെറ്റൻ നേതൃത്വം നൽകുന്ന മധ്യവലതുപക്ഷ കക്ഷി ഡി -66 നെതർലൻഡിലും വിജയിച്ചു. ശതകോടീശ്വരന്മാരുടെയും യുഎസ് പ്രസിഡന്റ് ട്രംപിന്റെയും പിന്തുണയുള്ള ആൻഡ്രു കുമോയെ ഒന്പതുശതമാനം വോട്ടിന് തോൽപ്പിച്ചാണ് ഡെമോക്രാറ്റിക് പാർടിയിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ നേതാവായ മംദാനി അമേരിക്കയിലെ ഏറ്റവും വലുതും സമ്പന്നവുമായ നഗരത്തിൽ ചരിത്രവിജയം കുറിച്ചത്. അയർലൻഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കാതറിൻ കൊണോലിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോൾ, 150 അംഗ ഡച്ച് പാർലമെന്റിൽ ഭരണകക്ഷിയായ തീവ്രവലതുപക്ഷകക്ഷി പാർടി ഓഫ് ഫ്രീഡത്തെ (പിവിവി) പിന്നിലാക്കി റോബ് ജെറ്റന്റെ പാർടി മുന്നിലെത്തി.
ശതകോടീശ്വരന്മാരിൽനിന്നും കോർപറേറ്റുകളിൽനിന്നും രണ്ടുശതമാനം നികുതി കൂടുതൽ പിരിച്ചായിരിക്കും ജനക്ഷേമ അജൻഡ നടപ്പാക്കാൻ പണം കണ്ടെത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു. നഗര ജനസംഖ്യയിൽ 24ൽ ഒരാൾ കോടീശ്വരന്മാരായ നഗരംകൂടിയാണ് ന്യൂയോർക്ക്. സാമ്പത്തിക നീതി എന്ന വിഷയത്തിൽ ഊന്നിയതാണ് മംദാനിയുടെ വിജയത്തിന് പ്രധാന കാരണമായതെന്ന് നിസ്സംശയം പറയാം
ട്രംപിസം മുന്നോട്ടുവയ്‌ക്കുന്ന ഇസ്ലാമോഫോബിയക്കും കുടിയേറ്റവിരുദ്ധതയ്‌ക്കും ജനക്ഷേമവിരുദ്ധതയ്‌ക്കും എതിരായ ജനവിധിയാണ് ന്യൂയോർക്കിൽ ഉണ്ടായത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വിഷയങ്ങളായ വർധിച്ച വാടക, വിലക്കയറ്റം, ശിശുസംരക്ഷണം, ആരോഗ്യസേവനം തുടങ്ങിയവ തെരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദുവാക്കാൻ മംദാനിക്ക് കഴിഞ്ഞപ്പോൾ, തീവ്രവലതുപക്ഷത്തെയും കോർപറേറ്റിസത്തെയും അതിജീവിക്കാൻ സാധിച്ചു. ചുരുങ്ങിയത് മൂന്നുവർഷത്തേക്ക് വാടക മരവിപ്പിച്ചുനിർത്തുമെന്നും ന്യൂയോർക്കിൽ വാടക കൂടുതലായതിനാൽ കിലോമീറ്ററുകൾ അകലെ താമസിക്കേണ്ടി വരുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും സൗജന്യവും വേഗമേറിയതുമായ ബസ് സർവീസ് ആരംഭിക്കുമെന്നും സ്കൂളിൽ പോകുന്നതുവരെയുള്ള കുട്ടികളുടെ പരിപാലനം സൗജന്യമാക്കുമെന്നും വിലക്കയറ്റം തടയാൻ പരീക്ഷണാടിസ്ഥാനത്തിൽ സർക്കാർ നിയന്ത്രണത്തിൽ അഞ്ചിടത്ത് സ്റ്റോറുകൾ ആരംഭിക്കുമെന്നും അത് വിജയിച്ചാൽ കൂടുതൽ സ്റ്റോറുകൾ തുടങ്ങുമെന്നും കൂലി ചുരുങ്ങിയത് 30 ഡോളറായി ഉയർത്തുമെന്നും മംദാനി പറഞ്ഞു. ഇതിന് എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകി. ശതകോടീശ്വരന്മാരിൽനിന്നും കോർപറേറ്റുകളിൽനിന്നും രണ്ടുശതമാനം നികുതി കൂടുതൽ പിരിച്ചായിരിക്കും ജനക്ഷേമ അജൻഡ നടപ്പാക്കാൻ പണം കണ്ടെത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു. നഗര ജനസംഖ്യയിൽ 24ൽ ഒരാൾ കോടീശ്വരന്മാരായ നഗരംകൂടിയാണ് ന്യൂയോർക്ക്. സാമ്പത്തിക നീതി എന്ന വിഷയത്തിൽ ഊന്നിയതാണ് മംദാനിയുടെ വിജയത്തിന് പ്രധാന കാരണമായതെന്ന് നിസ്സംശയം പറയാം.

സൊഹ്‌റാൻ മംദാനി
അതോടൊപ്പം ഇമിഗ്രന്റ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് (ഐസിഇ) സംവിധാനം ഉപയോഗിച്ച് കുടിയേറ്റവേട്ട ട്രംപ് ശക്തമാക്കിയ വേളയിലാണ്, താൻ ഒരു മുസ്ലിമും കുടിയേറ്റക്കാരനുമാണെന്നു പറഞ്ഞ് (ഉഗാണ്ടയിൽനിന്ന് കുടിയേറിയ ഇന്ത്യൻ വംശജനാണ് മംദാനി) ജനങ്ങളെ സമീപിച്ചത്. വിജയപ്രസംഗത്തിൽ തന്റെ പക്ഷപാതിത്വം അദ്ദേഹം ആവർത്തിച്ചു. ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരുമെന്നും കുടിയേറ്റക്കാർ നിർമിച്ച കുടിയേറ്റക്കാരൻ നയിക്കുന്ന നഗരമാണിതെന്നും മംദാനി പറഞ്ഞു. ഗാസയിലെ വംശഹത്യയെ തുറന്നെതിർക്കാനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്ന് അസന്ദിഗ്‌ധമായി പ്രഖ്യാപിക്കാനും മംദാനി മടിച്ചില്ല. ട്രംപിന്റെ ഇസ്രയേൽ നയത്തെ ഡെമോക്രാറ്റിക് പാർടി പിന്തുണയ്‌ക്കുമ്പോഴാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി പലസ്തീൻ അവകാശങ്ങൾക്കായി നിലകൊണ്ടത്. മൂന്നാമതും പ്രസിഡന്റാകാൻ ട്രംപ് ആഗ്രഹം പ്രകടിപ്പിച്ച ഘട്ടത്തിൽത്തന്നെയാണ് ന്യൂയോർക്കിൽ മേയർ സ്ഥാനവും ന്യൂ ജഴ്സി, വെർജീനിയ എന്നിവിടങ്ങളിൽ ഗവർണർ സ്ഥാനവും റിപ്പബ്ലിക്കൻ പാർടിക്ക് നഷ്ടമായതും ഡെമോക്രാറ്റുകൾ വിജയിച്ചതും. ട്രംപിസത്തിന് ഇതൊരു താക്കീതും പുരോഗമനരാഷ്ട്രീയത്തിന് പ്രതീക്ഷയുമാണ്.

റോബ് ജെറ്റൻ
യൂറോപ്പിലെങ്ങും തീവ്രവലതുപക്ഷം മുന്നേറ്റം സൃഷ്ടിക്കുമ്പോഴാണ് അയർലൻഡിലും നെതർലൻഡിലും അതിനെതിരായ വിധിയെഴുത്തുണ്ടായത്. ഒക്ടോബർ ആദ്യവാരം നടന്ന തെരഞ്ഞെടുപ്പിൽ ചെക്ക് റിപ്പബ്ലിക്കിൽ തീവ്രവലതുപക്ഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. യെസ് പാർടി നേതാവും ട്രംപിസ്റ്റുമായ ശതകോടീശ്വരൻ ആന്ദ്രേ ബാബിഷ് പ്രധാനമന്ത്രിപദത്തിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇറ്റലിയിലും ഹംഗറിയിലും ഫിൻലാൻഡിലും സെർബിയയിലും സ്വീഡനിലും സ്വിറ്റ്സർലൻഡിലും ഭരണം തീവ്രവലതുപക്ഷത്തിനാണ്. ബ്രിട്ടനിൽ ടോബി റോബിൻസൺ സംഘടിപ്പിച്ച തീവ്രവലതുപക്ഷ റാലിയിൽ ഒന്നരലക്ഷംപേരാണ് പങ്കെടുത്തത്. ജർമനിയിലും ഫ്രാൻസിലും സ്പെയിനിലുമുള്ള വലതുപക്ഷപ്രസ്ഥാനങ്ങളായ, യഥാക്രമം എഎഫ്ഡിയും നാഷണൽ റാലിയും വോക്സും വൻ മുന്നേറ്റങ്ങൾ നടത്തുകയാണ്. ഈ ഘട്ടത്തിലാണ് ഇടതുപക്ഷ ആശയങ്ങൾ മുന്നോട്ടുവച്ച കൊണോലി എന്ന അറുപത്തെട്ടുകാരി അയർലൻഡിലും കടുത്ത തീവ്രവലതുപക്ഷ ആശയങ്ങൾക്കെതിരെ നിലകൊള്ളുന്ന റോബ് ജെറ്റൻ നെതർലൻഡിലും വിജയിക്കുന്നത്. ഫ്രാൻസിലേതുപോല വിശാല ഇടതുപക്ഷസഖ്യത്തിന് രൂപംനൽകിയാണ് കൊണോലി വ്യക്തമായ ഭൂരിപക്ഷം നേടിയതെങ്കിൽ, താമസിക്കാൻ വീടും കാലാവസ്ഥാമാറ്റം തടയാനുള്ള നടപടികളും എല്ലാവർക്കും ഒരുമയോടെ ജീവിക്കാനുള്ള സാഹചര്യവും ഉറപ്പുനൽകിയാണ് റോബ് ജെറ്റൻ മുന്നിലെത്തിയത്.

കൊണോലി
പോൾ ചെയ്ത വോട്ടിന്റെ (45.8 ശതമാനം) 64.6 ശതമാനം നേടിയാണ് അഭിഭാഷകയും സൈക്കോളജിസ്റ്റുമായ കൊണോലി വിജയിച്ചത്. യാഥാസ്ഥിതിക കക്ഷി ഫൈൻ ഗേൽ സ്ഥാനാർഥിയും മുൻ മന്ത്രിയുമായ ഹീഥർ ഹംഫ്രിക്ക് 27 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. ഫൈൻ ഗേലിന്റെ സഖ്യകക്ഷിയായ ഫിയാന ഫെയ്ൽ സ്ഥാനാർഥി ജിം ഗാവിന് 8.4 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. അതായത് രണ്ട് എതിരാളികൾക്കുംകൂടി ലഭിച്ച വോട്ടിന്റെ ഇരട്ടിയോളം വോട്ട് നേടിയാണ് വിശാല ഇടതുപക്ഷസഖ്യത്തിന്റെ സ്ഥാനാർഥിയായ കൊണോലി വിജയിച്ചത്. തീവ്രവലതുപക്ഷത്തിന് സ്ഥാനാർഥിയെ നിർത്താൻ കഴിഞ്ഞില്ലെങ്കിലും അവർ ബാലറ്റ് പേപ്പർ നശിപ്പിച്ച് തങ്ങളുടെ പിന്തുണ അളക്കാനാണ് തീരുമാനിച്ചത്.
പ്രത്യേകിച്ച് ഒരു രാഷ്ട്രീയപാർടിയുടെ പ്രതിനിധി അല്ലാതിരുന്നിട്ടും വലതുപക്ഷവിരുദ്ധ വോട്ടുകൾ മുഴുവൻ സമാഹരിക്കാൻ കൊണോലിക്ക് കഴിഞ്ഞു എന്നതാണ് അവരെ വിജയത്തിലേക്ക് നയിച്ചത്. ലേബർ പാർടി, ഗ്രീൻ പാർടി കമ്യൂണിസ്റ്റ് പാർടി ഓഫ് അയർലൻഡ്, പീപ്പിൾസ് ബിഫോർ പ്രോഫിറ്റ്, 100 ശതമാനം റിഡ്രസ് (ഡോണിഗൽ കൗണ്ടിയിലെ രാഷ്ട്രീയപ്രസ്ഥാനം), സോഷ്യൽ ഡെമോക്രാറ്റിക് പാർടി വർക്കേഴ്സ് പാർടി, സിൻ ഫിൻ എന്നീ രാഷ്ട്രീയപാർടികളും ട്രേഡ് യൂണിയനുകൾ, സാംസ്കാരിക സംഘടനകൾ, ഭാഷാസ്നേഹികൾ, യുദ്ധവിരുദ്ധപ്രസ്ഥാനം എന്നിവയും ചേർന്ന അതിവിശാല മുന്നണിയാണ് കൊണോലിയെ പിന്തുണച്ചത്. ഇതിൽ ഏറ്റവും പ്രധാനം സിൻ ഫിൻ പ്രസ്ഥാനത്തിന്റെ പിന്തുണതന്നെയാണ്. ബ്രിട്ടീഷ് കൊളോണിയലിസം ഭിന്നിപ്പിച്ച അയർലൻഡിന്റെ ഏകീകരണമാണ് സിൻ ഫിന്നിന്റെ ലക്ഷ്യം. വടക്കൻ അയർലൻഡ് ഇപ്പോഴും യുകെ ഭരണത്തിൻകീഴിലാണ്. വടക്കൻ അയർലൻഡിന്റെ ജനസംഖ്യയുടെ പകുതിയും അയർലൻഡിലെ പൗരന്മാരാണ്.
ഇസ്രയേലിന്റെ ഗാസാ വംശഹത്യക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയർന്ന രാജ്യങ്ങളിലൊന്നാണ് അയർലൻഡ്. യൂറോപ്യൻ യൂണിയൻ അമേരിക്കയ്‌ക്കൊപ്പം ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന വേളയിലാണ് അവിടെ പ്രതിഷേധം ഇരമ്പിയത്. ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുത്തുവെന്നുമാത്രമല്ല, വംശഹത്യയെ രൂക്ഷമായി വിമർശിക്കാനും ഇസ്രയേലിനെ ഭീകരരാഷ്ട്രമായി വിശേഷിപ്പിക്കാനും കൊണോലി തയ്യാറായി
ഐറിഷ് ജനതയുടെ ഏകീകരണം എന്ന സിൻ ഫിൻ ആശയത്തെ അംഗീകരിക്കുന്നു എന്നതാണ് കൊണോലിയെ പിന്തുണയ്‌ക്കാൻ അവരെ പ്രേരിപ്പിച്ചത്. അതോടൊപ്പംതന്നെ സിൻ ഫിൻ മുന്നോട്ടുവയ്‌ക്കുന്ന സാർവദേശീയ ഐക്യദാർഢ്യം എന്ന ആശയത്തെയും കൊണോലി ഉയർത്തിപ്പിടിച്ചു. നയപരമായ തീരുമാനങ്ങൾ എടുക്കാനോ നടപ്പാക്കാനോ പ്രസിഡന്റിന് അധികാരമില്ലെങ്കിലും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ അവർക്ക് കഴിയും.
ഇസ്രയേലിന്റെ ഗാസാ വംശഹത്യക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയർന്ന രാജ്യങ്ങളിലൊന്നാണ് അയർലൻഡ്. യൂറോപ്യൻ യൂണിയൻ അമേരിക്കയ്‌ക്കൊപ്പം ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന വേളയിലാണ് അവിടെ പ്രതിഷേധം ഇരമ്പിയത്. ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുത്തുവെന്നുമാത്രമല്ല, വംശഹത്യയെ രൂക്ഷമായി വിമർശിക്കാനും ഇസ്രയേലിനെ ഭീകരരാഷ്ട്രമായി വിശേഷിപ്പിക്കാനും കൊണോലി തയ്യാറായി. ചരിത്രം ഒക്ടോബർ ഏഴിനല്ല ആരംഭിച്ചതെന്ന് ഓർമിപ്പിച്ച കൊണോലി, അവസാനശ്വാസംവരെയും പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുമെന്നും പ്രഖ്യാപിച്ചു. അതോടൊപ്പം നാറ്റോയുടെയും സ്വന്തം രാജ്യത്തിന്റെയും സൈനികവൽക്കരണത്തിനെതിരെയും അവർ ശബ്ദിച്ചു. നാറ്റോ വിരുദ്ധവും ആയുധവ്യാപാരത്തിനെതിരെയുമുള്ള നിലപാട് കൊണോലിയുടെ പിന്തുണ വർധിപ്പിച്ചു.
ഒരുവർഷമായി നെതർലൻഡിൽ ഭരിക്കുന്നത് തീവ്രവലതുപക്ഷ പാർടിയായ പിവിവിയുടെ നേതാവ് ഗീർത് വിൽഡേഴ്സിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി ഗവൺമെന്റായിരുന്നു. കടുത്ത കുടിയേറ്റവിരുദ്ധ നടപടികൾക്ക് വിൽഡേഴ്സ് ചെലുത്തിയ സമ്മർദമാണ് ജൂണിൽ സർക്കാർ വീഴാൻ കാരണമായത്. സ്വാഭാവികമായും 2023ൽ ലഭിച്ചതിനേക്കാൻ 11 സീറ്റ് കുറഞ്ഞ് ഇക്കുറി 26 സീറ്റുമാത്രമാണ് പിവിവിക്ക് ലഭിച്ചത്. ലിബറൽ ഡെമോക്രാറ്റിക് പാർടി (ഡി -66, 1966ൽ രൂപംകൊണ്ട ജനാധിപത്യ സ്ഥാനം)ക്ക് വൻ മുന്നേറ്റം സൃഷ്ടിക്കാനായി. ഒന്പത് സീറ്റുമാത്രമുണ്ടായിരുന്ന ഈ പാർടിക്ക് ഇക്കുറി 27 സീറ്റ് ലഭിച്ചു. പാർടി നേതാവും അത്‌ലറ്റുമായ മുപ്പത്തെട്ടുകാരൻ റോബ് ജെറ്റനാണ് പ്രധാനമന്ത്രിയാകാൻ സാധ്യത. പിവിവി ഒഴിച്ചുള്ള കക്ഷികളുമായാണ് ജെറ്റൻ ചർച്ച നടത്തുന്നത്.
സഖ്യകക്ഷി ഗവൺമെന്റ് രൂപീകരണം മാസങ്ങൾ നീളുന്ന പ്രക്രിയയാണ് നെതർലൻഡിൽ. ഇതിൽ വിജയിച്ചാൽ ഏറ്റവും പ്രായം കുറഞ്ഞ, ആദ്യ ഗേ പ്രധാനമന്ത്രിയാകും ജെറ്റൻ. തീവ്രവലതുപക്ഷത്തിന് വലിയ തിരിച്ചടിയാകും ഇതെന്ന കാര്യത്തിൽ സംശയമില്ല.














