കന്യാസ്ത്രീകളുടെ അറസ്റ്റും സംഘപരിവാർ നിലപാടും

malayaly nun arrest and sanghaparivar agenda
avatar
പുത്തലത്ത് ദിനേശൻ

Published on Aug 01, 2025, 11:03 PM | 4 min read

മലയാളികളായ സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഛത്തീസ്ഗഡിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം മലയാളികളെ പൊതുവിൽ ഞെട്ടിച്ചിരിക്കുകയാണ്. കേരള ജനതയുടെ മനസ്സിൽ ഉന്നതമായ പദവി നേടിയവരാണ് കന്യാസ്ത്രീകൾ. അവർ അത്തരമൊരു ബഹുമാനം നേടിയെടുത്തത് സഹജീവി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ജീവിതം വികസിപ്പിച്ചതിലൂടെയാണ്. ഇവരുടെ സാന്നിധ്യം കേരളത്തിന്റെ ആരോഗ്യ–വിദ്യാഭ്യാസ രംഗത്തെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായിത്തീർന്നിട്ടുണ്ട്.


കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന്റെ ചരിത്രം പരിശോധിച്ചാൽ നവോത്ഥാനപരമായ ആശയങ്ങൾ പകർന്നു നൽകുന്നതിനും ജനതയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനും ഇവർ നൽകിയ സംഭാവന വിലമതിക്കാനാകാത്തതാണ്. കേരളത്തിന്റെ സാമൂഹ്യവികാസത്തിൽ ഒരു സംഭാവനയും നൽകാത്ത സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല. എന്നിട്ടും അരമനകൾ കയറിയിറങ്ങാനും കിരീടം സമർപ്പിക്കാനും അവരെ നിർബന്ധിതമാക്കുന്നത് നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും തുടർന്നുവന്ന കർഷക–തൊഴിലാളി പ്രസ്ഥാനങ്ങളും വളർത്തിക്കൊണ്ടുവന്ന മതനിരപേക്ഷതയുടെ കരുത്തുകൊണ്ട് മാത്രമാണ്. എപ്പോഴാണ് അത്തരമൊരു സംസ്കാരത്തിന് പോറലേൽക്കുന്നത് ആ ഘട്ടങ്ങളിൽ ഛത്തീസ്ഗഡിൽ കണ്ടതുപോലുള്ള അനുഭവങ്ങളായിരിക്കും കേരളത്തിൽ ആവർത്തിക്കുക.


സംഘപരിവാറിന്റെ ആശയാടിത്തറ രൂപപ്പെടുന്ന വഴികൾ പരിശോധിച്ചാൽ അക്കാര്യം വളരെ വ്യക്തമാകുന്നതാണ്. സംഘപരിവാറിന്റെ രാഷ്ട്രീയ അടിത്തറ രൂപപ്പെടുന്നത് സവർക്കറുടെ ‘ആരാണ് ഹിന്ദു’വെന്ന പുസ്തകത്തിലൂടെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‌ മാപ്പെഴുതിക്കൊടുത്ത്‌ പുറത്തുവന്ന, ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന സവർക്കറാണ് ഈ പുസ്തകം എഴുതുന്നത്. ഇന്ത്യ ഹിന്ദുവിന്റെ മണ്ണല്ല, ഹിന്ദുത്വത്തിന്റെ മണ്ണാണെന്നാണ് സവർക്കറുടെ പ്രഖ്യാപനം.


സവർക്കർ അന്യരായി പ്രഖ്യാപിച്ച ന്യൂനപക്ഷങ്ങളിൽനിന്ന് എങ്ങനെ രാജ്യത്തെ ‘രക്ഷപ്പെടുത്താമെന്ന’ കാഴ്ചപ്പാടാണ് ഇതിൽ മുന്നോട്ടുവയ്ക്കുന്നത്. അതിന് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന മാതൃക ഹിറ്റ്‌ലറുടേതാണ്. ജർമനിയിലെ ഹിറ്റ്‌ലർ കാണിച്ചു തന്ന വംശഹത്യ വഴിയാണ് നമുക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു


അതിനാൽ ഹിമാലയംതൊട്ട് ഇന്ത്യൻ മഹാസമുദ്രംവരെയുള്ള പ്രദേശങ്ങൾ തങ്ങളുടെ പുണ്യസ്ഥലവും പിതൃഭൂമിയുമായി കണക്കാക്കുന്നവരാണ് ഇന്ത്യക്കാർ എന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ജറുസലേമിനെ പുണ്യസ്ഥലമായി കണക്കാക്കുന്ന ക്രൈസ്‌തവരും മെക്ക പുണ്യസ്ഥലമായി കണക്കാക്കുന്ന മുസ്ലിങ്ങളും ജർമനിക്കാരനായ മാർക്സിന്റെ കാഴ്ചപ്പാടുകളെ സ്വീകരിക്കുന്ന കമ്യൂണിസ്റ്റുകാരും രാജ്യത്തുനിന്ന്‌ പുറത്താക്കേണ്ട ശക്തികളായി സവർക്കർ പ്രഖ്യാപിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിക്കല്ല് ഇങ്ങനെയാണ് ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കാമെന്ന ഉറപ്പിൻമേൽ ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ട സവർക്കർ പാകിയത്. സവർക്കറുടെ ഈ ആശയങ്ങളെ പിൻപറ്റിയാണ് ഗോൾവാൾക്കർ ‘നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന പുസ്തകമെഴുതുന്നത്. സവർക്കർ അന്യരായി പ്രഖ്യാപിച്ച ന്യൂനപക്ഷങ്ങളിൽനിന്ന് എങ്ങനെ രാജ്യത്തെ ‘രക്ഷപ്പെടുത്താമെന്ന’ കാഴ്ചപ്പാടാണ് ഇതിൽ മുന്നോട്ടുവയ്ക്കുന്നത്. അതിന് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന മാതൃക ഹിറ്റ്‌ലറുടേതാണ്. ജർമനിയിലെ ഹിറ്റ്‌ലർ കാണിച്ചു തന്ന വംശഹത്യ വഴിയാണ് നമുക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു.


‘ഹിന്ദുത്വ’യിലും ‘നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന പുസ്തകത്തിലും പറഞ്ഞ കാഴ്ചപ്പാടുകളെ അടിസ്ഥാനപ്പെടുത്തി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഗോൾവാൾക്കർ എഴുതിയ പുസ്തകമാണ് ‘വിചാരധാര’. അതിൽ കമ്യൂണിസ്റ്റുകാരും ക്രൈസ്‌തവരും മുസ്ലിങ്ങളും എന്തുകൊണ്ട് രാജ്യത്തിന് അപകടകാരികളായിത്തീരുന്നുവെന്നതിന്റെ പൊതുതത്വം ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്. “പുറമെ നിന്നുള്ള ശത്രുക്കളേക്കാൾ ദേശീയ ഭദ്രതയ്ക്ക് കൂടുതൽ അപകടകാരികൾ രാജ്യത്തിനകത്തുള്ള ശത്രുഘടകങ്ങളാണെന്നാണ് പല രാജ്യങ്ങളുടെയും ചരിത്രത്തിൽനിന്നുള്ള ദുരന്തപാഠം. എന്നാൽ, നിർഭാഗ്യവശാൽ ഈ പ്രഥമ പാഠമാണ് ബ്രിട്ടീഷുകാർ നാടുവിട്ടുപോയ നാൾമുതൽ തുടർച്ചയായി നമ്മുടെ നാട്ടിൽ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.”.


Religious conversion



ആന്തരിക ശത്രുക്കളുടെ ഈ അപകടം ബ്രിട്ടീഷ് സാമ്രാജ്യത്വം ഉണ്ടായിരുന്ന കാലത്ത് മനസ്സിലാക്കിയിരുന്നെന്നും അതിനുശേഷം അതില്ലാതായെന്നും ഓർമപ്പെടുത്തുന്നു കൂടിയുണ്ട് ഗോൾവാൾക്കർ. ബ്രിട്ടീഷുകാരെ ഇക്കാര്യത്തിൽ മാതൃകയായി അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ രാഷ്ട്രീയവും സംഘപരിവാർ രാഷ്ട്രീയവും ഒന്നായി ചേരുന്നതിന്റെ ഉദാഹരണംകൂടിയാണിത്.


പൊതുശത്രുക്കളെ സംബന്ധിച്ച് ഇത്തരത്തിൽ വിശദീകരിച്ചശേഷം ക്രൈസ്തവ വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ ഇങ്ങനെ വിചാരധാര നിരീക്ഷിക്കുന്നു. “ക്രൈസ്തവരെ സംബന്ധിച്ചാണെങ്കിൽ ബാഹ്യ നിരീക്ഷകന് അവർ തീരെ നിരുപദ്രവകാരികളായി മാത്രമല്ല, മനുഷ്യവർഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂർത്തീഭാവങ്ങളായിപ്പോലും തോന്നും. മനുഷ്യവർഗത്തെ ഉദ്ധരിക്കുന്നതിനായി സർവശക്തനാൽ പ്രത്യേകം നിയുക്തരായവരാണ് തങ്ങളെന്ന മട്ടിൽ ‘സേവനം’, ‘മനുഷ്യന്റെ മുക്തി’ തുടങ്ങിയ വാക്കുകൾ അവരുടെ പ്രഭാഷണങ്ങളിൽ കേൾക്കാം. എല്ലായിടത്തും അവർ സ്‌കൂളുകളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നു. ശുദ്ധരും നിഷ്കളങ്കരുമായ നമ്മുടെ ആളുകൾ ഇവ കണ്ടെല്ലാം ഭ്രമിച്ചുപോകുന്നു”.


എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും അറിവിന്റെ ലോകത്തേക്ക് നയിച്ച മിഷണറിമാരുടെ സ്ഥാപനങ്ങളെ ഹിന്ദുവിരുദ്ധമായും ദേശീയവിരുദ്ധമായും വിചാരധാരക്കാരൻ വിശദീകരിക്കുന്നു. ഇത്തരം വിശദീകരണം മാത്രമല്ല, ഇവരെ എങ്ങനെ നേരിടണമെന്നും ഗോൾവാൾക്കർ പറയുന്നുണ്ട്. “ഇവിടത്തെ ക്രൈസ്തവൻ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുകയും ക്രിസ്തുമതത്തിനായുള്ള സാർവദേശീയ പ്രസ്ഥാനത്തിന്റെ ഏജന്റുമാരാണ് തങ്ങളെന്ന് സ്വയം കരുതുകയും, ജന്മഭൂമിയോട് കൂറ് പുലർത്താതെ പൂർവിക സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും യഥാർഥ പുത്രന്മാരെപ്പോലെ പെരുമാറാൻ വിസമ്മതിക്കുന്നിടത്തോളം കാലം അവരിവിടെ വൈരികളായിത്തന്നെ വർത്തിക്കും. അതനുസരിച്ച് അവരോട് പെരുമാറേണ്ടിയും വരും”.


തങ്ങളുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ പാഠം പഠിപ്പിക്കുമെന്ന ഈ കാഴ്ചപ്പാട് വിവിധ തലങ്ങളിൽ സംഘപരിവാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഇത് കാണാവുന്നതാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ ബിജെപി എംഎൽഎ ക്രിസ്ത്യൻ പുരോഹിതനെ കൈയേറ്റം ചെയ്താൽ മൂന്ന് ലക്ഷവും കൈയോ കാലോ തല്ലിയൊടിച്ചാൽ അഞ്ച് ലക്ഷവും കൊലപ്പെടുത്തിയാൽ 11 ലക്ഷവും പ്രഖ്യാപിച്ചിരിക്കുകയാണ്. അസമിൽ ക്രിസ്ത്യൻ സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾക്കൊപ്പമുള്ള പള്ളികൾ പൊളിച്ചുമാറ്റണമെന്ന ആവശ്യവും ഉയർത്തിയിരിക്കുന്നു. മണിപ്പുരിലെ ക്രിസ്ത്യൻ പള്ളികൾ നേരത്തേ തകർത്തതാണല്ലോ.


Nuns



ഗ്രഹാം സ്‌റ്റെയിൻസിനെ ചുട്ടുകരിച്ച കേസിലെ പ്രതിയെ നേരത്തേ വിട്ടയച്ചെന്ന് മാത്രമല്ല, അയാൾക്ക് ധീരോചിതമായ സ്വീകരണവും അംഗീകാരവും ലഭിച്ചു. 2023ൽ ക്രിസ്ത്യാനികൾക്കെതിരായുള്ള ആക്രമണങ്ങൾ 734 ആയിരുന്നത് 2024ൽ 834 ആയി വർധിച്ചിരിക്കുന്നതും ഈ തത്വശാസ്ത്രത്തിന്റെ പ്രയോഗത്തിന്റെ ഫലമായാണ്. പള്ളികളുടെയും പ്രാർഥനാ യോഗങ്ങളുടെയും നേരെയുള്ള ആക്രമണങ്ങൾ, ഊരുവിലക്കുകൾ, കർക്കശമായ മതപരിവർത്തന നിരോധന നിയമങ്ങൾ ഉപയോഗിച്ച് ക്രിമിനൽ കേസുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.


സംഘപരിവാറിന്റെ ഈ രാഷ്ട്രീയ അജൻഡ തുറന്നുകാട്ടിയാണ് ഇടതുപക്ഷം പ്രവർത്തിക്കുന്നത്. ഈ വസ്തുതകൾ കാണാതെ സംഘപരിവാറിന്റെ പാളയത്തിലേക്ക് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ നയിക്കുന്നതിനാണ് കാസയടക്കമുള്ള സംഘടനകൾ ശ്രമിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. കിരീടവും ഉപഹാരവും നിറഞ്ഞ പുഞ്ചിരിയുമായി ഇത്തരം ശക്തികൾ കേരളത്തിൽ അരമനകൾ കയറിയിറങ്ങുന്നത് അവരുടെ മഹത്വംകൊണ്ടല്ല. മറിച്ച് കേരള ജനത കെട്ടിപ്പടുത്തെടുത്ത മതനിരപേക്ഷതയുടെ കരുത്തുറ്റ അടിത്തറയിൽ അവരുടെ അജൻഡ പ്രായോഗികമാക്കാൻ കഴിയാത്തതുകൊണ്ടാണ്.


മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും ആതുര ശുശ്രൂഷയുമെല്ലാം പ്രധാനമായും കേന്ദ്രീകരിച്ച് നിൽക്കുന്നത് ദളിത്–ആദിവാസി മേഖലയിലാണ്. അതും സംഘപരിവാറിന് അംഗീകരിക്കാനാകില്ല. ബ്രാഹ്മണൻ തലയാണ്, ക്ഷത്രിയൻ കൈകളാണ്, വൈശ്യൻ ഊരുക്കളാണ്, ശൂദ്രൻ പാദങ്ങളാണ് എന്ന കാഴ്ചപ്പാടാണ് വിചാരധാര മുന്നോട്ടുവയ്ക്കുന്നത്. ദളിത്‌–ആദിവാസി ജനവിഭാഗത്തെ മനുഷ്യരായി അവർ കാണുന്നില്ല. അതുകൊണ്ടാണ് അത് സവർണ മേധാവിത്വത്തിന്റെ ആശയധാരയാണെന്ന് പറയുന്നത്.


ആധുനിക ജനാധിപത്യക്രമം ശക്തിപ്രാപിച്ചതോടെയാണ് സംഘപരിവാറിന് തങ്ങൾ മനുഷ്യരായി അംഗീകരിക്കാത്തവരെപ്പോലും ഉൾക്കൊള്ളേണ്ടിവരുന്നത്. ചില സ്ഥാനങ്ങളിലെങ്കിലും അവരെ കൊണ്ടുവരേണ്ടിവരുന്നത്. അല്ലാതെ, സംഘപരിവാറിന്റെ തത്വശാസ്ത്രത്തിന്റെ ഭാഗമല്ല. ആധുനിക ജനാധിപത്യത്തിന്റെ കരുത്താണ് അതിന് കാരണം. പലപ്പോഴും രാഷ്ട്രപതി രണ്ടാംകിട പൗരയായി മാറുന്നതും പാർലമെന്റിൽ രാജാധിപത്യത്തിന്റെ അടയാളമായ ചെങ്കോൽ സ്ഥാപിക്കപ്പെടുന്നതും അവരുടെ ഉള്ളുകള്ളികൾ തുറന്നുകാട്ടുന്നതാണ്.


rajyasabha nomination



ഇന്ത്യൻ ഭരണഘടന ഏതൊരാൾക്കും ഏത് മതത്തിൽ വിശ്വസിക്കുന്നതിനും വിശ്വസിക്കാതിരിക്കുന്നതിനുമുള്ള അവകാശം നൽകുന്നുണ്ട്. അത് ചോദ്യം ചെയ്യുന്നതിന് ആർക്കും അവകാശമില്ലെന്നതാണ് അതിന്റെ അടിസ്ഥാന കാഴ്ചപ്പാട്. എന്നാൽ, ഒരാളുടെ മതവിശ്വാസം തങ്ങൾ തീരുമാനിക്കുമെന്നും അത് അടിച്ചേൽപ്പിക്കുമെന്നുമാണ് സംഘപരിവാറിന്റെ തത്വശാസ്ത്രം. ഇത് ഭരണഘടനാ വിരുദ്ധമാണ്.


ഛത്തീസ്ഗഡിൽ നടന്ന ഈ ദാരുണ സംഭവത്തിൽ കോൺഗ്രസ് നടത്തിയ ഇടപെടലുകളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഛത്തീസ്ഗഡിലെ പ്രധാന പ്രതിപക്ഷമാണ് കോൺഗ്രസ്. ഏറെക്കാലം അവിടെ ഭരിച്ച പാർടിയുമാണ്. ഈ പ്രശ്നത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാതെ മുന്നോട്ടുപോവുകയാണ് അവർ ചെയ്യുന്നത്. ഗുജറാത്ത് വംശഹത്യക്കാലത്ത് സ്വീകരിച്ച ഈ ചാഞ്ചാട്ട നയമാണ് ബിജെപിക്ക്‌ അവിടെ മുന്നേറാൻ അവസരമുണ്ടാക്കിയത്. ഇക്കാര്യത്തിലുള്ള ഇടതുപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ എംപിമാർ ഉൾപ്പെടെ നടത്തിയ ശക്തമായ ഇടപെടലുകൾ.


മതനിരപേക്ഷതയുടെ അവശ്യ നിലപാടാണ് ന്യൂനപക്ഷ സംരക്ഷണം. അതോടൊപ്പംതന്നെ ഏത് മതത്തിൽ വിശ്വസിക്കാനുമുള്ള പൗരന്റെ അവകാശവും ജനാധിപത്യപരമായ ജീവിതത്തിന്റെ അടിസ്ഥാനവുമാണ്. ഇവയെ തകർക്കുന്നതാണ് സംഘപരിവാർ നിലപാടുകൾ. മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ എല്ലാ മതവിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ജീവിക്കാനാകൂ. അത്തരം സമൂഹത്തെ വളർത്തിയെടുക്കുന്നതിനുള്ള ശക്തമായ നിലപാട് സ്വീകരിക്കുന്ന മതനിരപേക്ഷ ചിന്താഗതിക്കാരുടെ ഐക്യനിര കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. അതിന്റെ പ്രാധാന്യമാണ് ഛത്തീസ്ഗഡിലെ സംഭവവികാസങ്ങൾ ഓർമപ്പെടുത്തുന്നത്.



deshabhimani section

Dont Miss it

Recommended for you

Home