ad
Deshabhimani

Articles

മലയാള സാഹിത്യം

മലയാള സാഹിത്യം ശോഭനമാണ്

 cover
avatar
മനോഹരൻ വി പേരകം

Published on May 09, 2025, 01:01 PM | 7 min read


ഇന്ന് സോഷ്യൽ മീഡിയയുടെ അനന്തസാധ്യതയെ എല്ലാ തുറയിലുള്ളവരും ഉപയോഗപ്പെടുത്തുമ്പോൾ ഒരെഴുത്തുകാരൻ, തന്റെ പുസ്തക പരിചയത്തിനും വായനക്കാർ എഴുതുന്ന കുറിപ്പുകൾ മറ്റുള്ളവരിലെത്തിക്കുന്നതിനുമായി തനിക്കനുകൂലമാക്കുന്നതിൽ എന്താണ് തെറ്റ്? ഞാൻ ഇവിടെയുണ്ടെന്ന്, എഴുതുന്നുണ്ടെന്ന്, പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് നിശ്ശബ്ദമായി പറയുന്നു. അതിൽ എന്ത് തെറ്റാണുള്ളത്?


പുതിയ നൂറ്റാണ്ടിലെ മലയാള നോവൽ സാഹിത്യത്തെപ്പറ്റി വിമർശനാത്മകമായി ചിന്തിക്കാനുള്ള സമയമായോ? പത്തൊമ്പതാം നൂറ്റാണ്ടിൽ സമാരംഭിക്കുകയും 20‐ാം നൂറ്റാണ്ടിൽ പുഷ്ടിപ്പെടുകയും ചെയ്‌ത സാഹിത്യരൂപമാണല്ലോ നോവൽ. പോയ നൂറ്റാണ്ടിൽ മലയാളനോവലിന്റെ നില അത്ര ശോഭനമായിരുന്നോ?


മറ്റ് ഭാഷയിലെ വായനക്കാർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള എത്ര നോവലുകൾ മലയാളത്തിൽ ആ കാലയളവിലുണ്ടായിട്ടുണ്ടെന്നും ലോകനോവലിന്റെ മഹത്തായ പാരമ്പര്യത്തിനോട് ചേർത്തുനിർത്താൻ ശക്തിയുള്ള ഒരു മികച്ച സൗന്ദര്യസൃഷ്ടി നാളിതുവരെ മലയാളിയുടെ ഭാവനയിൽനിന്നുണ്ടായിട്ടുണ്ടോ എന്നും ഈ നൂറ്റാണ്ടിന്റെ നോവൽ സാഹിത്യത്തെ വിലയിരുത്തുമ്പോൾ ‘വേറിട്ടൊരു ശബ്‌ദം കേട്ടുവോ നിങ്ങൾ?’


VERITTORU


എന്ന ലേഖനത്തിൽ എൻ ഇ സുധീർ ചോദിക്കുന്നുണ്ട്. അപ്പോൾ പ്രതിയാവുന്നത് ഈ നൂറ്റാണ്ടിലെ എഴുത്തുകാരോ സാഹിത്യമോ അല്ല, ഇതുവരെയുണ്ടായിട്ടുള്ള മലയാള സാഹിത്യം മുഴുവനുമാണ്.


N E Sudheer എൻ ഇ സുധീർ


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കവിതയുടെ മേൽക്കോയ്‌മയുണ്ടായിരുന്നെങ്കിലും നൂറ്റാണ്ടിന്റെ പകുതിക്കുശേഷം മറ്റെല്ലാ സാഹിത്യരൂപങ്ങളേയും ഏറെ പിന്നിലാക്കിയത് നോവൽ ശാഖയാണെന്ന് നിസ്സംശയം പറയാം. നമ്മുടെ ആദ്യകാല നോവലിസ്‌റ്റുകളായ ഒ ചന്തുമേനോനും സി വി രാമൻപിള്ളയ്‌ക്കും ശേഷം ഒരു പരപ്പ് എഴുത്തുകാർ ഭാഷയിൽ ഉദയം ചെയ്യുകയുണ്ടായി.


തകഴി, കേശവദേവ്, ബഷീർ, പൊറ്റെക്കാട്ട്, ലളിതാംബിക അന്തർജനം, ചെറുകാട് തുടങ്ങിയ സാഹിത്യകാരന്മാരുടെ കാലത്താണ് നോവൽ എന്ന സാഹിത്യരൂപം മലയാളത്തിൽ പച്ചപിടിച്ചതും തെഴുത്തതും. ജീവൽസാഹിത്യത്തിന്റെയും പിന്നീട് പുരോഗമന സാഹിത്യത്തിന്റെയും ചുവടുപിടിച്ച് സമൂഹപ്രതിബദ്ധമായ എഴുത്തുകളെയാണ് അവർ അക്കാലത്തെ വായനാസമൂഹത്തിന് നൽകിയത്.


മലയാളനോവലിലെ ആ ആദിതലമുറയിൽ നിന്നാണ് തോട്ടിയുടെ മകൻ, ഏണിപ്പടികൾ, ഓടയിൽ നിന്ന്, ബാല്യകാലസഖി, ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ, അഗ്നിസാക്ഷി, കയർ, മണ്ണിന്റെ മാറിൽ, മതിലുകൾ തുടങ്ങിയ കൃതികളുണ്ടായത്.


പിന്നീട് അമ്പത് /അറുപത് കാലഘട്ടത്തിൽ വന്ന എം ടി, ഉറൂബ്, കോവിലൻ, കെ സുരേന്ദ്രൻ, വിലാസിനി, മലയാറ്റൂർ രാമകൃഷ്‌ണൻ, മാധവിക്കുട്ടി, വി കെ എൻ, പാറപ്പുറത്ത്, ഇ വാസു, സി രാധാകൃഷ്‌ണൻ, പി വത്സല, ഏകലവ്യൻ, യു എ ഖാദർ തുടങ്ങിയവർ നോവൽശാഖയെ ജീവൽസാഹിത്യത്തിൽ നിന്നും പുരോഗമനസാഹിത്യത്തിൽ നിന്നും മുക്തമാക്കുകയും മലയാളിജീവിതത്തിന്റെ തിക്താനുഭവങ്ങളെ വ്യഞ്ജിപ്പിക്കുന്ന തരത്തിലുമുള്ള നോവലുകൾ എഴുതുകയുണ്ടായി.


അതുകൊണ്ടൊക്കെത്തന്നെ മലയാള നോവലിന്റെ ഗ്രാഫ് മുന്നേറുകയായിരുന്നുവെന്ന് പറയാം. തുടർന്ന് വന്ന ആധുനിക സാഹിത്യകാരന്മാരുടെ തലമുറയാണ്, നോവലുകളിൽ ജീവിതം പോലെത്തന്നെ ഭാഷയും സൗന്ദര്യവും പ്രധാന ഘടകമാണെന്ന തോന്നലുളവാക്കിയത്.


manoharan v perakomമനോഹരൻ വി പേരകം


എഴുപതുകളിലെ ആധുനിക സാഹിത്യകാരന്മാരിൽ പ്രമുഖരായ ഒ വി വിജയൻ, ആനന്ദ്, എം മുകുന്ദൻ, കാക്കനാടൻ, സേതു, പത്മരാജൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, എം പി നാരായണപ്പിള്ള, സാറാ ജോസഫ്, സക്കറിയ, എം സുകുമാരൻ തുടങ്ങിയവരുടെ വരവോടെയാണ് മലയാള നോവൽ സാഹിത്യം അതിന്റെ പുഷ്‌കല കാലത്ത്‌ എത്തിപ്പെട്ടത് എന്ന് പറഞ്ഞാലും തെറ്റില്ലെന്നാണ് തോന്നുന്നത്.


ഇവരെഴുതിയ നോവലുകൾ ലോകത്തിന്റെ മുന്നിലേക്കോ, എന്തിന് അന്യഭാഷകളിലേക്കോ എടുത്തുനീട്ടാൻ തക്ക ഗരിമയുള്ളതായിരുന്നോ എന്ന് വായനക്കാർ അന്വേഷിക്കേണ്ടതാണ്. എന്നിട്ടുവേണം ഈ നൂറ്റാണ്ടിലെ എഴുത്തുകാരേയും അവരുടെ കൃതികളേയും വിലയിരുത്താൻ.


എൺപതുകൾക്കുശേഷം പ്രത്യക്ഷപ്പെട്ട ഉത്തരാധുനിക സാഹിത്യത്തെ പ്രത്യക്ഷീഭവിപ്പിക്കുന്ന കാലത്തും ഒറ്റയൊറ്റ നോവലുകൾ പലരുടേതായി മലയാളത്തിലിറങ്ങിയിട്ടുണ്ട്.


മലയാളിയുടെ ജീവിതപരിസരം ചുരുങ്ങിപ്പോയതാണോ അനുഭവത്തിന്റെ ആഴം കുറഞ്ഞുപോയതാണോ മഹത്തായ നോവൽ വിഭാവനം ചെയ്യാൻ മലയാളിക്ക് കഴിയാത്തതിന് കാരണം?


ഒരു മഹത്തായ നോവലിനുവേണ്ട അനേകം കഥാപാത്രങ്ങളെ ഉന്തിനീക്കി ഒരു അപരലോകത്തേയും അപാരതയേയും കൈപ്പിടിയിലാക്കാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? മലയാള നോവലിൽ കാലത്തിന്റെ സമസ്യകൾ എഴുത്തുകാർ മറന്നുപോകുന്നു എന്ന് പി കെ ബാലകൃഷ്‌ണൻ ഒരു ലേഖനം എഴുതിയിരുന്നതും ഈ സന്ദർഭത്തിൽ ചേർത്തു വായിക്കേണ്ടതാണ്.


ബഷീർ ചെറിയ നോവലുകൾ മാത്രം എഴുതിയതിന് അദ്ദേഹത്തെ താഴ്‌ത്തിക്കെട്ടിയ ഒരു പാരമ്പര്യവും നമുക്കുണ്ടല്ലോ!


എന്തായാലും ലോകനോവലിനോട് കിടപിടിക്കുന്ന കൃതികൾ പോകട്ടെ, മറ്റ് ഇന്ത്യൻ ഭാഷകളിലുണ്ടായിട്ടുള്ളവയോടെങ്കിലും കിടപിടിക്കുന്ന രചനകൾ മലയാള സാഹിത്യത്തിൽ ഈ കാലത്തെന്നല്ല, ഒരു കാലത്തും ഉണ്ടായിട്ടില്ലെന്ന വാദമാണ് പ്രസ്‌തുത വിവാദലേഖനത്തിന്റെ ആന്തരികശ്രുതിയെന്ന് വരുന്നുണ്ട്.


t padmanabanടി പത്മനാഭൻ


എൺപതുകളുടെ അവസാനത്തിൽ കാരൂർ സ്മാരക പ്രഭാഷണത്തിൽ, മലയാളത്തിലെ പ്രശസ്‌ത കഥാകൃത്തായ ടി പത്മനാഭൻ അക്കാലത്തെ യുവ കഥാകൃത്തുക്കളുടെ സ്വത്വത്തെത്തന്നെ ചോദ്യം ചെയ്യുകയുണ്ടായത് ചരിത്രമാണല്ലോ! എഴുത്തുകാരന്റെ ടൂളാണ് ഭാഷയെന്നും യുവകഥാകൃത്തുക്കളിൽ ഭാഷയെ നവീകരിക്കാൻ കെൽപ്പുള്ള എത്രപേരുണ്ടെന്നുമുള്ള ടി പത്മനാഭന്റെ ചോദ്യത്തിന്റെ ഫലമായുണ്ടായ കഥാ ചർച്ചകളും കഥയുടെ വളർച്ചയും സുവിദിദമാണല്ലോ! ആ കാലഘട്ടത്തിലെ ഏതാണ്ട് മുഴുവൻ കഥാകൃത്തുക്കളും അന്ന് നോവലെന്ന സാഹിത്യശാഖയെത്തന്നെ മറന്ന് ചെറുകഥയിലാണ് വ്യാപരിച്ചത്.


അവരിൽ എൻ പ്രഭാകരൻ, യു കെ കുമാരൻ, കെ പി രാമനുണ്ണി, ടി വി കൊച്ചുബാവ, അശോകൻ ചരുവിൽ, പി സുരേന്ദ്രൻ തുടങ്ങിയവർ വിരലിലെണ്ണാവുന്ന നോവലുകളെഴുതി നോവലെന്ന സാഹിത്യരൂപത്തോടുള്ള ചാർച്ച പുലർത്തിയെങ്കിലും ഒട്ടുമിക്കവരും കഥയിൽ തന്നെ അമർന്നു നിൽക്കുകയാണുണ്ടായത്.


ASOKAN CHARUVILഅശോകൻ ചരുവിൽ


ആധുനികരുടെ നോവൽക്കാലവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടായിരത്തിനുശേഷം മലയാളനോവൽ ഒരു കുതിച്ചുചാട്ടം നടത്തിയെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഈ കാലത്തെ എഴുത്തുകാരിൽനിന്നും നോവലുകൾ എണ്ണത്തിൽ കുറവേ മലയാളത്തിന് ലഭിച്ചിട്ടുള്ളൂവെങ്കിലും ഏതുകാലത്തേക്കാളും എഴുത്തുകാർ കൂടിയ കാലഘട്ടമായതിനാൽ ധാരാളം രചനകൾ ഉണ്ടായിട്ടുണ്ടെന്ന് പറയാം.


അതുപോലെ നോവലിൽ പുതുമകളും പുതുമാതൃകകളും അവതരിപ്പിക്കപ്പെട്ടത് 21‐ാം നൂറ്റാണ്ടിൽ പ്രത്യക്ഷപ്പെട്ട നോവലുകളിലാണെന്നും കാണാം. ടി ഡി രാമകൃഷ്‌ണൻ മുതൽ സുഭാഷ് ചന്ദ്രൻ, ഇ സന്തോഷ്‌ കുമാർ, ബെന്യാമിൻ, കെ ആർ മീര, വി ജെ ജെയിംസ്, ജി ആർ ഇന്ദുഗോപൻ, എസ് ഹരീഷ്, വി ഷിനിലാൽ, വിനോയ് തോമസ് തുടങ്ങി ആ നിര നീളുന്നുണ്ട്.


ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, കലാപങ്ങൾക്കൊരു ഗൃഹപാഠം, പാതിരാവൻകര, ചാവൊലി, ആടുജീവിതം, ബർസ, മനുഷ്യന് ഒരാമുഖം, അന്ധകാരനഴി, ആരാച്ചാർ, കെ ടി എൻ കോട്ടൂർ എഴുത്തും ജീവിതവും, തക്ഷൻകുന്ന് സ്വരൂപം, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, നിരീശ്വരൻ, ഉഷ്ണരാശി, മീശ, അടിയാളപ്രേതം,


കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്‌ത്രീകളുടെ കത, പുറ്റ്, സമ്പർക്കക്രാന്തി, സിൻ തുടങ്ങിയ നോവലുകൾ ഈ നൂറ്റാണ്ടിൽ നമ്മുടെ ഭാഷയിലുണ്ടായവയും നമ്മുടെ നികുതിപ്പണം കൊടുത്ത് ആദരിച്ചവയുമാണ്.


അതിനിടയിൽ വായനക്കാരുടെ ശ്രദ്ധയേൽക്കാതെ പോയ നിരവധി നോവലുകളുമുണ്ട്. മധ്യവർഗത്തിലും ഉപരിവർഗത്തിലും പെട്ടവരുടെ ലോകനിരീക്ഷണത്തിന്റെയും അനുഭവ സ്വീകരണത്തിന്റെയും അനുഭൂതിലോകവും ഭാവുകത്വവുമാണ് നമ്മുടെ വായനാസമൂഹത്തിന് പൊതുവെയുള്ളത്.


അതൊന്നുമില്ലാത്ത ചാവുതുള്ളൽ, ചോരപ്പരിശം, കരിക്കോട്ടക്കരി, ചാവൊലി, ഒടിയൻ, കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ, ഒസ്സാത്തി, ചാവുനിലം, അരിവാൾ ജീവിതം, ഗദ്ദികപ്പൊട്ടുകാരന്റെ കല്യാണം എന്നീ നോവലുകൾ വായനക്കാർ പരിഗണിക്കാതെ പോകുകയും പിന്നീട് കാലം വീണ്ടെടുത്തപോലെ നാമമാത്രമായി ചർച്ച ചെയ്യുകയുമുണ്ടായിട്ടുണ്ട്.


പോയ നൂറ്റാണ്ടിൽ കയർ, ഖസാക്കിന്റെ ഇതിഹാസം, സ്മാരകശിലകൾ, സുന്ദരികളും സുന്ദരന്മാരും, ഇനി ഞാനുറങ്ങട്ടെ തുടങ്ങിയ നോവലുകൾപോലെ ഈ നൂറ്റാണ്ടിന്റെ ഉപലബ്ധിയാണ് മനുഷ്യന് ഒരാമുഖം, മീശ, തപോമയിയുടെ അച്ഛൻ തുടങ്ങിയവ എന്ന് പറയാൻ എന്തിന് മടികാണിക്കണം?


books


രമേശൻ ബ്ലാത്തൂരിന്റെ പെരും ആൾ തുടങ്ങി, സൂസന്നയുടെ ഗ്രന്ഥപ്പുര, ഭോപ്പാൽ, മഞ്ഞിൽ ഒരുവൾ, ജീവിച്ചിരുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ്, മുറിനാവ്, അ, ഡി, കൽഹണൻ, മുദ്രിത, ഉത്തമപാകം, പുഴയുടെ പര്യായം, കണ്ണകി, ചൂതാട്ടക്കാർക്ക് പ്രവേശനമില്ല, ആഗസ്റ്റ് 17, വല്ലി, പുള്ളിയൻ, യുവാവായിരുന്ന ഒമ്പത് വർഷം, മരിയ വെറും മരിയ, മുടിയറകൾ, വിഷഹാരി, പന്നിവേട്ട, പോനോൻ ഗോംബെ, അപരകാന്തി, മരക്കാപ്പിലെ തെയ്യങ്ങൾ, ചില വിശുദ്ധജന്മങ്ങളുടെ വിശേഷങ്ങൾ, ഹെർബേറിയം, യാ ഇലാഹി ടൈംസ്, ഇരു, ഒരു പാകിസ്ഥാനിയുടെ കഥ, ഡയസ്‌പോറ, മത്തിയാസ്, പട്ടുനൂൽപ്പുഴു, മരണവംശം, പൊനം, നിഴൽപ്പോര്, കാന്തൽ, കരു എന്നിവ ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടുള്ള മികച്ച നോവലുകളിൽ ചിലതാണ്.


എന്തുകൊണ്ട് നമ്മൾ നമ്മുടെ ഭാഷയിലുണ്ടാവുന്ന പുതിയ നോവലുകൾ വായിക്കുന്നില്ല? പുതിയ ഒരെഴുത്തുകാരന്റെ നോവൽ, സമൂഹത്തിൽ വായനാലോകത്തിന്റെ ശ്രദ്ധ നേടിയാൽ മാത്രമേ മലയാള നിരൂപകർ പരിഗണിച്ചിരുന്നുള്ളൂ. അവർ കണ്ടെടുത്തതായി മലയാളത്തിൽ ഒരു നോവൽപോലുമില്ല. എഴുത്തുകാർ പരസ്‌പരം വായിച്ചു തന്നെയാണ് ഈ നോവലുകൾ കണ്ടെത്തുന്നത്.


ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെട്ട ചാവുനിലം എന്ന നോവൽ എത്രകാലം മറവിയിൽ കിടന്നുവെന്ന് നിരൂപകർ ആലോചിക്കുന്നത് നന്നായിരിക്കും. പി ഉത്തമന്റെ ചാവൊലി എന്ന നോവലിന്റെ എത്ര വായനകൾ നടന്നു? കോവിലൻ എന്ന എഴുത്തുകാരൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ നിലവിളിച്ചു പറഞ്ഞതുകൊണ്ടാണ് അക്കാദമി ആ നോവലിന്‌ അവാർഡ് നൽകി ആദരിച്ചത്. അല്ലാതെ നിരൂപകരോ വായനക്കാരോ ഏറ്റി നടന്നതുകൊണ്ടല്ല. അതുകൊണ്ട് ഇല്ലാതായത് നോവലല്ല, നിരൂപണം എന്ന ശാഖയാണ്.


chavoli.


കാലത്തിന്റെ ജീവിതാവസ്ഥകൾ പുതിയകാല നോവലുകളിൽ വേണമെന്ന് വായനക്കാർ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടക്കുന്ന കാലത്ത് തകഴി പതിതപങ്കജം എന്ന നോവൽ എഴുതുകയായിരുന്നുവെന്ന് പ്രശസ്‌ത കോളമിസ്‌റ്റും വായനക്കാരനുമായ എം കൃഷ്‌ണൻ നായർ വിലയിരുത്തിയിട്ടുണ്ട്.


ഗൗരവവായനയുണ്ടെന്നും അതനുവർത്തിക്കുന്നവർ മലയാളത്തിലെന്നല്ല, ഏത് ഭാഷയിലും തുലോം കുറവാണെന്നും മനസ്സിലാക്കാൻ സാമാന്യ യുക്തിബോധം മതിയാകും. എന്താണ് ഉയർന്ന സാഹിത്യമൂല്യമെന്നത്? അതും നമുക്കറിയാവുന്നതാണ്.


എന്നിട്ടും ആധുനികർ നിറഞ്ഞാടിയ കാലത്താണ് ഇവിടെ മുട്ടത്തുവർക്കികൾ തകർത്താടിയത്. ഇപ്പോൾ പഴയ ഇതേ വീഞ്ഞ് പുതിയ കുപ്പിയിൽ പകിട്ടിൽ പൊതിഞ്ഞും വിപണിയിലും വീട്ടിലുമെത്തുന്നുണ്ട്.


മലയാള സാഹിത്യത്തിന് ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് എന്തുചെയ്യാൻ കഴിയും, കഴിഞ്ഞിട്ടുണ്ട് എന്ന ചോദ്യം ഉന്നയിക്കേണ്ടത് എഴുത്തുകാർ തന്നെയാണ്.


വായനക്കാരുടേയോ നിരൂപകരുടേയോ നിർദേശങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ അനുസരിച്ച് ഒരെഴുത്തുകാരന് അവന്റെ നിലപാടുതറകളെ നിരാകരിക്കാവുന്നതെങ്ങനെയാണ്?


ഈ പുതിയ കാലത്ത് ഓൺലൈൻ മാധ്യമങ്ങളിലൂടെ വായനക്കാർ അപ്പപ്പോൾ സാഹിത്യത്തെക്കുറിച്ച് അലക്കിയും വെളുപ്പിച്ചും കൊണ്ടിരിക്കുന്നത് എഴുത്തുകാർ കാണുന്നുണ്ട്. പാശ്ചാത്യസാഹിത്യത്തിൽ സായൂജ്യമടയുന്ന വായനക്കാർക്കോ നിരൂപകർക്കോ എന്തായാലും എഴുത്തുകാരുടെ മേൽ അധീശത്വമില്ല തന്നെ!


ഈ പുതിയ കാലത്ത് ഓൺലൈൻ മാധ്യമങ്ങളിലൂടെ വായനക്കാർ അപ്പപ്പോൾ സാഹിത്യത്തെക്കുറിച്ച് അലക്കിയും വെളുപ്പിച്ചും കൊണ്ടിരിക്കുന്നത് എഴുത്തുകാർ കാണുന്നുണ്ട്. പാശ്ചാത്യസാഹിത്യത്തിൽ സായൂജ്യമടയുന്ന വായനക്കാർക്കോ നിരൂപകർക്കോ എന്തായാലും എഴുത്തുകാരുടെ മേൽ അധീശത്വമില്ല തന്നെ!


പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായിട്ടുള്ള കാരമസോവ് സഹോദരന്മാർ, പാവങ്ങൾ, അന്നാ കരേനിന, ഡോക്ടർ ഷിവാഗോ മുതലായവയെ കിടപിടിക്കുന്ന നോവലുകൾ ഇപ്പോൾ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഉരുവപ്പെടുന്നുണ്ടോ എന്നും മലയാള സാഹിത്യത്തെ അടച്ചാക്ഷേപിക്കുന്നവരും വായനക്കാരും നിരൂപകരും വിലയിരുത്തേണ്ടതാണ്.


അതിനു കഴിയുന്നില്ലെങ്കിൽ കലയിൽ താരതമ്യമില്ലെന്ന വസ്‌തുതയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. എന്തുകൊണ്ട് വാൻഗോഗും സെസാനും പിക്കാസോയും ദാലിയും ഇപ്പോഴുണ്ടാകുന്നില്ല എന്ന് ചോദിക്കുന്നതുപോലെ അസംബന്ധമാണത്.


ഒരുകാലത്തെ കലയും കലാകാരന്മാരും അതത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു എന്നതാണ് സത്യം. മൈക്കലാഞ്ചലോയും രാം കിങ്കറും ഒരിക്കലും ആവർത്തിക്കുന്നില്ല.


ഏത് സൗന്ദര്യബോധത്തിന്റെ ശിക്ഷണത്തിലാണ് അനാവശ്യ സ്ഥൂലതയുള്ള അവകാശികൾ എന്ന ഒരു നോവൽ ചർച്ചയിൽ പരാമർശിക്കേണ്ടി വരിക? അതിന്റെ വലിപ്പമല്ലാതെ ഏറെ വിരസമായ നോവലാണതെന്ന് വായിച്ചിട്ടുള്ളവർക്കൊക്കെ അറിയാം.


ചരിത്രവും ജീവിതവുമടങ്ങിയിട്ടുള്ളതിനാൽ അവകാശിയേക്കാൾ വായനസുഖം തരുന്നതും കയറും പതാകയും സമീപകാലത്തുണ്ടായ ഏകാന്തതയുടെ മ്യൂസിയം, വഴിച്ചെണ്ട എന്നീ ബൃഹദ് നോവലുകളാണെന്ന് വായിച്ചവർക്കറിയാവുന്നതാണ്.


VAYANA


ഈ കാലത്തെ എഴുത്തുകാരൻ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട് എന്ന പഴിയും പ്രസ്‌തുത വിവാദ ലേഖനം ഉന്നയിക്കുന്നുണ്ട്. വസ്‌തുത എന്താണെന്ന് എല്ലാവർക്കുമറിയാം. ഒരുകാലത്ത് എഴുത്തുകാർക്ക് (എസ് കെ പൊറ്റെക്കാട്ട്‌, സുകുമാർ അഴീക്കോട്) നമ്മുടെ രാഷ്‌ട്രീയ മണ്ഡലങ്ങളിൽ അഗണ്യ സ്ഥാനമുണ്ടായിരുന്നു.


ഇന്ന് ആ സ്ഥാനം മൂന്നാം കിട സിനിമക്കാരും നാലാംകിട രാഷ്‌ട്രീയ പ്രാസംഗികരുമാണ് കൈയടക്കിയിട്ടുള്ളതെന്ന് ആർക്കും കാണാവുന്നതാണ്. സ്വയം കൊട്ടിഘോഷിക്കുന്നവരുടെ കാലമാണിതെന്ന പരാതിയും പ്രസ്‌തുത ലേഖനം ഉന്നയിക്കുന്നുണ്ട്. പരസ്യങ്ങൾ മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ! വിപണിയുടെ പരസ്യതന്ത്രം സജീവമായത് ദൃശ്യമാധ്യമങ്ങളുടെ കാലത്താണ്.


ഇന്ന് സോഷ്യൽ മീഡിയയുടെ അനന്തസാധ്യതയെ എല്ലാ തുറയിലുള്ളവരും ഉപയോഗപ്പെടുത്തുമ്പോൾ ഒരെഴുത്തുകാരൻ, തന്റെ പുസ്‌തക പരിചയത്തിനും വായനക്കാർ എഴുതുന്ന കുറിപ്പുകൾ മറ്റുള്ളവരിലെത്തിക്കുന്നതിനുമായി തനിക്കനുകൂലമാക്കുന്നതിൽ എന്താണ് തെറ്റ്? ഞാൻ ഇവിടെയുണ്ടെന്ന്, എഴുതുന്നുണ്ടെന്ന്, പുസ്‌തകം പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് നിശ്ശബ്ദമായി പറയുന്നു.


അതിൽ എന്ത് തെറ്റാണുള്ളത്? ഒരു വായനക്കാരൻ എന്ന നിലയിൽ കിട്ടുന്ന സാമൂഹികാംഗീകാരത്തിന് എഴുത്തുകാരനും അർഹനല്ലേ?


ബഷീറിനും ഒ വി വിജയനും എംടിയ്‌ക്കും ഫെയ്സ്ബുക്കും വാട്സാപ്പും ഇല്ലാതിരുന്നതിന്, നമ്മുടെ മുത്തച്ഛന്മാർ വേഗയാത്രയ്‌ക്ക് വിമാനങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്ന് പറയുന്നതിനോട് തുല്യമാണ്. കാലം മാറിവരുന്നു. സാഹിത്യവും മാറിവരുന്നു.


ബഷീറിനും ഒ വി വിജയനും എംടിയ്‌ക്കും ഫെയ്സ്ബുക്കും വാട്സാപ്പും ഇല്ലാതിരുന്നതിന്, നമ്മുടെ മുത്തച്ഛന്മാർ വേഗയാത്രയ്‌ക്ക് വിമാനങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്ന് പറയുന്നതിനോട് തുല്യമാണ്. കാലം മാറിവരുന്നു. സാഹിത്യവും മാറിവരുന്നു.


ആഴമോ പരപ്പോ ഗഹനമോ ആവട്ടെ, ഇന്ന് വായനക്കാരും എഴുത്തുകാരും എഴുത്തുകളും വർധിച്ചൊരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന സത്യബോധം, മലീമസപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്‌ട്രീയ/മതാന്ധതയിലേക്കും ആളെക്കൊല്ലലിലേക്കും വഴുതിവീഴുന്ന മനുഷ്യന്റെ ചിന്തയെ മാനവികതയിലേക്കും അപരപ്രകൃതിയെ പരിണയിക്കുന്ന പ്രവൃത്തിയിലേക്കും മനസ്സിനെ ബലപ്പെടുത്താനേ ഉപകരിക്കുകയുള്ളൂ.


BOOKS


ആന്തരികമായി നിശ്ചലവും ബാഹ്യമായി ബഹളമയവുമായ ഒരവസ്ഥയിലൂടെ പോകുമ്പോൾ കൂടെപ്പോകുന്ന എഴുത്തുകാരന്റെ സ്വത്വമെങ്ങനെ മാറാനാണ്. ഇന്നത്തെ പ്രതിസന്ധികളാണ് നാളത്തെ സാഹിത്യത്തിന്റെ മൂലകങ്ങളായി വാർന്നുവരുന്നതെന്ന് വായനക്കാർ മനസ്സിലാക്കിയാൽ നന്ന്.


ചില കാലത്ത് എഴുത്തുകാർക്കുണ്ടാവുന്ന, അല്ലെങ്കിൽ കലയിൽ സംഭവിക്കുന്ന ചില പ്രതിസന്ധികളും പ്രശ്നങ്ങളും ഇന്നത്തെ എഴുത്തുകാരും ഒരളവുവരെ നേരിടുന്നുണ്ടായിരിക്കാം. എന്നാലും നൊേബൽ സമ്മാനജേതാക്കളായ സള്ളി പ്രൂഡോം മുതൽ ഹാൻകാങ് വരെയുള്ളവരുടേയും ജ്ഞാനപീഠസമ്മാനം നേടിയ ജി ശങ്കരക്കുറുപ്പ് മുതൽ വിനോദ് കുമാർ ശുക്ല വരെയുള്ളവരുടേയും സാഹിത്യം എന്താണെന്ന് നമ്മുടെ മുന്നിലുണ്ട്.


അവരുടെ സാഹിത്യ സ്വഭാവങ്ങളോടൊക്കെ ചേർന്നുപോകുന്നത് തന്നെയാണ് നമ്മുടേയും സാഹിത്യ ഭാവുകത്വമെന്ന് വായനക്കാർ മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേ നമ്മുടെ നോവലിലുമുള്ളൂ.


ദേശാഭിമാനി വാരികയിൽ നിന്ന്



Deshabhimani
Home