യുഡിഎഫിന്റെ നിഴൽക്കുത്ത്

പേരാമ്പ്രയിൽ യുഡിഎഫ് പ്രവർത്തകർ സ്‌ഫോടക വസ്തു എറിയുന്ന ദൃശ്യം

എം വി ഗോവിന്ദൻ
Published on Oct 16, 2025, 02:40 AM | 4 min read
സംസ്ഥാനം രണ്ടു പ്രധാന തെരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തീയതി അടുത്തമാസം ആദ്യം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഡിസംബറിൽ തെരഞ്ഞെടുപ്പുപ്രകിയ പൂർത്തിയാകും. അതോടെ നിയമസഭാ തെരഞ്ഞെടുപ്പുപ്രവർത്തനത്തിലേക്ക് കടക്കും. കേരളത്തോടൊപ്പം അഞ്ച് സംസ്ഥാന നിയമസഭകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കേരളത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ഒമ്പതരവർഷം നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞ്, പ്രോഗ്രസ് കാർഡ് ഉയർത്തിയാണ് എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. യുഡിഎഫ് കാലത്ത് അസാധ്യമെന്നു പറഞ്ഞ് തള്ളിക്കളഞ്ഞ പദ്ധതികൾപോലും പ്രവൃത്തിപഥത്തിലെത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഓരോ തദ്ദേശസ്ഥാപനത്തിലും വികസനസദസ്സുകൾ നടത്തിയും വികസനജാഥ സംഘടിപ്പിച്ചും നേട്ടങ്ങൾ ജനങ്ങളുടെ മുന്നിൽ നിരത്തിയുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് തേടുന്നത്.
എന്നാൽ, പത്തുവർഷമായി ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും നിയമസഭയിലും പ്രതിപക്ഷത്തിരിക്കേണ്ട ഗതികേടിലാണ് യുഡിഎഫ്. ഓഖി, പ്രളയം, ഉരുൾപൊട്ടൽ, കോവിഡ് തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിലും സാമൂഹ്യപെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമകാര്യങ്ങളിലും എൽഡിഎഫ് സർക്കാർ കാട്ടിയ മികവ് യുഡിഎഫിൽനിന്ന് ഒരുകാലത്തും പ്രതീക്ഷിക്കാനാകില്ലെന്ന് ജനങ്ങൾ അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കിയിട്ടുണ്ട്. ഇതുതന്നെയാണ് വികസനകാര്യത്തിലുള്ള സ്ഥിതിയും. മാത്രമല്ല, കോൺഗ്രസ് നേതൃത്വത്തിനെതിരെ സമീപകാലത്ത് ഉയർന്ന ആരോപണങ്ങൾ ജനങ്ങളും നേതൃത്വവും തമ്മിലുള്ള അകലം വർധിപ്പിച്ചിട്ടുമുണ്ട്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമം, ഗർഭഛിദ്രം തുടങ്ങിയ പരാതികൾ, വയനാട്ടിൽ ജില്ലാ ട്രഷററും മകനും ഉൾപ്പെടെ അഞ്ചുപേർ ജീവനൊടുക്കിയത്, തിരുവനന്തപുരത്ത് ഡിസിസി ജനറൽ സെക്രട്ടറിയുടെ പീഡനത്തിൽ മാനസികമായി തകർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തത്, വയനാട്ടിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്പത്തട്ടിപ്പിൽ കുരുങ്ങി ജീവനൊടുക്കിയ കർഷകൻ രാജേന്ദ്രൻനായരുടെ ഭാര്യയും മറ്റൊരു തട്ടിപ്പിനിരയായ വയോധികദമ്പതികളും കെപിസിസിയുടെ മുൻ ജനറൽ സെക്രട്ടറിയുടെ പുൽപ്പള്ളിയിലെ വീടിനുമുമ്പിൽ സമരം തുടങ്ങിയത‍്– ഇങ്ങനെ കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തവിധം ഒറ്റപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. തെരഞ്ഞെടുപ്പുകാലത്തുമാത്രം ജനങ്ങളെ സമീപിക്കുന്ന യുഡിഎഫ് നേതൃത്വത്തിന് അവരിൽനിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ ഒട്ടും പ്രതീക്ഷ നൽകുന്നതല്ല. ഇതോടെയാണ് ജനാധിപത്യമാർഗങ്ങളെല്ലാം ഉപേക്ഷിച്ച് അക്രമത്തിന്റെ പാതയിലേക്ക് അവർ തിരിഞ്ഞത്.
നിയമസഭാ സമ്മേളനത്തിലാണ് ഇതിന്റെ തുടക്കം. നിയമസഭയിൽ വിഷയങ്ങൾ ഉന്നയിക്കുന്നതിന് സബ്മിഷൻ, ശ്രദ്ധക്ഷണിക്കൽ, ചോദ്യോത്തരവേള, അടിയന്തരപ്രമേയ നോട്ടീസ്, പ്രതിപക്ഷനേതാവിന്റെ പ്രത്യേക അവകാശം തുടങ്ങി ഔദ്യോഗികമാർഗങ്ങൾ ഏറെ ഉണ്ടായിട്ടും അതൊന്നും ഉപയോഗിക്കാതെ സഭാധ്യക്ഷനായ സ്പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കാതെ പലവിധ തടസ്സങ്ങൾ സൃഷ്ടിച്ച് ബഹളം വയ്‌ക്കുകയും വാച്ച് ആൻഡ് വാർഡിനെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. ജനങ്ങളോട് പറയാൻ ഒന്നുമില്ലാതിരിക്കുമ്പോൾ അക്രമമാർഗം ഉപയോഗിച്ചായാലും ജനശ്രദ്ധ പിടിച്ചെടുക്കുക എന്ന വില കുറഞ്ഞ തന്ത്രമാണ് യുഡിഎഫ് പയറ്റുന്നത്. ചില സ്വകാര്യ ഏജൻസികളാണ് കോൺഗ്രസിനെ ജനാധിപത്യവിരുദ്ധമായ അക്രമപാതയിലേക്ക് നയിക്കുന്നതെന്ന മാധ്യമവാർത്തകളും വന്നിട്ടുണ്ട്. മുതലാളിത്തത്തിന്റെ നവ ഉദാരവാദകാലത്ത് പണം കൊടുത്താൽ രാഷ്ട്രീയപാർടികളുടെ സംഘടനാപ്രവർത്തനങ്ങളും സ്വകാര്യ ഏജൻസികൾ നടത്തി നൽകുമെന്ന് കേരളത്തിലെ കോൺഗ്രസിന്റെ പ്രവർത്തനം തെളിയിക്കുന്നു. ഇതിന്റെ ഭാഗമായാണ് പേരാമ്പ്രയിൽ കോൺഗ്രസിന്റെ "പ്രത്യേക ഷോ’ നടന്നത്. കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി, കേരളത്തിലെ വിവിധ സർവകലാശാലകൾക്കുകീഴിലെ കോളേജുകളിൽ എസ്എഫ്ഐ നല്ല വിജയമാണ് ഇക്കുറി നേടിയത്. ഇതിലുള്ള നിരാശയും പ്രതിഷേധവുമാണ് പേരാമ്പ്രയിൽ സ്ഥലം എംപിയുടെ നേതൃത്വത്തിൽ അക്രമവാഴ്ചയ്‌ക്ക് വഴിതുറന്നത്. പൊലീസിനെയും മാധ്യമപ്രവർത്തകരെയും കൈയേറ്റം ചെയ്യുകയും മർദിക്കുകയും മാത്രമല്ല, പൊലീസിനുനേരെ നാടൻബോംബ് എറിയാനും തയ്യാറായി. സർക്കാരിനെതിരെ ഉയർത്തുന്ന ഒരു വിഷയവും ജനങ്ങളെ ആകർഷിക്കുന്നില്ലെന്നുമാത്രമല്ല, യുഡിഎഫിനെതിരെ ജനവികാരം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
ഈ ഘട്ടത്തിലാണ് കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ച് ജീവനൊടുക്കുമെന്ന് പറഞ്ഞ മുതലാളിയുടെ നിഷ്പക്ഷമാധ്യമം പൊയ്‌വെടിയുമായി രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ, വിദേശത്ത് ജോലി ചെയ്ത് ജീവിക്കുന്ന മകനെതിരെ ലൈഫ് മിഷൻ കേസിൽ ഇഡി സമൻസ് അയച്ചിരുന്നുവെന്നാണ് മലയാള മനോരമ ഒക്ടോബർ 11ന് പ്രസിദ്ധീകരിച്ച പ്രധാന വാർത്ത. ഒട്ടും അമാന്തിച്ചില്ല, ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. എന്നാൽ, ഇതേ പത്രം ലാവ്‌ലിൻ കേസിലാണ് സമൻസ് എന്ന് ഒക്ടോബർ 14ന് റിപ്പോർട്ട് ചെയ്തു. (ലാവ്‌ലിൻ കേസ് ഇഡി അന്വേഷിച്ചതായി അറിയില്ല) അതേ റിപ്പോർട്ടിന്റെ ഹൈലൈറ്റ്സിൽത്തന്നെ മുഖ്യമന്ത്രിയുടെ മകൻ വിവേകിനെ വിളിപ്പിച്ചത് ലൈഫ് മിഷൻ കേസിലെന്നും പറയുന്നു. 19–ാംനൂറ്റാണ്ടിൽ പ്രവർത്തനം ആരംഭിച്ച പത്രമാണ് ഈ 21–ാംനൂറ്റാണ്ടിൽ സ്വയം ബോധ്യമില്ലാത്ത കാര്യം അന്വേഷണാത്മകവാർത്തയെന്ന വ്യാജേന അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. സമൻസിൽ രേഖപ്പെടുത്തിയ കേസ് നമ്പർ ലാവ്‌ലിനുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും വിവേകിനോട് ഹാജരാകാൻ ആവശ്യപ്പെട്ട ദിവസം ഇഡി നടത്തിയിരുന്ന അന്വേഷണം ലൈഫ് മിഷൻ കേസുമായി ബന്ധമുള്ളതായിരുന്നു എന്നാണ് ഒക്ടോബർ 15ന്റെ വാർത്തയിൽ പറയുന്നത്. എൽഡിഎഫ് ഭരണത്തുടർച്ചയിൽ സ്വബോധം നഷ്ടപ്പെട്ട നിലയിലാണ് ഈ യുഡിഎഫ് പത്രം പെരുമാറുന്നത് എന്ന ഞങ്ങളുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് ഈ റിപ്പോർട്ട്. മാത്രമല്ല, വാർത്തയോടൊപ്പം നൽകിയ ഇഡി സമൻസിലും വ്യാജം മണക്കുന്നുണ്ട്. ഒക്ടോബർ 11ന്റെ വാർത്തയോടൊപ്പം നൽകിയ സമൻസിന്റെ പകർപ്പിൽ നമ്പരും വിലാസവും വ്യക്തമാകുംവിധം വലുതായി കൊടുത്തപ്പോൾ, 14ന് പ്രസിദ്ധീകരിച്ച വിലാസമില്ലാത്ത സമൻസ് അവ്യക്തമായാണ് കൊടുത്തത്. മനോരമ പ്രസിദ്ധീകരിച്ച സമൻസ് കണ്ടിട്ടില്ലെന്നും കിട്ടിയതായി മകൻ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയുണ്ടായി.
അപ്പോൾ കാര്യം വ്യക്തം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യുഡിഎഫും മനോരമയും ഇഡിയെ കൂട്ടുപിടിച്ച് എൽഡിഎഫിനും പിണറായി സർക്കാരിനുമെതിരെ ചമച്ച വ്യാജവാർത്തയാണിത്. ഇൗ വാർത്തകൊണ്ട് ലക്ഷങ്ങളുടെ മനസ്സിൽ വിഷം നിറയ്‌ക്കാൻ കഴിയുമെന്ന ഗീബൽസിന്റെ തന്ത്രംതന്നെയാണ് മനോരമയും പയറ്റുന്നത്. കുറച്ചുപേരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ അത്രയുമായി എന്ന രീതിയിലിട്ട നുണബോംബാണിത്. എന്നാൽ, മനോരമയോട് ഒരു ചോദ്യം. കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരെയും മന്ത്രിമാർക്കെതിരെയും ഇത്തരം വാർത്ത നൽകാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ. മനോരമ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് വാരികയായ ‘ദ വീക്കി’ന്റെ മുംബൈ ബ്യൂറോയിലെ പ്രത്യേക ലേഖകനായ നിരഞ്‌ജൻ ടക്‌ലേ, അമിത് ഷാ ഒന്നാംപ്രതിയായ സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കൊലക്കേസ് കേൾക്കുന്ന മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജഡ്‌ജി ബ്രിജ് ഗോപാൽ ഹർകിഷൻ ലോയയുടെ സംശയാസ്പദമായ മരണത്തെക്കുറിച്ച്, മാസങ്ങൾ നീണ്ട അന്വേഷണം നടത്തി പ്രസിദ്ധീകരണത്തിന് നൽകിയ 4500 വാക്കുകളുള്ള വാർത്ത നൽകാതിരുന്നത് ആരെ ഭയന്നിട്ടാണ്? വാർത്താംശം ഇല്ലെന്നു പറഞ്ഞ് ‘ദ വീക്ക്’ തള്ളിയ ഈ റിപ്പോർട്ട്, 2017ൽ ‘കാരവൻ’ മാഗസിൻ പ്രസിദ്ധീകരിച്ചപ്പോഴാണല്ലോ മാലോകർ അറിഞ്ഞത്. മോദിസർക്കാരിന്റെയും അമിത് ഷായുടെയും അമിതാധികാര നീക്കങ്ങളിലേക്ക് വെളിച്ചം വീശിയ ഈ റിപ്പോർട്ട് മുക്കിയ മനോരമയെക്കുറിച്ച് പിന്നീട് ടക്‌ലേ പറഞ്ഞത് "കാവിഭ്രാന്തിനു മുമ്പിൽ ചിണുങ്ങുന്ന നായ്‌ക്കുട്ടിയാണ്’ മനോരമ ഗ്രൂപ്പ് എന്നാണ് (‘ഹൂ കിൽഡ് ജഡ്ജ് ലോയ’ എന്ന ടക്‌ലേയുടെ പുസ്തകത്തിൽ). ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായ്‌ക്ക് എംആർഎഫിൽ 1.3 കോടിയുടെ ഓഹരിയുണ്ടെന്ന വിവരംകൂടി പുറത്തുവന്നിട്ടുണ്ട് (2024ൽ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്‌മൂലത്തിൽ അമിത് ഷാ വെളിപ്പെടുത്തിയത്). പിണറായിയെക്കുറിച്ചും മക്കളെക്കുറിച്ചും എന്തും എഴുതാം. കാരണം ഇത് മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന സംസ്ഥാനമാണ്. എന്നാൽ, കേന്ദ്രഭരണത്തെ തൊട്ടാൽ മനോരമയുടെ കച്ചവടം പൂട്ടും. ബിജെപിയും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും മനോരമയും മറ്റ് വലതുപക്ഷമാധ്യമങ്ങളും ആഗ്രഹിക്കുന്നത് കേരളത്തിൽ എൽഡിഎഫ് സർക്കാരിന് ഇനിയൊരു തുടർഭരണം നൽകാതിരിക്കലാണ്. അതിനായി അവർ ഏതറ്റംവരെയും പോകുമെന്ന് മനോരമയുടെ ഈ ഫേയ്‌ക്ക് ന്യൂസ് വ്യക്തമാക്കുന്നു. പക്ഷേ, കേരളീയർ ഇത് തിരിച്ചറിയും. അവർ എൽഡിഎഫിനൊപ്പംതന്നെ അണിചേരും.












