Articles

എൽഡിഎഫ്‌ സർക്കാർ

തൊഴിലാളികൾക്ക്‌ 
കരുതൽ, ക്ഷേമം

ldf government
avatar
വി ശിവൻകുട്ടി

Published on Aug 31, 2025, 11:09 PM | 3 min read

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ ഒമ്പതര വർഷം പൂർത്തിയാക്കുമ്പോൾ, കേരളത്തിന്റെ തൊഴിൽ മേഖല ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വിധേയമായി. രാജ്യത്ത് സ്വന്തമായി തൊഴിൽ നയമുള്ള ഏക സംസ്ഥാനമാണ് കേരളം. ഇത് വികസന സൗഹൃദ തൊഴിലിട സംസ്കാരത്തിലേക്ക് നയിക്കുകയും, മികച്ച തൊഴിലാളി-തൊഴിലുടമാ ബന്ധങ്ങൾ, കുറഞ്ഞ തൊഴിൽ തർക്കങ്ങൾ, സ്ത്രീസൗഹൃദ തൊഴിലിടങ്ങൾ എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുന്നു.


അസംഘടിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാർ നിരവധി ഇടപെടലുകൾ നടത്തി. രാജ്യത്ത് ആദ്യമായി സെക്യൂരിറ്റി, ടെക്സ്റ്റൈൽ മേഖലകളിലെ തൊഴിലാളികൾക്ക് ഇരിപ്പിടം ഒരുക്കാനുള്ള ചട്ടം കൊണ്ടുവന്നു. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം ഉയർത്തുകയും, താഴ്‌ന്ന വരുമാനക്കാർക്കായി ജനനി ഭവന പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ഇതിനു പുറമെ, അതിഥിത്തൊഴിലാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ഗാർഹിക തൊഴിലാളികളെ ക്ഷേമനിധി ബോർഡിൽ അംഗമാക്കൽ എന്നിവയും ഈ സർക്കാരിന്റെ തൊഴിലാളി സൗഹൃദ സമീപനത്തിന് ഉദാഹരണങ്ങളാണ്.


paddy farmers


ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണിത്. 85 മേഖലകളിൽ മിനിമം വേതനം നിശ്ചയിക്കുകയും, ഇൻകം സപ്പോർട്ട് സ്കീമിലൂടെ തൊഴിലുടമകൾക്ക് മിനിമം വേതനം നൽകാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ സർക്കാർ ഈ കുറവ് നികത്തുകയും ചെയ്തു. ഈ പദ്ധതിയിലൂടെ കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ 1908 കോടി രൂപ വിതരണം ചെയ്തു.

തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളിൽ 70 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. അവർക്ക് പെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യങ്ങൾ, തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ സഹായധനങ്ങൾ എന്നിങ്ങനെ നിരവധി പദ്ധതികൾ നടപ്പാക്കിവരുന്നു. ഗാർഹിക തൊഴിലാളി ബിൽ, ‘ഗിഗ് വർക്കേഴ്സി'നുള്ള നിയമനിർമാണം എന്നിവയെല്ലാം അസംഘടിത തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സുപ്രധാന ഇടപെടലുകളാണ്.


കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനശില തൊഴിലാളികളാണ്. അവരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രഥമ പരിഗണനകളിൽ ഒന്നാണ്. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ, പ്രത്യേകിച്ചും ഓണക്കാലത്ത്, വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് നൽകിയ ആനുകൂല്യങ്ങൾ ഈ നയത്തിന്റെ വ്യക്തമായ പ്രതിഫലനമാണ്. കഴിഞ്ഞ നാല് വർഷങ്ങളിൽ വിവിധ തൊഴിലാളികൾക്ക് ഓണവുമായി ബന്ധപ്പെട്ട് 37,20,44,620 ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ, തോട്ടങ്ങൾ, കയർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് 2,000 രൂപ നിരക്കിൽ എക്സ്ഗ്രേഷ്യാ അനുവദിച്ചു നൽകുന്നു. 10826 തൊഴിലാളികൾക്ക് ഓണക്കാലത്ത് ഈ ധനസഹായം ലഭിക്കുന്നു. 2021 മുതൽ 2024 വരെ 7,63,02,000 രൂപയുടെ പ്രത്യേക സാമ്പത്തിക സഹായമാണ് ഈ ഇനത്തിൽ വിതരണം ചെയ്തത്.


pension


സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 20 കിലോ അരി ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ വെളിച്ചെണ്ണ എന്നിവ അടക്കമുള്ള ഓണക്കിറ്റ് ലഭ്യമാക്കാനായി 73,37,170 രൂപ അനുവദിച്ചു. ഒരു വർഷത്തിലധികം പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2000 രൂപ വീതം എക്സ്ഗ്രേഷ്യാ ധനസഹായവും തൊഴിലാളികൾക്കുള്ള അരി വിതരണത്തിനായി 250 രൂപയും ഓണക്കാലത്ത് ലഭ്യമാക്കുന്നുണ്ട്. 2021 മുതൽ 2024 വരെ ഈ ഇനത്തിൽ ചെലവഴിച്ച തുക 17,68,61,250 രൂപയാണ്. അവശത അനുഭവിക്കുന്ന മരംകയറ്റ തൊഴിലാളികൾക്ക് അവശതാ പെൻഷനും ജോലിക്കിടയിൽ അപകടം സംഭവിച്ച മരംകയറ്റ തൊഴിലാളികൾക്ക് ഒറ്റത്തവണ ധനസഹായവും കുടിശ്ശികയായിട്ടുള്ളത് ഓണസമയത്ത് അനുവദിച്ചു വിതരണം ചെയ്യാറുണ്ട്. 2021 മുതൽ 2024 വരെ ഈ ഇനത്തിൽ അനുവദിച്ചത് 11,15,44,200 രൂപയാണ്.


പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, ബീഡി, മത്സ്യ, ഈറ്റ, പനമ്പ് മേഖലയിലെ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീം പ്രകാരം ഓണത്തിന് ധനസഹായം നൽകാറുണ്ട്. മുൻ വർഷത്തെ ഓണക്കാലത്ത് ഈ മേഖലകളിലെ 4,47,451 തൊഴിലാളികൾക്ക് സാമ്പത്തിക പിന്താങ്ങൽ പദ്ധതി പ്രകാരം 45 കോടി രൂപ അനുവദിച്ചു നൽകിയിട്ടുണ്ട്. ഈ വർഷത്തെ ഓണക്കാലത്ത് പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ 10440 തൊഴിലാളികൾക്ക് 2000 രൂപ നിരക്കിൽ എക്സ്ഗ്രേഷ്യാ ആനുകൂല്യം ലഭ്യമാക്കുന്നതിന് 2,08,80,000 രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2149 തൊഴിലാളികൾക്ക് ഈ വർഷം ഓണക്കിറ്റിനായി 27,56,307 രൂപ അനുവദിക്കാനുള്ള ശുപാർശ സർക്കാരിന് നൽകിയിട്ടുണ്ട്. ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 425 കശുവണ്ടി ഫാക്ടറികളിലെ 13835 ഗുണഭോക്താക്കൾക്ക് 2250 രൂപ നിരക്കിൽ ധനസഹായം ലഭ്യമാക്കുന്നതിന് 3,11,28,250 രൂപ അനുവദിച്ചിട്ടുണ്ട്.


പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, ബീഡി, മത്സ്യം, ഈറ്റ, പനമ്പ് മേഖലയിലെ തൊഴിലാളികൾക്കും ഇൻകം സപ്പോർട്ട് സ്കീം പ്രകാരം വകയിരുത്തിയിട്ടുള്ള 100 കോടി രൂപ അനുവദിക്കുന്നതിനായി ശുപാർശ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്


ഈ ഓണക്കാലത്ത് മരംകയറ്റ തൊഴിലാളികൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി അപകടം സംഭവിച്ച തൊഴിലാളികൾക്കുള്ള ഒറ്റത്തവണ ധനസഹായത്തിനായി 54 പേർക്ക് 39,00,000 രൂപയും കൂടാതെ കുടിശ്ശികയുള്ള 2024 ഡിസംബർ മുതൽ 2025 മെയ് വരെയുള്ള പെൻഷൻ തുകയും വിതരണം ചെയ്യുന്നതിനുള്ള വിനിയോഗ അനുമതി ശുപാർശ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, ബീഡി, മത്സ്യം, ഈറ്റ, പനമ്പ് മേഖലയിലെ തൊഴിലാളികൾക്കും ഇൻകം സപ്പോർട്ട് സ്കീം പ്രകാരം വകയിരുത്തിയിട്ടുള്ള 100 കോടി രൂപ അനുവദിക്കുന്നതിനായി ശുപാർശ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. അർഹതയുള്ള എല്ലാ തൊഴിലാളികൾക്കും ആനുകൂല്യം ലഭ്യമാക്കും.


ഈ കണക്കുകൾ കേവലം അക്കങ്ങളല്ല, മറിച്ച് ആയിരക്കണക്കിന് തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിന് വെളിച്ചം നൽകിയ സഹായങ്ങളാണ്. ഓരോ തൊഴിലാളിയുടെയും അധ്വാനത്തെ അംഗീകരിച്ചും അവരുടെ ക്ഷേമം ഉറപ്പാക്കിയും കേരളത്തെ മുന്നോട്ട് നയിക്കുക എന്ന സർക്കാരിന്റെ നയമാണ് ഈ പദ്ധതികളിലൂടെ വ്യക്തമാകുന്നത്. തൊഴിലാളി ക്ഷേമ നടപടികളുമായി സർക്കാർ ഇനിയും ഏറെ മുന്നോട്ടു പോകും.





deshabhimani section

Dont Miss it

Recommended for you

Home