Articles

ലക്ഷദ്വീപിൽ മിന്നുന്നതെല്ലാം പൊന്നല്ല...

ലക്ഷദ്വീപിൽ മിന്നുന്നതെല്ലാം പൊന്നല്ല...

lakshadweep
അമ്പിളി ചന്ദ്രമോഹനൻ

Published on Oct 08, 2025, 03:56 PM | 4 min read

വല്ലപ്പോഴും വന്നുപോകുന്ന, അല്ലെങ്കിൽ ഡിജിറ്റൽ വേൾഡിലുടെ മാത്രം ദ്വീപ് കണ്ടിട്ടുള്ളവർക്ക് ഇതൊരു മികച്ച സുഖവാസകേന്ദ്രമായിരിക്കാം. എന്നാൽ അത്തരത്തിലൊരു അഭിപ്രായമല്ല ഈ പ്രദേശത്തെ സംബന്ധിച്ച് ദ്വീപ് നിവാസികൾക്കുള്ളത്. തീർത്തും ദുസഹമായ സാഹചര്യങ്ങളിലൂടെ ദ്വീപ് നിവാസികളുടെ ദൈനംദിന ജീവിതം കടന്നു പോകുന്നു എന്നതാണ് വാസ്തവം. 'ഭരണകൂടം കണ്ണടയ്ക്കുമ്പോൾ, നീതിയുടെ വെളിച്ചം അണയുമ്പോൾ, ഞങ്ങൾ ചോദിക്കുന്നു: ഞങ്ങൾക്കും ജീവിക്കാനുള്ള അവകാശമില്ലേ?'


തെളിഞ്ഞ ആകാശവും നീണ്ടുകിടക്കുന്ന കടൽത്തീരവും ദ്വീപുകളുമൊക്കെയാണ് ലക്ഷദ്വീപിനെക്കുറിച്ച് പറയുമ്പോൾ നമുക്കാദ്യം ഓർമവരിക. എറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയ്ക്ക് ലക്ഷദ്വീപ് എപ്പോഴും പരി​ഗണിക്കപ്പെടുന്നു. വല്ലപ്പോഴും വന്നുപോകുന്ന, അല്ലെങ്കിൽ ഡിജിറ്റൽ വേൾഡിലുടെ മാത്രം ദ്വീപ് കണ്ടിട്ടുള്ളവർക്ക് ഇതൊരു മികച്ച സുഖവാസകേന്ദ്രമായിരിക്കാം. എന്നാൽ അത്തരത്തിലൊരു അഭിപ്രായമല്ല ഈ പ്രദേശത്തെ സംബന്ധിച്ച് ദ്വീപ് നിവാസികൾക്കുള്ളത്. തീർത്തും ദുസഹമായ സാഹചര്യങ്ങളിലൂടെ ദ്വീപ് നിവാസികളുടെ ദൈനംദിന ജീവിതം കടന്നു പോകുന്നു എന്നതാണ് വാസ്തവം. പരിമിതമായ ജീവിത സാഹചര്യങ്ങളാണ് ഓരോ ദ്വീപിലും നിലനിൽക്കുന്നത്. പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക് വഴുതി വീഴേണ്ടിവരുന്ന ഒരു ജനതയുടെ വേദനകളും പ്രയാസങ്ങളും പലപ്പോഴും പുറംലോകം അറിയുന്നതുമില്ല.


ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. രാഷ്ട്രപതി നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റർക്കാണ് ലക്ഷദ്വീപിന്റെ പരമാധികാരം. 2020ലാണ് നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഭുൽ പട്ടേൽ ആ സ്ഥാനത്തേക്ക് വരുന്നത്. ചുമതലയേറ്റത് മുതൽ പുതിയ പരിഷ്കാരങ്ങളിലൂടെ അഡ്മിനിസ്ട്രേറ്റർ ദ്വീപ് നിവാസികൾക്ക് നൽകിയ പ്രഹരം ചെറുതല്ല. അതിനാൽ തന്നെ ദൈനംദിന ജീവിത മാർ​ഗം പോലും കണ്ടെത്താനാവാത്ത സ്ഥിതിയിലാണ് ഇവിടെയുള്ളവർ. ആരോ​ഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളേയും പുതിയ ഉത്തരവുകളും നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചു. അതവരെ വലിഞ്ഞുമുറുക്കുകയാണ്.


lakshadweep


കൺമുന്നിൽ പൊലിയുന്ന ജീവനുകൾ


ഒരേയൊരു ഹെലികോപ്റ്ററും, ഗുരുതരാവസ്ഥയിലുള്ള മൂന്ന് രോഗികളും. പക്ഷേ, രണ്ടാൾക്ക് മാത്രം രക്ഷപ്പെടാൻ അവസരം.

ഒരു ജീവൻ കൂടി രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായി കാത്തിരിക്കുന്ന ലക്ഷദ്വീപ് നിവാസികൾ. കിൽത്താൻ ദ്വീപിലെ ആരോഗ്യപ്രതിസന്ധിയുടെ നേർചിത്രമാണിത്.


ചികിത്സ കിട്ടാതെ മരണത്തോട് മല്ലിടുന്ന ഓരോ ജീവനും ഒരു ചോദ്യചിഹ്നമായി നമ്മുടെ മുന്നിൽ നിൽക്കുന്നു. ലക്ഷദ്വീപ് നിവാസികളുടെ ജീവൻ രക്ഷിക്കാൻ അധികാരികളുടെ അടിയന്തര ഇടപെടൽ അനിവാര്യമാണ്."


ഓരോ രോഗിയും ഒരു പ്രതീക്ഷയാണ്; ഓരോ ഹെലികോപ്റ്ററും ഒരു വാഗ്ദാനമാണ്. എന്നാൽ ആ പ്രതീക്ഷകളും വാഗ്ദാനങ്ങളും പാതിവഴിയിൽ നിലയ്ക്കുമ്പോൾ മരണത്തെ മുഖാമുഖം കാണുന്ന ജനതയുടെ വേദന ആര് കാണാൻ?


'ഭരണകൂടം കണ്ണടയ്ക്കുമ്പോൾ, നീതിയുടെ വെളിച്ചം അണയുമ്പോൾ, ഞങ്ങൾ ചോദിക്കുന്നു: ഞങ്ങൾക്കും ജീവിക്കാനുള്ള അവകാശമില്ലേ?'


- ലക്ഷദ്വീപ് നിവാസികളിലൊരാൾ സാമൂഹിക മാധ്യമത്തിൽ കുറിച്ച വരികളാണിവ. ഓരോ ദിവസവും അവർ കടന്നുപോകുന്നത് ഇതുപോലെ വെല്ലുവിളികൾ നിറഞ്ഞ നിരവധി സാഹചര്യങ്ങളിലൂടെയാണ്. രോഗികളെ ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഓരോ ദ്വീപുകളിലും പരിമിതമാണ്. പല അവസരങ്ങളിലും, ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഇവാകുവേറ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും ലക്ഷദ്വീപ് ഭരണകൂടം പരാജയപ്പെടുന്നു. കപ്പലുകൾ വരുന്നതും കാത്ത് ജീവൻ കയ്യിൽ പിടിച്ച് ദ്വീപുകാർക്ക് മരണത്തോട് നിരന്തരം പോരാടേണ്ടി വരുന്നു.


evacuation lakshadweepPHOTO CREDIT: X


ഇരുട്ടടിയായി കുടിയൊഴിപ്പിക്കൽ


ഒരു മുന്നറിയിപ്പുമില്ലാതെ നമ്മൾ താമസിക്കുന്ന നമ്മുടേതെന്ന് നമ്മൾ കരുതിയ ഇടത്തിൽ നിന്ന് ആരെങ്കിലും നിങ്ങളെ ഇറക്കിവിടുകയാണെന്ന് കരുതുക. നിങ്ങൾക്ക് അത് അം​ഗീകരിക്കാനാവുമോ? ആരോ​ഗ്യ പ്രതിസന്ധികൾ പോലെ തന്നെ ദ്വീപുകാർക്ക് ഇരുട്ടടി നൽകുന്ന മറ്റൊരു വിജ്ഞാപനമായിരുന്നു ദ്വീപ് ഏറ്റെടുക്കൽ അഥവാ കുടിയൊഴിപ്പിക്കൽ...


ലക്ഷദ്വീപിലെ ജനവാസകേന്ദ്രമായ ബിത്ര ദ്വീപ്‌ പ്രതിരോധാവശ്യങ്ങൾക്കായി ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന്‌ മുന്നോടിയായി ലക്ഷദ്വീപ്‌ റവന്യുവകുപ്പ്‌ വിജ്ഞാപനമിറക്കിയിരുന്നു. തന്ത്രപ്രധാനയിടമാണ്‌ ബിത്ര ദ്വീപെന്നും ദേശസുരക്ഷാ പ്രധാന്യം മുൻനിർത്തിയാണ്‌ ഏറ്റെടുക്കുന്നതെന്നുമാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഒരു സമൂഹത്തെയാകെ കുടിയൊഴിപ്പിക്കുന്നതിനു ദ്വീപ് നിവാസികളുടെ സമ്മതമോ അനുവാദമോ ആവശ്യമില്ല. മറ്റ് ദ്വീപുകളിലേക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി ബിത്ര ദ്വീപ് ഒഴിയാനാണ് ഭരണകൂടത്തിന്റെ നിർദേശം.


91.7 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ദ്വീപ് ആണ് ബിത്ര. ഏകദേശം മുന്നൂറോളം ആളുകളാണ് ദ്വീപിൽ വസിക്കുന്നത്. ദ്വീപിലെ ഭൂരിഭാഗം ജനങ്ങളും മത്സ്യത്തൊഴിലാളികളാണ്. തങ്ങളുടെ ജന്മനാടും ഉപജീവനമാർഗവും ആവാസ വ്യവസ്ഥയുമെല്ലാം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ബിത്ര ദ്വീപുകാർ.


അന്യായമായ കൂട്ടപ്പിരിച്ചുവിടൽ


ദ്വീപിലെ തൊഴിലില്ലായ്മ യുവാക്കളെ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ്. അതിനേക്കാളേറെ ആശങ്കയിലാണ് ദ്വീപിൽ നിലവിൽ തൊഴിലെടുക്കുന്നവർ. ഇന്ന് ചെയ്യുന്ന ജോലികളും, എന്തിനേറെ പറയുന്നു, ചിലപ്പോൾ ആ വിഭാഗം തൊഴിൽ പോലും നാളെ ഉണ്ടാകുമോ എന്ന് യാതൊരു ഉറപ്പുമില്ല. മുന്നറിയിപ്പൊന്നും നൽകാതെ തൊഴിലാളികളെ അന്യായമായി ലക്ഷദ്വീപ് ഭരണകൂടം കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. സർക്കാർ, സർക്കാർ ഇതര, സ്വകാര്യ തൊഴിലുകൾ തുടങ്ങി എല്ലാ മേഖലയിലും ഈ ഭീഷണി നിലനിൽക്കുന്നുണ്ട്.


ലക്ഷദ്വീപിൽ അടുത്തിടെ മെഡിക്കൽ ഓഫീസർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. നാഷണൽ ഹെൽത്ത് മിഷൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ കീഴിലുള്ള മൂന്ന് ഡോക്ടർമാരെയാണ് മുന്നറിയിപ്പില്ലാതെ ദ്വീപ് അഡ്മിനിസ്ട്രേഷൻ പിരിച്ചു വിട്ടത്. ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് ആരോപിച്ചായിരുന്നു നടപടി.


കിൽത്താൻ ദ്വീപിലെ ആയുർവേദ ഡോക്ടർ എം കെ അബ്ദുറഹ്മാൻ, കടമത്ത് ദ്വീപിലെ ആയുഷ് മിഷന് കീഴിൽ ജോലി ചെയ്യുന്ന ആയുർവേദ ഡോക്ടർ പി പി മുത്തുക്കോയ, അ​ഗത്തി ദ്വീപിൽ ജോലി ചെയ്യുന്ന ഹോമിയോ ഡോക്ടർ വി കെ ഹനിയ എന്നിവരെ പിരിച്ചുവിടാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ് പ്രഫുൽ ​കോഡാ പട്ടേൽ നേരിട്ട് നിർദേശം നൽകുകയായിരുന്നു.


നിലവിലുള്ള സൗകര്യങ്ങളും സേവനങ്ങളും തന്നെ ലഭ്യമാകാത്ത സാഹചര്യമാണ് ലക്ഷദ്വീപിലുള്ളത്. കിൽത്താൻ ദ്വീപിലെ അനിമൽ ഹസ്ബന്ററി വകുപ്പ് സേവനങ്ങൾ നൽകുന്നത് അവസാനിപ്പിച്ചതായാണ് ദ്വീപ് നിവാസികൾ പറയുന്നത്.


 lakshadweep

തേങ്ങയിടാനും അനുമതി വാങ്ങണം


ദ്വീപ് നിവാസികൾക്ക് സ്വന്തം പറമ്പിലെ തേങ്ങ പറിക്കണമെങ്കിൽ പോലും അനുമതി വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്തരത്തിലുള്ള വിചിത്ര ഉത്തരവുകളുമായി ജനങ്ങൾക്ക് മേൽ വീണ്ടും പ്രഹരം ഏൽപ്പിക്കുകയാണ് ലക്ഷദ്വീപ്‌ ഭരണനേതൃത്വം. തേങ്ങ പറിക്കണമെങ്കിൽ 24 മണിക്കൂർമുമ്പ് പൊലീസിന്റെ അനുവാദം വാങ്ങണമെന്നാണ് ഭരണാധികാരികളുടെ പുതിയ ഉത്തരവ്. ദ്വീപിലൂടെയുള്ള ട്രാഫിക്കിന് തടസമാകുമെന്നും ആളപായമുണ്ടാകുമെന്നെല്ലാം ചൂണ്ടിക്കാട്ടിയാണ് പുതിയ പരിഷ്കാരങ്ങൾ.


ആന്ത്രോത്ത്‌, കൽപ്പേനി ദ്വീപുകളിലാണ്‌ വിവാദ ഉത്തരവിറങ്ങിയത്‌. അംഗീകൃത ഉപകരണം ഉപയോഗിച്ചാകണം തെങ്ങുകയറ്റമെന്നും സഹായത്തിന്‌ താഴെ നിർബന്ധമായി ഒരാൾ നിൽക്കണമെന്നും അയാൾ കൈയുറയും ഹെൽമെറ്റും ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു. തെങ്ങുകൃഷിയെ ആശ്രയിച്ചുജീവിക്കുന്ന നിരവധി കർഷകരുള്ള ലക്ഷദ്വീപിൽ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.


റോഡരികിലുള്ള തെങ്ങുകളിൽനിന്ന്‌ തേങ്ങയിടണമെങ്കിൽ 24 മണിക്കൂർമുമ്പ്‌ എസ്‌എച്ച്‌ഒയുടെ അനുമതി തേടണമെന്ന്‌ ഡെപ്യൂട്ടി കലക്ടർ മുകുന്ദ്‌ വല്ലഭ്‌ ജോഷി ഇറക്കിയ ഉത്തരവിൽ പറയുന്നു. എസ്‌എച്ച്‌ഒയ്‌ക്കുപുറമെ ലക്ഷദ്വീപ്‌ പൊതുമരാമത്തുവകുപ്പ്‌ അസിസ്‌റ്റന്റ്‌ എൻജിനിയറുടെ അനുമതിയും വേണം. തേങ്ങയിടുംമുമ്പ്‌ തെങ്ങിന്‌ 10 മീറ്റർ അകലം അടയാളപ്പെടുത്തി സുരക്ഷ ഉറപ്പാക്കണം. ഒരാൾ താഴെനിന്ന്‌ നിരീക്ഷിക്കണം. ഇതിനിടെ അപകടമോ പരിക്കോ ഉണ്ടായാൽ തെങ്ങിന്റെ ഉടമയോ തേങ്ങയിടുന്നയാളോ ഉത്തരവാദിയാകും എന്നാണ് ഉത്തരവിൽ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.


 lakshadweep

കപ്പൽ വെട്ടിക്കുറച്ചു, ഒപ്പം യാത്രയും ഭക്ഷണവും


യാത്രാ സൗകര്യങ്ങൾക്ക് തടയിടുന്ന നടപടിയാണ് ലക്ഷദ്വീപ്അധികൃതർ ഏർപ്പെടുത്തുന്നത്. ലക്ഷദ്വീപിലേക്കും ദ്വീപിൽ നിന്നും പുറംലോകത്തേക്കും യാത്രചെയ്യാൻ രണ്ട് മാർ​ഗങ്ങളാണുള്ളത് -ഹെലികോപ്റ്ററുകളും കപ്പലുകളും. അതിൽ തന്നെ ദ്വീപ് നിവാസികളുടെ പ്രധാന യാത്രാ മാർ​ഗം കപ്പലുകളാണ്. കൊച്ചി–ലക്ഷദ്വീപ്‌ യാത്രയ്ക്ക് നേരത്തേ ഏഴു കപ്പൽ സർവീസ് നടത്തിയിരുന്നു. ലക്ഷദ്വീപ് സീ, അറേബ്യൻ സീ, എംവി ലഗുൺ, എംവി അമിനി, എംവി മിനിക്കോയ് എന്നീ കപ്പലുകൾ കഴിഞ്ഞ ജൂണിൽ അറ്റകുറ്റപണികൾക്കായി മുംബൈ, കൊച്ചി യാർഡിലേക്ക് മാറ്റിയതോടെ ദ്വീപിലേക്കുള്ള യാത്ര അതി ദുഷ്കരമായി.


അവശ്യവസ്തുക്കൾ എത്തിക്കാനും യാത്രകൾക്കുമായി എംവി കവരത്തി, എംവി കോറൽസ് എന്നീ രണ്ടു കപ്പലുകളായിരുന്നു ദ്വീപുകാർക്ക് ആശ്രയം. ദിവസങ്ങൾ എടുത്താണ് ഭക്ഷ്യ വസ്തുക്കൾ ദ്വീപിലെത്തിയിരുന്നത്. പലപ്പോഴും ഭക്ഷ്യവസ്തുക്കൾ ലഭ്യമാകാത്ത സ്ഥിതിയുമുണ്ട്. പച്ചക്കറികളുൾപ്പെടെ ഭക്ഷ്യവസ്തുക്കൾ നേരത്തെ ശേഖരിച്ച് കേടുകൂടാതെ സൂക്ഷിക്കുക എന്നത് പ്രായോ​ഗികമല്ല. കൃത്യമായി പറഞ്ഞാൽ കപ്പലെത്തിയില്ലെങ്കിൽ ദ്വീപുകാരുടെ അന്നം മുട്ടും എന്ന് തീർച്ച.


നിലവിൽ മൂന്ന് കപ്പലുകളാണ് ദ്വീപുകളിലേക്കുള്ളത്. ടിക്കറ്റ് നിരക്കുകൾ ഓരോ ദ്വീപിലേക്കും വ്യത്യസ്തമാണ്. ഇടയ്ക്കിടയ്ക്കുള്ള ടിക്കറ്റ് നിരക്ക് വർധന ദ്വീപ് നിവാസികൾക്ക് ഇരട്ടി പ്രഹരമാണ്. തങ്ങളുടെ ദുരിതങ്ങൾ എന്ന് അവസാനിക്കുമെന്ന ആശങ്കയാണ് ഓരോ ദ്വീപ് നിവാസികൾക്കും. ഭരണകൂടവും കൈയൊഴിഞ്ഞ ഒരു ജനത ഇപ്പോഴും പോരാടിക്കൊണ്ടേയിരിക്കുന്നു.





deshabhimani section

Dont Miss it

Recommended for you

Home