ad
Deshabhimani

Articles

ബ്രിട്ടനിൽ തിരിച്ചടിയേറ്റ്‌ 
ലേബർ പാർടി

ബ്രിട്ടനിൽ തിരിച്ചടിയേറ്റ്‌ 
ലേബർ പാർടി

Britten
avatar
വി ബി പരമേശ്വരൻ

Published on May 10, 2026, 10:16 PM | 4 min read

മെയ് 7ന് ബ്രിട്ടനിൽ നടന്ന തെരഞ്ഞെടുപ്പ് പല നിലയിലും രാഷ്ട്രീയഭൂകമ്പത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിലെ 136 കൗൺസിലുകളിലേക്കും സ്കോട്ട്‌ലൻഡ്, വെയിൽസ് അസംബ്ലികളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ യുകെ ഭരണകക്ഷിയായ ലേബർ പാർടി കനത്ത തിരിച്ചടി ഏറ്റുവാങ്ങിയപ്പോൾ തീവ്രവലതുപക്ഷ റിഫോം യുകെ പാർടി മൂന്നിടത്തും വൻമുന്നേറ്റം നടത്തി. പല വിഷയങ്ങളിലും ഇടതുപക്ഷ നിലപാടുള്ള ഗ്രീൻ പാർടിയും മികച്ച പ്രകടനം കാഴ്ചവച്ചു. യാഥാസ്ഥിതിക കക്ഷിയും (ടോറി പാർടി ) ലിബറൽ ഡെമോക്രാറ്റിക് പാർടിയും തകരാതെ സാന്നിധ്യം അറിയിക്കുകയും ചെയ്തു.


കാൽനൂറ്റാണ്ടിലധികമായി ബ്രിട്ടനിൽ തുടരുന്ന ലേബർ അല്ലെങ്കിൽ ടോറി കക്ഷി എന്ന രീതിക്ക് അന്ത്യമിടുന്നതാണ് തെരഞ്ഞെടുപ്പ് ഫലം എന്ന വിലയിരുത്തലുകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ഇരുപാർടികളുടെയും ശക്തികേന്ദ്രങ്ങളിൽ വൻചോർച്ചയുണ്ടായി. ടോറികളുടെ തട്ടകമായ എസെക്സ് റിഫോം യുകെ പിടിച്ചെടുത്തപ്പോൾ ലണ്ടനിലെ ലേബർ ശക്തി കേന്ദ്രങ്ങളായിരുന്ന ഹാക്ക്നി, ലെവിഷാം എന്നിവിടങ്ങളിലെ മേയർ സ്ഥാനം ഗ്രീൻ പാർടി നേടി. ലേബർ പാർടിയുടെ ശക്തികേന്ദ്രങ്ങളായ വടക്കൻ ഇംഗ്ലണ്ടിലെ തൊഴിലാളി ബാഹുല്യമുള്ള സണ്ടർലൻഡ്‌, ബാർസ് ലി, വിഗാൻ എന്നിവിടങ്ങൾ അവർക്ക് കൈമോശം വന്നു. ലേബർ അല്ലെങ്കിൽ ടോറി എന്നതിനുപകരം റിഫോം യുകെ അല്ലെങ്കിൽ ഗ്രീൻ സമവാക്യമാണ് ബ്രിട്ടനിൽ ഉരുത്തിരിയുന്നതെന്ന് ഗ്രീൻ പാർടി നേതാവ് സാക്‌ പൊളാൻസ്കി അവകാശപ്പെട്ടു. ഗ്രീൻ പാർടിക്ക് ഇംഗ്ലണ്ടിൽ 568ഉം വെയിൽസിൽ രണ്ടും സ്കോട്ട്‌ലൻഡിൽ 15ഉം സീറ്റ് ലഭിച്ചു. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ചരിത്രപരമായ മാറ്റമാണ് ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമായതെന്ന് റിഫോം യുകെ നേതാവ് നൈജൽ ഫറാജും( Nigel Farage) അവകാശപ്പെട്ടു.


ഇംഗ്ലണ്ടിലെ 136 കൗൺസിലിലെ 5000 സീറ്റുകളിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 1400 സീറ്റ് കുറവാണ് ലേബർ പാർടിക്ക് ഇക്കുറി ലഭിച്ചത്. വെയിൽസിൽ ഒരു നൂറ്റാണ്ടായി ഭരണം നടത്തിയ ലേബർ പാർടിക്ക് ആദ്യമായി അധികാരം നഷ്ടപ്പെട്ടപ്പോൾ സ്കോട്ട്‌ലൻഡിൽ അഞ്ചാം തവണയും സ്കോട്ടിഷ് നാഷണൽ പാർടി (എസ്എൻപി) ഏറ്റവും കൂടുതൽ സീറ്റ് നേടി മുന്നിലെത്തി. 129 അംഗ അസംബ്ലിയിൽ എസ്എൻപിക്ക് 58 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ ആറ് സീറ്റ് കുറവ്. തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും എസ്എൻപി തന്നെ സർക്കാർ രൂപീകരിക്കും. ഇംഗ്ലണ്ടിൽ തീവ്രവലതുപക്ഷ പാർടിയായ റിഫോം യുകെ 1431 സീറ്റ് നേടി മുന്നിലെത്തിയപ്പോൾ ലേബർ പാർടിക്ക് 1051 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. ഭൂരിപക്ഷം കൗൺസിലിലും ലേബറിന് ഭരണം നഷ്ടമായി. കഴിഞ്ഞ കൗൺസിൽ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന റിഫോം പാർടിയാണ് ഇക്കുറി വൻ മുന്നേറ്റം നടത്തിയത്. സ്കോട്ട്‌ലൻഡിലും വെയിൽസിലും യഥാക്രമം 17ഉം 34ഉം സീറ്റ് നേടി രണ്ടാമതെത്തിയ റിഫോം പാർടി ലേബർ പാർടിയെ ഞെട്ടിച്ചു. സ്കോട്ട്‌ലൻഡിലും വെയിൽസിലും സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന മധ്യവലതുപക്ഷ ദേശീയവാദികൾ അധികാരമേറിയതും ലേബർ പാർടിക്ക് തലവേദനയായി. വെയിൽസിൽ പ്ലൈഡ് കം റീ (Plaid cym ru) യാണ് 43 സീറ്റ് നേടി മുന്നിലെത്തിയത്.


2024ൽ നടന്ന പാർലമെന്റ് തെരഞ്ഞടുപ്പിൽ 63 ശതമാനം സീറ്റ് നേടി യാഥാസ്ഥിതിക കക്ഷിഭരണത്തിന് വിരാമമിട്ട ലേബർ പാർടിയാണ് പ്രാദേശിക തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. സ്വാഭാവികമായും ലേബർ പാർടിയിൽ പ്രധാനമന്ത്രി കീർ സ്റ്റാർമറെ ആ സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്. ‘ഗാർഡിയൻ’ ദിനപത്രവും ഈ ആവശ്യം ശക്തമായി മുന്നോട്ടു വച്ചു. ലേബർ പാർടിയിലെ പത്തോളം എംപിമാരും ഇ‍ൗ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. പാർടിയുടെ മുൻ അധ്യക്ഷൻ ഇയാൻ ലാവ്റി പറഞ്ഞത് സ്‌റ്റാർമർ ലേബർ പാർടിയെ വധിക്കുകയാണെന്നാണ്. പ്രധാനമന്ത്രി ഇപ്പോൾ രാജിവയ്‌ക്കുന്നില്ലെങ്കിൽ എപ്പോൾ രാജിവയ്‌ക്കുമെന്ന സമയക്രമമെങ്കിലും പ്രഖ്യാപിക്കണമെന്നാണ് മറ്റു ചിലരുടെ ആവശ്യം. ഗ്രേറ്റർ മാൻചെസ്റ്റർ മേയർ ആൻഡി ബേൺ ഹാമിനെ പുതിയ നേതാവായി പ്രഖ്യാപിക്കണമെന്ന് ലേബർ പാർടിയിലെ 42 ശതമാനം പേർ ആവശ്യപ്പെട്ടു. എന്നാൽ പാർലമെന്റ്‌ അംഗമല്ലാത്ത ബേൺഹാമിനെ തെരഞ്ഞെടുക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന മറുവാദവും ശക്തമാണ്.ഊർജ സെക്രട്ടറി മിലിബാൻഡിന്റെ പേരും നേതൃസ്ഥാനത്തേക്ക് നിർദേശിക്കപ്പെടുന്നുണ്ട്. സ്റ്റാർമറെ മുൻനിർത്തി 2029ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന നിഗമനത്തിലാണ് ഭൂരിപക്ഷം എംപിമാരും. പാർടിയിലെ 45 ശതമാനം പേരും സ്റ്റാർമർ അധികാരം ഒഴിയണമെന്ന പക്ഷക്കാരാണ്.


ലേബർ പാർടി പേരിനെങ്കിലും തുടർന്നിരുന്ന ഇടതുപക്ഷ സ്വഭാവം കൈവിട്ട് പൂർണമായും വലതുപക്ഷ- കോർപറേറ്റ് അനുകൂല നയങ്ങളിലേക്ക് മാറിയതാണ് പരാജയത്തിന് കാരണമായതെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. തൊഴിലാളികളെ പൂർണമായും അവഗണിച്ചതാണ് ഉപതെരഞ്ഞെടുപ്പിലും പ്രാദേശിക തെരഞ്ഞെടുപ്പിലും തോൽക്കാൻ കാരണമെന്നാണ് പാർടിയിലെ ഇടതുപക്ഷക്കാരുടെയും ഭൂരിപക്ഷം ട്രേഡ് യൂണിയനുകളുടെയും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർടിയുടെയും അഭിപ്രായം. ജെറമി കോർബിൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കളെ പുറന്തള്ളിയാണ് സ്റ്റാർമർ പാർടി നേതൃത്വം ഏറ്റെടുത്തത്. ജെഫ്രി എഫ്‌സ്‌റ്റീനുമായി അടുത്ത ബന്ധമുള്ള പീറ്റർ മണ്ടേൽസണെ അമേരിക്കൻ അംബാസഡറായി നിയമിച്ച സ്റ്റാർമറുടെ നടപടിയും വിമർശിക്കപ്പെട്ടു. അവസാനം ആ നിയമനം ഉപേക്ഷിക്കാൻ സ്റ്റാർമർ നിർബന്ധിതമാകുകയും ചെയ്തു. ഇത്തരം തെറ്റായ നയങ്ങളാണ് ജനങ്ങളെ ആ പാർടിയിൽനിന്നും അകറ്റുന്നത്. തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങളാണ് തിരുത്തപ്പെടേണ്ടത്. ഇറാനെതിരായ അമേരിക്കൻ–ഇസ്രയേൽ യുദ്ധം ഇന്ധനവില ഉയർത്തിയത് ബ്രിട്ടനിൽ വിലക്കയറ്റം സൃഷ്ടിച്ചിട്ടുണ്ട്. സ്വകാര്യവൽക്കരണത്തിന് ഊന്നൽ നൽകുന്നതിനാൽ ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയും അവഗണിക്കപ്പെട്ടതും ജീവിതച്ചെലവ് ഉയർത്തി. പാർപ്പിട പ്രശ്നവും രൂക്ഷമാണ്. ഈ വിഷയങ്ങളാണ് യഥാർഥത്തിൽ റിഫോം യുകെയുടെ വളർച്ചയ്‌ക്ക് കാരണമാകുന്നത്. ഭരണവിരുദ്ധ പ്രസ്ഥാനം എന്ന നിലയിലാണ് റിഫോം യുകെ കരുത്താർജിക്കുന്നത്.


ലേബറിനേക്കാൾ കടുത്ത തൊഴിലാളിവിരുദ്ധതയുള്ള പ്രസ്ഥാനമാണ് റിഫോം യുകെ. പുത്തൻ കോർപറേറ്റുകളാണ് അവർക്ക് പണം നൽകുന്നത്. സമ്പന്നരിൽനിന്നും അധികം നികുതി പിരിക്കുന്നതിന് അവർ എതിരാണ്. ക്യാപിറ്റൽ ഗെയിൻ ടാക്സ്, ഇൻ ഹെറിറ്റൻസ് ടാക്സ് എന്നിവയെയും തൊഴിലാളി അവകാശ നിയമങ്ങളെയും ഇവർ എതിർക്കുകയാണ്. എന്നാൽ, ഇതേ നയങ്ങൾ ലേബർ പാർടി സർക്കാർ തുടരുമ്പോൾ അതിനെ എതിർക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് മുന്നേറാനാണ് റിഫോം യുകെയുടെ ശ്രമം. എല്ലാ പ്രശ്നങ്ങൾക്കും കാരണം കുടിയേറ്റമാണെന്നും അത് തടഞ്ഞാൽ മാത്രമേ ബ്രിട്ടനെ ഒരു മഹത്തായ ശക്തിയായി പുനഃസൃഷ്ടിക്കാൻ കഴിയൂ എന്നുമാണ് ഫറാജെയുടെ വാദം. ബ്രിട്ടന് കൊളോണിയൽ കാലത്തെ ശക്തിയും പ്രതാപവും വീണ്ടെടുക്കണമെന്ന മുദ്രാവാക്യവും ഇവർ ഉയർത്തുന്നു. അമേരിക്കയിൽ ട്രംപ് ഉയർത്തുന്ന മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) എന്ന മുദ്രാവാക്യത്തിന്റെ ബ്രിട്ടീഷ് പതിപ്പാണ് ഇവരുടേത്. അതായത് ലേബർ പാർടി സ്വീകരിക്കുന്ന തെറ്റായ നയങ്ങളാണ് റിഫോം യുകെയെ വളർത്തുന്നത്.


വിലക്കയറ്റം തടയാനും ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ സർക്കാർ മേഖലയിൽ കൂടുതൽ മെച്ചപ്പെടുത്താനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വേതനവർധന ഏർപ്പെടുത്താനും തയ്യാറാകുന്ന പക്ഷം നഷ്ടപ്പെട്ട പിന്തുണ തിരിച്ചു പിടിക്കാൻ ലേബറിന് കഴിയും. അതിന് തയ്യാറാകാതെ സാമ്രാജ്യത്വ യുദ്ധങ്ങൾക്കായി വൻതുക ചെലവാക്കുകയും ബഹുരാഷ്ട്രകുത്തകകളുടെ ബിസിനസ് - ധന താൽപ്പര്യങ്ങൾക്കായി നിലകൊള്ളുകയുമാണ് സ്റ്റാർമർ. സർക്കാർ ഇനിയെങ്കിലും ഇടത്തോട്ട് നീങ്ങണമെന്ന ആവശ്യം സ്റ്റാർമർ പൂർണമായി തള്ളി. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം "ഗാർഡിയൻ‘ പത്രത്തിൽ എഴുതിയ ലേഖനത്തിൽ സ്റ്റാർമർ പറഞ്ഞത് ജനങ്ങൾ നൽകിയ സന്ദേശം കേൾക്കാൻ തയ്യാറാണെങ്കിലും ഇടത്തോട്ട് ചായണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ്. സ്റ്റാർമറെപ്പോലെ വലത്തോട്ട് ചായുന്ന സോഷ്യൽ ഡെമോക്രാറ്റുകളും മധ്യവലതുപക്ഷ നേതാക്കളും പ്രസ്ഥാനങ്ങളുമാണ് നവഫാസിസ്റ്റ് ശക്തികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home