ad
Deshabhimani

കുതിച്ചുപായുന്ന ആനന്ദവണ്ടി

ksrtc new volvo bus
avatar
അജിൻ ജി നാഥ്‌

Published on Jan 22, 2026, 10:51 PM | 3 min read

മലയാളികളുടെ ദൈനംദിനജീവിതത്തിൽ നിർണായക സ്ഥാനംവഹിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്‌ കെഎസ്‌ആർടിസി. മറ്റുള്ള പൊതുമേഖലാ സ്ഥാപനങ്ങളേക്കാളേറെ ജനങ്ങളുമായി ബന്ധമുള്ളതും കെഎസ്‌ആർടിസിക്കാണ്‌. കേരളത്തിന്റെ പൊതുഗതാഗതമേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന്‌ കുറച്ചുനാൾ മുമ്പുവരെ കേട്ടതൊന്നും നല്ല വാർത്തകളായിരുന്നില്ല. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഗതാഗതമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദുതന്നെ പറഞ്ഞത്‌ സ്ഥാപനം പൂട്ടേണ്ടിവരുമെന്നാണ്‌. അതേ കെഎസ്‌ആർടിസി, എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അതിജീവനത്തിന്റെ പുതുവഴികളിൽ സൂപ്പർഫാസ്റ്റ്‌ വേഗത്തിൽ കുതിക്കുകയാണ്‌.


​പുതുജീവൻ സർക്കാരിന്റെ കൈത്താങ്ങിൽ

​യുഡിഎഫ്‌ സർക്കാർ അടച്ചുപൂട്ടണമെന്നു പറഞ്ഞ ആനവണ്ടിയെ കരകയറ്റാൻ ഒന്നും രണ്ടും പിണറായി സർക്കാരുകൾ 13,029.72 കോടി രൂപയാണ്‌ ധനസഹായം നൽകിയത്‌. ഒന്നാം സർക്കാർ 5002 കോടിയും രണ്ടാം സർക്കാർ 8027.72 കോടി രൂപയും. നടപ്പ്‌ സാമ്പത്തികവർഷം ബജറ്റ്‌ വിഹിതമായ 900 കോടിക്കുപുറമെ 301 കോടി രൂപ ഇതുവരെ നൽകി. യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷംകൊണ്ട്‌ ആകെ 1467 കോടി രൂപമാത്രം നൽകിയ സ്ഥാനത്താണിത്‌. യുഡിഎഫിനെ അപേക്ഷിച്ച്‌ 11,562.72 കോടിയാണ്‌ എൽഡിഎഫ്‌ സർക്കാർ അധികമായി നൽകിയത്‌. സാമ്പത്തികസഹായം നൽകുകമാത്രമല്ല സർക്കാർ ചെയ്‌തത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരായിരുന്ന എ കെ ശശീന്ദ്രൻ, തോമസ്‌ ചാണ്ടി, ആന്റണി രാജു, കെ ബി ഗണേഷ്‌കുമാർ എന്നിവരുടെയും നേതൃത്വത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളാണ്‌ ഇന്നത്തെ നേട്ടങ്ങളിലേക്ക്‌ എത്തിച്ചത്‌. മുഖ്യമന്ത്രിതന്നെ ചൂണ്ടിക്കാട്ടിയ നാലു കാര്യങ്ങളാണ്‌ നേട്ടങ്ങൾക്കു പിറകിൽ. രാജ്യമെമ്പാടും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുമ്പോൾ, അവയെ ചേർത്തുപിടിച്ച് ലാഭകരമാക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ബദൽനയം, എല്ലാ ജീവനക്കാരെയും ഉൾക്കൊള്ളിച്ച്‌ ലക്ഷ്യം നിശ്ചയിച്ച്‌ നടത്തിയ ചിട്ടയായ പ്രവർത്തനം, നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി നടപ്പാക്കിയ കാലോചിത പരിഷ്‌കാരങ്ങളും പുതിയ ബസുകളുംവഴി ജനങ്ങൾക്കുള്ള വിശ്വാസ്യത വർധിപ്പിച്ചത്‌, സർക്കാരിന്റെ പുരോഗമനപരമായ ആശയങ്ങളും ജീവനക്കാരുടെ അശ്രാന്തമായ അധ്വാനവും ചേർന്നുള്ള ഏകോപിത പരിശ്രമം എന്നിവ.


KSRTC BUDGET TOUR


​പുതുകാലം പുതുവേഗം

​ആധുനിക കാലത്തോട്‌ ചേർന്നുനിൽക്കുന്ന പരിഷ്‌കാരങ്ങളാണ്‌ സർക്കാർ നടപ്പാക്കിയത്‌. അതിൽ സുപ്രധാനം ആധുനിക ബസുകൾ ഇറക്കിയതാണ്. കേന്ദ്രസർക്കാരിന്റെ വാഹനനിർമാണ ചട്ടങ്ങൾ എതിരായപ്പോൾ സ്വന്തമായി ബസുകൾ നിർമിക്കുന്നതിന്‌ തടസ്സം നേരിട്ടെങ്കിലും ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും ആധുനിക ബസുകളുള്ളത്‌ കെഎസ്‌ആർടിസിക്കാണ്‌. അത്യാധുനികവും അത്യാഡംബരവുമായ വോൾവോ 9600 ബി 8 എസ്‌എൽഎക്‌സ്‌ ബസുള്ള ഇന്ത്യയിലെ ഏക കോർപറേഷനും കെഎസ്‌ആർടിസിയാണ്‌. സ്വകാര്യ ഓപ്പറേറ്റർമാർക്കുപോലും അധികമില്ലാത്ത ഇ‍ൗ ബസ്‌ ഉൾപ്പെടെ സൂപ്പർക്ലാസ്‌ സർവീസുകൾക്കായി സ്ലീപ്പർ, സ്ലീപ്പർ കം സീറ്റർ ഉൾപ്പെടെയുള്ള പുതിയ വാഹനങ്ങളാണ്‌ നിരത്തിൽ ഇറക്കിയത്‌. സാധാരണക്കാരുടെ ഇഷ്‌ടശ്രേണിയായ സൂപ്പർഫാസ്റ്റിൽ എസി സൂപ്പർഫാസ്റ്റ് കൊണ്ടുവന്നതും ആധുനികസ‍ൗകര്യങ്ങളുള്ള ഓർഡിനറി ബസുകളും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന്‌ നടപ്പാക്കിയ ഗ്രാമവണ്ടികളും ഏറെ ശ്രദ്ധേയമായി. സ്വിഫ്‌റ്റ്‌ എന്ന പ്രത്യേക സംവിധാനവും ചലോ ആപ് വഴി തത്സമയ ബസ്‌ ട്രാക്കിങ് സ‍ൗകര്യവും ടിക്കറ്റിനായി ഡിജിറ്റൽ പേമെന്റ്‌ നടപ്പാക്കിയതും ട്രാവൽ കാർഡും ഓൺലൈൻ സ്റ്റുഡന്റ്‌ കൺസഷനുമൊക്കെ ഏറെ കൈയടി നേടി. പുതിയ ബസുകളുടെ പ്രദർശനമേളയായ ട്രാൻഎക്‌സ്‌പോയും ജീവനക്കാരുടെ ഗാനമേള ട്രൂപ്പും നേട്ടമായി.


മലപ്പുറത്തുനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള പുതിയ കെഎസ്ആർടിസി ബസ്


​സമീപകാല പ്രവർത്തനങ്ങളിൽ ഏറ്റവും ജനകീയമായത്‌ ബജറ്റ്‌ ട‍ൂറിസമാണ്‌. കുറഞ്ഞ ചെലവിൽ വിനോദയാത്രകൾമുതൽ വിവാഹയാത്രകൾക്കുവരെ ആനവണ്ടി ലഭ്യമായി. ഇതിനായി പുതുക്കിപ്പണിത പ്രത്യേക ബസുകളുപയോഗിച്ച്‌ മലയോരത്തിന്റെ കാണാക്കാഴ്‌ചകളും അന്തർസംസ്ഥാന തീർഥാടനയാത്രകളും തുടങ്ങി കായലിലും കടലിലുംവരെ ടൂർ പാക്കേജുകൾ നീണ്ടു. ടിക്കറ്റിതര വരുമാനം ലക്ഷ്യംവച്ച്‌ 2021ൽ ആരംഭിച്ച ബജറ്റ്‌ ടൂറിസത്തിലൂടെ ഇതുവരെ 50 കോടി രൂപയോളം നേടി. മാസം മ‍ൂന്നുമുതൽ അഞ്ചുകോടിവരെ. തലസ്ഥാന നഗരിയിലും കൊച്ചിയിലും നഗരക്കാഴ്‌ചകളുടെ സിറ്റി റൈഡും മൂന്നാറിന്റെ വശ്യമനോഹാരിതയിലെ റോയൽ വ്യ‍ൂവും ഡബിൾ ഡെക്കർ ബസുകളിലൂടെ ലഭ്യമായി. 16 മണിക്കൂറിൽ സംസ്ഥാനത്തെവിടെയും സാധനങ്ങൾ എത്തിച്ചുനൽകുന്ന കൊറിയർ സംവിധാനവും ജനകീയമായി.


​വരുമാനത്തിൽ സൂപ്പർഫാസ്റ്റ്‌ റെക്കോഡ്‌

​കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളുമായെത്തിയ ആനവണ്ടിക്ക്‌ വൻ കുതിച്ചുചാട്ടമാണ്‌ വരുമാനത്തിലുണ്ടായത്‌. ദിവസം എട്ടുകോടി വരുമാനം ലക്ഷ്യംവച്ച്‌ മുന്നേറിയപ്പോൾ പുതുവർഷത്തിൽ ലഭിച്ചത്‌ 13 കോടിയെന്ന സർവകാല റെക്കോഡ്‌. 2016ൽ യുഡിഎഫ്‌ സർക്കാർ അധികാരമൊഴിയുമ്പോൾ ശരാശരി നാല്‌–അഞ്ച്‌ കോടി രൂപ ഉണ്ടായിരുന്നിടത്താണ്‌ 10 വർഷത്തിനിപ്പുറം ഇരട്ടിയിലേറെ വരുമാനം. ജനുവരി അഞ്ചിന്‌ നേടിയ 13.01 കോടിയിൽ 12 കോടിയും ടിക്കറ്റ്‌ വരുമാനമാണെന്നതും സുപ്രധാനമാണ്‌. 12ന്‌ രണ്ടാമത്തെ ഉയർന്ന വരുമാനമായ 11.71 കോടിയും നേടി. 2024 ഏപ്രിൽ 15നാണ്‌ ചരിത്രത്തിലാദ്യമായി എട്ടുകോടിയിലധികം വരുമാനം നേടിയത്‌. 2019ൽ ഏഴുകോടി നേടിയതാണ്‌ മുമ്പത്തെ വലിയ നേട്ടം. പ്രതിദിനം എട്ടുകോടിയെന്ന ടാർജറ്റാണ്‌ ഇപ്പോഴുള്ളത്‌. മിക്കദിവസങ്ങളിലും ഇത്‌ കൈവരിക്കാറുണ്ട്‌.


bus


​93 ഡിപ്പോകളെയും പ്രവർത്തനലാഭത്തിൽ എത്തിക്കാനായതും ശ്രദ്ധേയമാണ്‌. ജീവനക്കാരെ ചേർത്തുപിടിച്ചാണ്‌ ഇ‍ൗ നടപടികളത്രയും എന്നതും പറയാതെ പോകാനാകില്ല. ശമ്പളം കിട്ടാനില്ലെന്ന പരിദേവനങ്ങൾ കേട്ടിടത്ത്‌ ഒന്നാംതീയതിയും ചരിത്രത്തിലാദ്യമായി 31–ാം തീയതിയും കൃത്യമായി ശമ്പളം ലഭിക്കുന്ന രീതിയിലേക്ക്‌ മാറി. സമഗ്ര ഇൻഷുറൻസ്‌ കവറേജും മികച്ച തൊഴിൽ അന്തരീക്ഷവും സൃഷ്‌ടിച്ചു. വർക്‌ഷോപ്പുകളുടെ ആധുനികീകരണവും എസി വിശ്രമമുറികളും പുതിയ ബസുകളുമെല്ലാം ചേർന്ന്‌ സർക്കാർ മികച്ച സാഹചര്യങ്ങൾ ഉറപ്പാക്കിയപ്പോൾ ആനവണ്ടിയെ ഉഷാറായി നയിക്കാൻ ജീവനക്കാരും കൈമെയ്‌ മറന്ന്‌ ഒന്നിച്ചു. ഇത്തരത്തിൽ നമ്മുടെ അഭിമാനമായ ആനവണ്ടി കിതപ്പിൽനിന്ന്‌ കുതിപ്പിലേക്ക്‌ മാറുന്ന ആനന്ദത്തോടെയാണ്‌ നാം നവകേരളത്തിലേക്ക്‌ മുന്നേറുന്നത്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home