നിയമ കലാലയത്തിൽനിന്ന് ‘ഗ്രീൻ ഗ്രോ’ ജൈവവളം

എറണാകുളം ഗവ. ലോ കോളേജിലെ എൻഎസ്എസ് യൂണിറ്റ് നിർമിച്ച ‘ഗ്രീൻ ഗ്രോ’ ജൈവവളം വിതരണം ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
നീതിക്കായി മാത്രമല്ല നാടിനെ മാലിന്യമുക്തമാക്കാനും നിയമവിദ്യാർഥികൾ മുന്നിലുണ്ട്. ആ പോരാട്ടം സ്വന്തം ക്യാന്പസിൽനിന്ന് ആരംഭിച്ചപ്പോൾ പിറവിയെടുത്തത് ജൈവവളം. എറണാകുളം ഗവ. ലോ കോളേജ് എൻഎസ്‌എസ് യൂണിറ്റാണ് ‘ഗ്രീൻ ഗ്രോ’ ജൈവവളം വിപണിയിൽ എത്തിച്ചത്. മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
ഇതോടെ ക്യാന്പസിലെ ജൈവമാലിന്യങ്ങൾ പൂർണമായും വളമായി വിപണിയിലെത്തും. ഹരിതകേരളം മിഷന്റെയും ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും സഹകരണത്തോടെയാണ് 1000 കിലോവീതം ശേഷിയുള്ള രണ്ട് ബയോ കമ്പോസ്റ്റർ ബിൻ കോളേജിൽ സ്ഥാപിച്ചത്. കോളേജിലെ ഭക്ഷണമാലിന്യം ബിന്നിൽ നിക്ഷേപിച്ച് ഇനോക്കുലം ഒഴിച്ച് ഇളക്കും. ഏകദേശം 45 ദിവസംകൊണ്ട് ഇത് വളമായി മാറും. കിലോ 30 രൂപയ്ക്കാണ് വളം വിൽപ്പന നടത്തുന്നത്. കോളേജ് എൻഎസ്എസ് യൂണിറ്റിനാണ് പരിപാലന ചുമതല.
ജൈവവളം വിതരണം ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. വി സി ബിന്ദുമോൾ അധ്യക്ഷയായി. ഹരിതകേരളം മിഷന്റെയും ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും സഹകരണത്തോടെ കോളേജിൽ സ്ഥാപിച്ച ബയോ കമ്പോസ്റ്റർ ബിന്നിൽനിന്നുള്ള ജൈവവളമാണ് വിപണിയിൽ എത്തിക്കുന്നത്. കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്‌സൺ സീന ഗോകുലൻ ലോഗോ പ്രകാശിപ്പിച്ചു.
ആദ്യവിതരണം ഡിവിഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ നിർവഹിച്ചു. ഹരിതകേരളം മിഷൻ കോർപറേഷൻ കോ– ഓർഡിനേറ്റർ നിസ നിഷാദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ജി ആർ ലക്ഷ്മി, ആദിത്യ കൃഷ്ണ, കെ ജൈത്ര, എൻ തീർത്ഥ, അഞ്ജന റീജ രാജൻ എന്നിവർ സംസാരിച്ചു.










0 comments