ഏഴ് മരണം, 11,188 പേര്‍ക്ക് പനി
പകര്‍ച്ചവ്യാധികള്‍ക്ക് തടയിടാനാകാതെ സര്‍ക്കാര്‍


സ്വന്തം ലേഖകൻ
Published on Aug 18, 2026, 03:35 AM | 2 min read
കൊച്ചി
മഴക്കാലത്ത് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനാകാതെ ആരോഗ്യവകുപ്പ്. ഏഴു മരണങ്ങളാണ് ആഗസ്‌തില്‍ ഇതുവരെ ജില്ലയിലുണ്ടായത്. എന്നിട്ടും ഇതുവരെ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും പ്രതികരിക്കാനോ നടപടി കൈക്കൊള്ളാനോ തയ്യാറായില്ല.
ആഗസ്‌തില്‍ ഇതുവരെ 11,188 പേരാണ് പനിബാധിതരായി ചികിത്സതേടിയത്. 191 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 564 പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി. 1849 പേര്‍ക്ക് വയറിളക്കം ബാധിച്ചു. 70 പേര്‍ക്ക് ഹെപ്പറ്റൈറ്റിസും 472 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ രോഗങ്ങളും ബാധിച്ചു.
എലിപ്പനിയാണ് ജില്ലയില്‍ പ്രധാനമായും ആളുകളുടെ മരണത്തിനു കാരണമാകുന്ന പകര്‍ച്ചവ്യാധി. ജൂലൈയില്‍ ഉണ്ടായ 18 പകര്‍ച്ചവ്യാധി മരണങ്ങളില്‍ 10 എണ്ണം എലിപ്പനിമൂലമായിരുന്നു. ആഗസ്‌തില്‍ ഇതുവരെ മരിച്ച ഏഴുപേരില്‍ അഞ്ചുപേരുടെ മരണകാരണവും എലിപ്പനിതന്നെ.
മഴവന്നൂരില്‍ നാല്‍പ്പത്തിയാറുകാരന്‍, തൃക്കാക്കരയില്‍ അറുപത്തിയാറുകാരന്‍, മൂക്കന്നൂരില്‍ എഴുപത്തിയൊന്പതുകാരന്‍, കാട്ടൂരില്‍ നാല്‍പത്തിയൊന്നുകാരന്‍, കുട്ടമ്പുഴയില്‍ നാല്‍പതുകാരന്‍ എന്നിവരാണ് ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചത്.
വീണ്ടും വെസ്റ്റ് നൈലും എച്ച്‌വൺ എന്‍വണ്ണും
ജില്ലയില്‍ വെസ്റ്റ് നൈല്‍പനിമൂലം ഒരാള്‍കൂടി മരിച്ചത് ഭീതിയുണ്ടാക്കുന്നുണ്ട്. ബിനാനിപുരത്ത് ആഗസ്‌ത് ഒന്നിന് മരിച്ച 66 വയസ്സുകാരന്റെ മരണമാണ് വെസ്റ്റ് നൈല്‍മൂലമാണെന്ന് വകുപ്പ് സ്ഥിരീകരിച്ചത്. അതേദിവസംതന്നെ പിണ്ടിമനയില്‍ മരിച്ച എഴുപത്തിനാലുകാരന്റെ മരണം എച്ച്1 എന്‍1 മൂലമാണെന്നും സ്ഥിരീകരിച്ചു.
പ്രതിരോധിക്കാന്‍ ഇന്റർ സെക്ടറൽ യോഗം
ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ മറ്റുവഴികളില്ലാതെ ഇന്റർ സെക്ടറൽ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
ഓണക്കാലത്ത് രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനാകാതെവന്നാല്‍ സര്‍ക്കാരിന് പഴികേള്‍ക്കേണ്ടിവരുമെന്നതിനാലാണ് ജില്ലാതല യോഗം ചേര്‍ന്നത്. കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ജന്തുജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് എഡിഎം കെ മനോജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. പൊതുജനാരോഗ്യ നിയമമനുസരിച്ചുള്ള പബ്ലിക് ഹെല്‍ത്ത് കമ്മിറ്റി യോഗവും ഏകാരോഗ്യം സംബന്ധിച്ച യോഗവും ഇതോടൊപ്പം നടന്നു.
സ്പെഷ്യൽ ഡ്രൈവ് തുടങ്ങി
ഓണക്കാലത്ത് രോഗപ്രതിരോധത്തിന് "എന്റെ ഓണം കരുതലോണം' ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ പോസ്റ്റർ എഡിഎം കെ മനോജ് പ്രകാശിപ്പിച്ചു. കാറ്ററിങ് യൂണിറ്റുകൾ, കുടിവെള്ള വിതരണ യൂണിറ്റുകൾ, ഓണം ഫുഡ് ഫെസ്‌റ്റ്, ഭക്ഷണ ഉൽപ്പാദന വിതരണ യൂണിറ്റുകൾ, അഗതിമന്ദിരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ശക്തമാക്കുമെന്ന് ഡിഎംഒ ഡോ. ആര്‍ ഷാഹിര്‍ ഷാ അറിയിച്ചു.









0 comments