തട്ടിയത് ഒരുകോടി
സ്വർണമില്ലാതെ ‘സ്വർണ’പ്പണയം: അപ്രൈസർ റിമാൻഡിൽ

അനൂപ് ജോസഫ്
വൈപ്പിൻ
കർത്തേടം റൂറൽ സഹകരണ സംഘത്തിൽനിന്ന് സ്വർണപ്പണയ വായ്‌പതട്ടിപ്പ് നടത്തിയ അപ്രൈസർ അനൂപ് ജോസഫി(44)നെ റിമാൻഡ് ചെയ്‌തു. ഞാറക്കൽ പൊലീസാണ് അനൂപിനെ അറസ്‌റ്റ് ചെയ്‌തത്. ഭാര്യ, അമ്മ, ഭാര്യാമാതാവ് എന്നിവരുടെ പേരുകളിൽ സ്വർണപണ്ടങ്ങൾ ഇല്ലാതെ കവറും നന്പറുംമാത്രംചേർത്ത് വച്ച 55 ഉരുപ്പടികളുടെ പേരിലാണ് സ്വർണപ്പണയ വായ്‌പ എടുത്തത്. 90 ലക്ഷം രൂപ വായ്‌പയും പലിശയുമടക്കം ഒരുകോടി രൂപയുടെ നഷ്ടമാണ് സൊസൈറ്റിക്കുണ്ടായതെന്ന് ആക്ടിങ് പ്രസിഡന്റ് ബിജു തുണ്ടിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സഹകരണ അസി. രജിസ്‌ട്രാറുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം സൊസൈറ്റിയിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. പന്ത്രണ്ടുവർഷംമുന്പ് കലക്‌ഷൻ ഏജന്റായി ജോലി ആരംഭിച്ച അനൂപ് ജോസഫിനെ പിന്നീട് പരിശീലനത്തിനുശേഷം അപ്രൈസറായി നിയമിക്കുകയായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിൽവന്ന് രണ്ടരവർഷം കഴിഞ്ഞപ്പോഴാണ് തട്ടിപ്പു നടക്കുന്നതായി സംശയം തോന്നിയതെന്ന് ബിജു പറഞ്ഞു. അങ്ങനെയാണ് പരിശോധന ആരംഭിച്ചത്. തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് ബിജു മറുപടി നൽകി.
സ്വർണം പരിശോധിച്ചുറപ്പിക്കാനും തൂക്കം നോക്കാനുമാണ് അപ്രൈസറെ നിയമിക്കുന്നത്. ഇൗ സൊസൈറ്റിയിൽ സ്വർണപ്പണയ വായ്‌പകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അപ്രൈസറാണ്. ഇത് മുൻ ഭരണസമിതിയുടെ തീരുമാനമാണെന്നാണ് ഇപ്പോഴത്തെ ഭാരവാഹികൾ പറയുന്നത്. മറ്റൊരു സഹകരണ സ്ഥാപനത്തിലും അപ്രൈസറെമാത്രം ഇതിന്റെ ചുമതല ഏൽപ്പിക്കുന്ന പതിവില്ല. സെക്രട്ടറിയും ഉദ്യോഗസ്ഥരും ഇതിൽ ഇടപെടാറുണ്ട്. എല്ലാവർഷവും കാലാവധി കഴിഞ്ഞ സ്വർണലോണുകൾ പുതുക്കുന്നതിനോ ഇല്ലെങ്കിൽ ലേലം ചെയ്യും എന്ന പരസ്യം പത്രത്തിൽ കൊടുക്കാറുണ്ട്. എന്നാൽ ഇതുവരെ അത്തരമൊരു നടപടി ഇവിടെ വേണ്ടിവന്നിട്ടില്ല. എല്ലാം കൃത്യമാണെന്നാണ് അനൂപ് അറിയിക്കാറുള്ളതത്രേ. അത് വിശ്വസിച്ച് ഭരണസമിതി കൈകഴുകുകയാണ്. വാർത്താസമ്മേളനത്തിൽ മുൻ പ്രസിഡന്റ് ജോർജ് സെക്കേര, ഭരണസമിതി അംഗം ജിതിൽ സേവ്യർ എന്നിവരും പങ്കെടുത്തു.










0 comments