എച്ച്‌എംടിയുടെ ശോച്യാവസ്ഥ പരിഹരിക്കണം: സംയുക്ത ട്രേഡ് യൂണിയൻ സമിതി

കളമശേരി
എച്ച്എംടി കളമശേരി യൂണിറ്റിന്റെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരം കാണാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ സമിതി മന്ത്രി വി ഇ അബ്ദുൽ ഗഫൂറിന് നിവേദനം നൽകി. ജീവനക്കാരുടെ സംഘടനാ ഭാരവാഹികളും ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്നാണ് നിവേദനം നൽകിയത്.
നിലവിൽ യൂണിറ്റിൽ നാലുമാസത്തെ ശമ്പളം കുടിശ്ശികയാണ്. 70 കോടി രൂപയ്ക്കുമുകളിൽ ഓർഡർ ഉണ്ടായിട്ടും നടപ്പാക്കാനുള്ള നടപടികൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. 3500 തൊഴിലാളികൾ ഉണ്ടായിരുന്ന കമ്പനിയിൽ നിലവിൽ 112 പേരേ പ്രവർത്തിക്കുന്നുള്ളൂ. 300 കരാർജീവനക്കാർ ഉണ്ടായിരുന്നത് ശമ്പളം മുടങ്ങിയതോടെ നൂറിൽത്താഴെയായി. ജീവനക്കാർക്ക് ലഭിച്ചിരുന്ന ചികിത്സാസൗകര്യം, വാഹനസൗകര്യം എന്നിവ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. എസ് ഷിബു (സിഐടിയു), വി എൻ ലിൻസൺ, എസ് എൽ സാജു (ഐഎൻടിയുസി), ടി ജി ശ്രീജേഷ് (ബിഎംഎസ്), ആർ അരുൺ (ഓഫീസേഴ്സ് അസോസിയേഷൻ) എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.










0 comments