ഇരുൾ മൂടിയ പകലും ഇരുട്ട് നീങ്ങിയ രാത്രിയും


പ്രൊഫ. വി കാർത്തികേയൻ നായർ
Published on May 17, 2025, 09:35 PM | 6 min read
കാൾ മാർക്സ്കോഴഞ്ചേരി പ്രസംഗത്തിന്റെ നവതി ആചരിക്കുമ്പോൾ തിരുക്കൊച്ചി സംസ്ഥാനത്തെ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന സി കേശവന്റെ ജീവിതത്തിൽ മെയ് മാസത്തിന് പ്രാധാന്യമുണ്ട്. മെയ് 23 അദ്ദേഹത്തിന്റെ ജന്മദിനമാണ്. മെയ് 11 കാരാഗൃഹവാസത്തിന് ഇടയാക്കിയ പ്രസംഗം ചെയ്ത ദിവസവും. വ്യത്യസ്തങ്ങളായ മൂന്ന് മഹാവ്യക്തിത്വങ്ങൾ കേശവനിൽ ആവേശിച്ചിട്ടുണ്ട്. കാൾ മാർക്സും ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും. ഏതാണ് കൂടുതൽ എന്നു ചോദിച്ചാൽ അതിനുത്തരം ഗുരുവെന്നായിരിക്കും. ചൂഷണത്തിനെതിരെയുള്ള മനോഭാവം വളർന്നുവന്നത് മാർക്സിന്റെ സ്വാധീനത്തിൽനിന്നാണ്. ബഹുജനസമരമെന്ന കർമപരിപാടി ഗാന്ധിജിയിൽനിന്ന് സ്വായത്തമാക്കിയതാണ്. ‘മനുഷ്യാണാം മനുഷ്യത്വം’ എന്ന തത്വം ഗുരുവിൽനിന്ന് സ്വായത്തമാക്കിയതാണ്. സി കേശവനിലെ മാനവികതയ്ക്കടിസ്ഥാനം ആ തത്വമാണ്. ക്രൈസ്തവ മഹാജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 1925 മെയ് 11ന് കോഴഞ്ചേരിയിൽ ചേർന്ന ഈഴവ, ക്രൈസ്തവ, മുസ്ലിം രാഷ്ട്രീയസമ്മേളനത്തിൽ സി കേശവൻ ചെയ്ത അധ്യക്ഷപ്രസംഗമാണ് രാജ്യദ്രോഹക്കുറ്റം ചാർത്തി രണ്ടുവർഷത്തെ കഠിനതടവിന് ശിക്ഷിക്കാൻ ഇടയാക്കിയത്. തടവിനു പുറമെ 500 രൂപ പിഴയും അടയ്ക്കണമായിരുന്നു. ഏകദേശം നാലു പതിറ്റാണ്ടുമുമ്പ് ആരംഭിച്ച മെമ്മോറിയൽ സമർപ്പണ പരിപാടിയുടെ മൂർധന്യ ഘട്ടമാണ് കോഴഞ്ചേരി സമ്മേളനം എന്നുപറയാം.
ശ്രീനാരായണഗുരുറാവുറെഡ്ഡീഭരണമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പരദേശി ബ്രാഹ്മണരുടെ നിയന്ത്രണത്തിൽനിന്ന് തിരുവിതാംകൂർ സർക്കാരിനെ മോചിപ്പിച്ച് തദ്ദേശീയർക്ക് ഭരണത്തിൽ പങ്കാളിത്തം നൽകണമെന്നതായിരുന്നു മലയാളി മെമ്മോറിയലിന്റെ ആവശ്യം. അത് അംഗീകരിക്കപ്പെടുമ്പോൾ പിന്നാക്ക സമുദായക്കാരായ ഈഴവർ അർഹതപ്പട്ടികയിൽ വരില്ലെന്നതുകൊണ്ടാണ് ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെടുന്നത്. അതിന്റെ ഫലമായി വനംവകുപ്പിലും മറ്റും കാവൽക്കാരായി ഈഴവർക്ക് തൊഴിൽ കൊടുത്തെങ്കിലും റവന്യൂവകുപ്പിലോ പൊതുമരാമത്തുവകുപ്പിലോ ജോലി കൊടുത്തിരുന്നില്ല. ഇതിനെതിരെ വളർത്തിക്കൊണ്ടുവന്നതായിരുന്നു പൗരമസമത്വവാദം. പൗരസമത്വ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയമുഖമായിരുന്നു 1932ൽ രൂപീകൃതമായ സംയുക്ത രാഷ്ട്രീയസമിതി. ഈ സമിതിയുടെ നേതൃത്വത്തിൽ തുടങ്ങിയതാണ് നിവർത്തന പ്രക്ഷോഭം. അതിന്റെ തുടർച്ചയായിരുന്നു കോഴഞ്ചേരി സമ്മേളനം.
മെമ്മോറിയലുകൾക്കും കോഴഞ്ചേരി സമ്മേളനത്തിനുമിടയിൽ ശ്രദ്ധേയങ്ങളായ നിരവധി സംഭവങ്ങൾ തിരുവിതാംകൂറിൽ നടന്നു. മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ബാരിസ്റ്റർ ജി പി പിള്ള അതിനും ഒരു ദശാബ്ദംമുമ്പ് തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽനിന്ന് പുറത്താക്കപ്പെട്ട വ്യക്തിയായിരുന്നു. ഭരണരംഗത്തെ അഴിമതിയെ വിമർശിച്ചുകൊണ്ട് ലേഖനമെഴുതി പത്രത്തിൽ പ്രസിദ്ധീകരിച്ചതായിരുന്നു കോളേജിൽനിന്ന് പുറത്താക്കലിന് ഇടയാക്കിയത്. ഭരണകൂടം തന്നെ കള്ളക്കേസിൽ കുടുക്കുമെന്നറിയാമായിരുന്ന ജി പി സ്വയം ബഹിഷ്കൃതനായി മദിരാശിയിൽ താമസമാക്കി സംസ്ഥാനത്തെ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുകയായിരുന്നു.
മഹാത്മാഗാന്ധിതിരുവിതാംകൂറിലെ ഈഴവരുടെ ദുഃസ്ഥിതിയെക്കുറിച്ച് ആദ്യമായി ലേഖനമെഴുതി വൈസ്രോയിയുടെയും ബ്രിട്ടീഷ് പാർലമെന്റിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നതും ജി പിയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യ സെക്രട്ടറിമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളി ജി പിയായിരുന്നു. അതിന്റെ തുടർച്ചയാണെന്നു പറയാം, മൂന്നു വർഷങ്ങൾക്കുശേഷം 1897ൽ അമരാവതിയിൽ ചേർന്ന സമ്മേളനം സർ. സി ശങ്കരൻ നായരെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ബാരിസ്റ്റർ ജി പിയുടെ പരോക്ഷ ശിഷ്യനായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഭരണതലത്തിലെ അഴിമതിക്കെതിരെ പത്രപ്രവർത്തനത്തെ പരിവർത്തിപ്പിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ടു. എന്തിനാണ് നാടുകടത്തുന്നതെന്ന് സർക്കാരുത്തരവിൽ രേഖപ്പെടുത്തിയിരുന്നില്ല എന്നതാണ് വിചിത്രമായിട്ടുള്ളത്.
ബാരിസ്റ്റർ ജി പി പിള്ളമെമ്മോറിയലുകൾക്കുശേഷമാണ് സംഘടനകൾ രൂപീകരിക്കപ്പെടുന്നത്. എസ്എൻഡിപി യോഗം (1903), സാധുജന പരിപാലനസംഘം (1907), എൻഎസ്എസ് (1914), അരയമഹാജനസംഘം തുടങ്ങിയ സംഘടനകൾ രൂപീകൃതമാവുകയും തിരുവിതാംകൂറിന്റെ സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായി ഇവ മാറുകയും ചെയ്തു. ഓരോ ജാതിക്കകത്തും നിലനിന്നിരുന്ന ആചാരങ്ങൾ അനാചാരങ്ങളാണെന്ന് തിരിച്ചറിഞ്ഞ മധ്യവർഗ ബുദ്ധിജീവികളാണ് ഇത്തരത്തിൽ സംഘടനകളുണ്ടാക്കി പ്രക്ഷോഭത്തിന് ഇറങ്ങിയത്. അത്തരം പ്രക്ഷോഭങ്ങൾ പുരോഗമിച്ചപ്പോഴാണ് ഒരു പൊതു ഇടത്തിന്റെ (Public Sphere) ആവശ്യകത ബോധ്യപ്പെട്ടതും അതിനു തടസ്സമായി നിൽക്കുന്നത് ജാതിവിവേചനമാണെന്ന് തിരിച്ചറിഞ്ഞത്. അംഗബലത്തിൽ മുൻപന്തിയിലായിരുന്ന നായന്മാരും ഈഴവരും സ്ഥാനമാനങ്ങൾക്കുവേണ്ടി പരസ്പരം കലഹിച്ചപ്പോൾത്തന്നെ പുലയ സമുദായത്തിൽപ്പെട്ടവരെ അകറ്റിനിർത്തുന്നതിൽ യോജിക്കുകയും ചെയ്തു. മേലാളന്മാരുടെ വിവേചനപരമായ പെരുമാറ്റത്തിനെതിരെ പ്രത്യക്ഷസമരമാണ് കരണീയമെന്ന തിരിച്ചറിവിൽനിന്നാണ് അയ്യൻകാളി അവകാശ സമരത്തെ തെരുവിലേക്ക് ഇറിക്കിക്കൊണ്ടുവന്നത്. വില്ലുവണ്ടി സമരവും (1893) പഞ്ചമിസമരവും (1914) കല്ലുമാല സമരവും (1916) ഉച്ചക്കഞ്ഞി സമരവും (1917ൽ നിയമസഭയിൽ) ഫീസിളവുസമരവും (1918ൽ നിയമസഭയിൽ) ഭൂമി തിച്ചുകിട്ടുന്നതിനുവേണ്ടിയുള്ള സമരവും (1918ൽ നിയമസഭയിൽ) അയ്യൻകാളിക്ക് നടത്തേണ്ടിവന്നു. പുലയരുമൊത്ത് ചോറുണ്ട സഹോദരനയ്യപ്പനെ പുലയനയ്യപ്പനെന്ന് വിളിച്ചതും ഈഴവപ്രമാണിമാരായിരുന്നു. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള അയ്യൻകാളിയുടെ സമരവും സമത്വത്തിനുവേണ്ടിയുള്ള മേലാള ജാതിക്കാരുടെ സമരവും തമ്മിൽ വേർതിരിച്ചു കാണേണ്ടതുണ്ട്.
അയ്യൻകാളിഉദ്യോഗലബ്ധി, വഴിനടക്കൽ, ക്ഷേത്രപ്രവേശനം എന്നിത്യാദി കാര്യങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ മതപരിവർത്തനമെന്ന ചിന്തയിലേക്ക് ഈഴവസമുദായത്തിലെ ചില പ്രമുഖർ ചിന്തിക്കുന്നതും ഇക്കാലത്താണ്. മതപരിവർത്തനത്തിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ ഹിന്ദുമതത്തിനകത്തു നിന്നുകൊണ്ടുതന്നെ പ്രശ്നത്തിനു പരിഹാരം കണ്ടെത്തണമെന്ന് മറ്റൊരു കൂട്ടരും വാദിച്ചു. ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനുവേണ്ടിയായിരുന്നു 1924ൽ ശ്രീനാരായണഗുരു ആലുവയിൽ സർവമത സമ്മേളനം വിളിച്ചുചേർത്തത്. സമ്മേളനത്തിലെ സ്വാഗതപ്രസംഗകനായ സ്വാമി സത്യവ്രതൻ, ശാസ്ത്രജ്ഞൻ കണ്ടുപിടിക്കുന്ന ഗന്ധകാമ്ലത്തെ കച്ചവടച്ചരക്കാക്കുന്ന വ്യവസായിയെപ്പോലെയാണ് ആത്മീയാചാര്യന്മാർ കണ്ടെത്തുന്ന സിദ്ധാന്തങ്ങളെ വിറ്റ് കാശാക്കുന്ന മതവ്യവസായികളെന്ന് വിമർശിച്ചു.
പ്രശ്നത്തിന് പരിഹാരം കാണേണ്ടത് രാഷ്ട്രീയമായിട്ടാണെന്ന തിരിച്ചറിവിൽനിന്നാണ് ‘ദേശാഭിമാനി'യുടെ പത്രാധിപരും എസ്എൻഡിപി യോഗം നേതാവുമായിരുന്ന ടി കെ മാധവൻ മഹാത്മാഗാന്ധിയെക്കണ്ട് അയിത്തോച്ചാടനം കോൺഗ്രസിന്റെ പരിപാടിയാക്കി മാറ്റണമെന്ന് അഭ്യർഥിച്ചത്.
ടി കെ മാധവൻഅതിന്റെ ഫലമായിട്ടാണ് കെപിസിസിയുടെ നേതൃത്വത്തിൽ 1924ൽ വൈക്കം സത്യഗ്രഹം ആരംഭിച്ചത്. കോൺഗ്രസ് നേതാക്കളായിരുന്ന കെ പി കേശവമേനോൻ, കെ കേളപ്പൻ, കുറൂർ നമ്പൂതിരിപ്പാട്, കെ മാധവൻ നായർ, കൃഷ്ണസ്വാമി അയ്യർ തുടങ്ങിയവർ കേരളത്തിനകത്തുനിന്നും ഇ വി രാമസ്വാമി നായ്ക്കർ, ബാരിസ്റ്റർ ജോർജ് ജോസഫ്, അകാലികൾ എന്നിവർ വെളിയിൽനിന്നും വൈക്കം സമരത്തിൽ പങ്കാളികളായി.
സാമുദായിക സംഘടനകളുടെ കൈയിൽനിന്ന് സമരത്തിന്റെ നേതൃത്വം രാഷ്ട്രീയക്കാരുടെ കൈയിലേക്ക് മാറുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായിരുന്നു. മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരമാണ് സവർണർ അയിത്താചാരണത്തിനെതിരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചത്. ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള ഗുരുവായൂർ സത്യഗ്രഹത്തിനും നേതൃത്വം കൊടുത്തത് കെപിസിസിയായിരുന്നു. മെമ്മോറിയൽ സമർപ്പണത്തിനും കോഴഞ്ചേരി പ്രസംഗത്തിനുമിടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസം ഏതു പ്രശ്നത്തിനും പരിഹാരമുണ്ടാകേണ്ടത് രാഷ്ട്രീയമായിട്ടാണെന്ന തിരിച്ചറിവാണ്. എന്നാൽ, അക്കാലത്ത് തിരുവിതാംകൂറിൽ ശക്തമായ ഒരു രാഷ്ട്രീയകക്ഷിയില്ല. കോൺഗ്രസ് പ്രവർത്തകരുണ്ടായിരുന്നു. അത്തരമൊരു വിടവ് നികത്തുന്നതിനുവേണ്ടിയായിരുന്നു 1920ൽ തിരുവിതാംകൂർ രാഷ്ട്രീയ മഹാജനസഭ കൊല്ലത്തുവച്ച് രൂപീകരിച്ചത്.
ഡോ. വി വേലുക്കുട്ടി അരയൻപത്രാധിപരും തൊഴിലാളി സംഘടനാനേതാവുമായിരുന്ന ഡോ. വി വി വേലുക്കുട്ടി അരയനും മറ്റു ചില പത്രാധിപന്മാരും ചേർന്നാണ് സമ്മേളനം വിളിച്ചുചേർത്തത്. ടി എം വർഗീസ്, സി കേശവൻ തുടങ്ങിയ ചില യുവാക്കളും സമ്മേളനത്തിൽ ആദ്യവസാനക്കാരായി. തിരുവിതാംകൂറിൽ ഉത്തരവാദിത്വഭരണം സ്ഥാപിക്കണമെന്ന പ്രമേയം ആദ്യമായി പാസാക്കുന്നത് കൊല്ലം സമ്മേളനത്തിലായിരുന്നു. രണ്ടാമത്തെ സമ്മേളനം 1921ൽ തിരുവനന്തപുരത്ത് ചേർന്നു. ഈ സമ്മേളനത്തിന്റെ പരോക്ഷ ഫലമായിരുന്നു ആ വർഷം ഫീസ് വർധനയ്ക്കെതിരെ തിരുവനന്തപുരത്തെ വിദ്യാർഥികൾ പഠിപ്പുമുടക്കിയത്. ഭരണകൂടം സമരത്തെ നേരിട്ടത് മൃഗീയമായിട്ടായിരുന്നു. കുതിരപ്പട്ടാളത്തിന്റെ മർദനഫലമായി മൂന്നു വിദ്യാർഥികൾ മരണമടഞ്ഞു. എന്നാൽ, ഫീസ് വർധന പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായി. രാഷ്ട്രീയ സമരത്തിന്റെ ശക്തിയെന്താണെന്ന് തിരിച്ചറിയാൻ പൗരാവകാശ പ്രക്ഷോഭകർക്ക് അവസരമൊരുക്കിയ സംഭവമായിരുന്നു വിദ്യാർഥിസമരം.
യുവരാജാവായിരുന്നു ബാലരാമവർമ അധികാരമേൽക്കുന്നതിനു മുന്നോടിയായി ഒരു ഭരണപരിഷ്കാര നിർദേശം അവതരിപ്പിച്ചിരുന്നു. അതനുസരിച്ച് രണ്ടു മണ്ഡലങ്ങളുള്ള നിയമസഭ നിലവിൽ വരും. ശ്രീമൂലം പ്രജാ അസംബ്ലിയും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിലും. വോട്ടവകാശം നികുതിദായകർ (ഭൂനികുതിയും ആദായനികുതിയും), ബിരുദധാരികൾ എന്നിവർക്കു മാത്രമായിരിക്കും. ഉദ്യോഗസ്ഥ നിയമനം പഴയതുപോലെ തുടരും. ഈ നിർദേശം നടപ്പായാൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഈഴവർക്ക് നിയമസഭയിൽ അംഗത്വം നാമമാത്രമായിരിക്കും. മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കും അർഹതപ്പെട്ടത് ലഭിക്കുകയില്ല. ഭരണപരിഷ്കാര നിർദേശങ്ങൾക്കെതിരെ നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. അങ്ങനെയാണ് ഈഴവർ, ക്രൈസ്തവർ, മുസ്ലിങ്ങൾ എന്നിവർ ചേർന്ന് സംയുക്ത രാഷ്ട്രീയസമിതി രൂപീകരിച്ചതും നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചതും. ബഹിഷ്കരണത്തിനിട്ട പേരാണ് നിവർത്തനം. ഗാന്ധിജിയുടെ നിസ്സഹകരണ സമരമാണിതെന്ന തോന്നൽ പ്രത്യക്ഷത്തിൽ ഉണ്ടാകാതിരിക്കുന്നതിനുവേണ്ടിയാണ് നിവർത്തനം എന്ന പേര് സ്വീകരിച്ചത്.
ചിത്തിര തിരുനാൾ ബാലരാമ വര്‍മയുവരാജാവിന്റെ ട്യൂട്ടറായി കൊട്ടാരത്തിലെത്തിയ നിയമപണ്ഡിതനായ സർ സി പി രാമസ്വാമി അയ്യർ ബാലരാമവർമ അധികാരമേറ്റശേഷം രാഷ്ട്രീയ ഉപദേഷ്ടാവായി. ദുർബലനായ ദിവാൻ ഹബീബുള്ളയെ അധികാരക്കസേരയിലിരുത്തി ഭരണയന്ത്രത്തെ നിയന്ത്രിച്ചിരുന്നത് സർ സി പി ആയിരുന്നു. മാതൃവാത്സല്യത്താൽ വിധേയനായ മഹാരാജാവിലും മാതാവിലും നിസ്സീമമായ സ്വാധീനമുള്ളവനായി സർ സി പി വളർന്നു. അതിനോടുള്ള അമർഷമാണ് കോഴഞ്ചേരി പ്രസംഗത്തിൽ സി കേശവൻ പ്രകടിപ്പിക്കുന്നത്. ജന്തു എന്ന വിശേഷണമാണ് സി പിക്ക് നൽകിയത്. അതിന് ഹിന്ദുവാണെന്നാണ് അദ്ദേഹം അർഥമാക്കിയതെന്ന് ചിലർ ന്യായീകരണമായി പറയുന്നുണ്ട്. ഇംഗ്ലീഷ് അറിയുന്നവർക്കേ അന്ന് അത് മനസ്സിലാകുമായിരുന്നുള്ളൂ. ആദ്യകാലത്തെ ഇംഗ്ലീഷ് ഓറിയന്റലിസ്റ്റ് പണ്ഡിതന്മാർ ‘ഹിന്ദു' എന്ന പദത്തിന് ‘ജന്തു' (Gentoo) എന്നാണ് പറഞ്ഞിരുന്നത്. ജന്തുവെന്ന് മലയാളത്തിൽ പറയുമ്പോൾ അർഥം മാറുമല്ലോ. സർ. സി പി തിരുവിതാംകൂറിന്റെ ശാപമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഭരണാധികാരം കുത്തകയാക്കിയിരിക്കുന്ന പട്ടർ, നായർ, ചെട്ടി എന്നിവരെ പ്രസംഗത്തിൽ വിമർശിക്കുന്നു. ഏറ്റവും കടുത്ത ഭാഷാപ്രയോഗം നടത്തിയിരിക്കുന്നത് എൻഎസ്എസിന് എതിരെയാണ്. കോഴഞ്ചേരി സമ്മേളനത്തിനു തൊട്ടുമുമ്പ് എൻഎസ്എസിന്റെ സമ്മേളനം കോട്ടയത്ത് ചേർന്ന് ഐക്യകേരള പ്രമേയം പാസാക്കി. ആ പ്രമേയത്തെ കേശവൻ രൂക്ഷമായി വിമർശിക്കുന്നു. തിരുവിതാംകൂറിലെ ജനങ്ങളുടെ ഐക്യം ഉറപ്പിക്കാൻ കഴിയാത്ത എൻഎസ്എസിന് എങ്ങനെയാണ് കേരളത്തിന്റെ ഐക്യം സ്ഥാപിക്കാൻ കഴിയുക. എന്നുമാത്രമല്ല, നായർ മേധാവിത്വം കേരളമാകെ സ്ഥാപിക്കാനുള്ള ഗൂഢനീക്കമാണ് പ്രമേയത്തിന്റെ പിന്നിലെന്ന് വിമർശിച്ചു. പ്രായപൂർത്തി വോട്ടവകാശം അനുവദിക്കണമെന്ന് സംയുക്ത രാഷ്ട്രീയസമിതിയുടെ ആവശ്യം എൻഎസ്എസ് അംഗീകരിക്കാത്തതും ദുരുദ്ദേശ്യപരമാണെന്ന് കേശവൻ വിമർശിച്ചു.
പ്രസംഗത്തിൽ ശക്തിയായി ആവശ്യപ്പെടുന്ന കാര്യം ഉത്തരവാദിത്വ ഭരണമാണ്. രാജഭരണത്തിൻ കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയും സഭയോട് ഉത്തരവാദിത്വമുള്ള മന്ത്രിസഭയുമെന്ന സംവിധാനത്തെയാണ് അന്ന് ഉത്തരവാദിത്വ ഭരണമെന്ന് അർഥമാക്കിയിരുന്നത്. അത്തരമൊരു ഭരണം വന്നാൽ ദിവാന്റെ അധികാരം നാമമാത്രമാകും. അന്നത്തെ ദിവാൻ ഹബീബുള്ള ദുർബലനായിരുന്നെങ്കിലും ദിവാനാകാൻ സാധ്യതയുള്ള സർ സി പി ഈ ആവശ്യത്തെ ശക്തമായി എതിർത്തു. പട്ടരും നായരും ചെട്ടിയും ചേർന്നുള്ള ഭരണമെന്നാണ് തിരുവിതാംകൂർ ഭരണത്തെ കേശവൻ വിശേഷിപ്പിച്ചത്. നിയമസഭയിലും ഉദ്യോഗങ്ങളിലും ജനസംഖ്യാനുപാതികമായ സംവരണം പിന്നാക്ക ജാതിക്കാർക്ക് വേണമെന്ന ആവശ്യവും ശക്തമായി ഉന്നയിച്ചു. ബ്രിട്ടീഷിന്ത്യയിൽ 1909ലെ മിന്റോ മോർലി പരിഷ്കാരംമുതൽ സംവരണം നടപ്പാക്കിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സോവിയറ്റ് യൂണിയനും അയർലൻഡും സ്വാതന്ത്ര്യം നേടിയ കാര്യവും അതിൽനിന്ന് വ്യത്യസ്തമാണ് തിരുവിതാംകൂറിലെ സമരമെന്നും അദ്ദേഹം പറയുന്നുണ്ട്. ഇരുൾ പരക്കുന്ന സന്ധ്യാനേരത്താണ് തന്റെ പ്രസംഗമെങ്കിലും ഇരുട്ടുമാറുമ്പോൾ വെളിച്ചം കിട്ടുമെന്നും പ്രസ്‌താവിച്ചു.
സാമുദായിക മൈത്രി തകരുന്ന വിധത്തിലും ഭരണകൂടത്തെ വിമർശിച്ചും പ്രസംഗിച്ചതിനാൽ രാജ്യദ്രോഹക്കുറ്റം ചുമത്തി സി കേശവനെതിരെ കൊല്ലം ജില്ലാ മജിസ്ട്രേട്ട് കേസെടുത്തു. രണ്ടു വർഷത്തെ കഠിനതടവിനും അഞ്ഞൂറു രൂപ പിഴയടയ്‌ക്കാനുമായിരുന്നു ശിക്ഷ. സി കേശവൻ ജയിലിലായെങ്കിലും സംസ്ഥാനം പ്രക്ഷുബ്ധമായി. അഖിലേന്ത്യ തലത്തിലും രാഷ്ട്രീയം മാറുന്ന ഘട്ടമായിരുന്നു അത്. അതിനാൽ, പ്രക്ഷോഭകാരികളുടെ ആവശ്യങ്ങൾ ഭാഗികമായി അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായി. രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന സർ. സി പി 1936ൽ ദിവാനായി നിയമിക്കപ്പെട്ടു. അതിനുമുമ്പുതന്നെ ഉദ്യോഗസ്ഥ നിയമനങ്ങളിൽ 35 ശതമാനം സംവരണം ഏർപ്പെടുത്തി. ഇക്കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കാൻ തിരുവിതാംകൂർ പബ്ലിക് സർവീസ് കമീഷണറെ 1935ൽ നിയമിച്ചു. അടുത്ത വർഷം പബ്ലിക് സർവീസ് കമീഷൻ നിലവിൽ വന്നു. തിരുവിതാംകൂർ നായർ ഫോഴ്സിന്റെ പേര് സ്റ്റേറ്റ് ഫോഴ്സ് എന്നാക്കി മാറ്റി.
എല്ലാ ജാതി, മത വിഭാഗക്കാർക്കും നിയമനം നൽകുന്നതിന് വ്യവസ്ഥയുണ്ടാക്കി. ഈഴവരുടെ ചിരകാല കാമിത സുന്ദരസ്വപ്നമായിരുന്ന ക്ഷേത്രപ്രവേശനം 1936 നവംബർ 12ന് അനുവദിക്കപ്പെട്ടു. അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു. ഭരണകൂടത്തിനെതിരായി തിരിഞ്ഞ ഈഴവ, ക്രൈസ്തവ, മുസ്ലിം മുന്നണിയിൽനിന്ന് ഈഴവരെ അടർത്തിമാറ്റി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം സി പി പയറ്റിയത് ക്ഷേത്രത്തെ പരിചയാക്കിയാണ്. ആ തന്ത്രം വിജയിച്ചു. ബ്രാഹ്മണമേധാവിത്വവും നായർ മേധാവിത്വവും കൊടികുത്തി വാണിരുന്ന ക്ഷേത്രങ്ങൾക്കകത്തേക്ക് അംഗബലത്തിൽ ഒന്നാമതായിരുന്ന ഈഴവരെ കയറ്റി ക്ഷേത്രാചാരങ്ങൾ അവരെക്കൊണ്ട് അംഗീകരിപ്പിച്ചു. അത്തരത്തിൽ തിരുവിതാംകൂറിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും ക്ഷേത്രാരാധനയെന്ന അദൃശ്യമായ ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ടു. ഇനി അവശേഷിക്കുന്നത് മേൽശാന്തി ആരാകണമെന്ന കാര്യം മാത്രമാണ്.
കോഴഞ്ചേരി പ്രസംഗവും സി കേശവന് നൽകിയ ശിക്ഷയും തിരുവിതാംകൂറിലെ രാഷ്ട്രീയ പരിണാമത്തിന്റെ വേഗം വർധിപ്പിച്ചു. സംയുക്ത രാഷ്ട്രീയസമിതി സ്റ്റേറ്റ് കോൺഗ്രസായി പരിവർത്തനം ചെയ്തു. അതിനകത്ത് സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും പ്രവർത്തനം തുടങ്ങി. പണിമുടക്കുകളുടെ വേലിയേറ്റംതന്നെയുണ്ടായി. നെയ്യാറ്റിൻകരയിലും ആറ്റിങ്ങലിലും ഉണ്ടായ വെടിവയ്പുകൾ (1938), വട്ടിയൂർക്കാവ് സമരം, ആലപ്പുഴയിലെ തൊഴിലാളി പണിമുടക്ക് (1939), കല്ലറ–- പാങ്ങോട് സമരങ്ങൾ, വിദ്യാർഥി സമരങ്ങൾ ഇവയെല്ലാം രാഷ്ട്രീയ പരിണാമത്തിന്റെ നാഴികക്കല്ലുകളായിരുന്നു.
ജാതി, മത സംഘടനകൾ ചേർന്ന് രൂപീകരിച്ച രാഷ്ട്രീയസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ രാജഭരണത്തിൻകീഴിൽ അവകാശങ്ങൾ നേടിയെടുക്കാൻ അനിവാര്യമായിരുന്നു. എന്നാൽ, ഭരണഘടന നിലവിൽ വന്നശേഷം ജാതിക്കും മതത്തിനും അതീതമായി കർഷകരും തൊഴിലാളികളുംകൂടി പൊരുതി നേടിയ വിജയത്തിന്റെ ഫലമായി നിലവിൽവന്ന മന്ത്രിസഭയെ 1959ൽ പിരിച്ചുവിടുന്നതിനുവേണ്ടിയുള്ള സമരത്തിന് നേതൃത്വം കൊടുത്തത് ജാതി, മത സംഘടനകൾ ആയിരുന്നു. മത, സാമുദായിക സംഘടനകളുടെ രാഷ്ട്രീയവൽക്കരണമാണ് നിവർത്തന പ്രക്ഷോഭത്തിൽ കാണുന്നത്. നാടുവാഴി ഭരണത്തിൻകീഴിൽ അത് പുരോഗമനപരവും ജനായത്തഭരണത്തിൻ കീഴിൽ കാൽനൂറ്റാണ്ടിനുശേഷം അത് പ്രതിലോമകരവുമാണ്. രാഷ്ട്രീയ കക്ഷികളുടെ സാമുദായികവൽക്കരണമാണ് അതിന്റെ ഫലമായിട്ടുണ്ടായത്.















