ad
Deshabhimani

Articles

ഗ്രാംഷിയൻ വഴിയിലെ പ്രതിഭ

ഗ്രാംഷിയൻ വഴിയിലെ പ്രതിഭ

Dr K N Panikkar
avatar
പ്രൊഫ. വി കാർത്തികേയൻ നായർ

Published on Mar 10, 2026, 02:27 AM | 2 min read

‘ചോദ്യം ചെയ്യണമോ ചെയ്യാതിരിക്കണമോ എന്നതാണ് ചോദ്യം’ എന്ന് പ്രൊഫ. റൊമില ഥാപ്പർ തന്റെ ശ്രദ്ധേയമായ ഒരു കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (The Public Intellectuals in India Romila Thaper Aleph New Delhi 2015). ഈ ചോദ്യം സ്വയം ചോദിക്കുകയും മറ്റുള്ളവരെക്കൊണ്ട് ചോദിപ്പിക്കുകയും ചെയ്‌ത ബുദ്ധിജീവിയാണ് പ്രൊഫ. കെ എൻ പണിക്കർ. നാലുപതിറ്റാണ്ടുകാലം അദ്ദേഹം ഈ ദൗത്യം നിർവഹിച്ചു. അതിനുമുമ്പത്തെ രണ്ടുപതിറ്റാണ്ടുകാലം തന്റെ കർമകാണ്ഡം ബലിഷ്ഠമാക്കുന്നതിനുള്ള കളരിയിൽ വിദ്യകളഭ്യസിക്കുകയും കരുക്കൾ തേടിപ്പിടിക്കുകയുമായിരുന്നു അദ്ദേഹം.


പാലക്കാട്ടെ വിക്ടോറിയ കോളേജിലെ പഠനകാലത്ത് ആകർഷിക്കപ്പെട്ട ഇടതുപക്ഷരാഷ്ട്രീയ ദർശനത്തിന്റെ പ്രയോക്താവാകുന്നതിനുവേണ്ടി നിയമബിരുദമെടുത്ത് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനാകണം എന്നതായിരുന്നു മോഹം. എന്നാൽ, മനസ്സില്ലാമനസ്സോടെ ജ്യേഷ്ഠനോടൊപ്പം രാജസ്ഥാൻ സർവകലാശാലയിൽ ചരിത്രപഠനത്തിന് എത്തിയതോടെ തന്റെ യഥാർഥ കർമപഥമേതെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.


ആ വെളിപാടായിരുന്നു ചരിത്രം ഒരു സമരപഥമാണെന്ന തിരിച്ചറിവ്. മറ്റേതൊരു ജ്ഞാനമേഖലയിൽ വ്യാപരിക്കുന്നവരെയുമെന്നപോലെ പണിക്കരും തെരഞ്ഞെടുത്തത് മാർക്സിസം എന്ന അപഗ്രഥന ഉപകരണത്തെയാണ്. ‘‘തനതു ചിന്തയ്ക്ക് പകരംവയ്‌ക്കാനുള്ള ഒന്നല്ല മാർക്സിസം. അതൊരു അപഗ്രഥന ഉപകരണമാണ്’’ എന്ന ഡി ഡി കൊസാംബിയുടെ നിരീക്ഷണം ഉൾക്കൊണ്ട് ചരിത്രപഠനത്തിനും ഗവേഷണത്തിനും മുതിർന്ന വിദ്യാർഥിയായിരുന്നു അദ്ദേഹം.


ഗ്രാംഷിയെ ആശ്ലേഷിച്ച ഇന്ത്യാ ചരിത്രകാരന്മാരിൽ പ്രമുഖനാണ് പ്രൊഫ. പണിക്കർ. മാർക്സിസവും ഗ്രാംഷിയൻ ചിന്തയുമാണ് അദ്ദേഹത്തിന്റെ ആയുധങ്ങൾ. സാമൂഹിക ശാസ്ത്രപഠനത്തിൽ മാർക്സിന്റെ ഏറ്റവും ശ്രദ്ധേയമായ സങ്കൽപ്പനമാണ് അടിത്തറയും ആരൂഢവുമെന്നത് (Base and Superstructure).


മാർക്സ് തന്റെ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയപ്പോൾ അബോധപൂർവമാണോയെന്നറിയില്ല രണ്ടു പ്രമുഖ മേഖലകളിലെ പദസമ്പത്ത് സ്വീകരിച്ചതായി കാണാം. ഭരണചക്രം തിരിക്കുന്നവരുടെ പട്ടുവസ്ത്രങ്ങളുടെ പളപളപ്പല്ല, പാടത്ത്‌ പണിയെടുക്കുന്നവന്റെ വിയർപ്പുതുള്ളികളുടെ ഉപ്പുരസമാണ് ചരിത്രഗവേഷണത്തിന്റെ വിഷയമാകേണ്ടതെന്ന തിരിച്ചറിവാണ് ഗ്രാംഷി സമ്മാനിച്ചത്. അതോടൊപ്പംതന്നെ മനുഷ്യചിന്തയുടെയും ചിന്തിക്കുന്ന മനുഷ്യരുടെയും ചരിത്രവും പഠനവിഷയങ്ങളായി.


സാർവദേശീയമായി ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിമോചനപോരാട്ടങ്ങളും വിയത്‌നാം യുദ്ധവും ദേശീയമായി നക്സലൈറ്റ് പ്രസ്ഥാനവും തൊഴിലാളി പണിമുടക്കുകളും ചർച്ചാവിഷയമായിരിക്കുന്ന സന്ദർഭത്തിലാണ് പണിക്കർ രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ അധ്യാപകനായി ചേരുന്നത്.


ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലും ഇന്ത്യൻ ചരിത്രകോൺഗ്രസും പണിക്കരെപ്പോലെ ചിന്തിക്കുന്ന ചരിത്രകാരന്മാരുടെ സംഗമഭൂമിയായി. ക്ലാസ്‌മുറികളിലും അക്കാദമിക് വേദികളിലും വാഗ്ധോരണികൊണ്ട് ശ്രോതാക്കളെ മുഗ്ധരാക്കിയിരുന്ന ഇവർ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയെന്ന ജനാധിപത്യധ്വംസനത്തെ പരസ്യമായി എതിർക്കാനും മടികാട്ടിയില്ല. ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കുംവേണ്ടി പോരാടുന്നതിൽ ഈ ചരിത്രകാരന്മാർ നേതൃപരമായ പങ്കാണ് വഹിച്ചത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home