ad
Deshabhimani

Articles

കലുഷിതകാലത്തിന്റെ രേഖകൾ

കലുഷിതകാലത്തിന്റെ രേഖകൾ

Dr K N Panikkar
avatar
എം അഖിൽ

Published on Mar 09, 2026, 11:20 PM | 2 min read

‘ഇരുട്ട്‌ വീഴുന്നതിനുമുമ്പ്: ഇന്ത്യയിൽ ഫാസിസത്തിന്റെ ദുസ്സൂചനകൾ’– 2002ൽ പുറത്തിറങ്ങിയ പ്രൊഫ. കെ എൻ പണിക്കരുടെ ലേഖനസമാഹാരത്തിന്റെ ശീർഷകം ഇതായിരുന്നു. അദ്ദേഹം വിടവാങ്ങുന്പോൾ സംഘപരിവാർ ഫാസിസ്റ്റ്‌ അജൻഡയുടെ അടിവേരുകൾ രാഷ്ട്രത്തിന്റെ ത്വക്കും മാംസവും അസ്ഥിയും മജ്ജയും വരിഞ്ഞുമുറുക്കിയിരിക്കുന്നു. സംഘപരിവാറിന്റെ തീവ്ര വിദ്വേഷരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായിരുന്നു പ്രൊഫ. കെ എൻ പണിക്കർ.


​ഏതെല്ലാം രീതിയിൽ വെറുപ്പിന്റെ രാഷ്ട്രീയം പൊതുസമൂഹത്തിൽ വിഷം കലർത്തുന്നുവെന്ന്‌ അദ്ദേഹത്തിന്റെ ചരിത്രവ്യാഖ്യാനങ്ങൾ ബോധ്യപ്പെടുത്തി. ഹിന്ദുരാഷ്ട്രനിർമിതി ലക്ഷ്യമിട്ട്‌ ചരിത്രത്തെ വളച്ചൊടിക്കാനും മാറ്റിയെഴുതാനുമുള്ള നീക്കങ്ങളെക്കുറിച്ച്‌ എല്ലാ വേദികളിലും അഭിമുഖങ്ങളിലും ശക്തമായ മുന്നറിയിപ്പ്‌ നൽകി. വർഗീയവീക്ഷണങ്ങളിലൂടെയുള്ള കൊളോണിയൽ ചരിത്രപാഠങ്ങളിലെ വാർപ്പുമാതൃകകൾ പുതിയ കാലത്ത്‌ സംഘപരിവാറിന്റെ മൂർച്ചയുള്ള ആയുധങ്ങളായി മാറുന്നത്‌ ചൂണ്ടിക്കാട്ടി. പറ്റിയ വീഴ്‌ച തിരുത്താനും പുതിയ പ്രതിരോധമാർഗം അവലംബിച്ച്‌ നവഫാസിസത്തെ ചെറുക്കാനും നിരന്തരം ഉദ്‌ബോധിപ്പിച്ചു.


​​‘ഹിന്ദുത്വ’ ആശയഗതിയുടെ ഉത്ഭവം, വളർച്ച, വ്യാപനം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ വ്യാഖ്യാനങ്ങൾ കലുഷിതമായ കാലഘട്ടത്തിന്റെ ചരിത്രകാരനെന്ന നിലയിൽ ഉത്തരവാദിത്വമായി പണിക്കർ ഏറ്റെടുത്തു. ഹിന്ദുക്കളിൽ അടിച്ചേൽപ്പിച്ച പുതിയ രീതിയിലുള്ള സ്വത്വബോധമാണ്‌ ‘ഹിന്ദുത്വ’യെന്ന്‌ നിരീക്ഷിച്ചു. വ്യക്തിയുടെയോ സമൂഹത്തിന്റെയോ ഉള്ളിൽനിന്ന്‌ സ്വാഭാവികമായി ഉരുത്തിരിയേണ്ടതാണ്‌ സ്വത്വബോധം. എന്നാൽ‍ ‘ഹിന്ദുത്വ’ബോധം പുറമേനിന്ന്‌ അടിച്ചേൽപ്പിച്ചതാണ്‌. ഹിന്ദുത്വ ആശയഗതിയെ രാജ്യസ്‌നേഹവുമായി വിളക്കിച്ചേർത്ത സംഘപരിവാറിന്റെ രാഷ്ട്രീയരഥം ഒരുപതിറ്റാണ്ടിനുശേഷം ഡൽഹിയിലേക്ക്‌ നടത്തിയ തേരോട്ടത്തെ കൃത്യമായി മുന്നിൽക്കാണുന്നതായിരുന്നു ഇ‍ൗ നിരീക്ഷണങ്ങൾ.


​എല്ലാം തികഞ്ഞ ‘നമ്മുടെ മതത്തിന്റെ’ ഉപോൽപ്പന്നം മാത്രമാണ്‌ രാജ്യത്തിന്റെ സംസ്‌കാരമെന്ന ധാരണയ്‌ക്ക്‌ പൊതുസ്വീകാര്യത ഉണ്ടാക്കാനാണ്‌ സംഘപരിവാർ യത്നിക്കുന്നതെന്നും കെ എൻ പണിക്കർ പിന്നീട്‌ വിലയിരുത്തി. ‘സംസ്‌കാരം’ എന്ന സംജ്ഞയാൽ സംഘപരിവാർ ഉദ്ദേശിക്കുന്നത്‌ ‘ഹിന്ദുമതസംസ്‌കാരം’ മാത്രമാണ്‌. ഹിന്ദുസാംസ്‌കാരികബോധത്തെ ദേശീയതയുമായി കൂട്ടിയിണക്കി അവർ സ്വന്തം സാംസ്‌കാരികദേശീയത സൃഷ്ടിച്ചു. ഹിന്ദുമതബോധത്തിൽമാത്രം അധിഷ്‌ഠിതമായ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള അതിവിശാലപദ്ധതിയുടെ ബ്ലൂപ്രിന്റായിരുന്നു സംഘപരിവാറിന്റെ സാംസ്‌കാരിക ദേശീയത.


​‘ഹിന്ദുരാഷ്ട്രം’ യാഥാർഥ്യമാക്കാൻ രാജ്യത്തെ സാധാരണക്കാരുടെ യഥാർഥ സാംസ്‌കാരികജീവിതം മതപരമായ ദിശകളിലേക്ക്‌ വഴിതിരിച്ചുവിടേണ്ട ആവശ്യമുണ്ട്‌. ഇ‍ൗ ലക്ഷ്യം മുന്നിൽ നിർത്തി ജനങ്ങളുടെ ഭക്ഷണശീലം, വസ്‌ ത്രധാരണം, ഭാഷാ ഉപയോഗം, സാമൂഹ്യാചാരങ്ങൾ തുടങ്ങിയ ദൈനംദിന ഇടപാടുകൾപോലും ഹിന്ദുമതസ്വഭാവത്തിന്‌ അനുസരിച്ച്‌ ചിട്ടപ്പെടുത്താൻ ആസൂത്രിതമായ നീക്കങ്ങളുണ്ടായി. ദളിതരിലും ആദിവാസികളിലുംവരെ ‘ഹിന്ദുത്വബോധം’ ഉണർത്തി പരന്പരാഗത ആചാരരീതികളും വിശ്വാസപ്രമാണങ്ങളും തിരുത്തിച്ചു. ഇ‍ൗ രീതിയിൽ ഹിന്ദുത്വശക്തികൾ പലവ‍ഴികളിലൂടെ വരുന്പോൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ മതനിരപേക്ഷശക്തികൾ പരാജയപ്പെട്ടതായും ‘ദേശീയതയുടെ പേരിൽ’ എന്ന ലേഖനത്തിൽ കെ എൻ പണിക്കർ വിമർശിച്ചു.


​നിലവിലുള്ള ചരിത്രത്തെ തച്ചുതകർത്ത്‌ ധൂളിയാക്കാനും ഭാവനാത്മകചരിത്രത്തിന്‌ മേധാവിത്വം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളുടെ ഏറ്റവും ശക്തമായ ഉദാഹരണമാണ്‌ ബാബ്‌റി മസ്‌ജിദ്‌ ധ്വംസനമെന്ന്‌ പണിക്കർ ച‍ൂണ്ടിക്കാണിച്ചു. ജനാധിപത്യത്തിന്റെ അടിത്തറയായ രാഷ്ട്രീയ, സാമൂഹ്യ പൊതുസമ്മതി തകർത്ത ഏറ്റവും ദ‍ൗർഭാഗ്യകരമായ സംഭവമായിരുന്നു ബാബ്‌റി മസ്‌ജിദ്‌ ധ്വംസനം. ജനാധിപത്യത്തിന്റെ പ്രസക്തി, നിഷ്‌പക്ഷത തുടങ്ങിയ കാര്യങ്ങളിൽ ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉടലെടുത്തു. മുസ്ലിങ്ങളെ അപരവൽക്കരിച്ച്‌ ഹിന്ദുക്കളെ ഏകീകരിക്കുകയെന്ന ദീർഘകാലതന്ത്രത്തിന്റെ ഭാഗമായുള്ള തീവ്രവിദ്വേഷപ്രചാരണത്തിന്റെയും ‘ശിലാപൂജ’, ‘രഥയാത്ര’ തുടങ്ങിയ പ്രതീകാത്മകനടപടികളുടെയും ക്ലൈമാക്‌സായിരുന്നു 1992 ഡിസംബർ ആറിന്‌ നടന്നത്‌. ചരിത്രത്തെയും വർത്തമാനത്തെയും ഭാവിയെയും ഒറ്റുകൊടുക്കുന്ന രീതിയിൽ കോൺഗ്രസ്‌ സർക്കാർ അതിന്‌ കൂട്ടുനിന്നത്‌ രാജ്യത്ത്‌ വർഗീയശക്തികളുടെ വേരോട്ടം ശക്തമാക്കിയെന്ന്‌ 2017ലെ ലേഖനത്തിൽ അദ്ദേഹം നിരീക്ഷിച്ചു.


​മതനിരപേക്ഷതയെന്ന സങ്കൽപ്പത്തിന്റെ യഥാർഥ സാരം ഉൾക്കൊള്ളാൻ ഇന്ത്യൻ സമൂഹമോ മാറി മാറി വന്ന സർക്കാരുകളോ തയ്യാറാകാത്തത്‌ തീവ്രഹിന്ദുത്വമേധാവിത്വത്തിന്‌ വലിയ സഹായമായിട്ടുണ്ടെന്ന ഏറെ പ്രസക്തമായ നിരീക്ഷണവും നടത്തിയിട്ടുണ്ട്‌. താൻ ഇടപെട്ട എല്ലാ മേഖലകളിലും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കെ എൻ പണിക്കരുടെ സ്‌മരണ തീവ്രഹിന്ദുത്വശക്തികൾക്ക്‌ എതിരായ ഭാവിപോരാട്ടങ്ങൾക്ക്‌ ഉ‍ൗർജമാകും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home