പെറുവിൽ വീണ്ടും ഫുജിമോറിസ്മോ


വി ബി പരമേശ്വരൻ
Published on Jun 15, 2026, 10:59 PM | 3 min read
കേരളത്തോളം ജനസംഖ്യയുള്ള രാജ്യമാണ് തെക്കേ അമേരിക്കയിലെ മൂന്നാമത്തെ (ബ്രസീലും അർജന്റീനയും കഴിഞ്ഞാൽ) വലിയ രാജ്യമായ പെറു. ഇൻക സംസ്കാരത്തിന്റെ കളിത്തൊട്ടിലായി അറിയപ്പെടുന്ന ഈ രാജ്യം ഇന്ന് കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. ഏപ്രിൽ 12നും ജൂൺ ഏഴിനുമായി, ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് നടന്നെങ്കിലും ആർക്കാണ് അന്തിമവിജയമെന്ന് പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. 98.27 ശതമാനം വോട്ട് എണ്ണിയപ്പോൾ തീവ്രവലതുപക്ഷ പോപ്പുലർ ഫോഴ്സ് കക്ഷിയുടെ നേതാവും മുൻ സ്വേച്ഛാധിപതി ആൽബർട്ടോ ഫുജിമോറിയുടെ മകളുമായ കെയ്‌കോ ഫുജിമോറി 50.004 ശതമാനം വോട്ട് നേടി മുന്നിലാണ്. ഫുജിമോറിയെ എതിർക്കുന്ന ഇടതുപക്ഷസ്വഭാവമുള്ള റോബർട്ടോ സാഞ്ചസിന് 49.996 ശതമാനം വോട്ട് ലഭിച്ചു. ഇരുവരും തമ്മിലുള്ള വ്യത്യാസം വെറും 18,478 വോട്ടിനുമാത്രമാണ്. അതുകൊണ്ട് റീകൗണ്ട് നടത്തണമെന്ന് സാഞ്ചസ് ആവശ്യപ്പെട്ടു. എന്നാൽ, ചെറിയ വോട്ടിനെങ്കിലും മുന്നിലായതിനാൽ റീകൗണ്ട് വേണ്ടെന്ന് കെയ്കോയും വാദിക്കുന്നു. തെരഞ്ഞെടുപ്പ് അതോറിറ്റിയും റീകൗണ്ടിങ് എന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ മൂന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പിലായി മത്സരിക്കുന്ന കെയ്കോയ്‌ക്ക് മൂന്നിലും പരാജയത്തിന്റെ കയ്‌പ് കടിച്ചിറക്കേണ്ടിവന്നു. 2011ലെ തെരഞ്ഞെടുപ്പിൽ ഫ്രീ പെറു എന്ന ഇടതുസ്വഭാവമുള്ള പ്രസ്ഥാനത്തിന്റെ നേതാവായ പെദ്രോ കാസ്തിയ്യോയോട് 44,000 വോട്ടിനാണ് കെയ്കോ പരാജയപ്പെട്ടത്. അതിനാൽ ഇക്കുറി വിജയിച്ചേ തീരൂ എന്ന വാശിയിലാണ് കെയ്കോ. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉൾപ്പെടെ പിന്തുണയും കെയ്‌കോയ്‌ക്കുണ്ട്. ഇടതുപക്ഷസ്വഭാവമുള്ളവർ അധികാരത്തിൽ വരുന്നത് തടയുക എന്നത് ട്രംപിന്റെ പ്രഖ്യാപിത പദ്ധതിയുമാണ്. ചിലിയിലും ഹോണ്ടുറാസിലും അമേരിക്കയുടെ പരസ്യമായ ഇടപെടൽ കണ്ടതാണ്. ലാറ്റിനമേരിക്കയിൽ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വരുന്നത് തടയുക എന്നത് ഡോൺറോ (ഡോണൾഡ് ട്രംപിന്റെ മൺറോ സിദ്ധാന്തം) സിദ്ധാന്തത്തിന്റെ അടിസ്ഥാനവുമാണ്. എന്നാൽ, തർക്കത്തിലൂടെ നേടുന്ന വിജയം രാഷ്ട്രീയപ്രതിസന്ധി മൂർച്ഛിപ്പിക്കാനേ സഹായിക്കൂ.
പത്തുവർഷത്തിനിടെ അധികാരമേൽക്കുന്ന ഒമ്പതാമത്തെ പ്രസിഡന്റായിരിക്കും അധികാരത്തിൽ വരാൻ പോകുന്നത്. അധികാരമേറിയ എട്ടുപേരിൽ മൂന്നുപേർമാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടവർ. എൺപത്തിമൂന്നുകാരനായ ജോസ് മരിയ ബാൽകാസറാണ് ഇപ്പോഴത്തെ പ്രസിഡന്റ്. ശിശുവിവാഹത്തെപ്പോലും പിന്തുണയ്‌ക്കുന്ന പിന്തിരിപ്പൻ ശക്തികളുടെ വക്താവാണ് ബാൽകാസർ. ആൻഡിയൻ ജനതയുടെ നേതാവായ പെദ്രോ കാസ്തിയ്യോ പാർലമെന്റ് പിരിച്ചുവിടാൻ നടത്തിയ നീക്കമാണ് അദ്ദേഹത്തെ ഇരുമ്പഴിക്കുള്ളിലാക്കിയത്. 11 വർഷവും അഞ്ചുമാസവും തടവുശിക്ഷയാണ് കാസ്തിയ്യോക്ക് ലഭിച്ചത്.
ആൻഡിയൻ ജനങ്ങളുടെ നേതാവായ കാസ്തിയ്യോയെ ജയിൽമുക്തനാക്കുമെന്ന് വാഗ്ദാനം നൽകിയാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ വ്യാപാര-–ടൂറിസം മന്ത്രിയായിരുന്ന സാഞ്ചസ് വോട്ട് തേടിയത്. ഇൻക സംസ്കാരത്തിന്റെ കേന്ദ്രഭൂമിയായ കുസ്കോ, പുനോ, അയാകുച്ചോ തുടങ്ങിയ ആൻഡീസ് പർവതമേഖലയിലെ ഗ്രാമീണരാണ് കാസ്തിയ്യോയെ പിന്തുണച്ചത്. അദ്ദേഹത്തെ ജയിലിലിട്ടത് വലതുപക്ഷ ഗൂഢാലോചനയാണെന്ന വാദമുയർത്തി ഈ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാൻ സാഞ്ചസിന് ഒരുപരിധിവരെ കഴിഞ്ഞു. സമൂഹത്തിലെ സമ്പന്നരും പ്രമാണിമാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്നാണ് കാസ്തിയ്യോയെ അട്ടിമറിച്ചതെന്നാണ് സാഞ്ചസിന്റെ വാദം.
പ്രചാരണവേളയിൽ ഉടനീളം, ജയിലിൽവച്ച് കാസ്തിയ്യോ സമ്മാനിച്ച പ്രത്യേകതരം ആൻഡിയൻ തൊപ്പി സാഞ്ചസ് അണിഞ്ഞിരുന്നു. സൈക്കോതെറാപ്പിസ്റ്റായ സാഞ്ചസ് "ജനങ്ങളുടെ ഡോക്ടർ’ എന്നാണ് അറിയപ്പെടുന്നത്. ഒരു ബാർബറുടെയും അലക്കുതൊഴിലാളിയുടെയും മകനായി ജനിച്ച സാഞ്ചസ്, ചെറുപ്പത്തിൽത്തന്നെ ലിബറേഷൻ തിയോളജിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. എയ്ഡ്സ് രോഗികളെ ശുശ്രൂഷിക്കുന്നതിന് സാഞ്ചസ് കാട്ടിയ താൽപ്പര്യം അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ അംഗീകാരം നേടിക്കൊടുത്തു. മന്ത്രിയായിരിക്കെ കർഷകർക്ക് സാമ്പത്തികമായി ഗുണകരമായ നേട്ടമുണ്ടാക്കുന്ന സാമൂഹിക വിനോദസഞ്ചാര പദ്ധതികൾ ആരംഭിച്ചിരുന്നു.
അധികാരം ലഭിച്ചാൽ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സർക്കാരുകൾ ഭരിക്കുന്ന മെക്സിക്കോ, കൊളംബിയ എന്നീ രാജ്യങ്ങളുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്നും ബ്രസീലുമായി സാമ്പത്തികബന്ധം ശക്തിപ്പെടുത്തുമെന്നും സാഞ്ചസ് വാഗ്ദാനം ചെയ്തു. സ്വേച്ഛാധിപതിയായ ആൽബർട്ടോ ഫുജിമോറിയുടെ കാലത്ത് രൂപംകൊടുത്ത ഭരണഘടന മാറ്റിയെഴുതുക ലക്ഷ്യമാക്കി ഹിതപരിശോധന നടത്തുമെന്നും നവഉദാരവാദ നയം ഉപേക്ഷിച്ച് പൊതുമേഖലയ്‌ക്ക് പ്രാധാന്യം നൽകുന്ന നയങ്ങൾ സ്വീകരിക്കുമെന്നും പറഞ്ഞു. സ്വാഭാവികമായും കോർപറേറ്റ് ഉടമസ്ഥതയിലുള്ള സാർവദേശീയ–-ദേശീയ മാധ്യമങ്ങൾ തുച്ഛവരുമാനക്കാരനായ ഒരു ഡോക്ടർക്ക് രാജ്യം ഭരിക്കാനാകില്ല എന്ന പ്രചണ്ഡമായ പ്രചാരണം അഴിച്ചുവിട്ടു.
നവ ഉദാരവാദ നയവും അമേരിക്കൻ പ്രീണനവുമായിരിക്കും തന്റെ സർക്കാരിന്റെ മുഖമുദ്രയെന്നാണ് കെയ്കോ ഫുജിമോറിയുടെ വാഗ്ദാനം. ഫുജിമോറിസ്മോ എന്നു വിളിക്കപ്പെടുന്ന സ്വേച്ഛാധിപത്യവാഴ്ചയുടെ മുഖമായാണ് സാധാരണജനങ്ങൾ കെയ്കോയെ കാണുന്നത്. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, ബ്രസീലിയൻ കൺസ്ട്രക്‌ഷൻ കമ്പനിയായ ഒഡിബ്രഷിൽനിന്ന് നിയമവിരുദ്ധമായ തെരഞ്ഞെടുപ്പുഫണ്ട് സ്വീകരിക്കൽ എന്നിവയുടെ പേരിൽ കെയ്കോ 13 മാസം ജയിലിലായിരുന്നു. എങ്കിലും പെറുവിലെ സമ്പന്നരുടെയും കോർപറേറ്റുകളുടെയും പിന്തുണ കെയ്കോയ്‌ക്കാണ്. തലസ്ഥാനമായ ലിമയിലും പരിസരപ്രദേശങ്ങളിലുമാണ് കെയ്ക്കോ മുന്നേറ്റമുണ്ടാക്കിയത്. പെറുവിന്റെ ഗ്രാമീണമേഖലയായ ആൻഡിയൻ പ്രദേശത്ത് സാഞ്ചസിനാണ് മുൻതൂക്കം.
അമേരിക്കയിലും അർജന്റീനയിലും വസിക്കുന്ന പെറു പൗരന്മാരുടെ വോട്ട് എണ്ണിയപ്പോഴാണ് കെയ്‌കോ വീണ്ടും മുന്നിലെത്തിയത്. അതിനാൽ ഈ വോട്ടെങ്കിലും വീണ്ടും എണ്ണണമെന്ന സാഞ്ചസിന്റെ ആവശ്യവും തെരഞ്ഞെടുപ്പ് അതോറിറ്റി ചെവിക്കൊണ്ടില്ല. വോട്ടെണ്ണലിനിടെ ഡിജിറ്റൽ കൗണ്ടിങ് മാറ്റിയെന്ന ആക്ഷേപവും സാഞ്ചസ് പക്ഷം ഉയർത്തുന്നുണ്ട്. കോർപറേറ്റ് മാധ്യമങ്ങൾ കെയ്‌കോയെ വിജയിയായി പ്രഖ്യാപിച്ച് ഇടതുപക്ഷത്തെ ലാറ്റിനമേരിക്ക ചവറ്റുകുട്ടയിൽ എറിഞ്ഞുവെന്ന പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
കെയ്‌കോ അധികാരമേറിയാൽ ഉരുക്കുമുഷ്ടികൊണ്ട് ഭരിക്കുമെന്ന ആശങ്ക പെറുവിലെമ്പാടും പ്രകടമാണ്. 1990 ജൂലൈമുതൽ 2000 നവംബർവരെ ഭരണം നടത്തിയ ഫുജിമോറിയുടെ ഭരണമാണ് ഈ ഭയത്തിന് അടിസ്ഥാനം. പെറുവിലെ സായുധസേന രൂപംകൊടുത്ത പ്ലാൻ വെർഡെ പദ്ധതി നടപ്പാക്കിയത് ഫുജിമോറിയുടെ ഭരണകാലത്താണ്. നവഉദാരവാദ നയം, മാധ്യമനിയന്ത്രണം, സൈനികഭരണം എന്നിവയായിരുന്നു ഈ പദ്ധതിയുടെ കാതൽ. സ്വേച്ഛാധിപത്യവാഴ്ച അടിച്ചേൽപ്പിച്ചപ്പോൾ ജനജീവിതം ദുസ്സഹമായി. അവർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഈ ഘട്ടത്തിലാണ് 1992 ഏപ്രിൽ അഞ്ചിന് പാർലമെന്റ് പിരിച്ചുവിട്ട്, ഭരണഘടന മാറ്റിയെഴുതി, ജുഡീഷ്യറിയെ സസ്‌പെൻഡ് ചെയ്ത് "സ്വയം അട്ടിമറി’യിലൂടെ എല്ലാ അധികാരങ്ങളും ഫുജിമോറി കരസ്ഥമാക്കിയത്.
ഈ നയങ്ങളെ ചോദ്യംചെയ്ത അബിമേൽ ഗുസ്മാന്റെ നേതൃത്വത്തിലുള്ള തീവ്ര ഇടതുപക്ഷപ്രസ്ഥാനമായ ഷൈനിങ് പാത്തിനെ ഉന്മൂലനം ചെയ്യാൻ ഡെത്ത് സ്ക്വാഡുകൾക്ക് രൂപംനൽകിയത് ഫുജിമോറിയായിരുന്നു. വിമതസംഘങ്ങളെ നിർദയം കൊന്നൊടുക്കി. ഷൈനിങ് പാത്തിന് പിന്തുണ നൽകുന്ന ഗ്രാമീണരെ ശിക്ഷിക്കാനായി മൂന്നരലക്ഷത്തിലേറെ സ്ത്രീകളെയാണ് നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയത്. സ്വാഭാവികമായും ദേശീയവും സാർവദേശീയവുമായ പ്രതിഷേധം ഉയർന്നു. ആ കറുത്ത നാളുകളിലേക്ക് പെറു വീണ്ടും നീങ്ങുമോ എന്ന ആശങ്കയാണ് കെയ്കോ ഫുജിമോറിയുടെ വിജയം നൽകുന്നത്.















