കവിതയിലെ പ്രതിരോധസ്വരം


ഡോ. കെ എസ് രവികുമാർ
Published on Nov 02, 2025, 12:21 AM | 2 min read
സാംസ്കാരികരാഷ്ട്രീയത്തിന്റെ അന്തർധാരകൾ മലയാളകവിതയിൽ സാക്ഷാത്കരിച്ച കവികളിൽ പ്രമുഖനാണ് കെ ജി ശങ്കരപ്പിള്ള. കഴിഞ്ഞ ആറ് പതിറ്റാണ്ടോളമായി കവിതാരംഗത്തുള്ള അദ്ദേഹത്തിന്റെ രചനകളിൽ ആനുകാലികമായ സാംസ്കാരികചരിത്രം ആഴത്തിൽ പതിഞ്ഞുകിടപ്പുണ്ട്. ചരിത്രത്തിന്റെ ക്ഷുഭിതചലനങ്ങളെയും അതിനോട് വിമർശനാത്മകമായി പ്രതികരിക്കുന്ന വ്യക്തിയുടെ അനുഭവസ്പന്ദങ്ങളെയും ഊടും പാവുമാക്കിയ രചനകളാണ് കെ ജി ശങ്കരപ്പിള്ളയുടെ ശ്രദ്ധേയമായ കവിതകളെല്ലാം തന്നെ. 1960കളുടെ അന്ത്യത്തിൽ എഴുതിയ ‘വൃക്ഷം’ എന്ന ചെറുകവിതയാണ് കെ ജി ശങ്കരപ്പിള്ളയെ ശ്രദ്ധേയനാക്കിയത്.
അടുത്ത ദശകത്തിന്റെ തുടക്കത്തോടെ മലയാളകവിതയിൽ രാഷ്ട്രീയാധുനികത ശക്തമായ ഒരു തരംഗമായി ഉയർന്നുവന്നപ്പോൾ കടമ്മനിട്ട രാമകൃഷ്ണൻ, സച്ചിദാനന്ദൻ എന്നിവരോടൊപ്പം കെ ജി ശങ്കരപ്പിള്ള അതിന്റെ മുന്നണിയിലുണ്ടായിരുന്നു. 1974 ൽ പ്രസിദ്ധീകരിച്ച ‘ബംഗാൾ’ എന്ന കവിതയോടുകൂടിയാണ് ആ നിലയിലുള്ള ശങ്കരപ്പിള്ളയുടെ കാവ്യജീവിതപരിണാമം അടയാളപ്പെടുന്നത്. ജനാധിപത്യത്തിന്റെ മറയ്ക്കുള്ളിൽ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഭരണകൂടഭീകരത അതിശക്തമായി അഴിഞ്ഞാടിത്തുടങ്ങിയിരുന്നു 1970കളുടെ ആദ്യപകുതിയിൽത്തന്നെ പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ സാധാരണമനുഷ്യരെ പോലീസുകാർ ഏറ്റുമുട്ടൽ വധമെന്നപേരിൽ കൊന്നൊടുക്കുന്നത് നിത്യസംഭവമായിരുന്നു. അത്തരം ഭരണകൂടഭീകരതയുടെ മൂർധന്യാവസ്ഥയാണ് അടിയന്തരാവസ്ഥയിൽ അരങ്ങു ഭരിച്ചത്. ‘ബംഗാൾ’ എന്ന കവിത ആ രാഷ്ട്രീയാവസ്ഥയോടുള്ള നിശിതവിമർശനത്തിന്റെ രോഷം മുനയുന്ന വാങ്മയമാണ്.
ഗദ്യത്തിന്റെ തുറന്ന ഘടന നിലനിർത്തുമ്പോൾത്തന്നെ കൂടുതൽ ഉൾമുഴക്കവും ഇഴമുറുക്കവും ആർജിച്ച് കെ ജി ശങ്കരപ്പിള്ളയുടെ കവിത അവിടെനിന്നും വളർന്നു. ആ രീതി മലയാളകവിതയുടെ പൊതുധാരയുടെ ഭാഗമായി അതിവേഗം മാറി
നക്സൽബാരി കലാപത്തെത്തുടർന്ന് ഇന്ത്യയിൽ പലസംസ്ഥാനങ്ങളിലും ചലനം സൃഷ്ടിച്ച ഇടതുപക്ഷതീവ്രവാദരാഷ്ട്രീയം കേരളത്തിലും അലയൊലികൾ സൃഷ്ടിച്ചിരുന്നു. ആ രാഷ്ട്രീയചലനങ്ങളോട് അനുകൂലമായി പ്രതിസ്പന്ദിച്ചാണ് ശങ്കരപ്പിള്ളയുടെ ആ കാലത്തെ പല കവിതകളും എഴുതപ്പെട്ടത്. തീവ്രവാദരാഷ്ട്രീയത്തിന്റെ വാചാലമായ മുഴക്കങ്ങൾ നിറഞ്ഞ ‘ബംഗാ’ളിന്റെ രാഷ്ട്രീയസ്വരമാണ് അന്ന് ശ്രദ്ധിക്കപ്പെട്ടത്. ഗദ്യത്തിന്റെ തുറന്ന ഘടന നിലനിർത്തുമ്പോൾത്തന്നെ കൂടുതൽ ഉൾമുഴക്കവും ഇഴമുറുക്കവും ആർജിച്ച് കെ ജി ശങ്കരപ്പിള്ളയുടെ കവിത അവിടെനിന്നും വളർന്നു. ആ രീതി മലയാളകവിതയുടെ പൊതുധാരയുടെ ഭാഗമായി അതിവേഗം മാറി. പ്രമേയത്തിലും സ്വരഘടനയിലും ആ സ്വഭാവം പുലർത്തുന്ന ‘അയോദ്ധ്യ’, ‘ആനന്ദൻ’, ‘മുണ്ട്’, ‘നിശ്ശബ്ദത’ തുടങ്ങിയ കവിതകളിലും അത് പ്രകടമാണ്. എന്നാൽ കണ്ണുകെട്ടി കുതിച്ചുപാഞ്ഞ തീവ്രവാദരാഷ്ട്രീയത്തിന്റെ പ്രതീക്ഷകൾ ശിഥിലമായി. ഇനിയെന്ത് എന്ന പരിഹാരചിന്തകൾ സന്ദിഗ്ധതകൾകൊണ്ട് അമൂർത്തമായി. ആ ഘട്ടത്തിൽ തന്റെ കവിതയിൽ ചരിത്രാനുഭവത്തെ വ്യക്ത്യനുഭവംകൊണ്ട് മൂർത്തമാക്കുന്ന കലാതന്ത്രം കെ ജി ശങ്കരപ്പിള്ള വളർത്തിയെടുത്തു. ഈ മാറ്റത്തിന്റെ സൂചനകൾ 1970കളുടെ മധ്യത്തിൽ എഴുതിയ ‘വരും വരും എന്ന പ്രതീക്ഷ’ എന്ന കവിതയിൽ കാണാം.
സമത്വപുരിയിൽ നിന്നുകൊണ്ടുവന്ന കാവിയുടെയും കുങ്കുമത്തിന്റെയും മണ്ണിൽനട്ട ചെടിയിലെ രക്തപുഷ്പങ്ങളുടെ നിറം പിന്നെപ്പിന്നെ ഇളംചുവപ്പായി, ഒരു തീർഥാംബരമായി, കാഷായമായി മാറുന്നത് ‘മടക്കം’ എന്ന കവിതയിൽ എടുത്തുകാട്ടുന്നു. ഇന്ത്യയുടെ സമീപകാലരാഷ്ട്രീയ പരിണാമത്തിന്റെ ഒരു പ്രവചനരേഖയായി ആ കവിത മാറി. ഹിന്ദുത്വരാഷ്ട്രീയം വർഗീയത ജ്വലിപ്പിച്ച് ഫാസിസത്തിന്റെ വഴിയേ മുന്നേറുന്നതിനെതിരെയുള്ള ജാഗ്രത്തായ മുന്നറിയിപ്പ് പിന്നീടെഴുതിയ ഒട്ടേറെ കവിതകളിൽ കാണാം.
മനുഷ്യബന്ധങ്ങളെ സ്പർശിച്ചു നിൽക്കുന്ന രാഷ്ട്രീയാന്തർഗ്ഗതങ്ങളും അധികാരവിമർശവും കെജഎസിന്റെ കവിതകളിൽ ഇപ്പോഴും ശക്തമാണ്. സംസ്കാരവിമർശം ശക്തമായ അന്തർധാരയായി വർത്തിക്കുന്നവയാണ് ആ കവിതകൾ. നമ്മുടെ കാലത്ത് കവിതയും സംസ്കാരവുമെല്ലാം അടിസ്ഥാനപരമായി രാഷ്ട്രീയജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന സത്യം നന്നായി തിരിച്ചറിഞ്ഞ മുതിർന്ന കവിയാണ് കെ ജി ശങ്കരപ്പിള്ള. അധികാരവിമർശം അതിന്റെ അടിസ്ഥാനസ്വഭാവമാണ്. കവി എന്നും സൗവർണപ്രതിപക്ഷമാണ് എന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന കെ ജി ശങ്കരപ്പിള്ളയ്ക്കു ലഭിച്ച കേരളസർക്കാരിന്റെ സർവോന്നത സാഹിത്യസമ്മാനമായ എഴുത്തച്ഛൻ പുരസ്കാരം അർഥഗർഭമാകുന്നു.
കവിതയ്ക്കും നിലപാടിനുമുള്ള അംഗീകാരം : കെ ജി ശങ്കരപ്പിള്ള
കവിതയ്ക്കും ജനപക്ഷനിലപാടിനും ലഭിച്ച അംഗീകാരമാണ് എഴുത്തച്ഛൻ പുരസ്കാരമെന്ന് കെ ജി ശങ്കരപ്പിള്ള. എഴുത്തച്ഛൻ മലയാളത്തിലെ ഉന്നതശൃംഗനായ കവിയാണ്. ആ കൊടുമുടിയിലെത്തുന്നത് ഓരോ കവിയുടെയും സ്വപ്നമാണ്. ജീവിച്ചിരിക്കുന്നവരിലും മരിച്ചവരിലും വരാനിരിക്കുന്നവരിലും ഒരു എഴുത്തച്ഛനുണ്ട്. അത്രമേൽ നമ്മുടെ സംസ്കാരത്തോട് ലയിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഏത് മലയാളിയും ആഗ്രഹിക്കും. ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്.
ഓരോ കവിതയിലൂടെയും സ്വയം നവീകരിക്കാനാണ് ശ്രമിക്കുന്നത്. നീതികേന്ദ്രീകൃതമായ നിലപാടുകളാണ് എന്നെ നയിച്ചിട്ടുള്ളത്. അതിലൊരിക്കലും വിട്ടുവീഴ്ച വരുത്തിയിട്ടില്ല– കെ ജി ശങ്കരപ്പിള്ള പറഞ്ഞു.














