സിറിയയെ ലക്ഷ്യമിടുന്ന 
യുഎസും ഇസ്രയേലും

israel attack in syria
avatar
വി ബി പരമേശ്വരൻ

Published on Jul 25, 2025, 11:11 PM | 4 min read

world newsസിറിയയിൽനിന്നുള്ള വാർത്തകൾ ഒട്ടും ശുഭകരമല്ല. തങ്ങൾക്ക് വഴങ്ങിനിൽക്കുകയും പലസ്തീൻ അജൻഡ പൂർണമായും ഉപേക്ഷിക്കുകയും ചെയ്താൽ മാത്രമേ അഹമ്മദ് അൽഷരാ സർക്കാരിന് തുടരാൻ കഴിയൂ എന്ന ശക്തമായ സന്ദേശമാണ് ഇസ്രയേൽ നൽകുന്നത്. അതിന്റെ ഭാഗമായാണ് ദ്രൂസ് വിഭാഗത്തിന് പിന്തുണ നൽകാൻ എന്നു പറഞ്ഞ് ഈ മാസം മധ്യത്തിൽ ഇസ്രയേൽ ഡമാസ്കസിനു നേരെ വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ നവംബറിൽ ബഷാർ അൽ അസദിന്റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ സർക്കാർ നിലംപതിച്ചതുമുതൽ സിറിയക്കു നേരെ ഒളിഞ്ഞുംതെളിഞ്ഞും നടക്കുന്ന ഇസ്രയേൽ ആക്രമണത്തിന്റെ ഭാഗമാണ് ഇതെന്ന് പറയാമെങ്കിലും അവിടെ ശക്തമായ സർക്കാർ നിലവിൽ വരരുതെന്ന ഇസ്രയേൽ– അമേരിക്കൻ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് വ്യക്തം.


പലസ്തീൻ ജനതയ്‌ക്ക് അചഞ്ചലമായ പിന്തുണ നൽകുകയും ഇസ്രയേലിനും അമേരിക്കയ്‌ക്കും മുമ്പിൽ വഴങ്ങി നിൽക്കാൻ വിസമ്മതിക്കുകയും ഇറാനും റഷ്യയുമായി സഹകരിച്ചതുമാണ് അസദിനെ പുറത്താക്കാൻ കാരണമായത്. അമേരിക്ക–ഇസ്രയേൽ കൂട്ടുകെട്ടിനൊപ്പം തുർക്കിയയിലെ റജെബ്‌ തയ്യിപ്‌ എർദോഗാനും ചേർന്നതോടെയാണ് സിറിയയിൽ അട്ടിമറി നടന്നതും അൽഖായ്ദയുടെ ഭാഗമായ ഹയാത് തഹ്‌രീർ അൽഷാം (എച്ച്ടിഎസ്) അധികാരം പിടിച്ചെടുത്തതും. ഇസ്രയേലിലേക്ക് എണ്ണ കയറ്റുമതിയും വ്യാപാര വ്യോമബന്ധവും തുടരുന്ന തുർക്കിയയാണ് എച്ച്ടിഎസിന് ആവശ്യമായ സൈനിക സഹായം നൽകുന്നതെങ്കിൽ പണം നൽകുന്നത് ഖത്തറാണ്. (ദ്രൂസിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിറിയ തുർക്കിയയോട് സൈനിക സഹായം ആവശ്യപ്പെടുകയും അത് നൽകാൻ തയ്യാറാണെന്ന് തുർക്കിയ പ്രസിഡന്റ്‌ എർദോഗന്റെ വക്താവ് സന്നദ്ധത അറിയിക്കുകയും ചെയ്തു) സൗദിയുടെ പരോക്ഷമായ സഹായവും ഈ കൂട്ടുകെട്ടിനുണ്ട്. ഇവരുടെയെല്ലാം താൽപ്പര്യങ്ങൾ മതനിരപേക്ഷ സർക്കാരിനെ അട്ടിമറിച്ച് മതഭ്രാന്ത സർക്കാർ സ്ഥാപിക്കലായിരുന്നു. അതിന്റെ ഭാഗമായാണ് വഹാബി സലഫിസ്റ്റുകളായ എച്ച്ടിഎസ് സിറിയയിൽ ആധിപത്യം ഉറപ്പിച്ചത്.


സ്ലാമിക രാഷ്ട്രവാദികളായ എച്ച്ടിഎസിന് അധികാരം ലഭിച്ചതോടെ വ്യത്യസ്ത മത, വംശ വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ ആരംഭിച്ചു. ഏപ്രിലിൽ ആയിരത്തഞ്ഞൂറിലധികം അലവൈറ്റുകളെയാണ് സിറിയൻ സേന കൂട്ടക്കൊല ചെയ്തത്


ബഷാർ അൽ അസദിന്റെ ഭരണം ഏകാധിപത്യ ചുവയുള്ളതാണെന്നും അതിനാൽ ജനാധിപത്യം പുനഃസ്ഥാപിക്കാനായിരുന്നു അട്ടിമറിയെന്നുമാണ് അതിന് ന്യായീകരണമായി അമേരിക്കയും അവരുടെ അനുകൂലികളും പറഞ്ഞിരുന്നത്. ഇതിൽ വിശ്വസിച്ച് ഒരു വ്യാഴവട്ടക്കാലം ബഷാർ അൽ അസദുമായി ഏറ്റുമുട്ടിയ ജനവിഭാഗമാണ് ദ്രൂസുകൾ. എന്നാൽ, ദ്രൂസ് വംശജരാണെന്ന ഒറ്റക്കാരണത്താൽ തെക്കൻ സിറിയയിലെ സുവൈദയിൽ മുപ്പതിലധികം പേരാണ് സിറിയൻ സേനാ ആക്രമണത്തിൽ വധിക്കപ്പെട്ടത്. അസദ് ഭരണകാലത്ത് അറബികളും കുർദുകളും തുർക്കികളും സുന്നികളും ഷിയാകളും അലവൈറ്റുകളും ദ്രൂസുകളും ക്രൈസ്‌തവരും വലിയ സംഘർഷങ്ങളൊന്നുമില്ലാതെയാണ് ജീവിച്ചിരുന്നത്. (സുന്നികളാണ് 80 ശതമാനവും) ന്യൂനപക്ഷമായ അലവൈറ്റുകാരനായിരുന്നു അസദ്. തന്റെ രാഷ്ട്രീയാധികാരം അംഗീകരിക്കണമെന്ന നിബന്ധന മാത്രമാണ് അസദ് മുന്നോട്ടുവച്ചത്. ഇസ്ലാമിക രാഷ്ട്രവാദികളായ എച്ച്ടിഎസിന് അധികാരം ലഭിച്ചതോടെ വ്യത്യസ്ത മത, വംശ വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ ആരംഭിച്ചു. ഏപ്രിലിൽ ആയിരത്തഞ്ഞൂറിലധികം അലവൈറ്റുകളെയാണ് സിറിയൻ സേന കൂട്ടക്കൊല ചെയ്തത്.


ഷിയ ഇസ്ലാമിന്റെ അവാന്തര വിഭാഗമാണ് ദ്രൂസുകൾ. സിറിയ, ലബനൻ, ഇസ്രയേൽ, ഗോലാൻ കുന്നുകൾ എന്നിവിടങ്ങളിലായി 10 ലക്ഷത്തോളം പേർ മാത്രമുള്ള ഈ വിഭാഗത്തിന്റെ പ്രധാന ആവാസകേന്ദ്രം തെക്കൻ സിറിയയിലെ സുവൈദയാണ്. ഈ വിഭാഗവും ബദയിൻ സുന്നികളും തമ്മിലാണ് സുവൈദയിൽ സംഘർഷം. സംഘർഷം ശാന്തമാക്കാനെന്ന പേരിലാണ് സിറിയൻസേന ഇവിടെ എത്തിയത്. എന്നാൽ സമാധാനം സ്ഥാപിക്കുന്നതിന് പകരം ബദയിൻ പക്ഷം ചേർന്ന് ദ്രൂസുകളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു സിറിയൻസേന എന്നാണ് ആക്ഷേപം.


ഒന്നാമതായി ബഷാർ അൽ അസദിനെപ്പോലെ ശക്തനായ ഒരു ഭരണാധികാരി സിറിയയിൽ ഉണ്ടാകരുതെന്ന് ഇസ്രയേലിന് നിർബന്ധമുണ്ട്. ഈ ലക്ഷ്യം നേടാൻ സിറിയയെ ഛിന്നഭിന്നമാക്കുക എന്നതാണ് ഇസ്രയേലിന്റെ രണ്ടാമത്തെ ലക്ഷ്യം


ഇതവസരമാക്കിയാണ് ദ്രൂസുകളുടെ സംരക്ഷക വേഷമണിഞ്ഞ് ഇസ്രയേൽ രംഗത്തെത്തിയത്. ഇസ്രയേൽ ഡമാസ്കസിൽ നടത്തിയ ബോംബാക്രമണത്തിൽ പ്രതിരോധമന്ത്രാലയ കെട്ടിടവും പ്രസിഡന്റിന്റെ കൊട്ടാരവുമാണ് ലക്ഷ്യം വച്ചത്. ഗാസയിൽ അറുപതിനായിരത്തിലധികം പേരെ കൂട്ടക്കൊല ചെയ്യുകയും ഭക്ഷണത്തിന് ക്യൂ നിൽക്കുന്നവരെപ്പോലും നിർദയം കൊല്ലുകയും ചെയ്യുന്ന ഇസ്രയേലാണ് മനുഷ്യത്വത്തിന്റെ കപടവേഷംകെട്ടി ദ്രൂസുകളെ പിന്തുണയ്‌ക്കാനെന്ന പേരിൽ സിറിയക്കു നേരെ ബോംബാക്രമണം നടത്തിയത്. ദ്രൂസുകളെ പിന്തുണയ്‌ക്കലല്ല, മറിച്ച് അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങളാണ് ഈ ആക്രമണത്തിന് കാരണം. ഒന്നാമതായി ബഷാർ അൽ അസദിനെപ്പോലെ ശക്തനായ ഒരു ഭരണാധികാരി സിറിയയിൽ ഉണ്ടാകരുതെന്ന് ഇസ്രയേലിന് നിർബന്ധമുണ്ട്. ഈ ലക്ഷ്യം നേടാൻ സിറിയയെ ഛിന്നഭിന്നമാക്കുക എന്നതാണ് ഇസ്രയേലിന്റെ രണ്ടാമത്തെ ലക്ഷ്യം.


ഇറാനുമായും റഷ്യയുമായും അസദ് അടുത്ത ബന്ധം പുലർത്തിയിരുന്നല്ലോ. അസദ് വീണതോടെതന്നെ ഇറാന് ലബനനിലെ ഹിസ്‌ബൊള്ളയുമായുള്ള കരബന്ധം വിച്ഛേദിക്കപ്പെട്ടു. ഇനിയെങ്കിലും ഇസ്രയേലിന്റെ അതിർത്തിയിൽവരുന്ന തെക്കൻ സിറിയയിൽ ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള സേനാസാന്നിധ്യം ഉണ്ടാകരുതെന്ന നിർബന്ധം നെതന്യാഹുവിനുണ്ട്. മാത്രമല്ല ദ്രൂസുകളെ പിന്തുണച്ച് ഈ മേഖലയിൽ സ്വാധീനം ഉറപ്പിക്കുക എന്നതും ഇസ്രയേലിന്റെ ലക്ഷ്യമാണ്. ഇസ്രയേലും എച്ച്ടിഎസ് നേതാവ് അൽഷരായും അടുത്തിടെ അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിൽ കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളുണ്ട്‌. ഹിസ്‌ബൊള്ളയോടും ഇറാനുമോടുമുള്ള അൽഷരായുടെ വെറുപ്പാണ് ഇസ്രയേലുമായി കൈകോർക്കാൻ പ്രേരണയാകുന്നതെന്നാണ് നിഗമനം. അമേരിക്കയും തുർക്കിയയുമാണ് ഈ നീക്കത്തിനു പിന്നിലുള്ളത്. ഇസ്രയേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേ ഗ്ബി സിറിയൻ സർക്കാരും ഇസ്രയേലും തമ്മിൽ ബന്ധം സാധാരണ നിലയിലാക്കാൻ ചർച്ച തുടങ്ങിയതായി സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കയാകട്ടെ എച്ച്ടിഎസിനെ വിദേശ ഭീകരവാദ സംഘടനകളുടെ പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയും അൽഷാരയുടെ തലയ്‌ക്ക് 10 കോടി ഡോളർ ഇനാം പ്രഖ്യാപിച്ചത് പിൻവലിക്കുകയും ചെയ്തു.


മോദിയും ഉറ്റതോഴനായ ട്രംപും

പ്രധാനമന്ത്രി മോദിയുടെ "ബെസ്റ്റ് ഫ്രണ്ട്’ അമേരിക്കൻ പ്രസിഡന്റ്‌ ട്രംപാണ്. 2019ൽ രണ്ടാമതും മത്സരിച്ചപ്പോൾ "അബ് കി ബാർ ട്രംപ് സർക്കാർ’ എന്നു പറഞ്ഞ് ഹൂസ്റ്റണിലെ ചടങ്ങിൽ ട്രംപിനായി വോട്ട് തേടുകപോലും ചെയ്തു മോദി. ചരിത്രത്തിലെ അപൂർവതകളിലൊന്നാണിത്. അമേരിക്കയുമായി തന്ത്രപ്രധാന ബന്ധം പുലർത്തുക മാത്രമല്ല, ക്വാഡിൽ അംഗമാകുകയും അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട് ഇന്ത്യ. എന്നിട്ടും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കൈക്കും കാലിനും ചങ്ങലയിട്ട് സൈനിക വിമാനത്തിൽ അമൃതസർ വിമാനത്താവളത്തിൽ തള്ളിയപ്പോൾ വിനീതവിധേയനായി മോദി നിലകൊണ്ടു. ഇന്ത്യക്കെതിരെയുള്ള വ്യാപാര ചുങ്കം ഉയർത്തിയപ്പോഴും പലസ്തീൻ ജനതയെ പിന്തുണച്ചതിന്റെ പേരിൽ ഹാർവാർഡിലും കൊളംബിയയിലും മറ്റും പഠിക്കുന്ന വിദ്യാർഥികളെ പുറത്താക്കുകയും വിസ നിഷേധിക്കുകയും ചെയ്തപ്പാഴും മോദി ഒരക്ഷരം ഉരിയാടിയില്ല. ഇന്ത്യ-–- പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് 25 തവണ ട്രംപ് പറഞ്ഞപ്പോഴും മൗനിബാബയായി മോദി മാറി.


ഇപ്പോഴിതാ ഇന്ത്യക്കാരെ ഗൂഗിളും മൈക്രോസോഫ്റ്റുംപോലുള്ള ടെക് കമ്പനികളിൽ നിയമിക്കരുതെന്ന് മോദിയുടെ ഉറ്റ തോഴൻ തീട്ടൂരമിറക്കിയിരിക്കുന്നു. 1940കളിൽ 35 ശതമാനം തൊഴിലാളികൾ ഉണ്ടായിരുന്ന അമേരിക്കയിൽ അത് 10 ശതമാനമായി കുറഞ്ഞു. 1990കളിൽ 1.8 കോടി തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 1.2 കോടിയിലും താഴെയാണ്. അതായത് അമേരിക്കയിൽ തൊഴിലില്ലാപ്പട വർധിക്കുന്നു. മുതലാളിഞ്ഞ വ്യവസ്ഥയിലല്ല ട്രംപ് കുഴപ്പം കാണുന്നത്. മറിച്ച് അമേരിക്കൻ കോർപറേറ്റുകൾ കൊള്ള ലാഭം തേടി ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും മറ്റും ഫാക്ടറികൾ പറിച്ചുനടുന്നതും അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽനിന്നുൾപ്പെടെയുള്ളവരെ തൊഴിലാളികളായി നിയമിക്കുന്നതുകൊണ്ടുമാണ് അമേരിക്കയിൽ തൊഴിലില്ലായ്മ എന്നാണ് ട്രംപിന്റെ കണ്ടുപിടിത്തം. ഓഹരികമ്പോളത്തിലും ബോണ്ടിലും പണം നിക്ഷേപിച്ച് കൊള്ള ലാഭം ഹിമാലയംപോലെ ഉയർത്താൻ കഴിയുമ്പോൾ അമേരിക്കൻ കോർപറേറ്റുകൾ വ്യവസായം തുടങ്ങുന്നത് എന്തിനാണ്. ഇക്കാര്യമെങ്കിലും പറയാൻ വിനീതവിധേയനായ മോദിക്ക് നാവുപൊങ്ങുമോ. ന്യൂനപക്ഷങ്ങൾക്കെതിരെ വിഷം തുപ്പുന്ന മോദിക്ക് എന്തേ ട്രംപിനെതിരെ ശബ്ദിക്കാൻ കഴിയാത്തത്. കാരണം മറ്റൊന്നുമല്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഒരു ചെറുവിരലനക്കാത്ത ആർഎസ്എസിന്റെ പ്രചാരകനായിരുന്നു മോദി.



deshabhimani section

Dont Miss it

Recommended for you

Home