ഇസ്രയേൽ ലോകത്തെ ബന്ദിയാക്കുന്നു


എ ശ്യാം
Published on Jun 15, 2025, 04:24 AM | 2 min read
രണ്ടാംലോക യുദ്ധത്തിന് മുമ്പ് നാസികൾ നടപ്പാക്കിയ ജൂത വംശഹത്യയുടെ പേരുപറഞ്ഞ് നിലനിൽക്കുന്ന രാഷ്‌ട്രമാണ് ഇസ്രയേൽ. യൂറോപ്പിൽ വേട്ടയാടലിനും കൂട്ടക്കൊലകൾക്കും ഇരയാക്കപ്പെട്ടവരുടെ പേരിൽ പലസ്‌തീൻ പ്രദേശത്ത് രൂപീകരിക്കപ്പെട്ട ആ രാഷ്‌ട്രം ഇപ്പോൾ നാസികളെ നിസാരരാക്കുന്ന വംശീയഭീകരതയാണ് പലസ്‌തീൻ ജനതക്കെതിരെ നടപ്പാക്കുന്നത്. അതിനെതിരെ ലോകമെങ്ങും പ്രതിഷേധം വളരുന്നതിനിടെയാണ് അതൊന്നും വകവയ്‌ക്കാതെ ലോക സമാധാനത്തിനുതന്നെ ഭീഷണിയാവുന്ന തെമ്മാടിത്തത്തിന് തയ്യാറായത്. പശ്ചിമേഷ്യയിൽ തങ്ങൾക്ക് വെല്ലുവിളിയാവുന്ന ഏകരാഷ്‌ട്രമായ ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയത് ഇതരരാഷ്‌ട്രങ്ങളെ, വിശേഷിച്ച് സയണിസ്‌റ്റ് രാഷ്‌ട്രത്തിന്റെ പിന്തുണക്കാരായ പാശ്ചാത്യരാഷ്‌ട്രങ്ങളെ ബന്ദിയാക്കിയാണ്.
ജൂതവംശഹത്യക്ക് നേതൃത്വം നൽകിയ ഹിറ്റ്‌ലർ ജർമൻ ചാൻസലർ ആവുന്നതിന് മുമ്പുതന്നെ ബ്രിട്ടനും ഫ്രാൻസും യൂറോപ്പിലെ ‘ജൂതപ്രശ്‌നം’ പരിഹരിക്കാൻ കണ്ടുപിടിച്ച മാർഗമായിരുന്നു അവർക്കായി പശ്ചിമേഷ്യയിൽ രാഷ്‌ട്രമുണ്ടാക്കുക എന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജൂതർ അവിടേക്ക് ഒഴുകിയപ്പോൾ അവിടെ അതുവരെ ജീവിച്ചിരുന്ന അറബികൾ അഭയാർത്ഥികളുമായി. പലസ്‌തീൻപ്രദേശം വെട്ടിമുറിച്ച അതേ യുഎൻ പ്രമേയമനുസരിച്ച് അറബ് രാഷ്‌ട്രവും നിലവിൽ വരേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. അതുണ്ടാവാൻ ഒരിക്കലും അനുവദിക്കില്ല എന്നാണ് ഇപ്പോൾ ഇസ്രയേലിന്റെ നിലപാട്.
മുക്കാൽ നൂറ്റാണ്ടിലധികമായി സ്വന്തം രാഷ്‌ട്രത്തിനായി പോരാടുന്ന പലസ്‌തീൻ ജനതയെ ഐക്യരാഷ്‌ട്ര സംഘടനയടക്കം കൈവിട്ട സ്ഥിതിയാണ്. അവശേഷിക്കുന്ന പലസ്‌തീൻ പ്രദേശങ്ങളിൽ ദിവസവും ഇസ്രയേൽ കൂട്ടക്കൊലകൾ നടത്തുകയാണ്. മേഖലയിലെ അറബ് രാജ്യങ്ങളിൽനിന്നും കാര്യമായി സഹായം ലഭിക്കാത്ത പലസ്‌തീൻ ജനതയ്‌ക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നത് അറബ്‌രാജ്യമല്ലാത്ത ഇറാൻ മാത്രമാണ്. അതുകൊണ്ട് മുഴുവൻ പലസ്‌തീൻഭൂമിയും സ്വന്തമാക്കി വിശാല ഇസ്രയേൽ സ്ഥാപിക്കാന്‍ ഇറാനെ നിർവീര്യമാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്.

ഷിയാ ഭൂരിപക്ഷ ഇറാനോട് മേഖലയിലെ സുന്നി അറബ് രാജ്യങ്ങൾക്കുള്ള ഭിന്നതയും അമേരിക്കൻ ചേരിക്ക് ഇറാനോടുള്ള ശത്രുതയും മുതലാക്കിയാണ് ഇസ്രയേലിന്റെ തീക്കളി. മേഖലയിൽ ആണവായുധങ്ങൾ സ്വന്തമായുള്ള ഏകരാജ്യമാണ് ഇസ്രയേൽ. ആണവ നിർവ്യാപന ഉടമ്പടിയിൽ(എൻപിടി) ഒപ്പിട്ടിട്ടില്ലാത്ത ആ രാജ്യത്തിന് 1968 മുതലെങ്കിലും ആണവായുധങ്ങളുണ്ട്. എന്നാൽ എൻപിടിയിൽ അംഗമായ ഇറാൻ നിയമാനുസൃതം സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോർജം വികസിപ്പിക്കുന്നത് പോലും അനുവദിക്കില്ല എന്നാണ് ഇസ്രയേല്‍ നിലപാട്. പാശ്ചാത്യരാജ്യങ്ങളാവട്ടെ ഇറാന് എൻപിടി അംഗമെന്ന നിലയിലുള്ള അവകാശം പോലും ഇസ്രയേലി സമ്മർദത്തിന് വഴങ്ങി നിഷേധിക്കുകയാണ്. ദുർബല രാജ്യങ്ങൾക്കെതിരെ അവ പ്രയോഗിക്കുന്ന ഉപരോധമെന്ന സാമ്പത്തികയുദ്ധത്തിലൂടെ ഇറാനെ പരമാവധി തളർത്തി ഇസ്രയേലിന് ആക്രമണം എളുപ്പമാക്കിയത് പാശ്ചാത്യരാജ്യങ്ങളാണ്. 2022ൽ റഷ്യക്കെതിരെ പാശ്ചാത്യ ഉപരോധങ്ങൾ വരുന്നതുവരെ ഏറ്റവുമധികം ഉപരോധം നേരിടുന്ന രാജ്യം ഇറാനായിരുന്നു.
യഥാർത്ഥത്തിൽ 1957ൽ അമേരിക്കൻ പിന്തുണയോടെയാണ് ഇറാന്റെ ആണവ പദ്ധതി ആരാംഭിച്ചത്. 1979ലെ ഇസ്ലാമിക വിപ്ലവത്തോടെയാണ് അമേരിക്ക ഇറാനെതിരെ തിരിഞ്ഞതും ആ രാജ്യത്തിനെതിരെ ഉപരോധങ്ങൾ ആരംഭിച്ചതും. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച തർക്കത്തിൽ 10 വർഷം മുമ്പ് പരിഹാരമുണ്ടായതാണ്. എന്നാൽ ട്രംപ് ആദ്യവട്ടം അധികാരമേറ്റതിന് പിന്നാലെ 2018ൽ ആണവകരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങി ഇറാനെതിരെ ഉപരോധങ്ങൾ പുനസ്ഥാപിക്കുകയായിരുന്നു. കരാറുണ്ടാക്കിയ ആറ് വൻശക്തികളിൽ ഉൾപ്പെട്ട ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവ അമേരിക്കയുടെ കൂട്ടാളികളായിട്ടും ഒന്നും ചെയ്‌തില്ല.















