തെമ്മാടിയുടെ ചൂതാട്ടം


വിജേഷ് ചൂടൽ
Published on Jun 13, 2025, 11:25 PM | 3 min read
സംഘർഷഭരിതമായ പശ്‌ചിമേഷ്യയിൽ സ്ഥിതി കൂടുതൽ വഷളാക്കുന്ന ഇടപെടലാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ എന്ന ‘തെമ്മാടിരാഷ്‌ട്രം’ ഇറാനുമേൽ തുടക്കമിട്ട ആക്രമണം. ഇറാനും അമേരിക്കയുമായുള്ള ആണവകരാർ ചർച്ചകൾ തുടർന്നുകൊണ്ടിരിക്കെയാണ് ഒരു പ്രകോപനവുമില്ലാതെ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന സൈനികനടപടി ഇസ്രയേൽ നടത്തുന്നത്. ഗാസയിൽ ഇതിനകം പതിനായിരങ്ങളെ കൊന്നുതള്ളിയ വംശഹത്യ വേഗംകൂട്ടി ‘ഓപ്പറേഷൻ ഗിദിയോൻസ് ചാരിയറ്റ്‌സ്’ തുടരുന്ന ഇസ്രയേൽ ഒരു മടിയുമില്ലാതെ ഇറാനുമേൽ മറ്റൊരു സൈനിക നടപടിക്ക് തുടക്കമിട്ടത് കരുതിക്കൂട്ടിത്തന്നെയാണ്. പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം തുറക്കുന്നതിലൂടെ രൂപപ്പെടുന്ന സാഹചര്യത്തിൽനിന്ന് തങ്ങൾക്കും അമേരിക്കയ്‌ക്കും മുതലെടുപ്പിനുള്ള ചൂതാട്ടമാണ് ഇസ്രയേലിന്റേത്. ആണവായുധം വികസിപ്പിക്കുന്നെന്ന് അവർതന്നെ ആരോപിക്കുന്ന ഇറാന്റെ പ്രതികരണം പ്രവചനാതീതമാണെന്ന് ഉറപ്പായിരുന്നിട്ടും കൈവിട്ട കളിക്കിറങ്ങുകയാണ് സാമ്രാജ്യത്വചേരി.
ഇറാൻ ആണവായുധം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും അത് തടയാനുള്ള ഏറ്റവും അവസാനത്തെ അവസരമാണിതെന്നുമാണ് ഇസ്രയേലിന്റെ വാദം. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന അഭ്യൂഹം വർഷങ്ങളായി പ്രചരിച്ചിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങളായി പൊടുന്നനെ ഈ പ്രചാരണം ഗണ്യമായി വർധിച്ചു. ഇറാനിൽ ഇസ്രയേലി ആക്രമണം ആസന്നമാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ വ്യാഴാഴ്‌ച റിപ്പോർട്ട് ചെയ്തിരുന്നു.
2005 മുതൽ 2013 വരെ മഹ്‌മൂദ് അഹ്‌മദി നെജാദ് പ്രസിഡന്റായിരിക്കേ സാമ്രാജ്യത്വചേരിയുമായി നിരന്തരമായ നയതന്ത്ര ഏറ്റുമുട്ടലിലായിരുന്നു ഇറാൻ. ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റായിവന്നശേഷമാണ് ഇറാനുമായി ചർച്ചകൾക്ക് വഴിതുറന്നത്. തുടർച്ചയായ സംഭാഷണങ്ങൾക്കൊടുവിൽ 2015 ജൂലൈ 14ന് ഇറാനുമായി ചരിത്രപരമായ ആണവകരാർ പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചു. എന്നാൽ, ഒബാമയുടെ പിൻഗാമിയായി അമേരിക്കൻ പ്രസിഡന്റായ ഡോണൾഡ് ട്രംപ് 2018ൽ ഏകപക്ഷീയമായി ഇറാനുമായുള്ള കരാറിൽനിന്ന് പിന്മാറുകയായിരുന്നു. പിന്നീട് ഈവർഷം രണ്ടാംടേമിൽ അധികാരത്തിലെത്തിയ ട്രംപ് പുതിയ കരാറിന് ചർച്ചകൾക്ക് ഇറാനെ ക്ഷണിക്കുകയായിരുന്നു. നേരിട്ടുള്ള ചർച്ചകൾക്കുള്ള ക്ഷണം നിരസിച്ച ഇറാൻ, ഇറാൻ പ്രതിനിധിതല ആശയവിനിമയത്തിന് സമ്മതിച്ചു.

ഏപ്രിലിൽ തുടക്കമിട്ട പുതിയ അമേരിക്ക–ഇറാൻ ചർച്ചകൾ ഒമാനിന്റെ മാധ്യസ്ഥ്യത്തിൽ മുടക്കമില്ലാതെ തുടരവേയാണ് സമാധാനനീക്കങ്ങളെല്ലാം തകർക്കുന്ന നീക്കം ഇസ്രയേൽ നടത്തിയത്. ഇറാനുമായുള്ള ചർച്ച നല്ല നിലയിലാണ് നീങ്ങുന്നതെന്ന് അഭിപ്രായപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ഘട്ടത്തിൽ ആണവകരാർ ഉടൻ യാഥാർഥ്യമായേക്കുമെന്നുവരെ പ്രതീക്ഷ പ്രകടിപ്പിച്ചു. പശ്ചിമേഷ്യൻ കാര്യങ്ങൾക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചിയും നേരിട്ട് ചർച്ചകൾക്ക് നേതൃത്വം നൽകുകയായിരുന്നു. മസ്‌കത്തിലും റോമിലുമായി അഞ്ചുവട്ടം ചർച്ചകൾ പൂർത്തിയാക്കി. ആണവകരാറിന്റെ കരട് നിർദേശങ്ങൾ തയ്യാറാക്കുന്നതിനായുള്ള നടപടികളും തുടങ്ങി. ഇതിൻമേലുള്ള ചർച്ചകൾക്കായി 15ന് വീണ്ടും ചർച്ച നടത്താനിരിക്കെയാണ് എല്ലാം അട്ടിമറിച്ചുള്ള ആക്രമണത്തിന് ഇസ്രയേൽ തുനിഞ്ഞത്.
ആണവായുധങ്ങൾ വികസിപ്പിക്കാനാണ് ഇറാന്റെ ശ്രമമെന്നാണ് അമേരിക്കയുടെയും കൂട്ടാളികളുടെയും ആരോപണം. ഇക്കാരണത്താൽ കടുത്ത ഉപരോധവും ഇറാനുനേരെ പാശ്‌ചാത്യചേരി ഏർപ്പെടുത്തി. സമാധാനപരമായ ലക്ഷ്യത്തോടെ സിവിലിയൻ ഊർജ ആവശ്യങ്ങൾക്കായുമുള്ള യുറേനിയം സമ്പൂഷ്ടീകരണമാണ് തങ്ങൾ നടത്തുന്നതെന്നും രാജ്യത്തിന്റെ ആണവ അവകാശം ആർക്കുമുന്നിലും അടിയറവയ്‌ക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ, പാശ്ചാത്യചേരിയും ആഗോള ആണവ നിരീക്ഷണ സംഘടനയായ അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയും (ഐഎഇഎ) ഇക്കാര്യത്തിൽ തൃപ്തരല്ല.
ഇറാനിൽ പൊടുന്നനെയുള്ള ആക്രമണത്തിന് വഴിയൊരുക്കാനും ഐഎഇഎ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്രവേദികളെ അമേരിക്ക കരുവാക്കിയെന്നതാണ് യാഥാർഥ്യം. ആണവ നിർവ്യാപനത്തിനുള്ള ബാധ്യതകൾ 20 വർഷത്തിനിടെ ആദ്യമായി ഇറാൻ ലംഘിച്ചതായി വ്യാഴാഴ്ച ഐഎഇഎ പ്രമേയം പാസാക്കിയത് ആക്രമണത്തിനുള്ള കളമൊരുക്കലായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേൽ തെഹ്‌റാനിലേക്ക് മിസൈൽ തൊടുത്തു. ഐഎഇഎ ഗവേണിങ് ബോഡി യോഗത്തിൽ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് അമേരിക്കയ്‌ക്കൊപ്പം ഇറാനെതിരെ പ്രമേയം കൊണ്ടുവന്നത്. റഷ്യയും ചൈനയും എതിർത്തിട്ടും ഭൂരിപക്ഷ പിന്തുണനേടി പ്രമേയം പാസാക്കുകയായിരുന്നു. ഇതേസമയത്തുതന്നെ പശ്‌ചിമേഷ്യയിൽനിന്ന് അമേരിക്കൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടി അമേരിക്ക ആരംഭിക്കുകയും ചെയ്‌തു. ബാഗ്‌ദാദിലെ എംബസിയിൽ നാമമാത്ര ഉദ്യോഗസ്ഥർ ഒഴികെയുള്ളവരെ പിൻവലിച്ചു. ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയാൽ അമേരിക്കൻ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ആണവായുധം കൈവശം വയ്ക്കാനുള്ള തങ്ങളുടെ ദേശീയ അവകാശം ഭാവിയിലെ ആക്രമണങ്ങൾക്കെതിരായ ഏറ്റവും മികച്ച പ്രതിരോധമായിരിക്കുമെന്ന് ഇറാൻ വിലയിരുത്തുന്നത് ആധുനിക ലോകചരിത്രത്തിൽത്തന്നെയുള്ള ഉദാഹരണങ്ങളിൽനിന്നാകാം. ലിബിയയുടെ പ്രസിഡന്റായിരുന്ന കേണൽ മുഹമ്മർ ഗദ്ദാഫി 2003-ൽ തന്റെ കൂട്ടനശീകരണ ആയുധ പരിപാടി ഉപേക്ഷിച്ചു. എട്ടുവർഷത്തിനുശേഷം അറബ് വസന്ത പ്രതിഷേധങ്ങളിൽ പാശ്ചാത്യചേരിയുടെ പിന്തുണയോടെ അട്ടിമറിക്കപ്പെട്ട അദ്ദേഹം തെരുവിൽ ഒരു കുഴിയിൽ മരിച്ചുകിടക്കുന്നതാണ് ലോകം കണ്ടത്. ഇറാഖിൽ അതിക്രമിച്ചുകയറി ആ രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ പിടികൂടി തൂക്കിലേറ്റിയെങ്കിൽ, ലിബിയയിൽ പ്രസിഡന്റായിരുന്ന ഗദ്ദാഫിയെ സാമ്രാജ്യത്വസൈന്യം തെരുവുഗുണ്ടകളെക്കൊണ്ട് വകവരുത്തുകയായിരുന്നു. നേരെമറിച്ച് ഉത്തരകൊറിയയിൽ കിം ജോങ് ഉന്നിന്റെ സർക്കാർ പാശ്ചാത്യ ഉപരോധങ്ങളെ ധിക്കരിക്കുകയും ആണവ മുനയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ വലിയ ശേഖരം വികസിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാകണം ഉത്തരകൊറിയയെ ആക്രമിക്കാൻ ആരും തിടുക്കം കാട്ടുന്നുമില്ല. ലിബിയയും ഉത്തരകൊറിയയും സ്വീകരിച്ച വ്യത്യസ്ത വഴികൾ ഇറാൻ പാഠമാക്കിക്കാണും.














