ഇറാൻ ആക്രമണം ; പിന്നിൽ അമേരിക്ക


വി ബി പരമേശ്വരൻ
Published on Jun 15, 2025, 11:03 PM | 4 min read
വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ ഇറാനിലെ ആണവ, മിസൈൽ, സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെ എട്ടിടത്ത് ആക്രമണം നടത്തിയതോടെ മൂന്നാം ലോകയുദ്ധ ഭീഷണി ഉയർന്നിരിക്കുകയാണ്. പതിവുപോലെ അമേരിക്ക ഇസ്രയേലിനു പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുമ്പോൾ റഷ്യയും ചൈനയും ഇസ്രയേൽ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. മോദി സർക്കാർ പതിവുപോലെ ഇസ്രയേലിന്റെ ആക്രമണത്തെ തുറന്നെതിർക്കാൻ തയ്യാറായില്ല. യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ഇസ്രയേൽ നടപടിയെന്ന് വിശേഷിപ്പിച്ച റഷ്യ, അമേരിക്കയും സഖ്യകക്ഷികളുമാണ് സംഘർഷം മൂർച്ഛിപ്പിച്ചതെന്നും ആരോപിച്ചു. ആണവകേന്ദ്രങ്ങൾ ആക്രമിക്കുകയെന്ന അപകട രീതിയാണ് ഇസ്രയേൽ സ്വീകരിച്ചതെന്ന് ചൈനയും പ്രതികരിച്ചു.
മൂന്നു വർഷമായി തുടരുന്ന ഉക്രയ്ൻ യുദ്ധം 24 മണിക്കൂറിനകം അവസാനിപ്പിക്കുമെന്നും ലോകരാജ്യങ്ങളിൽ ഐക്യം വളർത്തുമെന്നും പറഞ്ഞ് രണ്ടാംവട്ടം അമേരിക്കൻ പ്രസിഡന്റായ ട്രംപാണിപ്പോൾ പുതിയൊരു യുദ്ധമുഖംകൂടി തുറന്നിരിക്കുന്നത്. ഇന്ത്യ–പാക് വെടിനിർത്തലിന്റെ പിതൃത്വം തനിക്കാണെന്ന് ഒരു ഡസനിലധികം തവണ അവകാശപ്പെട്ട ട്രംപ് ഇപ്പോൾ ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ പ്രകടനം മികച്ചതാണെന്ന് പ്രശംസിക്കാനാണ് തയ്യാറായത്. എന്നിട്ടും വാഷിങ്ടൺ പോസ്റ്റും ബ്ലൂംബർഗുംപോലുള്ള പാശ്ചാത്യ മാധ്യമങ്ങൾ വിറ്റഴിക്കാൻ ശ്രമിക്കുന്ന ആഖ്യാനം അമേരിക്ക തടയാൻ ശ്രമിച്ചിട്ടും ഇസ്രയേൽ യുദ്ധത്തിന്റെ വഴി സ്വീകരിക്കുകയാണെന്നാണ്. സാമ്രാജ്യത്വത്തിന്റെ നിലനിൽപ്പുപോലും യുദ്ധങ്ങളെ ആശ്രയിച്ചാണെന്നിരിക്കെ അതിന്റെ നായകന് സമാധാനത്തിന്റെ പട്ടം ചാർത്തി നൽകുന്നത് ഇസ്രയേൽ എന്ന ‘തെമ്മാടി രാഷ്‌ട്ര’ത്തിനെ രക്ഷിച്ചെടുക്കാനുള്ള വിപുലമായ സാമ്രാജ്യത്വ പദ്ധതിയുടെ ഭാഗമാണ്.
മുൻ അമേരിക്കൻ സൈനികനും ഇപ്പോൾ എഴുത്തുകാരനും നിരീക്ഷകനുമായ സ്‌കോട്ട് റിട്ടറുടെ അഭിപ്രായത്തിൽ ഇറാനെതിരെ നടന്നത് "സംയുക്ത ഇസ്രയേൽ അമേരിക്കൻ ആക്രമണ’മാണ്. അമേരിക്കയുമായി രഹസ്യമായുണ്ടാക്കിയ ഏകോപനത്തിന്റെയും അവരുടെ പൂർണ അറിവോടെയുമാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചതെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ധാരണകളെയും ധിക്കരിക്കാൻ ഇസ്രയേലിന് കരുത്ത് നൽകുന്നതിന്റെ പിന്നിലെ ശക്തി ആരെന്ന ചോദ്യത്തിനുള്ള ഉത്തരം അമേരിക്ക എന്നുമാത്രമാണ്. സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായി 1948ൽ ഇസ്രയേൽ രൂപം കൊണ്ടതുമുതൽ അതിനെ മധ്യപൗരസ്ത്യദേശത്തെ പോക്കിരി രാഷ്ട്രമായി വളർത്തിയത് അമേരിക്കയും പാശ്ചാത്യ രാഷ്ട്രങ്ങളുമാണ്. ഹമാസിന്റെ ആക്രമണം കരുവാക്കി ഗാസയും വെസ്റ്റ് ബാങ്കും പൂർണമായി വരുതിയിലാക്കാനായി അധിനിവേശം തുടരുന്ന, വിശപ്പ് സഹിക്കാതെ ഭക്ഷണത്തിനായി കേഴുന്ന പിഞ്ചുകുട്ടികളെപ്പോലും ബോംബിട്ട് കൊല്ലുന്ന ക്രൂരതയുടെ പേരാണ് ഇന്ന് ഇസ്രയേൽ. അതിന് യുഎന്നിലും പൊതു സമൂഹത്തിലും എല്ലാ പിന്തുണയും നൽകുന്ന രാഷ്‌ട്രമാണ് അമേരിക്ക. അവർതന്നെയാണ് ഇറാൻ ആക്രമണത്തിലും പിന്നിലുള്ളത്.

സ്‌കോട്ട് റിട്ടർ നൽകുന്ന മറ്റൊരു പ്രധാന സൂചന ഇറാനുമായുള്ള രണ്ടാം ട്രംപ് സർക്കാരിന്റെ ആണവ ചർച്ചപോലും യുദ്ധത്തിനുള്ള മികച്ച തയ്യാറെടുപ്പിന് ഇസ്രയേലിന് അവസരമൊരുക്കാൻ വിരിച്ച കെണിയാണെന്നാണ്. 2015ൽ അമേരിക്കയും ഇറാനും തമ്മിലെത്തിയ ആണവകരാറിൽനിന്ന് 2018ൽ പിന്മാറിയത് ട്രംപാണ്. അതേ ട്രംപ് ഇപ്പോൾ ഇറാനുമായി ആണവകരാർ ഉണ്ടാക്കാൻ ശ്രമിച്ചത് പലരെയും അത്ഭുതപ്പെടുത്തിയതും അതുകൊണ്ടുതന്നെ. ജൂൺ 15ന് ഒമാനിൽ ചർച്ച നടക്കാനിരിക്കെയാണ് 13ന് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. എന്നാൽ, ഇതിന് രണ്ടുദിവസംമുമ്പ് 10ന് തന്നെ ഇസ്രയേൽ മന്ത്രിസഭ ഇറാനെ ആക്രമിക്കാൻ തീരുമാനിച്ചെന്നും തൊട്ടടുത്ത ദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ട്രംപിനെ വിവരം ധരിപ്പിച്ചെന്നും അറബ് ദിനപത്രമായ അൽ ഇത്തിഹാദ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇറാൻ ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമപ്രവർത്തകരെ കണ്ട ട്രംപ് ഇസ്രയേൽ ആക്രമണം ആരംഭിച്ചാൽ കരാറിന്റെ ഭാവി അവതാളത്തിലാകുമെന്ന് പറഞ്ഞ ഉടൻതന്നെ വിശദീകരിച്ചത് അമേരിക്കൻ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാനുമേൽ സമ്മർദം ചെലുത്താൻ ആക്രമണം ഉപകരിക്കുമെന്നാണ്. അമേരിക്കയിലെ "ആക്സിയോസ് ന്യൂസ്’ റിപ്പോർട്ട് ചെയ്തത് ഇസ്രയേൽ ആക്രമണത്തെ എതിർക്കുന്ന നിലപാട് മാധ്യമങ്ങൾക്ക് മുമ്പിലുള്ള നാടകം മാത്രമാണെന്നും യഥാർഥത്തിൽ അമേരിക്ക ആക്രമണത്തിന് നേരത്തേ പച്ചക്കൊടി വീശിയിരുന്നുവെന്നുമാണ്. അതായത് ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്‌താവന ലോക രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. നിമിഷങ്ങൾക്കകം ഇസ്രയേൽ ആക്രമണത്തെ പ്രശംസിച്ച് രംഗത്തുവന്ന ട്രംപ് ഇനിയും ഒരുപാട് കാര്യങ്ങൾ വരാനിരിക്കുന്നെന്ന് സൂചിപ്പിച്ചതോടെ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി വിവരങ്ങൾ ഉണ്ടായിരുന്നെന്ന് വ്യക്തമായി.
ഇന്ത്യ–പാക് സംഘർഷത്തിൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെയും ഇന്ത്യയെയും തുല്യശക്തികളായി കണ്ട അമേരിക്കൻ സമീപനവും ഇറാൻ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്. ഇറാനുമായുള്ള ബന്ധം മോശമാകുമ്പോൾ പാകിസ്ഥാന്റെ പിന്തുണ ആവശ്യമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഉന്നയിച്ച ആരോപണങ്ങൾ അവഗണിച്ച് പാക് പക്ഷത്ത് അമേരിക്ക നിലയുറപ്പിക്കുന്നതെന്നാണ് ഈ ആഖ്യാനം.
പശ്ചിമേഷ്യയിൽനിന്നുള്ള അമേരിക്കൻ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തിരിച്ചയക്കാനും ഇറാഖിലെ എംബസിയിലെ ജീവനക്കാരെ നാമമാത്രമായി പരിമിതപ്പെടുത്താനും മണിക്കൂറുകൾക്കുമുമ്പ് അമേരിക്ക തീരുമാനിച്ചതും അവരുടെ അറിവോടെയാണ് ആക്രമണമെന്നതിന് അടിവരയിടുന്നു. ഇന്ത്യ–പാക് സംഘർഷത്തിൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെയും ഇന്ത്യയെയും തുല്യശക്തികളായി കണ്ട അമേരിക്കൻ സമീപനവും ഇറാൻ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്. ഇറാനുമായുള്ള ബന്ധം മോശമാകുമ്പോൾ പാകിസ്ഥാന്റെ പിന്തുണ ആവശ്യമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഉന്നയിച്ച ആരോപണങ്ങൾ അവഗണിച്ച് പാക് പക്ഷത്ത് അമേരിക്ക നിലയുറപ്പിക്കുന്നതെന്നാണ് ഈ ആഖ്യാനം. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം ഗൾഫിലെ സുന്നി രാഷ്ട്രങ്ങളുടെ പിന്തുണ, ഷിയ ഇറാനെതിരെ ഉറപ്പിക്കാനുള്ള ശ്രമവും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായി. മെയ് 13 മുതൽ 16 വരെ ട്രംപ് സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാഷ്ട്രങ്ങൾ സന്ദർശിക്കുകയും നിരവധി കരാറുകളിൽ ഒപ്പിടാനും തയ്യാറായി. ഇറാനെതിരെ സുന്നി രാഷ്ട്രങ്ങളുടെ സഖ്യമെന്ന അജൻഡയും ട്രംപിന്റെ സന്ദർശനത്തിന് പിന്നിലില്ലേയെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. നേരത്തേ അബ്രഹാം സന്ധി ഒപ്പിടുവിച്ച് ബഹ്റൈൻ, യുഎഇ, സുഡാൻ എന്നീ രാഷ്ട്രങ്ങളെ ഇസ്രയേലുമായി സഹകരിപ്പിച്ചിരുന്നു. അതായത് ഷിയ–സുന്നി സ്വത്വം ഉപയോഗിച്ച് ഗൾഫിൽ ഇസ്രയേലിന് കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കാനാണ് അമേരിക്ക പ്രയത്നിച്ചത്. ഇറാൻ ആക്രമണത്തിന് മുമ്പായി ആ രീതിയിൽ ഒരു ശ്രമം അമേരിക്ക കഴിഞ്ഞ മാസവും നടത്തിയെന്ന് ട്രംപിന്റെ സന്ദർശനം വ്യക്തമാക്കുന്നു.
ഇറാനെ ആക്രമിക്കാനുള്ള എല്ലാ ആയുധങ്ങളും നൽകുന്നതും അമേരിക്കയാണെന്ന കാര്യം പരസ്യമായ രഹസ്യം മാത്രമാണ്. ട്രംപിന്റെതന്നെ ഭാഷയിൽ പറഞ്ഞാൽ "അമേരിക്കയാണ് ഏറ്റവും കൂടുതലും മെച്ചപ്പെട്ടതുമായ യുദ്ധോപകരണങ്ങൾ നിർമിക്കുന്നത്. ഇസ്രയേലിന്റെ കൈവശം അത് ധാരാളമായി ഉണ്ട്. ഇനി കൂടുതലായി വരികയും ചെയ്യും. അത് എങ്ങനെ ഉപയോഗിക്കണമെന്ന് ഇസ്രയേലിന് നന്നായി അറിയുകയും ചെയ്യാം’.
സൈനിക നടപടികളിലൂടെമാത്രം അധികാരത്തിൽ തുടരുന്ന നേതാവാണ് നെതന്യാഹുവെന്ന് ഏറ്റവും നന്നായി അറിയുന്നതും അമേരിക്കയ്ക്കാണ്. "സമാധാന പ്രിയനായ ട്രംപാണ്’ യുദ്ധകുതുകിയായ നെതന്യാഹുവിനെ അധികാരത്തിൽ തുടരാൻ എല്ലാ ഒത്താശയും ചെയ്യുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റ് പിരിച്ചുവിടാൻ പ്രതിപക്ഷം നടത്തിയ നീക്കത്തെ അതിജീവിക്കാൻ നെതന്യാഹുവിനെ സഹായിച്ചതും അമേരിക്കയാണ്. ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹുക്കാബിയെ ഉപയോഗിച്ചാണ് നെതന്യാഹുവുമായി ഇടഞ്ഞ തീവ്ര വലതുപക്ഷക്കാരെയും യാഥാസ്ഥിതിക വാദികളെയും നെതന്യാഹുവിന് അനുകൂലമായി വോട്ട് ചെയ്യിച്ചത്. തൽക്കാലം രക്ഷപ്പെട്ടെങ്കിലും അധികാരത്തിൽ തുടരുക നെതന്യാഹുവിന് ഞാണിന്മേൽ കളിയാണ്. ഇറാനുമായുള്ള പുതിയ യുദ്ധമുഖം അതിന് വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് നെതന്യാഹു. അമേരിക്കയാകട്ടെ പശ്ചിമേഷ്യയിൽ അവരുമായി കൊമ്പുകോർക്കാൻ ശേഷിയുള്ള ഏക രാജ്യത്തെ നിലംപരിശാക്കാൻ കഴിയുമോയെന്ന ചിന്തയിലാണ്. ഇസ്രയേലിന്റെയും അമേരിക്കയുടെയും ഈ താൽപ്പര്യങ്ങൾ തമ്മിൽ യോജിക്കുന്നിടത്തുനിന്നാണ് ഇറാനെതിരായ ആക്രമണങ്ങളുടെ തുടക്കം.














