അണുബോംബല്ല പ്രശ്‌നം


എ ശ്യാം
Published on Jun 16, 2025, 03:03 AM | 2 min read
ഇറാൻ അണുബോംബ് നിർമിക്കുന്നില്ല എന്ന് മൂന്നുമാസം മുമ്പാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അണുബോംബുണ്ടാക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്‌തയും രഹസ്യാന്വേഷണവിഭാഗം മേധാവിയുമായ തുൾസി ഗബ്ബാർഡ് മാർച്ചിൽ സ്ഥിരീകരിച്ചു. എന്നിട്ടും ഇറാനെതിരെ ഇസ്രയേൽ തിടുക്കത്തിൽ ആക്രമണം ആരംഭിച്ചത് ഇറാനും അമേരിക്കയും തമ്മിൽ ഒത്തുതീർപ്പുണ്ടാവാതിരിക്കാനാണ്. മേഖലയിൽ തങ്ങൾക്ക് ഏക വെല്ലുവിളിയായ ഇറാൻ സാമ്പത്തികശക്തിയാകുന്നത് എങ്ങനെയും തടയുകയാണ് ലക്ഷ്യം. പലസ്‌തീൻ പ്രദേശം പൂർണമായും തട്ടിയെടുക്കാൻ തടസമുണ്ടാവരുത്. നിലവിൽ പലസ്‌തീൻ പോരാളികളെ സഹായിക്കുന്ന ഇറാന് അതിന് സാമ്പത്തികശേഷിയുണ്ടാകരുതെന്നും ഇസ്രയേൽ ലക്ഷ്യമാക്കുന്നു.
നാലര പതിറ്റാണ്ടായി അമേരിക്കയുടെയും കൂട്ടാളികളുടെയും ഉപരോധങ്ങൾ നേരിടുമ്പോൾത്തന്നെയാണ് മേഖലയിൽ പലസ്‌തീൻ ജനതയ്‌ക്കടക്കം ഇറാൻ സഹായം നൽകുന്നത്. ഉപരോധങ്ങൾ ഇറാനിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പെട്രോളിയമടക്കം രാജ്യത്തിന്റെ വിഭവസമ്പത്ത് ജനക്ഷേമത്തിന് വിനിയോഗിക്കാനാകുന്നില്ല. ഇറാന്റെ വിഭവങ്ങൾ മുൻകാലങ്ങളിലെപ്പോലെ തങ്ങൾക്ക് കൊള്ളയടിക്കാനാകണമെന്ന് പാശ്ചാത്യരാജ്യങ്ങളും താൽപ്പര്യപ്പെടുന്നു. സാമ്പത്തിക പ്രയാസംമൂലം ജനജീവിതം ദുഷ്‌കരമാകുമ്പോൾ ഇസ്ലാമിക റിപബ്ലിക്കിൽ അട്ടിമറി നടത്താനാവുമെന്നും അമേരിക്കൻ ചേരി പ്രതീക്ഷിക്കുന്നു. ഇത് മനസിലാക്കിയാകണം കടുത്ത ശത്രുവായിട്ടും അമേരിക്കയുമായി ചർച്ചയ്‌ക്ക് ഖമനേയി അനുമതി നൽകിയത്. എന്നാൽ ആണവതർക്കം ചാക്രിക പ്രതിസന്ധിയായി നീട്ടിക്കൊണ്ടുപോവുകയാണ് പാശ്ചാത്യരാജ്യങ്ങൾ.
രണ്ട് പതിറ്റാണ്ടുമുമ്പ് ആണവതർക്കം ആരംഭിച്ചപ്പോൾ മിതവാദിയും പരിഷ്‌കരണേച്ഛുവുമായ മുഹമ്മദ് ഖതമിയായിരുന്നു ഇറാൻ പ്രസിഡന്റ്. പിന്നീട് അതേ വിഭാഗത്തിൽപ്പെട്ട ഹസൻ റൂഹാനി പ്രസിഡന്റായപ്പോഴും ഇസ്രയേലും പാശ്ചാത്യരാജ്യങ്ങളും ഉപരോധങ്ങളിലൂടെ ഇറാനെ വേട്ടയാടി. 2015ൽ റൂഹാനിയുടെ കാലത്താണ് യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജർമനിയുൾപ്പെട്ട വൻശക്തികളുമായി(പി5+1) ആണവക്കരാറുണ്ടാക്കിയത്. അന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു. 2018ൽ ട്രംപ് പാശ്ചാത്യ കൂട്ടാളികളെപ്പോലും അനുസരിക്കാതെ അമേരിക്കയെ കരാറിൽനിന്ന് പിൻവലിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ താൽപ്പര്യപ്രകാരമായിരുന്നു. നെതന്യാഹു തുടക്കംമുതൽ എതിർത്ത കരാറിൽനിന്ന് അമേരിക്ക പിൻവാങ്ങിയതോടെ അതനുസരിക്കാൻ ഇറാനും ബാധ്യതയില്ലാതായി.
അമേരിക്കയെയും മറ്റ് പാശ്ചാത്യരാജ്യങ്ങളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇറാന് വീണ്ടും ബോധ്യപ്പെട്ടു. എന്നിട്ടും ഈ വർഷം അധികാരം തിരിച്ചുപിടിച്ച ട്രംപ് പുതിയ കരാർ നിർദേശിച്ചപ്പോൾ മിതവാദിയായ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ തള്ളിയില്ല. തുടർന്ന് ആരംഭിച്ച ചർച്ചകൾ ആറാംവട്ടത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു ഇസ്രയേൽ ആക്രമണം. മുമ്പ് ഇറാനും വൻശക്തികളും തമ്മിലുണ്ടാക്കിയ കരാറിനെ എതിർത്ത നെതന്യാഹുവിന്റെ ലക്ഷ്യം ഒന്നുമാത്രം. വീണ്ടും കരാറുണ്ടാക്കി സമാധാനപരമായി വളരാൻ ഇറാനെ അനുവദിക്കരുത്. ഈ വിനാശനിലപാടിന് കൂട്ടുനിൽക്കുന്ന പാശ്ചാത്യരാജ്യങ്ങളുടെ കാപട്യമാണ് വീണ്ടും തെളിയുന്നത്.















