ad
Deshabhimani

Articles

വെടിയൊച്ച നിലയ്ക്കുമ്പോൾ പെയ്‌തിറങ്ങുന്ന ചോദ്യങ്ങൾ

വെടിയൊച്ച നിലയ്ക്കുമ്പോൾ പെയ്‌തിറങ്ങുന്ന ചോദ്യങ്ങൾ

india - pak
avatar
ഡോ. ജോൺ ബ്രിട്ടാസ് എംപി


Published on May 11, 2025, 09:43 PM | 5 min read

തീവ്ര ദേശീയതയെക്കുറിച്ച്‌ ഒട്ടേറെ വ്യാഖ്യാനങ്ങളും ഉദ്ധരണികളുമുണ്ട്‌. കണ്ണിന്‌ കണ്ണ്‌ എന്ന നിലയിലേക്കാണ്‌ ഒരു സമൂഹം പോകുന്നതെങ്കിൽ അത്‌ ലോകത്തെ പൂർണ അന്ധകാരത്തിലേക്കാകും നയിക്കുകയെന്നു പറഞ്ഞത്‌ മഹാത്മാഗാന്ധിയാണ്‌.

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും അതിർത്തിയിലെ സംഘർഷവും തുടർന്നുണ്ടായ വെടിനിർത്തലും അർഥപൂർണമായി വിലയിരുത്തേണ്ട ഘട്ടത്തിലേക്കാണ്‌ രാജ്യം കടന്നിരിക്കുന്നത്‌. യുദ്ധം പരിഹാരത്തേക്കാൾ പ്രതിസന്ധികൾക്കാണ്‌ ജന്മം നൽകുകയെന്ന ആപ്‌തവാക്യം ഉൾക്കൊണ്ടുവേണം ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ വെടിനിർത്തലിനെ നോക്കിക്കാണാൻ. ഇരു ജനതയുടെയും സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിക്ക്‌ സമാധാനം അനിവാര്യമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അതേസമയം, ഇന്ത്യയെ തുടർച്ചയായി തുറിച്ചുനോക്കുന്ന പാകിസ്ഥാന്റെ ഭീകരതയെ എങ്ങനെ നേരിടണമെന്നതും പ്രസക്തമായ ചോദ്യമാണ്‌.

ബഹുമുഖ സമീപനത്തിലൂടെയല്ല, പീരങ്കിയുടെ കുഴലിലൂടെ മാത്രമേ പരിഹാരമുള്ളൂ എന്ന തീവ്ര ദേശീയ സങ്കൽപ്പങ്ങളെ പിന്നോട്ടുതള്ളേണ്ട ഘട്ടംകൂടിയാണിത്‌. മതം ചോദിച്ച്‌ 26 നിരപരാധികളെ പഹൽഗാമിൽ പാകിസ്ഥാനിൽനിന്നുള്ള ഭീകരവാദികൾ അരുംകൊല ചെയ്‌തതിനെ ഏകമാനമായി കാണുന്നതിലെ അപാകതയാണ്‌ അടിവരയിടേണ്ടത്‌. മതഭ്രാന്തിൽ രൂപംകൊള്ളുകയും മതതീവ്രതയിൽ പ്രയാണം നടത്തുകയും ചെയ്യുന്ന പാകിസ്ഥാൻ പതിച്ച അഗാധ ഗർത്തത്തിലേക്ക്‌ ഇന്ത്യയെക്കൂടി തള്ളിവിടാനുള്ള ഗൂഢതന്ത്രമാണ്‌ ‘കലിമ’ ചൊല്ലലിന്‌ പിന്നിലെന്ന്‌ സ്വബോധമുള്ളവർ പറഞ്ഞപ്പോൾ അതിനെതിരെ യുദ്ധവെറിയുടെ പെരുമഴയാണുണ്ടായത്‌.

ഒരു രാജ്യം തകർക്കാൻ ഏറ്റവും എളുപ്പവഴി തീവ്രദേശീയതയും യുദ്ധവെറിയുമാണെന്ന്‌ നാസി ജർമനി ഉൾപ്പെടെയുള്ള ഒട്ടേറെ ചരിത്ര ഏടുകൾ നമുക്ക്‌ പറഞ്ഞുതരുന്നുണ്ട്‌. ഇന്ത്യക്കും പാകിസ്ഥാനും ഇടയിലെ വെടിനിർത്തലിൽ നിരാശപൂണ്ട്‌ ജൽപ്പനങ്ങൾ നടത്തുന്ന വലതുപക്ഷ സമൂഹമാധ്യമ അക്കൗണ്ടുകൾ നോക്കിയാൽ നമ്മെ ചൂഴ്‌ന്നുനിൽക്കുന്ന അപകടത്തെക്കുറിച്ച്‌ ചെറിയ ധാരണ ലഭിക്കും. ഓപ്പറേഷൻ സിന്ദൂർ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ഏറ്റവും സുവ്യക്ത നിലപാട്‌ എടുത്തത്‌ സിപിഐ എം ആയിരുന്നു. യുദ്ധം അഭികാമ്യമല്ല, സംഘർഷത്തിന്‌ അയവുണ്ടാകണം. അതിന്‌ മുൻകൈയെടുക്കാൻ ജനാധിപത്യരാജ്യവും ലോകത്തിന്‌ മാതൃകയുമായ ഇന്ത്യക്ക്‌ കഴിയും -ഇതായിരുന്നു ആ നിലപാടിന്റെ സത്ത. വെടിനിർത്തലിലേക്ക്‌ ചുവടുവയ്‌ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തോടെ അംഗീകാരവും മികവും ലഭിക്കുന്നത്‌ സിപിഐ എം നിലപാടിനുകൂടിയാണെന്ന്‌ പറയേണ്ടതുണ്ട്‌.

ഇരു രാജ്യവും സമാധാനത്തിലേക്ക്‌ മടങ്ങുമ്പോഴും സംഘർഷത്തിന്റെ ബാക്കിപത്രത്തെക്കുറിച്ച്‌ ഒട്ടേറെ സന്ദേഹവും ചോദ്യങ്ങളും ഉയരുന്നുണ്ട്‌. അതിൽ പ്രധാനം സൂപ്പർ മാധ്യസ്ഥ്യന്റെ വേഷത്തിൽ അവതരിച്ച അമേരിക്കയുടെ സമീപനമാണ്‌. നാം വെടിനിർത്തൽ പ്രഖ്യാപിക്കും മുമ്പുതന്നെ ഇരു രാജ്യങ്ങളോടും സമാധാനത്തിലേക്ക്‌ മടങ്ങാൻ നിർദേശിച്ചെന്നും അതിന്റെ തീരുമാനം ഉടനുണ്ടാകുമെന്നുമുള്ള പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിൽനിന്നുണ്ടായി. അതിലേറെ സന്ദേഹം ഉയർത്തുന്നതായിരുന്നു യുഎസ്‌ വിദേശസെക്രട്ടറി മാർക്കോ റൂബിയോയുടെ നീണ്ട വിശദീകരണം. തന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ– പാകിസ്ഥാൻ വിഷയത്തിൽ നടന്ന കൂടിയാലോചനകളുടെ സംക്ഷിപ്‌ത വിവരണംതന്നെ റൂബിയോ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ, സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവൽ, പാക്‌ പ്രധാനമന്ത്രി ഷെഹ്‌ബാസ്‌ ഷെറീഫ്‌, പാക്‌ വിദേശമന്ത്രി മൊഹമ്മദ്‌ ഇഷാഖ്‌, സൈനിക മേധാവി അസിം മുനീർ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞാണ്‌ തന്റെ മാധ്യസ്ഥ്യശ്രമങ്ങളെ റൂബിയോ വിവരിച്ചത്‌.

പാകിസ്ഥാനുമായി കശ്‌മീർ ഉൾപ്പെടെയുള്ള തർക്കവിഷയങ്ങളിൽ ഇന്ത്യ എക്കാലത്തും സ്വീകരിച്ച നിലപാടിന്റെ ലംഘനമായി വേണം ഈ പ്രഖ്യാപനങ്ങളെ വിലയിരുത്താൻ. 1972-ലെ സിംല കരാറിന്റെ അകക്കാമ്പുതന്നെ ഉഭയകക്ഷി ചർച്ചകളിലൂടെ തർക്കപരിഹാരം എന്നതായിരുന്നു. ഒട്ടേറെ വിദേശ രാജ്യങ്ങൾ പല ഘട്ടത്തിലും മാധ്യസ്ഥ്യ സഹായഹസ്‌തം നീട്ടിയപ്പോൾ ഉറച്ചനിലപാടോടെ അതെല്ലാം തള്ളുകയാണ്‌ ഇന്ത്യ ചെയ്‌തത്‌. ഐ കെ ഗുജ്‌റാൾ പ്രധാനമന്ത്രിയായിരിക്കെ ബ്രിട്ടന്റെ ഭാഗത്തുനിന്ന്‌ അത്തരമൊരു നീക്കമുണ്ടായപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ മാധ്യമ തലവാചകങ്ങളായിരുന്നു. ഹസ്‌തം നീട്ടാൻ എന്ത്‌ ആരോഗ്യമാണ്‌ ബ്രിട്ടനുള്ളതെന്ന പരിഹാസ ചോദ്യംപോലും ഗുജ്‌റാളിന്റെ ഭാഗത്തുനിന്നുണ്ടായി.

കശ്‌മീരിനുമേൽ അന്താരാഷ്‌ട്രവൽക്കരണത്തിന്റെ നിഴൽ പതിയുന്നതിന്‌ പ്രധാനമന്ത്രി മോദിയുടെ സമീപനം വഴിവച്ചോ എന്ന ചോദ്യം തീർച്ചയായും വരുംദിവസങ്ങളിൽ ഉയരും. ‘മൈ ഫ്രൻഡ്‌ ട്രംപ്‌’ എന്ന അഭിസംബോധനയ്‌ക്കപ്പുറത്ത്‌ ഇന്ത്യൻ താൽപ്പര്യം സംരക്ഷിക്കുന്നതിൽ മോദിയുടെ ഭാഗത്ത്‌ വീഴ്‌ചയുണ്ടായില്ലേ എന്ന ചോദ്യമാണ്‌ പ്രസക്തമായിട്ടുള്ളത്‌.

സംഘർഷത്തിനിടയിൽ മുഖ്യധാരാ മാധ്യമങ്ങൾ മുന്നോട്ടുവച്ച പ്രവർത്തനമാതൃക ഗൗരവമായ വിലയിരുത്തലിന്‌ വിധേയമാക്കണം. യുദ്ധവെറിയുടെയും ജ്വരത്തിന്റെയും അതിവിനാശകരമായ മാതൃകയാണ്‌ നമ്മുടെ മാധ്യമങ്ങൾ കാഴ്‌ചവച്ചത്‌. ഇക്കാര്യത്തിൽ പാക്‌ മാധ്യമങ്ങളോട്‌ മത്സരിക്കുകയായിരുന്നു ഇന്ത്യൻ മാധ്യമങ്ങൾ. പാകിസ്ഥാനെ അടിച്ചുപരത്താൻ ഇന്ത്യക്കു ലഭിച്ച സുവർണാവസരമാണ്‌ ഇതെന്നായിരുന്നു മാധ്യമഭാഷണത്തിന്റെ ഇതിവൃത്തം. നർമത്തിൽ പൊതിഞ്ഞതാണെങ്കിലും സമൂഹമാധ്യമങ്ങളിൽവന്ന ഒരു ട്വീറ്റ്‌ ഇങ്ങനെയായിരുന്നു: ‘‘സീടിവി കറാച്ചി പിടിച്ചെടുത്തു, എൻഡിടിവി ഇസ്ലാമാബാദ്‌ കൈയടക്കി, റിപ്പബ്ലിക്‌ ടിവി റാവൽപിണ്ടി പിടിയിലാക്കി...’’ മലയാള മാധ്യമങ്ങളും ഒട്ടും പിന്നിലായിരുന്നില്ല. സംഭ്രമജനകമായ കഥകളിൽ കുരുക്കി പ്രേക്ഷകരുടെ മിഴികളെ ആകർഷിക്കാനുള്ള നൂതന മാർഗങ്ങളുമായി അവർ മുമ്പോട്ടുപോയി.

സാധാരണഗതിയിൽ ഇന്ത്യ ഭരിക്കുന്ന സർക്കാർ മാധ്യമങ്ങളെയാണ്‌ ധ്രുവീകരണ രാഷ്‌ട്രീയത്തിന്റെ പതാകവാഹകരാകാൻ നിർബന്ധിക്കുന്നത്‌. എന്നാൽ, ഇക്കുറി കേന്ദ്ര സർക്കാർപോലും മാധ്യമങ്ങളുടെ അതിരുകടന്ന ശുഷ്‌കാന്തിയിൽ പകച്ചുപോയി. സംയമനം പാലിക്കാൻ മാധ്യമങ്ങൾക്ക്‌ നിർദേശം നൽകാൻ വാർത്താ പ്രക്ഷേപണ മന്ത്രാലയം നിർബന്ധിതമായത്‌ ഈ സാഹചര്യത്തിലാണ്‌. ഒന്നിലേറെ തവണ മന്ത്രാലയത്തിന്‌ അഡ്വൈസറികൾ പുറപ്പെടുവിക്കേണ്ടിവന്നു. മതഭ്രാന്തും ധ്രുവീകരണവുമാണ്‌ പാകിസ്ഥാനെ തകർച്ചയിലേക്ക്‌ നയിക്കുന്നതെന്ന വസ്‌തുതാപരമായ പ്രതിപാദനം നടത്താൻ നമ്മുടെ മാധ്യമങ്ങൾ ഒരുവേളപോലും ശ്രമിച്ചില്ലെന്നതാണ്‌ കൗതുകകരം. മുസ്ലിം പാകിസ്ഥാന്റെ സ്ഥാനത്ത്‌ ഹിന്ദുത്വ ഇന്ത്യ എന്ന പ്രതിവിധിയുടെ അപകടമാണ്‌ ഇവർ ബോധപൂർവം തമസ്‌കരിച്ചത്‌.

ആദ്യ ദശകങ്ങളിൽ പാകിസ്ഥാനിയുടെയും ഇന്ത്യക്കാരന്റെയും പ്രതിശീർഷ വരുമാനം ഏറെക്കുറെ തുല്യമായിരുന്നു. ഇന്ന്‌ അന്തരം വലുതാണ്‌. ശരാശരി മലയാളിയുടെ പകുതി വരുമാനം മാത്രമാണ്‌ പാകിസ്ഥാനിക്കുള്ളത്‌. പാക്‌ സമ്പദ്‌ഘടനയുടെ 11 മടങ്ങാണ്‌ ഇപ്പോൾ ഇന്ത്യൻ സമ്പദ്‌ഘടന. അതേസമയം, ചൈനക്കാരന്റെ അഞ്ചിലൊന്ന്‌ മാത്രമാണ്‌ ഇന്ത്യൻ പൗരന്റെ പ്രതിശീർഷ വരുമാനം. സമ്പദ്‌ഘടനയെ ശക്തിപ്പെടുത്തി തുറിച്ചുനോക്കുന്ന തൊഴിലില്ലായ്‌മ, വിലക്കയറ്റം എന്നിവയ്ക്ക്‌ പരിഹാരം കാണണോ അതോ പാകിസ്ഥാനെപ്പോലെ തോക്കിൻക്കുഴലിൽ പ്രവേശിക്കണോ എന്നതാണ്‌ സമകാല രാഷ്‌ട്രീയത്തിലെ പ്രസക്തമായ ചോദ്യം. സർവകക്ഷി യോഗത്തിനുശേഷം യുപിയിൽനിന്നുള്ള സമാജ്‌വാദി പാർടി നേതാവ്‌ രാംഗോപാൽ യാദവ്‌ പറഞ്ഞ കാര്യങ്ങൾ ഈ ലേഖകന്റെ കാതിൽ മുഴങ്ങുന്നുണ്ട്‌. അതിർത്തിയിലെ ഓരോ വെടിയൊച്ചയും തന്റെ സംസ്ഥാനത്തെ ഗ്രാമങ്ങളിൽ പൂഴ്‌ത്തിവയ്‌പുകാർക്ക്‌ മത്താപ്പ്‌ പോലെയാണെന്നാണ്‌ രാംഗോപാൽ യാദവ്‌ പറഞ്ഞത്‌. സംഘർഷത്തെതുടർന്ന്‌ അതിർത്തിയിൽനിന്ന്‌ പലായനം ചെയ്‌ത ആയിരങ്ങളെക്കുറിച്ചോ അവരുടെ ജീവിതത്തിലെ അനിശ്‌ചിതാവസ്ഥയെക്കുറിച്ചോ യുദ്ധവെറിയന്മാർ ഒരുവേളപോലും ചിന്തിച്ചില്ല. പാകിസ്ഥാനിലെ സിവിലിയൻ ഭരണകൂടത്തിന്‌ ആ രാഷ്‌ട്രത്തിനുമേൽ നാമമാത്രമായ നിയന്ത്രണമേയുള്ളൂ. പട്ടാളമാണ്‌ യഥാർഥ അധികാരശക്തി. പാകിസ്ഥാനെ അടിച്ചുപരത്തണമെന്ന്‌ പറയുന്നവർ ആ ആണവ രാഷ്‌ട്രത്തിന്റെ പൂർണ നിയന്ത്രണം ഭീകരവാദ സംഘടനകളുടെ കൈയിലേക്ക്‌ പോയാലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച്‌ ചിന്തിക്കാൻ ഒരുനിമിഷംപോലും മെനക്കെട്ടിട്ടില്ല.

ബ്രിട്ടനിലെ സ്‌കൈ ടിവിക്ക്‌ പാക്‌ പ്രതിരോധമന്ത്രി ആസിഫ്‌ ക്വാജ നൽകിയ അഭിമുഖം ശ്രദ്ധേയമാണ്‌. ‘‘അഫ്‌ഗാനിസ്ഥാനിലെ സോവിയറ്റ്‌ അനുകൂല സർക്കാരിനെ തുരത്താൻ തീവ്രവാദി സംഘങ്ങൾക്ക്‌ രൂപം നൽകണമെന്ന്‌ ഞങ്ങളോട്‌ നിർദേശിച്ചത്‌ യുഎസും ബ്രിട്ടനുമൊക്കെയാണ്‌. അങ്ങനെ തീവ്രവാദികൾ ഞങ്ങളുടെ മണ്ണിൽ പെറ്റുപെരുകി. അവരെ പോറ്റാനുള്ള പണവും ആയുധവും നൽകിയതും അമേരിക്കതന്നെ. അവസാനം അഫ്‌ഗാനിലെ സോവിയറ്റ്‌പക്ഷ സർക്കാരിനെ അവരെല്ലാംകൂടി തുരത്തി. അത്‌ കഴിഞ്ഞാകട്ടെ ആ തീവ്രവാദ ഗ്രൂപ്പുകളൊക്കെ ഞങ്ങളുടെ മണ്ണിൽ താവളം കെട്ടി. മൂന്നു പതിറ്റാണ്ടിലേറെ ഈ വൃത്തികെട്ട ജോലി ചെയ്യിച്ച യുഎസ്‌ ഇന്ന്‌ ഞങ്ങളെ കുറ്റപ്പെടുത്തുന്നതിൽ എന്താണ്‌ അർഥം’’.

വെടിനിർത്തൽ പെയ്‌തിറങ്ങുമ്പോൾ ഉയർന്നുവരുന്ന ചോദ്യങ്ങളിൽ പഹൽഗാം ഒരിക്കൽക്കൂടി സ്ഥാനം പിടിക്കുന്നു. യുദ്ധസമാന സംഘർഷസമയത്ത്‌ ഐക്യത്തിന്‌ വിഘാതമുണ്ടാകാതിരിക്കാനാണ്‌ പ്രതിപക്ഷം ഇതൊന്നും ഉന്നയിക്കാതിരുന്നത്‌. 26 നിരപരാധികളുടെ ജീവൻ നഷ്‌ടപ്പെടാൻ വഴിവച്ച കേന്ദ്രത്തിന്റെ മാപ്പർഹിക്കാത്ത സുരക്ഷാ– -ഇന്റലിജന്റ്‌സ്‌ വീഴ്‌ചകൾ ഇരുമ്പുമറയ്‌ക്ക്‌ പുറത്തേക്കു വരണം. ആ തീവ്രവാദികളിൽ ഒരാളെപ്പോലും ഇതുവരെ പിടികൂടാൻ നമുക്ക്‌ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പാർലമെന്റ്‌ സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി പെരുമ്പറ മുഴക്കുകയാണ്‌ ചെയ്‌തത്‌. അതൊക്കെ സഭാരേഖയിലുണ്ട്‌. കശ്‌മീരിൽനിന്ന്‌ ഭീകരവാദം പൂർണമായി തുടച്ചുനീക്കി. ഏതെങ്കിലും ഭീകരവാദി രാജ്യത്തിനകത്ത്‌ കടന്നാൽ രണ്ട്‌ പുരികത്തിനിടയിലൂടെ വെടിയുതിർക്കും–- അമിത്‌ ഷായുടെ വാക്കുകൾ. ഇന്ത്യൻ മണ്ണിൽ കടന്നുകയറി സ്വച്ഛന്ദം വിഹരിച്ച്‌ പോയിന്റ്‌ റേഞ്ചിൽ നിറയൊഴിച്ച്‌ രക്ഷപ്പെടാൻ ഭീകരവാദികൾക്ക്‌ കഴിഞ്ഞത്‌ എന്തുകൊണ്ട്‌. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഒരാളുടെപോലും തല ഉരുണ്ടില്ല.

മൻമോഹൻ സിങ്‌ പ്രധാനമന്ത്രിയായിരിക്കെ 2008-ൽ നടന്ന മുംബൈ ഭീകരാക്രമണം പരാമർശിക്കേണ്ട സമയമാണിതെന്ന്‌ തോന്നുന്നു. അന്ന്‌ തല ഉരുണ്ടവരുടെ പട്ടികയിൽ ആഭ്യന്തരമന്ത്രി ശിവരാജ്‌ പാട്ടീലും മഹാരാഷ്‌ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖും ഉപമുഖ്യമന്ത്രി സി ആർ പാട്ടീലും പെടുന്നു. മുംബൈയിലെ ദൗർഭാഗ്യകരമായ ആക്രമണത്തിനുമേൽ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്‌ സ്ഥാനം നഷ്‌ടപ്പെട്ടെങ്കിൽ അതേക്കുറിച്ച്‌ ഇന്ന്‌ അമിത്‌ ഷായോട്‌ ചോദിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തിനുണ്ട്‌. ചോദ്യങ്ങൾ ഉന്നയിക്കേണ്ട അടിസ്ഥാന ഉത്തരവാദിത്വമുള്ള ഒരു മാധ്യമംപോലും ആ വഴിക്ക്‌ വിരൽ ചൂണ്ടിയില്ല എന്നത്‌ ശ്രദ്ധിക്കേണ്ടതാണ്‌.

ബിജെപി ഒഴികെ ബാക്കിയെല്ലാ രാഷ്‌ട്രീയ പാർടികളും ദൗർബല്യത്തിന്റെ പ്രതീകങ്ങളാണെന്ന പ്രചാരണമാണ്‌ നരേന്ദ്ര മോദി എന്നും നടത്താറുള്ളത്‌. പാക്‌ മണ്ണിൽനിന്നുള്ള ഏതൊരു ഭീകരവാദ പ്രവർത്തനത്തിനും പിന്നിൽ ചുക്കാൻ പിടിക്കുന്നെന്ന്‌ ലോകം കരുതുന്ന ഒരു വ്യക്തിയുണ്ട്‌. ജയ്‌ഷെ മുഹമ്മദ്‌ എന്ന ഭീകര പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മൗലാന മസൂദ്‌ അസർ. ഇക്കുറിയും മസൂദ്‌ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഐക്യരാഷ്‌ട്രസംഘടന ഭീകരനായി പ്രഖ്യാപിച്ച മസൂദിന്റെ എണ്ണമറ്റ ചിത്രങ്ങളും കാരിക്കേച്ചറുകളും ടിവി മാധ്യമങ്ങളിൽ മിന്നിമറഞ്ഞു. അപ്പോഴും ഉയരാതെ പോയ ചോദ്യമുണ്ട്‌. ബിജെപി ഇന്ത്യ ഭരിച്ചപ്പോൾ, 1999ൽ, ഭീകരർ റാഞ്ചിയ ഇന്ത്യൻ എയർലൈൻസ്‌ വിമാനത്തിൽ ബന്ദികളാക്കപ്പെട്ടവർക്ക്‌ പകരമായി ഇന്ത്യ വിട്ടുകൊടുത്ത കൊടും ഭീകരരിൽ പ്രമുഖനാണ് ‌ മൗലാന മസൂദ്‌. മറ്റേതെങ്കിലും സർക്കാരാണ്‌ മസൂദിനെ വിട്ടയച്ചതെങ്കിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന വിഷയം മസൂദിന്റെ മോചനമായിരുന്നേനെ.

പഹൽഗാമും സംഘർഷവും വെടിനിർത്തലുമൊക്കെ അർഥവത്തായ സംവാദങ്ങൾക്ക്‌ വിഷയമാക്കി മാത്രമേ ജനാധിപത്യ ഇന്ത്യക്ക്‌ മുമ്പോട്ടു പോകാനാകൂ. യുദ്ധവെറിയും മാധ്യമങ്ങൾ വർഷിക്കുന്ന സംഭ്രമജനകമായ മിസൈലുകളുമല്ല, മറിച്ച്‌ ജനപക്ഷത്തുനിന്നുള്ള വിശകലനങ്ങൾക്കാണ്‌ രാജ്യം കാതോർക്കുന്നത്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home