ജീവവായു ഇല്ലാതെ പിടയുന്ന നഗരങ്ങൾ


അജിൻ ജി നാഥ്
Published on Jul 14, 2026, 12:00 AM | 2 min read
കുറച്ച് മാസങ്ങൾക്കപ്പുറമാണ് ഡൽഹി ഉൾപ്പെടുന്ന രാജ്യതലസ്ഥാന മേഖലയിൽനിന്ന് വായുമലിനീകരണത്തിന്റെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവന്നത്. ശുദ്ധവായു ഇല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളടക്കം നേരിടേണ്ടിവരുന്ന, ഓക്‌സിജൻ മാസ്‌ക് ധരിക്കാതെ വീടിനുള്ളിൽപ്പോലും കഴിയാനാകാത്ത ഒരു ജനതയെ നാം കണ്ടു. രാജ്യതലസ്ഥാന മേഖലയിൽ സ്ഥിതി ഗുരുതരമായ വാർത്തകളാണ് അധികവും ചർച്ച ചെയ്‌തതെങ്കിലും രാജ്യത്തെ ഏഴോളം സംസ്ഥാനങ്ങളിൽ മൺസൂൺ കാലത്തൊഴികെ ശുദ്ധവായു ഇല്ലെന്ന ഞെട്ടിക്കുന്ന വിവരമടങ്ങിയ പഠനറിപ്പോർട്ടും അടുത്തകാലത്താണ് പുറത്തുവന്നത്. ഫിൻലൻഡ് ആസ്ഥാനമായ, ലോക വായുനിലവാരം നിരീക്ഷിക്കുന്ന സംഘടനയായ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) 2025 ഡിസംബർമുതൽ ഇൗവർഷം മാർച്ചുവരെ പുറത്തുവിട്ട റിപ്പോർട്ടുകൾ അടിവരയിടുന്നത് ഇന്ത്യ അതിഗുരുതരമായ വായുമലിനീകരണം നേരിടുന്നുണ്ടെന്നാണ്.
സിആർഇഎ റിപ്പോർട്ടുപ്രകാരം 2025-ൽ ഇന്ത്യയിലെ ശരാശരി പിഎം 2.5 സാന്ദ്രത (വായുനിലവാര സൂചിക) 48.9എംജിപിഎം (മൈക്രോഗ്രാംസ് പെർ ക്യുബിക് മീറ്റർ) ആയിരുന്നു, ഇത് അപകടസാധ്യതയുള്ള/ ആരോഗ്യകരമല്ലാത്ത വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇതാകട്ടെ, ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശമായ 5എംജിപിഎം എന്നതിനേക്കാൾ പത്തുമടങ്ങോളം അധികമാണ്. ഇതുപ്രകാരം 2025-ലെ ലോക വായുനിലവാര റിപ്പോർട്ടിൽ ഇന്ത്യ ആഗോളതലത്തിൽ ആറാംസ്ഥാനത്താണ്.
കഴിഞ്ഞവർഷം ശൈത്യകാലത്ത് പഠനം നടത്തിയ ജില്ലകളിൽ 749 ജില്ലകളിൽ ഒന്നുപോലും ലോകാരോഗ്യസംഘടനയുടെ വായുനിലവാര സൂചികയുടെ അടിസ്ഥാനമൂല്യമായ 5എംജിപിഎം ൽ ഇല്ല. ഡൽഹി, ത്രിപുര, പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ്, മേഘാലയ, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ മൺസൂൺ കാലത്തൊഴികെ ശുദ്ധവായു ഇല്ലെന്നും പഠനം വെളിവാക്കി. ഡൽഹി, അസം, ഹരിയാന, ബിഹാർ എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഏറ്റവും മലിനമായ 50 ജില്ലകളിൽ ഭൂരിഭാഗവുമുള്ളത്. പുതുച്ചേരി, കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മികച്ച വായുനിലവാരം പുലർത്തുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇൗവർഷം ജനുവരിയിൽ പുറത്തിറങ്ങിയ റിപ്പോർട്ടിൽ 248 നഗരങ്ങളിൽ 124 എണ്ണവും ദേശീയ സൂചികയായ എൻഎഎക്യുഎസ് (നാഷണൽ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ്) അടിസ്ഥാനമൂല്യമായ 60g/mനുമുകളിലാണ്. ഒരു നഗരംപോലും ലോകാരോഗ്യസംഘടനയുടെ വായുനിലവാര സൂചികയുടെ അടിസ്ഥാനമൂല്യം പാലിച്ചില്ല. ജനുവരിയിലെ കണക്കുപ്രകാരം ഗാസിയാബാദാണ് ഏറ്റവും വായുമലിനീകരണമുള്ള നഗരം.
മാർച്ചിലെ കണക്കുപ്രകാരം നഗരങ്ങളിൽ വായുഗുണനിലവാരം വൻതോതിൽ കുറവാണ്. ഗാസിയാബാദും നോയ്‌ഡയും ഗ്രേറ്റർ നോയ്‌ഡയുമടങ്ങുന്ന രാജ്യതലസ്ഥാന മേഖല ഇൗ കണക്കിലും അതീവ ഗുരുതര സ്ഥിതിയിലാണുള്ളത്. 2025–26ലെ ശൈത്യകാലത്ത് കർണാടകത്തിലെ ചാമരാജ നഗറും കേരളത്തിലെ തിരുവനന്തപുരവുമാണ് മികച്ച വായുനിലവാരം പുലർത്തിയത്. മേയിലെ കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായുവുള്ള സംസ്ഥാന തലസ്ഥാനങ്ങളിൽ രണ്ടാംസ്ഥാനത്താണ് തിരുവനന്തപുരം. മിസോറമിലെ ഐസ്വാളാണ് ഒന്നാംസ്ഥാനത്ത്. ഇതിൽ ഏറ്റവും ഒടുവിൽ രാജ്യതലസ്ഥാനമായ ഡൽഹിയാണ്. കർണാടകത്തിലെ പത്തോളം നഗരങ്ങളിലും കേരളത്തിലെ എട്ടോളം നഗരങ്ങളിലും മികച്ച ശുദ്ധവായുവുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഐക്യു എയറിന്റെ ഡാറ്റപ്രകാരം ഇൗവർഷം ഏപ്രിൽ 30 വരെ അസൻസോൾ, ഡൽഹി, ഗ്വാളിയോർ എന്നിവ ഗുരുതര വായുനിലവാരമാണ് പുലർത്തുന്നത്. മറ്റൊരു കണക്കുപ്രകാരം കേരളത്തിലെ മെട്രോ നഗരമായ കൊച്ചിയിലടക്കം മികച്ച വായുനിലവാരമുണ്ട്. എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) റാങ്കിങ്ങിൽ 44–ാം സ്ഥാനമാണ് കൊച്ചിക്ക്. എക്യുഐ പ്രകാരം 50ൽ താഴെ റാങ്കിങ് മികച്ച വായുനിലവാരമാണ്. കൊച്ചിയിലെതന്നെ വ്യവസായമേഖലകളായ ആലുവയിലും കളമശേരിയിലും എക്യുഐ 43 ആണ്. തിരുവനന്തപുരത്ത് 50ഉം കോഴിക്കോട്ട് 39മാണ് എക്യുഐ. ഇതിൽനിന്ന് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് മികച്ച വായുഗുണനിലവാരമുള്ളതെന്ന് വ്യക്തമാകുന്നു. വർഷം മുഴുവനും രാജ്യത്ത് മലിനീകരണത്തിന്റെ തോത് ഉയർന്നുനിൽക്കുന്നുവെന്ന ഗുരുതരമായ വസ്‌തുതയിലേക്കാണ് റിപ്പോർട്ടുകൾ വെളിച്ചം വീശുന്നത്.















