സാമ്രാജ്യത്വത്തിന്റെ സൈനികവാദവും ഇറാൻ യുദ്ധവും


കെ എം സീതി
Published on Mar 06, 2026, 09:44 PM | 3 min read
മൂലധനസമാഹരണത്തിന്റെ രാഷ്ട്രീയ അനിവാര്യതയാണ് സാമ്രാജ്യത്വത്തിന്റെ സൈനികാധിപത്യം എന്നു പറഞ്ഞത് റോസാ ലക്സംബർഗ്. ഒരു നൂറ്റാണ്ടുമുമ്പത്തെ ഈ നിരീക്ഷണം വർത്തമാനകാലത്തെ യുദ്ധാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ അക്ഷരാർഥത്തിൽ ശരിയാണ്. സൈനികവാദം (militarism) എന്നത് അമേരിക്കൻ സാമ്രാജ്യത്വചരിത്രത്തിൽ, കരാറുകൾ, സൈനികതാവളങ്ങൾ, നിരീക്ഷണസംവിധാനങ്ങൾ എന്നിവയിലൂടെ ലാഭം കൊയ്യുന്ന ഒരു വ്യവസ്ഥിതിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. സമാധാനം എന്നത് അവിടെ ലാഭകരമല്ലാത്ത ഒരു കച്ചവടമായി മാറുന്നു.
നയതന്ത്രചർച്ചകൾക്കിടയിൽ ഇറാനെതിരെയുള്ള കടന്നാക്രമണം നേരത്തേ തീരുമാനിച്ചുറപ്പിച്ച ഒരു നീക്കംതന്നെയായിരുന്നു. ആദ്യം ആക്രമിച്ചുകീഴടക്കുക, പിന്നീട് വിശദീകരണം നൽകുക എന്ന പഴയ സാമ്രാജ്യത്വശൈലി പശ്ചിമേഷ്യയിൽ വീണ്ടും പ്രയോഗിച്ചുകൊണ്ട് അമേരിക്കയും ഇസ്രയേലും യുദ്ധത്തിന് പുതിയ മാനങ്ങൾ നൽകിയിരിക്കുകയാണ്. ഇതിനെ അവർ ‘മുൻകൂട്ടിയുള്ള പ്രതിരോധ നടപടി' (pre-emption) എന്നും ‘മുൻകൂട്ടിയുള്ള പ്രതിരോധ തടയൽ’ (deterrence) എന്നും വ്യവഹരിക്കുന്നു. ഈ ശൈലി മുമ്പും ലോകത്തിനു പരിചിതമാണ്. ഒരു രാജ്യത്തെ തകർക്കുക, പിന്നീട് ആ അവശിഷ്ടങ്ങൾക്കിടയിൽ സമാധാനം ഉണ്ടാകുന്നില്ലല്ലോ എന്നു പറഞ്ഞ് അത്ഭുതം കൂറുക!
ഇറാന്റെ ആണവപദ്ധതികളും മിസൈൽ ശേഖരവുമാണ് ഇതിന് പുറമെപറയുന്ന ന്യായങ്ങൾ. എന്നാൽ, ആക്രമണത്തിന്റെ ആഴവും തകർക്കാൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളും കാണിക്കുന്നത് മറ്റൊരു ലക്ഷ്യത്തിലേക്കാണ്. രാഷ്ട്രീയമായ ഉന്മൂലനവും ഭരണകൂടമാറ്റവും (regime change). ഇറാനികൾ ഭരണകൂടത്തിനെതിരെ കലാപം നടത്തണമെന്ന ആഹ്വാനവും വിദേശ സൈനികശക്തി ഉപയോഗിച്ച് ഒരു പരമാധികാരവ്യവസ്ഥയെ അട്ടിമറിക്കണമെന്ന നിർദേശവും സാമ്രാജ്യത്വശക്തികൾക്കല്ലാതെ മാറ്റർക്കും ചെയ്യാൻ കഴിയില്ല. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. നിലവിലെ ഭരണകൂടം വീണാൽ പിന്നെ ആര് ഭരിക്കും? അവിടെ കൃത്യമായ ഒരു അധികാരക്കൈമാറ്റ പദ്ധതിയോ വിശ്വസനീയമായ ബദൽസഖ്യമോ ഒരു രാഷ്ട്രീയ അസ്ഥിരത ഒഴിവാക്കാനുള്ള ചട്ടക്കൂടോ നിലവിലില്ല. "ഭരണകൂടമാറ്റം’ എന്നത് വെറുമൊരു അട്ടിമറിയായിമാത്രമാണ് ഇവിടെ കാണുന്നത്. ഇറാഖും ലിബിയയും അഫ്ഗാനിസ്ഥാനും അത്തരമൊരു അനുഭവം എങ്ങനെ അവസാനിക്കുമെന്ന് ലോകത്തിന് നേരത്തേ കാട്ടിക്കൊടുത്തിട്ടുള്ളതാണ്.
നിയമസാധുതയില്ലാത്ത ആക്രമണം ആഗോളവ്യവസ്ഥയിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ഉടനടിയുണ്ടാകാൻ സാധ്യതയുള്ള ഒരു ആക്രമണത്തിനെതിരെയുള്ള സ്വയംരക്ഷയ്ക്കോ അല്ലെങ്കിൽ ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാ കൗൺസിലിന്റെ അംഗീകാരത്തോടെയോമാത്രമേ അന്താരാഷ്ട്രനിയമമനുസരിച്ച് സൈനികശക്തി ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഒരു രാജ്യം എന്നെങ്കിലും എന്തെങ്കിലും ചെയ്തേക്കാം എന്ന ഭയത്താൽ നടത്തുന്ന "മുൻകൂർ യുദ്ധങ്ങൾ’ (preventive war) 1945നുശേഷമുള്ള ലോകക്രമം നിയമവിരുദ്ധമാക്കിയതാണ്. ഈ നിരോധനം ലംഘിക്കപ്പെട്ടാൽ, "നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ആഗോളക്രമം’ എന്നത് വെറുമൊരു മിഥ്യയായി മാറും.
ആണവായുധങ്ങളെക്കുറിച്ചുള്ള വ്യവഹാരങ്ങളിലാണ് ഈ ധാർമികവൈരുധ്യം മറനീക്കി പുറത്തുവരുന്നത്. ലോകത്തെ പ്രധാന ആണവശക്തികളിൽ ഒന്നായി അമേരിക്ക തുടരുന്നു. ആണവായുധവ്യാപന നിരോധന കരാറിന് (എൻപിടി) പുറത്തുള്ള ഇസ്രയേൽ, വെളിപ്പെടുത്താത്ത ആണവശേഖരം കൈവശംവച്ചിട്ടുണ്ടെന്ന് ഇന്ന് എല്ലാവർക്കും അറിയാം. കരാറിൽ ഒപ്പിട്ടിട്ടുള്ള ഇറാനാകട്ടെ, തങ്ങളുടേത് സമാധാനപരമായ ആവശ്യങ്ങൾക്കുള്ള പദ്ധതിയെന്ന് തറപ്പിച്ചുപറയുന്നു. എന്നിട്ടും നിയമങ്ങൾ പക്ഷപാതപരമായാണ് നടപ്പാക്കുന്നത്; ശത്രുക്കൾക്ക് കടുത്തശിക്ഷ, സഖ്യകക്ഷികൾക്ക് അളവറ്റ ആനുകൂല്യം. ഇത് സാർവത്രികമായ ഒരു നിയമമല്ലാതായി കഴിഞ്ഞു. ഭൗമരാഷ്ട്രീയ അച്ചടക്കം പഠിപ്പിക്കാനുള്ള ഒരു ഉപകരണംമാത്രമാണ് ഇന്ന് എൻപിടി.
പുതിയ ഭൗമരാഷ്ട്രീയഘടനയിൽ ട്രംപ് ഒരേസമയം ഒരു ദേശീയവാദിയെപ്പോലെ സംസാരിക്കുകയും ഒരു സാമ്രാജ്യത്വദല്ലാളിനെപ്പോലെ ഭരിക്കുകയും ചെയ്യുന്നു. ട്രംപിന്റെ രാഷ്ട്രീയം അക്രമത്തെ ഒരു ‘നീതിനിർവഹണമായും' സഖ്യകക്ഷികളെ ഉപഭോക്താക്കളായും കാണുന്നു. ഇറാനെതിരെ നെതന്യാഹു ദീർഘകാലമായി നടത്തുന്ന നീക്കങ്ങളിൽ ഇസ്രയേൽ അക്രമോത്സുകരായ പങ്കാളിയും ഈ നീക്കങ്ങൾക്ക് വേഗം കൂട്ടുന്ന ഘടകവുമായി മാറുന്നു. യുദ്ധം ഒരു അനിവാര്യതയായി ന്യായീകരിക്കുന്നുണ്ടെങ്കിലും അതൊരു ഭൗമരാഷ്ട്രീയതന്ത്രംകൂടിയാണ്; ഇറാനെ ഒരു മേഖലാശക്തി എന്ന നിലയിൽ തകർക്കുക, ഗൾഫ് മേഖലയെ വരുതിയിലാക്കുക, എതിരാളികളെ ഭീഷണിപ്പെടുത്തുക, കൂടാതെ അമേരിക്കൻ അധികാരം നിയമങ്ങൾക്കതീതമാണെന്ന് ലോകത്തെ ഓർമിപ്പിക്കുക.
അമേരിക്കൻ ഭരണകൂടത്തിൽപ്പോലും ഈ യുദ്ധപദ്ധതിക്ക് പൂർണയോജിപ്പില്ല. യുദ്ധകാര്യസെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും തമ്മിൽ, അമേരിക്ക നേരിട്ട് കരയുദ്ധത്തിലേക്ക് ഇറങ്ങണോ എന്ന കാര്യത്തിൽ കടുത്ത അഭിപ്രായവ്യത്യാസമുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഈ ഭിന്നത പ്രധാനമാണ്. വ്യോമാക്രമണത്തെ "പരിമിതമായ ഇടപെടൽ’ എന്ന് വിശേഷിപ്പിക്കാം. എന്നാൽ, യുദ്ധത്തിൽ മരിക്കുന്ന സൈനികരുടെ മൃതദേഹങ്ങൾ വരുമ്പോൾ അത് അങ്ങനെയാകില്ല. എന്നാൽ, (കുർദുകൾ ഉൾപ്പെടെയുള്ള) നിഴൽയുദ്ധസംഘങ്ങളെ ആയുധമണിയിച്ചും രഹസ്യസൈനികനീക്കങ്ങളിലൂടെയും "പരിമിതമായ ആക്രമണവും" "പൂർണമായ യുദ്ധവും’ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുകയാണ്.
ഈ യുദ്ധം പെട്ടെന്ന് അവസാനിക്കുമോ എന്ന് ആർക്കും ഉറപ്പുപറയാനാകില്ല. യുദ്ധയന്ത്രത്തിന്റെ പ്രവർത്തനം അങ്ങനെയാണ്. മുഖം രക്ഷിക്കാനുള്ള താൽക്കാലിക വെടിനിർത്തൽ, രഹസ്യചർച്ചകൾ, നിയന്ത്രണാതീതമായ ഒരു യുദ്ധം ഒഴിവാക്കാനുള്ള ഇരുപക്ഷത്തിന്റെയും താൽപ്പര്യം എന്നിവയുണ്ടെങ്കിൽ ചിലപ്പോൾ കാര്യങ്ങൾ മാറാം. പരോക്ഷമായ നയതന്ത്രം നിലവിലുണ്ടെങ്കിലും ബോംബാക്രമണത്തിനിടയിൽ നടക്കുന്ന ഇടപെടൽ ചർച്ചയല്ല. ഇറാൻ "തകരുന്നതുവരെ’ സമ്മർദം ചെലുത്താനാണ് അമേരിക്കയും ഇസ്രയേലും ആഗ്രഹിക്കുന്നത്. എന്നാൽ, സാമ്രാജ്യത്വസഖ്യകക്ഷികൾക്കിടയിൽ വിള്ളലുണ്ടാക്കാൻതക്കവിധം യുദ്ധം ചെലവേറിയതാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യോമശക്തിയോട് നേരിട്ട് പൊരുതാൻ ഇറാന് അധികകാലം കഴിയില്ലായിരിക്കാം. പക്ഷേ മിസൈലുകൾ, പ്രാദേശിക ശൃംഖലകൾ, ഊർജവിതരണകേന്ദ്രങ്ങളിലെ സമ്മർദം എന്നിവയിലൂടെ അവർക്ക് തിരിച്ചടിക്കാനാകും. ആഗോളസമ്പദ്‌വ്യവസ്ഥ ഈ യുദ്ധക്കളത്തിന് പുറത്തല്ല. ഹോർമുസ് കടലിടുക്ക് ലോകവ്യാപാര വിനിമയത്തിന്റെ ജീവനാഡിയാണ്. ആഗോള എണ്ണയുടെയും എൽഎൻജിയുടെയും അഞ്ചിലൊന്ന് ഭാഗം ഇതിലൂടെയാണ് കടന്നുപോകുന്നത്. അവിടെയുണ്ടാകുന്ന ഏതു തടസ്സവും ഏഷ്യയിലും യൂറോപ്പിലും പെട്ടെന്നുള്ള സാമ്പത്തികാഘാതത്തിന് കാരണമാകും. അതുകൊണ്ടാണ് ഒരു "പരിമിതയുദ്ധം’പോലും ഊർജത്തിനും പണപ്പെരുപ്പത്തിനും വളർച്ചയ്ക്കുംമേലുള്ള ലോകവ്യാപകമായ ബാധ്യതയായി മാറുന്നത്. അമേരിക്ക ഇന്ത്യൻ മഹാസമുദ്രത്തിൽവച്ച് ഒരു ഇറാനിയൻ നാവികക്കപ്പൽ തകർത്തത് യുദ്ധം ‘പരിമിതമല്ല' എന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്.
യുദ്ധത്തിന്റെ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഇതിലും വലുതാണ്. മുൻകൂർ യുദ്ധങ്ങൾ സാധാരണമായി മാറുകയും കരാറുകൾ തെരഞ്ഞെടുക്കപ്പെട്ട രീതിയിൽമാത്രം നടപ്പാക്കുകയും ചെയ്താൽ, ചെറിയ രാഷ്ട്രങ്ങൾ ഒരു വലിയ പാഠം പഠിക്കും. നിയമാനുസരണമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവരെ സംരക്ഷിക്കാനാകില്ല. പ്രതിരോധ -സൈനികശേഷിക്കുമാത്രമേ അതിന് കഴിയൂ. ഈ ചിന്താഗതി മേഖലകളെ ആയുധമത്സരത്തിലേക്കും ലോകത്തെ കടുത്ത അരക്ഷിതാവസ്ഥയിലേക്കും നിരാശയിലേക്കും നയിക്കുന്നു. അധിനിവേശങ്ങളെ തടയാൻ രൂപീകരിച്ച "ലോകക്രമം’ അധിനിവേശങ്ങൾക്കുള്ള ആയുധമായി മാറാൻ തുടങ്ങുന്നു. അമിതമായി ആയുധം കുന്നുകൂട്ടിയിട്ടുള്ള സാമ്രാജ്യത്വശക്തികൾ ചെയ്യുന്നത് ഇതാണ്. സൈനികശക്തിയാണ് അന്തിമവാക്ക് എന്നനിലയിലേക്ക് ലോകം കൂപ്പുകുത്തുകയാണെങ്കിൽ, ഇറാൻ യുദ്ധം നൽകുന്നത് ശക്തമായ ഒരു മുന്നറിയിപ്പാണ്.
(മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറും രാജ്യാന്തരപഠന വിദഗ്ധനുമാണ് ലേഖകൻ)














