ഫാക്ട് ഉൽപ്പാദന പ്രതിസന്ധി: കരാർത്തൊഴിലാളികൾ ധർണ നടത്തി

ഫാക്ട് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കരാർത്തൊഴിലാളികൾ നടത്തിയ ധർണ സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം എം ജി അജി ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
ഫാക്ടിലെ ഉൽപ്പാദന പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ കരാർ തൊഴിലാളികൾ വിവിധ ആവശ്യങ്ങളുന്നയിച്ച് ഹെഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി. എഫ്എസിടിയെ രക്ഷിക്കുക, അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുക, ദീർഘവീക്ഷണമില്ലാത്ത കരാറുകൾ പുനഃപരിശോധിക്കുക, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തിയത്.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം ജി അജി ഉദ്ഘാടനം ചെയ്തു. ബിഎംഎസ് കളമശേരി മേഖല കമ്മിറ്റി സെക്രട്ടറി കെ എസ് ഷിബു അധ്യക്ഷനായി. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ എം ടി നിക്സൺ, സനോജ് മോഹൻ, വി എ സക്കീർ ഹുസൈൻ, മധു പുറക്കാട്, എ ഡി അനിൽകുമാർ, പി എം അലി, സി ഐ നാരാണൻകുട്ടി, സന്തോഷ് ബാബു പടമാടൻ, വി സഹീർ, പി എസ് സെൻ, പി എസ് യദു, എ ഡി സുജിൽ, കെ സി രഞ്ജിത്കുമാർ, ബിജിത്ത് ധരൻ എന്നിവർ സംസാരിച്ചു.
ഫാക്ടിനെ മുന്നോട്ടുകൊണ്ടുപോകാൻ നടപടി വേണം
കളമശേരി
കെടുകാര്യസ്ഥത അവസാനിപ്പിച്ച് ദീർഘവീക്ഷണത്തോടെ കമ്പനിയുടെ പ്രവർത്തനം മുന്നോട്ടു പോകാൻ ഫാക്ട് മാനേജ്‌മെന്റ് നടപടി സ്വീകരിക്കണമെന്ന് കരാർ ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആവശ്യപ്പെട്ടു. മാനേജ്മെന്റിന്റെ ദീർഘവീക്ഷണമില്ലായ്‌മയും കെടുകാര്യസ്ഥതയും കൊണ്ടാണ് കഴിഞ്ഞ രണ്ടുമാസമായി ഫാക്ടിൽ ഉൽപ്പാദനം നിലച്ചത്. രാജ്യത്തെ പ്രധാന രാസവള നിർമാണശാലയായ ഫാക്ടിന് ഓരോ വർഷവും ഉൽപ്പാദിപ്പിക്കുന്ന വളത്തിന്റെയും ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെയും അളവ് മുൻകൂട്ടി മനസ്സിലാക്കാവുന്നതാണ്. അവ കൃത്യമായി ലഭ്യമാക്കുന്നതിന് മാനേജ്മെന്റ് മുൻകൂട്ടി നടപടി സ്വീകരിക്കാത്തതാണ് ഉൽപ്പാദന സ്‌തംഭനത്തിന് കാരണം.
അസംസ്‌കൃത വസ്‌തുക്കൾ ഉറപ്പാക്കിയിരുന്ന ദീർഘകാല കരാർ അവസാനിപ്പിച്ച് ഹ്രസ്വകാല കരാറുകളിൽ ഏർപ്പെട്ടത് ലഭ്യതക്കുറവിനും ആഗോള വിപണിയുടെ ചഞ്ചാട്ടമനുസരിച്ച് വിലവർധനവിനും കാരണമായി.
മാർക്കറ്റിങ് വിഭാഗം പൂർണ പരാജയമാണെന്ന് വെളിപ്പെടുത്തുന്നതാണ് നിലവിലെ അവരുടെ പ്രവർത്തനങ്ങൾ. മാർക്കറ്റിങ് വിഭാഗത്തിന് നാളുകളായി താൽക്കാലിക ചുമതലക്കാരനാണുള്ളത്. മാർക്കറ്റ് മനസ്സിലാക്കി നല്ല വിൽപ്പന ഉറപ്പാക്കാൻ ഉത്തരവാദിത്വമുള്ള മാർക്കറ്റിങ് വിഭാഗം വേണം. സ്വകാര്യ രാസവള കമ്പനികൾ ഈ വർഷം ആദ്യപാദത്തിൽ തന്നെ വലിയ ലാഭം നേടുമ്പോഴാണ് ഫാക്ടിൽ ഉൽപ്പാദന സ്‌തംഭനം തുടരുന്നത്. അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കാതെ മാർക്കറ്റിങ് വിഭാഗത്തെ തകർത്ത് സ്വകാര്യ കമ്പനികൾക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന നടപടിയാണോ ഉന്നത മാനേജ്മെന്റിന്റെതെന്ന് അന്വേഷണവിധേയമാക്കേണ്ടതാണെന്നും സമിതി വ്യക്തമാക്കി.










0 comments