കാത്തിരിപ്പിന് വിരാമം; നടാൽ പാലം യാഥാർഥ്യത്തിലേക്ക്

നടാൽ
നടാലുകാരുടെ വർഷങ്ങളുടെ കാത്തിരിപ്പിനറുതിയായി, നടാൽപ്പുഴയിലെ പുതിയ കോൺക്രീറ്റ് പാലം യാഥാർഥ്യത്തിലേക്ക്. കാലപ്പഴക്കത്താൽ ദ്രവിച്ചുതകർന്ന പഴയ മരപ്പാലത്തിന് പകരമായി, എൽഡിഎഫ് സർക്കാരിന്റെയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സജീവ ഇടപെടലിലൂടെ 4.60 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമാണം പൂർത്തിയാകുന്നത്. കുറ്റിക്കകം, തെരു, കിഴുന്നപ്പാറ, ഏഴര ദേശങ്ങളെ നടാൽ ബസാറുമായി ബന്ധിപ്പിച്ചിരുന്ന ദ്രവിച്ചുതകർന്ന വർഷങ്ങൾ പഴകിയ മരപ്പാലത്തിനുപകരം നടാൽപുഴയ്ക്ക് കുറുകെ കോൺക്രീറ്റ് പാലമെന്നത് ദശാബ്ദങ്ങളായുള്ള ഒരു നാടിന്റെ സ്വപ്നമായിരുന്നു. നടാലിലെ താമസക്കാരനായ കോൺഗ്രസ് നേതാവ് പലവട്ടം എംപിയും എംഎൽഎയും മന്ത്രിയുമൊക്കെയാെയെങ്കിലും പലകകൾ ദ്രവിച്ച, കൈവരികൾ തകർന്ന മരപ്പാലത്തിനുമാത്രം മാറ്റമുണ്ടായില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ് ജനങ്ങളുടെ ദീർഘനാളത്തെ ആഗ്രഹം യാഥാർഥ്യമാക്കിയത്. ബജറ്റിൽ തുക വകയിരുത്തിയെങ്കിലും അനുബന്ധ റോഡിന് ഭൂമി ലഭിക്കാത്തത് തടസമായി. മണ്ഡലം എംഎൽഎയും മന്ത്രിയുമായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മുൻകൈയിൽ തടസങ്ങൾനീക്കി നിർമാണത്തിന് വേഗംകൂട്ടി. പാലത്തിന് 28 മീറ്റർ നീളവും 11 മീറ്റർ വീതിയും ഇരുവശത്തും നടപ്പാതയുമുണ്ട്. നടാൽ ഭാഗത്ത് 60 മീറ്ററും കുറ്റിക്കകം ഭാഗത്ത് 120 മീറ്ററും നീളത്തിൽ അനുബന്ധ റോഡും പൂർത്തിയായി. ടാറിങ് പ്രവൃത്തി കൂടി കഴിയുന്നതോടെ ഇതുവഴി ലോറിയടക്കമുള്ള വാഹനങ്ങൾക്കുകൂടി ഗതാഗതം സാധ്യമാകും. കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ ഒരുകിലോമീറ്റർ പരിധിയിൽ നടാൽ പാലത്തിന് കുറുകെ മൂന്ന്പാലങ്ങളാണ് നിർമിക്കാൻ അനുമതിയായത്. ഇതിൽ നാറാണത്ത് പാലംപണി പൂർത്തിയാക്കി 2025 ജൂലൈ 1ന് നാടിന് സമർപ്പിച്ചു. അയ്യാരകത്ത് പാലത്തിന്റെ പണി പുരോഗമിക്കുന്നു. പാലം പൂർത്തിയാകുന്നതോടെ നടാലിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.









0 comments