ലോക കരാട്ടെ വേദിയിലൊരു കാസർകോട്ടുകാരൻ

പി കെ രമേശൻ
Published on Sep 22, 2026, 02:00 AM | 1 min read
ചിറ്റാരിക്കാൽ
ടോക്കിയോയിലെ യോക്കോഹമായിൽ നടക്കുന്ന 11–ാമത് ലോക ഷീറ്റോ റ്യൂ കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള സെമിനാറിലും ചാമ്പ്യൻഷിപ്പിലും ഈസ്റ്റ് എളേരി നല്ലോംപുഴ സ്വദേശി ഷാജു മാധവൻ പങ്കെടുക്കും. 22 മുതൽ 27 വരെയാണ് പരിപാടികൾ. ഒളിമ്പിക് കരാട്ടെ മെഡൽ ജേതാവ് കിയോയു ഷിമിസുവിന്റെയും കരാട്ടെ കത്ത കോച്ച് ത്സുകുവോ സകുമോട്ടോയുടെയും പരിശീലനവും നേടും. 98 രാജ്യങ്ങളിൽനിന്നുള്ളവർ മാറ്റുരക്കുന്ന മസ്റ്റേറ്റ്സ് (വേർട്ടിനേൽ) വിഭാഗത്തിലും മത്സരിക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പിന്റെ വിധികർത്താവ് കൂടിയാണ് ഏഷ്യൻ കരാട്ടെ ഫെഡറേഷന്റെയും വേൾഡ് കരാട്ടെ ഫെഡറേഷന്റെയും അംഗീകൃത ജഡ്ജ്കൂടിയായ ഷാജു മാധവൻ. മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന ലോക മത്സരത്തിൽ 2023ൽ ഇന്തോനേഷ്യയിൽ ഷാജു മാധവൻ ഇന്ത്യൻ ടീം കോച്ച് ആയിരുന്നു. മകൾ സ്മൃതി ലോക മത്സരത്തിൽ വെള്ളിമെഡൽ ജേതാവാണ്. ഷാജുവിന്റേത് ഒരു കരാട്ടെ കുടുംബമാണ്. ഭാര്യ സിന്ധു കരാട്ടെ പരിശീലകയാണ്. മകൻ സൂരജ് ബ്ലാക്ക് ബെൽറ്റ് ഫിഫ്ത് ഡിഗ്രി ഹോൾഡറും ഇന്റർനാഷനൽ പ്ലെയറും യുഎഇയിൽ കരാട്ടെ കോച്ചുമാണ്. മകൾ സ്മൃതി ഫോർത്ത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് ജേതാവും ഇന്റർനാഷനൽ കരാട്ടെ പ്ലയറും കോച്ചുമാണ്. കെഎസ്ഇബി ജീവനക്കാരനാണ് ഷാജു മാധവൻ.









0 comments