ഗുരുസ്മരണയിൽ മഹാസമാധി ആചരിച്ചു

തലശേരി
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി സ്മരണയിൽ നാട്. പ്രണാമമർപ്പിച്ച് സ്ഥാപനങ്ങളിലും വീടുകളിലും പതകയുയർത്തി. മെഴുകുതിരികൾ കത്തിച്ചുവച്ചും ഗുരുദേവ സ്മരണ പുതുക്കി. ചൊവ്വാഴ്ച ജഗന്നാഥക്ഷേത്രത്തിൽ ഗുരുദേവ വിഗ്രഹത്തെ ദർശിക്കാനും പുഷ്പമാല്യമർപ്പിക്കാനും ആയിരങ്ങളാണ് എത്തിയത്. രാവിലെ ആറു മുതൽ വൈകീട്ട് 6.30 വരെ അഖണ്ഡനാമജപം നടന്നു. ഗുരുദേവ പ്രതിമയിൽ അഭിഷേകവും അർച്ചനയും വിശേഷാൽ ഗുരുപൂജയുമുണ്ടായി. വൈകിട്ട് സമാധി മുഹൂർത്തത്തിൽ സമൂഹപ്രാർഥനയും നടന്നു. പൊന്ന്യം ശ്രീനാരായണ ഭക്തജനയോഗം ഗുരുചരണാലയം പൊന്ന്യംവെസ്റ്റിന്റെ നേതൃത്വത്തിൽ ഗുരുദേവ മഹാസമാധി ദിനാചരണം നടന്നു. ഗുരുപൂജയും സമൂഹപ്രാർഥനയുമുണ്ടായി. ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യന്മാർ സ്ഥാപിച്ച കൈവട്ടം നരനാരായണ മഠം നേതൃത്വത്തിൽ മഹാസമാധിദിനം ആചരിച്ചു. ടി വി വസുമിത്രൻ എൻജിനിയറുടെ നേതൃത്വത്തിൽ നടന്ന സമൂഹപ്രാർഥനക്കുശേഷം ഗുരുപ്രസാദ് സ്വാമികൾ സമാധിയെക്കുറിച്ച് എഴുതിയ വിവരണത്തിന്റെ പുനഃപ്രസിദ്ധീകരണത്തിന്റെ ഉദ്ഘാടനവും നടന്നു. ഗുരുവിന്റെ സന്ന്യസ്ഥ ശിഷ്യൻ ആത്മാനന്ദസ്വാമികളുടെ പ്രശിഷ്യൻ സുധർമൻ വൈദ്യർ ആദ്യപ്രതി ഏറ്റുവാങ്ങി. വൈദിക കർമങ്ങൾക്ക് ലജീഷ് ശാന്തി കാർമികത്വം വഹിച്ചു. സമൂഹ സദ്യയും സമൂഹ പ്രാർത്ഥനയും നടന്നു. പ്രശാന്ത് കൈവട്ടം, ഹരീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ഏടന്നൂർ, പെരുന്താറ്റിൽ, മൂലക്കടവ്, ഇല്ലത്തുതാഴെ, പുന്നോൽ, ആച്ചുകുളങ്ങര, കുട്ടിമാക്കൂൽ, പെരുമുണ്ടേരി, അഴീക്കൽ, പള്ളൂർ, മഞ്ചക്കൽ, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, ഗ്രാമത്തി, നിടുമ്പ്രം, മേനപ്രം, ചെമ്പ്ര, ചാലക്കര, ചൊക്ലി, ഇടയിൽ പീടിക, ഈസ്റ്റ് പള്ളൂർ, കവിയൂർ ശ്രീനാരായണ മഠങ്ങളിൽ ഗുരു പൂജ, സമൂഹപ്രാർഥന, പ്രഭാഷണം, അന്നദാനം എന്നിവയുണ്ടായി.









0 comments