Articles
വിഴിഞ്ഞത്തിന്റെ ഒന്നാംഘട്ടം മാത്രമാണ് പൂർത്തിയായത്. രണ്ടുമുതൽ നാലുവരെയുള്ള ഘട്ടം തീരുമ്പോൾമാത്രമേ പദ്ധതി പൂർണതയിൽ എത്തുകയുള്ളൂ.
ഓഹരിവിൽപ്പനയിലൂടെ തുറമുഖക്കൊള്ള


എം വി ഗോവിന്ദന്‍
Published on Jul 09, 2026, 10:31 PM | 4 min read
നവകേരളത്തിനായുള്ള പുതുവഴികളിൽ നാഴികക്കല്ലായാണ് വിഴിഞ്ഞം തുറമുഖപദ്ധതിയെ സിപിഐ എമ്മും എൽഡിഎഫും കണ്ടത്. 2025 മെയ് രണ്ടിന് തുറമുഖം നാടിന് സമർപ്പിച്ചപ്പോൾ ആഗോള സമുദ്രവാണിജ്യ ഭൂപടത്തിലാണ് കേരളം ഇടംനേടിയത്. നാല് സുപ്രധാന ഘടകങ്ങളാണ് വിഴിഞ്ഞത്തെ ലോകോത്തരമാക്കുന്നത്. അതിലൊന്ന് അതിന്റെ സ്വാഭാവികമായ 18–20 മീറ്റർ ആഴമാണ്. അതിനാൽ വലിയ കപ്പലുകൾക്ക് ഡ്രഡ്‌ജിങ് നടത്താതെ തീരമടുക്കാം. ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും നടക്കുന്ന ഏഷ്യ–യൂറോപ്പ് രാജ്യാന്തര കപ്പൽപ്പാതയുമായി അടുത്തുകിടക്കുന്ന രാജ്യത്തെ ഏക തുറമുഖവും വിഴിഞ്ഞമാണ്. രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖവും ആദ്യ ഓട്ടോമേറ്റഡ് തുറമുഖവുമാണ് വിഴിഞ്ഞം.
വിഴിഞ്ഞത്തിന്റെ ഒന്നാംഘട്ടം മാത്രമാണ് പൂർത്തിയായത്. രണ്ടുമുതൽ നാലുവരെയുള്ള ഘട്ടം തീരുമ്പോൾമാത്രമേ പദ്ധതി പൂർണതയിൽ എത്തുകയുള്ളൂ. 2028ഓടെ പൂർണസജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചത്. എന്നാൽ, ഈ ലക്ഷ്യങ്ങളെയാകെ പിന്നോട്ടടിപ്പിക്കുന്ന നീക്കങ്ങളാണ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. വിഴിഞ്ഞം തുറമുഖത്തിൽ അദാനി ഗ്രൂപ്പിനുള്ള ഓഹരികളിൽ 49 ശതമാനം ബഹുരാഷ്ട്ര സ്വകാര്യ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എംഎസ്‌സി) കൈമാറാനുള്ള നീക്കമാണ് ഈ ആശങ്കയ്‌ക്ക് കാരണമായത്. അദാനി പോർട്ടുമായുള്ള കൺസഷൻ കരാറിലെ 5.(3) വകുപ്പനുസരിച്ച് സംസ്ഥാനത്തിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഓഹരിവിൽപ്പന പാടില്ല.
അദാനി കമ്പനി ഓഹരി വിൽക്കാൻ സർക്കാരിനോട് അനുമതി തേടിയിട്ടുണ്ടോ ഇല്ലയോ എന്നതാണ് ആദ്യം വ്യക്തമാകേണ്ടത്. ഈ ചോദ്യത്തിൽനിന്ന് മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുകയാണ്. അനൗദ്യോഗികമായി ഓഹരിവിൽപ്പനയുടെ കാര്യം സർക്കാരിനെ അറിയിച്ചുവെന്നാണ് കമ്പനി വ്യക്തമാക്കിയത്. പത്രവാർത്തകളിലൂടെയാണ് താൻ ഈ വിവരം അറിഞ്ഞതെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. അതിനർഥം സർക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നാണ്. അങ്ങനെയെങ്കിൽ അദാനി പോർട്ടിന്റെ 49 ശതമാനം ഓഹരികൾ എംഎസ്‌സിക്ക് കൈമാറാൻ ജൂൺ 29ന് ഇരുകമ്പനികളും കരാറൊപ്പിട്ടത് എങ്ങനെയാണ്? അടുത്തദിവസം ഓഹരിക്കൈമാറ്റത്തിന് അദാനി പോർട്ട് സെബിയെ (സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) സമീപിച്ചത് എങ്ങനെയാണ്? സർക്കാർ അനുമതി ലഭിക്കാതെ സുപ്രധാനമായ ഈ നടപടികൾ കൈക്കൊള്ളാൻ അദാനി ഗ്രൂപ്പ് തുനിയുമെന്ന് തോന്നുന്നില്ല. ഇവിടെയാണ് സർക്കാർ ചില വഴിവിട്ട നീക്കങ്ങൾ അദാനി കമ്പനിക്കുവേണ്ടി രഹസ്യമായി നടത്തിയെന്ന സംശയം ബലപ്പെടുന്നത്. അതിനാൽ ഇനിയെങ്കിലും അദാനി കമ്പനി അനുമതി തേടിയിട്ടുണ്ടോ ഇല്ലയോ എന്നതിന് സർക്കാർ വ്യക്തമായ ഉത്തരം നൽകണം. അനുമതി തേടാതെയാണ് അദാനി പോർട്ട് എംഎസ്‌സിയുമായി കരാറൊപ്പിട്ടതും സെബിയെ സമീപിക്കുകയും ചെയ്തതെങ്കിൽ നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.
മറ്റൊരു കരാർലംഘനംകൂടി ഉണ്ടെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. കരാറിലെ 5(9) വകുപ്പുപ്രകാരം വിഴിഞ്ഞം തുറമുഖത്തുനിന്ന് 250 കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു തുറമുഖത്തിലും 25 ശതമാനത്തിലധികം ഓഹരിയെടുക്കാൻ പാടില്ല. എന്നാൽ, എംഎസ്‌സിക്ക് വിഴിഞ്ഞത്തുനിന്ന് 190 കിലോമീറ്റർ അകലെയുള്ള തൂത്തുക്കുടി തുറമുഖത്തിൽ ഒരു ടെർമിനലിന്റെ പൂർണ ഉടമസ്ഥാവകാശമുണ്ട്. ഈ വസ്തുത പരിഗണിക്കാതെയാണോ അദാനി പോർട്ടിന്റെ 49 ശതമാനം ഓഹരി വാങ്ങാൻ എംഎസ്‌സിയെ അനുവദിക്കുന്നതെന്ന ചോദ്യവും ഉയർന്നിരിക്കുകയാണ്. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ ‘ഞാനറിഞ്ഞില്ല’ ‘ഓഹരി കൈമാറിയിട്ടില്ല’ തുടങ്ങിയ അഴകൊഴമ്പൻ പ്രസ്താവനകൾ നടത്തി വൻകിട കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
വിഴിഞ്ഞം വിഷയത്തിൽ വി ഡി സതീശൻ സർക്കാരിന്റെ നീക്കങ്ങൾ സംശയങ്ങൾ ദൂരീകരിക്കുന്നതിനുപകരം ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മെയ് 18നാണ് സതീശൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. മെയ് ഒന്നിനാണ് അദാനി കമ്പനി ചാർട്ട് ചെയ്ത പ്രത്യേക വിമാനത്തിൽ സതീശൻ മംഗളൂരുവിലേക്ക് പോകുന്നത്. അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ ആൽവയുമായും എൻഡിഎ നേതാക്കളുമായും ചർച്ച നടത്തിയെന്നാണ് മാധ്യമങ്ങൾ പുറത്തുവിട്ട വിവരം. അദാനി ഇപ്പോൾ നടത്തുന്ന നീക്കങ്ങൾ ഈ കൂടിക്കാഴ്ചയുടെ ബലത്തിലാണെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല. മംഗളൂരു യാത്രയെക്കറിച്ച് മുഖ്യമന്ത്രി മൗനംപാലിക്കുന്നതിന്റെ പൊരുളും ഇതുതന്നെ. സതീശന് ആർജവമുണ്ടെങ്കിൽ മംഗളൂരു യാത്ര എന്തിനുവേണ്ടിയായിരുന്നുവെന്ന് പറയണം.
സുതാര്യതയെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി അതിന് തയ്യാറാകാത്തതുകൊണ്ടുതന്നെ സംശയങ്ങൾ ബലപ്പെടുന്നു. പൊതുഭരണവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ ധന, തുറമുഖ, നിയമ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്. വിഴിഞ്ഞത്ത് ഉൾപ്പെടെ അദാനി കമ്പനിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനല്ലേ ഈ നാലു പ്രധാന വകുപ്പുകൾ ഒന്നിച്ച് കൈകാര്യം ചെയ്യുന്നതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയെത്തന്നെ തുറമുഖവകുപ്പ് സെക്രട്ടറിയായി നിയമിച്ചതും തുറമുഖത്തിന്റെ എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ നീക്കിയതും അദാനിയെ സഹായിക്കാനല്ലേ എന്ന ചോദ്യം ചില മാധ്യമങ്ങൾപോലും ഉന്നയിക്കുന്ന സ്ഥിതിയുണ്ടായി. ഇതെല്ലാം വിരൽചൂണ്ടുന്നത് മോദിസർക്കാരിന്റെ വർഗീയനയങ്ങൾക്കുമാത്രമല്ല, കോർപറേറ്റ് സേവയ്‌ക്കും യുഡിഎഫ് സർക്കാർ പിന്തുണ നൽകുന്നുവെന്നാണ്.
കേന്ദ്രത്തിൽ അദാനിയുടെ താൽപ്പര്യസംരക്ഷകൻ മോദിയാണെങ്കിൽ കേരളത്തിൽ ആ റോൾ നിർവഹിക്കുന്നത് സതീശൻ തന്നെയാണ്. ഇതുകൊണ്ടാണ് കോൺഗ്രസിന്റെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിക്കുപോലും കേരളം ഭരിക്കുന്നത് ബിജെപിയാണോ എന്ന സംശയമുണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അദാനി വിചാരിച്ചപോലെ കാര്യങ്ങൾ നടത്താൻ കഴിയുന്നതെന്ന പരാമർശത്തിലൂടെ, സതീശനും ആ നിലയിലേക്ക് മാറിയെന്ന വ്യക്തമായ സൂചനയാണ് കെ സി വേണുഗോപാൽ നൽകിയത്. അദാനിയുടെ വിനീതദാസനാണ് താനെന്ന് സ്വന്തം നടപടികളിലൂടെ തെളിയിക്കുകയാണ് മുഖ്യമന്ത്രി. ബിജെപി പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളാണ് യുഡിഎഫ് നടപ്പാക്കുന്നതെന്നും സർക്കാരിനെ അതുകൊണ്ടുതന്നെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞതും ബിജെപി സംസ്ഥാന പ്രസിഡന്റാണ്.
ബിജെപിക്കും അദാനിക്കുംവേണ്ടി ഭരണം നടത്തുന്ന കേരള മുഖ്യമന്ത്രിയെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് എന്താണ് പറയാനുള്ളതെന്നറിയാൻ ആഗ്രഹമുണ്ട്. അദാനിയുമായി സിപിഐ എം ഡീൽ ഉറപ്പിച്ചുവെന്ന് ആരോപിച്ച രാഹുൽ ഇപ്പോൾ മൗനംപാലിക്കുന്നു. തുറമുഖം സംസ്ഥാന ഉടമസ്ഥതയിൽ നിർത്തുന്നതിനുപകരം ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, നിയന്ത്രിക്കുന്ന ബഹുരാഷ്ട്ര ഭീമൻ കമ്പനിയുടെ കുത്തകയാക്കിമാറ്റാനാണ് മുഖ്യമന്ത്രിയും യുഡിഎഫും ചരടുവലി നടത്തുന്നത്. സംസ്ഥാന സർക്കാരിന് കൂടുതൽ നിക്ഷേപമുള്ള പദ്ധതിയാണിത്. ഒന്നാംഘട്ടത്തിന് മൊത്തം ചെലവ് 8866.80 കോടി രൂപയാണ്. ഇതിൽ 5595 കോടി രൂപ, അതായത് 63 ശതമാനവും കേരള സർക്കാരാണ് നിക്ഷേപിച്ചത്.
തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പും ഏറ്റെടുത്ത അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് കമ്പനി 2454 കോടി രൂപ, അതായത് 28 ശതമാനമാണ് വഹിച്ചത്. കേന്ദ്രം നേരിട്ട് ഒരു ചില്ലിക്കാശുപോലും തന്നിട്ടില്ല. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ 817.80 കോടി രൂപ കേന്ദ്രം വായ്‌പയായി അനുവദിക്കയായിരുന്നു. മൊത്തം ചെലവിന്റെ ഒന്പതുശതമാനം മാത്രമാണിത്. അദാനി 49 ശതമാനം ഓഹരി വിൽക്കുമ്പോൾത്തന്നെ അവർക്ക് ലഭിക്കുന്നത് 13,220 കോടി രൂപയാണ്. നിക്ഷേപിച്ചതിന്റെ നാലിരട്ടി അദാനി ഒന്നരവർഷത്തിനകം കീശയിലാക്കുമെന്നുമാത്രമല്ല, തുറമുഖത്തിന്റെ ഉപയോഗം കുത്തക കമ്പനിയുടെ കൈവശമാക്കുകയും ചെയ്യും. ഇത് സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമാണ്. വിവിധ കമ്പനികൾ ഉപയോഗിക്കുന്ന, മത്സരാധിഷ്ഠിതമായി പ്രവർത്തിക്കുന്ന തുറമുഖമാണ് കേരളത്തിന്റെ താൽപ്പര്യസംരക്ഷണത്തിന് അനുയോജ്യം. അതുകൊണ്ടുതന്നെ കരാറിന് വിരുദ്ധമായി, കേരളത്തിന്റെ താൽപ്പര്യത്തിന് ഹാനികരമായ ഒന്നും വിഴിഞ്ഞത്ത് സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. അതാണിപ്പോൾ എൽഡിഎഫ് നിർവഹിക്കുന്നത്.















