ad
Deshabhimani

Articles

ഇടതുപക്ഷത്തെ തകർക്കാൻ
‘ഹോണ്ടുറാസ് ഗേറ്റ് ’

ഇടതുപക്ഷത്തെ തകർക്കാൻ
‘ഹോണ്ടുറാസ് ഗേറ്റ് ’

HONDURAS GATE
avatar
വി ബി പരമേശ്വരൻ

Published on May 06, 2026, 11:23 PM | 4 min read

ഹോണ്ടുറാസ് മുൻ പ്രസിഡന്റും മയക്കുമരുന്ന് രാജാവുമായ ജുവാൻ ഓർലാൻഡോ ഹെർണാണ്ടസിനെ ജയിലിൽനിന്ന് മോചിപ്പിച്ചത്‌ അമേരിക്കൻ പ്രസിഡന്റ്‌ ട്രംപിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖകൾ പുറത്തുവന്നിരിക്കുന്നു. ട്രംപ്, അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലേയ്, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു എന്നിവർ ഉൾപ്പെട്ട ഗൂഢാലോചനയുടെ ലക്ഷ്യം ലാറ്റിനമേരിക്കയിലെ പ്രമുഖ ഇടതുപക്ഷ സർക്കാരുകളെ ദുർബലമാക്കലായിരുന്നു. അതുവഴി ഇ‍ൗ മേഖലയിലെ രാജ്യങ്ങളുടെ സന്പത്ത്‌ കൊള്ളയടിക്കാനും ലക്ഷ്യമിട്ടു.


​മധ്യ അമേരിക്കയിൽ ഒരുകോടിയോളം ജനസംഖ്യയുള്ള കൊച്ചുരാജ്യമാണ് ഹോണ്ടുറാസ്. നവംബർ 23ന് ഇവിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ നാഷണൽ പാർടിയുടെ സ്ഥാനാർഥി നസ്റി ആസ്‌ഫൂറയാണ് 40.52 ശതമാനം വോട്ട് നേടി വിജയിച്ചത്. ഭരണകക്ഷിയായിരുന്ന ലിബ്റേ (ലിബർട്ടി ആൻഡ്‌ റീ ഫൗണ്ടേഷൻ) പാർടി നേതാവും മുൻ ധനകാര്യ–പ്രതിരോധ മന്ത്രിയുമായ റിക്സി മൊൺകാഡോ വിജയിക്കുമെന്നാണ് അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചതെങ്കിലും ആസ്‌ഫൂറയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനും ഇടതുപക്ഷത്തെ തകർക്കാനുമായി ഗൂഢാലോചന നടത്തിയെന്ന ഓഡിയോ ടേപ്പുകൾ പുറത്തുവന്നതോടെ വലിയ ചർച്ചയായി.


അമേരിക്കൻ പ്രസിഡന്റ് ട്രംപാണ് തെരഞ്ഞെടുപ്പുപ്രക്രിയയിൽ ഇടപെട്ട് വലതുപക്ഷത്തിന് അനുകൂലമായ അട്ടിമറിക്ക് നേതൃത്വം നൽകിയതെന്ന് ലിബ്റേ പാർടി നേതാവായ സിയാമോറോ കാസ്ട്രോ ആരോപിച്ചിരുന്നു. ആസ്‌ഫൂറയെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അല്ലാത്തപക്ഷം അമേരിക്കൻ സഹായം പൂർണമായും റദ്ദാക്കുമെന്നും ട്രംപ് ഹോണ്ടുറാസിലെ വോട്ടർമാരെ ഭീഷണിപ്പെടുത്തിയിരുന്നു. "നാർകോ കമ്യൂണിസ്റ്റു കൾക്കെതിരെ ടിറ്റോക്കും (ആസ്‌ഫൂറ) എനിക്കും യോജിച്ച് പൊരുതാനാകും’– ട്രംപ് പറഞ്ഞു.

അതുമാത്രമല്ല, അമേരിക്കയിലേക്ക് 400 ടണ്ണിലധികം കൊക്കെയ്ൻ അനധികൃതമായി കടത്തിയതിന് യുഎസ് ഫെഡറൽ കോടതി 45 വർഷത്തേക്ക് ശിക്ഷിച്ച് വിർജീനിയ സെൻട്രൽ ജയിലിൽ കഴിയുന്ന ഹോണ്ടുറാസിലെ മുൻ പ്രസിഡന്റ് ജുവാൻ ഓർലാൻഡോ ഹെർണാണ്ടസിനെ ട്രംപ് നേരിട്ട് ഇടപെട്ട്‌ പൊതുമാപ്പ് നൽകി ജയിൽമോചിതനാക്കുകയായിരുന്നു.


ഇടതുപക്ഷത്തിന് അനുകൂലമായ ജനവികാരത്തെ അട്ടിമറിക്കാനാണ് കൊടും ക്രിമിനലായ ഹെർണാണ്ടസിനെ ജയിൽമോചിതനാക്കിയത്. നാഷണൽ പാർടി നേതാവായ ഹെർണാണ്ടസ് 2014 മുതൽ 2022 വരെ ഹോണ്ടുറാസ് പ്രസിഡന്റായിരുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ മയക്കുമരുന്നുസംഘത്തിന് നേതൃത്വം നൽകുന്നുവെന്ന്‌ ആരോപിച്ച് അർധരാത്രി തട്ടിക്കൊണ്ടുപോയി അമേരിക്കൻ ജയിലിൽ പാർപ്പിച്ച ട്രംപാണ് ജയിലിൽ കിടക്കുന്ന യഥാർഥ മയക്കുമരുന്ന് കടത്തുകാരനായ ഹെർണാണ്ടസിനെ വിട്ടയച്ചത്.


ഹോണ്ടുറാസിലെ ഇടതുപക്ഷവിജയം തടയുകയാണ് ഈ നീക്കങ്ങളുടെ ലക്ഷ്യമെന്ന് അന്നേ സംശയം ഉണ്ടായിരുന്നു. അമേരിക്കൻ ഇടപെടലിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവും ലിബ്റേ പാർടി ഉയർത്തിയെങ്കിലും ആരും ചെവിക്കൊണ്ടില്ല. എന്നാൽ, അന്ന് ഉയർത്തിയ സംശയം യാഥാർഥ്യമാണെന്ന് ഇപ്പോൾ പുറത്തുവന്ന "ഹോണ്ടുറാസ് ഗേറ്റ്’ എന്ന വൻ രാഷ്ട്രീയ അഴിമതി വ്യക്തമാക്കുന്നു. ഹോണ്ടുറാസിലെ രാഷ്ട്രീയപ്രക്രിയയെ സ്വാധീനിക്കാനും ഇടതുപക്ഷത്തെ തകർക്കാനുമായി ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലേയും നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാത്രമല്ല ഗൂഢാലോചന നടത്തിയെന്നും വ്യക്തമാക്കുന്ന ഓഡിയോ ടേപ്പുകളാണ് പുറത്തുവന്നത്. ഡെമോക്രാറ്റിക് പാർടിയുടെ വിജയം തടയാൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ നേതൃത്വത്തിൽ നടന്ന "വാട്ടർഗേറ്റ്’ അഴിമതിക്കുസമാനമായ "ഹോണ്ടുറാസ് ഗേറ്റി’ന്റെ വിവരങ്ങളാണ് ഇപ്പോൾ വെളിപ്പെടുന്നത്. കനാൽ റെഡ് എന്ന മാധ്യമസ്ഥാപനമാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നത്.


പൊളിറ്റിക്കൽ സയന്റിസ്റ്റും മാധ്യമപ്രവർത്തകയുമായ വലേറിയ ദുവാർത്തേയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഓഡിയോ റെക്കോഡുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഹോണ്ടുറാസിലെ ഇടതുപക്ഷത്തെ തകർക്കുകമാത്രമല്ല, നേതാക്കളെ ജയിലിലടക്കാനും വധിക്കാനും ഉൾപ്പെടെയുള്ള ഗൂഢാലോചനയാണ് അമേരിക്ക–ഇസ്രയേൽ ഭരണാധികാരികൾ ഉൾപ്പെടെ നടത്തിയിട്ടുള്ളതെന്ന് ഇ‍ൗ ഓഡിയോ റെക്കോഡുകൾ വ്യക്തമാക്കുന്നു.


അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന 2030ൽ വീണ്ടും ഹെർണാണ്ടസിനെ പ്രസിഡന്റാക്കുക അമേരിക്ക–ഇസ്രയേൽ ലോബിയുടെ ലക്ഷ്യമാണ്. അടുത്ത നാലുവർഷം ഹെർണാണ്ടസിനുവേണ്ടി പ്രചാരണം നടത്താൻ നിലവിലെ വൈസ് പ്രസിഡന്റ് മറിയ ആന്റോനിറ്റ സന്നദ്ധത പ്രകടിപ്പിക്കുന്ന ഓഡിയോയുമുണ്ട്‌. ജനങ്ങൾ ഹെർണാണ്ടസിനെ സ്നേഹിക്കുന്നുവെന്നും അദ്ദേഹത്ത ഹോണ്ടുറാസിന് ആവശ്യമാണെന്നുമുള്ള പ്രചാരണം നടത്താൻ തയ്യാറാണെന്നാണ് മറിയ പറയുന്നത്.


തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ച നാഷണൽ പാർടി നേതൃത്വത്തിന്റെ കടുത്ത വിമർശകനായ മാർലിൻ ഒച്ചോവയെ എത്രതന്നെ രക്തം ചിന്തിയാലും ജയിലിലടക്കുകയും വധിക്കുകയും ചെയ്യണമെന്ന് ഹെർണാണ്ടസ് ഓഡിയോയിൽ പറയുന്നുണ്ട്. തന്നെ ജയിൽമോചിതനാകാൻ സഹായിച്ചത് നെതന്യാഹുവാണെന്നും ജൂത ലോബിയാണ് ആവശ്യമായ പണം നൽകിയതെന്നും ഹെർണാണ്ടസ് തുറന്നുപറയുന്നു. ഈ ഗൂഢാലോചനയിൽ പങ്കാളിയായ പാർലമെന്റ് സ്പീക്കർ ടോമസ് സമ്പാർനോ, ഒച്ചോവയെ പാർലമെന്റിൽനിന്ന്‌ നേരത്തേ പുറത്താക്കിയിരുന്നു.


ഹെർണാണ്ടസിനെ പ്രസിഡന്റാക്കാൻ അമേരിക്കയ്‌ക്ക്‌ എന്താണിത്ര താൽപ്പര്യമെന്ന ചോദ്യത്തിനും ഓഡിയോ സംഭാഷണങ്ങൾ ഉത്തരം നൽകുന്നുണ്ട്. ഒന്നാമതായി, അമേരിക്കയ്‌ക്ക് ഒരു സൈനികതാവളംകൂടി തുറക്കാൻ അനുമതി വേണം. സോട്ടോ കാനോ താവളത്തിനുപുറമെ ഒന്നിനുകൂടി അനുമതി വേണമെന്നാണ് യുഎസ്‌ ആവശ്യം. നേരത്തേ അധികാരത്തിലിരുന്ന സിയാമോറോ കാസ്ട്രോ അതിന് അനുവാദം നൽകിയില്ല. രണ്ടാമതായി, യുഎസ്‌ ബഹുരാഷ്ട്രകുത്തകകൾക്ക് ഹോണ്ടുറാസിനെ ചൂഷണം ചെയ്യാൻ അനുവാദം വേണം. ഈ കമ്പനികൾക്ക് വ്യവസായങ്ങളുംമറ്റും തുടങ്ങാൻ അനുവദിക്കുന്ന സ്ഥലം "പ്രൈവറ്റ് സ്റ്റേറ്റ്’ ആയിരിക്കണമെന്നാണ് അമേരിക്കൻ ആവശ്യം. അതായത് ആ സ്ഥലത്തിന്റെ ഉടമസ്ഥൻ ഹോണ്ടുറാസ് സ്റ്റേറ്റല്ല മറിച്ച് ആ കമ്പനിയായിരിക്കും. ഹോണ്ടുറാസിലെ ലേബർ നിയമങ്ങളോ പരിസ്ഥിതിസംരക്ഷണ നിയമങ്ങളോ അമേരിക്കൻ കമ്പനികൾക്ക് ബാധകമായിരിക്കില്ല. മൂന്നാമതായി, അമേരിക്കയുമായി സ്വതന്ത്ര വ്യാപാരകരാർ ഒപ്പിടാൻ ഹോണ്ടുറാസ് തയ്യാറാകണം. നാലാമതായി, അമേരിക്കൻ–ഇസ്രയേൽ നിർമിത ബുദ്ധി കമ്പനികളെ ഹോണ്ടുറാസിൽ നിക്ഷേപം നടത്താൻ അനുവദിക്കണം. അതായത് അമേരിക്ക ഭൂഖണ്ഡം അമേരിക്കയുടേതാണെന്ന "ഡോൺ റോ’ സിദ്ധാന്തത്തിലധിഷ്ഠിതമായ ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ടുവയ്‌ക്കുന്നത്.


അമേരിക്കൻ ഭൂഖണ്ഡം അമേരിക്കയുടേതാകണമെങ്കിൽ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളെയും സംഘടനകളെയും തകർക്കണം. അവർ കമ്യൂണിസ്റ്റുകാരാകണമെന്നില്ല. അവ്യക്തമായ ഇടതുപക്ഷ ആശയങ്ങൾ മുന്നോട്ടുവയ്‌ക്കുന്നവരെപ്പോലും ഇല്ലാതാക്കണം. അതിന്റെ ഭാഗമായാണ് വെനസ്വേലൻ സോഷ്യലിസ്റ്റ് പാർടി നേതാവും പ്രസിഡന്റുമായ നിക്കോളാസ് മഡുറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. ക്യൂബയെ ആക്രമിക്കുമെന്ന് ട്രംപ് ആവർത്തിക്കുകയാണ്. ഈ അജൻഡയുടെ ഭാഗമായാണ് ഹോണ്ടുറാസിൽ ലിബ്റേ പാർടി അധികാരത്തിൽ വരുന്നത് തടഞ്ഞതും ഹെർണാണ്ടസിനെ പ്രസിഡന്റാക്കാൻ ശ്രമിക്കുന്നതും.


ഇതോടൊപ്പം ലാറ്റിനമേരിക്കയിലെ പ്രമുഖ ഇടതുപക്ഷ സർക്കാരുകളെ ദുർബലമാക്കാനും അമേരിക്കയും ഇസ്രയേലും അർജന്റീനയും ശ്രമിക്കുന്നതായി ഓഡിയോ റെക്കോഡുകൾ വ്യക്തമാക്കുന്നു. ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിക്കുന്ന കൊളംബിയയിലെ ഗുസ്താവോ പെട്രോ സർക്കാരിനെതിരെയും മെക്സിക്കോയിലെ ഷീൻ ബോം സർക്കാരിനെതിരെയും പ്രചാരണം ശക്തമാക്കാൻ അർജന്റീനയിലെ തീവ്രവലതുപക്ഷ നേതാവ് ഹാവിയർ മിലേയ് മൂന്നരലക്ഷം ഡോളറാണ് സംഭാവന നൽകുന്നതെന്ന് ഓഡിയോ സംഭാഷണം വ്യക്തമാക്കുന്നു. ഹോണ്ടുറാസ് പോലുള്ള ഒരു ചെറിയ രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തെപ്പോലും തകർക്കാൻ കോടികൾ ഒഴുക്കുന്ന അമേരിക്കയും ഇസ്രയേലും മറ്റു രാജ്യങ്ങളിലും പ്രദേശങ്ങളിലും ഇതുതന്നെ ചെയ്യുന്നുണ്ടാകുമെന്നതിൽ സംശയമില്ല.


1954ൽ ഗ്വാട്ടിമാലയിലെ ജേക്കബ് അർബൻസ് സർക്കാർ ഭൂപരിഷ്കരണം നടപ്പാക്കിയതിനാലാണ് അട്ടിമറിക്കപ്പെട്ടത്. അതിനുശേഷം ലാറ്റിനമേരിക്കയിൽമാത്രം ഡസനിലധികം സർക്കാരുകളെയാണ് യുഎസ്‌ അട്ടിമറിച്ചത്. ഇപ്പോൾ തീവ്രവലതുപക്ഷത്ത് നിലയുറപ്പിച്ച ഇസ്രയേലും അർജന്റീനയും അതോടൊപ്പം ചേർന്നു. ഈ ശക്തികളിൽനിന്ന്‌ പണംപറ്റി പ്രവർത്തിക്കുന്നവർ കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശക്തമായ ഇടങ്ങളിൽ പല രൂപത്തിലും പ്രവർത്തിക്കുന്നുണ്ടാകാം. അതിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാൻ കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കഴിയണം.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home