Articles

gaza genocide

നിലയ്ക്കുന്നില്ല നിലവിളി...

gaza genocide
avatar
വിജേഷ്‌ ചൂടൽ

Published on Oct 22, 2025, 11:19 PM | 3 min read

ഇസ്രയേലിന്റെ ക്രൂരതയുടെ ബാക്കിപത്രമായ ഗാസയിപ്പോൾ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ കോൺക്രീറ്റ്‌ ശവക്കൂനയാണ്‌. ഒ‍ൗദ്യോഗികരേഖകളിൽ മരണപ്പെടാത്ത ആയിരക്കണക്കിന്‌ പലസ്‌തീൻകാരുടെ മൃതദേഹങ്ങൾ അവയ്ക്കടിയിൽ വീണ്ടെടുക്കാനാകാതെ അഴുകിത്തീരുന്നു. മരിക്കാതെ ബാക്കിയായ മനുഷ്യർ ദുരിതക്കൂന്പാരങ്ങളിൽ ജീവിതം തെരഞ്ഞ്‌ നിസ്സഹായതയോടെ ലോകത്തെ നോക്കുന്നു. അന്താരാഷ്‌ട്ര ഏജൻസികളുടെ ട്രക്കുകളിൽ എത്തുന്ന ഭക്ഷ്യവസ്തുക്കൾ, വെടിയേറ്റു മരിക്കാതെ വാങ്ങാമെന്നത്‌ ജീവിതത്തിലെ വലിയ ആശ്വാസമായി മാറുന്നു ഗാസയിലെ കുട്ടികൾക്ക്‌.


രണ്ടുവർഷം നീണ്ട കൊടുംക്രൂരതയ്‌ക്കൊടുവിൽ ബാക്കിയായ ജനത എവിടെ തുടങ്ങണമെന്നറിയാതെ അന്ധാളിച്ചുനിൽക്കുന്പോൾ, വീണ്ടും ബോംബുകൾ വർഷിക്കുകയാണ്‌ ഇസ്രയേൽ. അന്താരാഷ്‌ട്രസമൂഹം വാഗ്‌ദാനം ചെയ്‌തതുപോലുള്ള പുനർനിർമാണത്തിനും സമാധാനസ്ഥാപനത്തിനും വിലങ്ങുതടിയാണ്‌ ഇ‍ൗ ആക്രമണം. വെടിനിർത്തൽ ഏകപക്ഷീയമായി ലംഘിക്കുന്നത്‌ ഇസ്രയേലിനു പുത്തരിയല്ല. സമാധാനകരാർ നിലവിൽവന്നശേഷം പത്തുദിവസത്തിനിടെ നൂറിലേറെ പേരെയാണ്‌ ഗാസയിൽ കൊലപ്പെടുത്തിയത്‌. ഇരുനൂറ്റന്പതിലേറെ പേർക്ക്‌ പരിക്കേറ്റു. പലസ്തീൻ പ്രദേശത്തുടനീളം മാരകമായ ഇസ്രയേലി ആക്രമണങ്ങൾ തുടരുന്പോഴും, വെടിനിർത്തൽ ‘പ്രതീക്ഷിച്ചതിലും മികച്ചതായി' മാറിയെന്നാണ്‌ ഇസ്രയേലിലുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ വാദം. കഴിഞ്ഞദിവസം ആശുപത്രികളിൽ 13 മൃതദേഹങ്ങൾ ലഭിച്ചെന്ന റിപ്പോർട്ടുകൾക്കിടയിലും പശ്ചിമേഷ്യയിലെ യുഎസ്‌ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞത്‌, വെടിനിർത്തൽ ഉറപ്പായും നിലനിൽക്കുന്നുവെന്നാണ്‌. എന്നാൽ, ഇസ്രയേൽ ആക്രമണം തുടരുകയും സഹായം തടയുകയും ചെയ്യുന്നതിനാൽ, വെടിനിർത്തലിനുശേഷവും തങ്ങളുടെ ജീവിതത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് പലസ്തീൻകാർ പറയുന്നു.


​അനാഥനഗരം ; ആറുകോടി ടൺ അവശിഷ്ടം

വീടുകളും റോഡുകളും ആശുപത്രികളും സ്‌കൂളുകളുമൊന്നുമില്ലാതെ, കഥകളിലേതിനേക്കാൾ ഭീതിദമായൊരു അനാഥനഗരമാണിപ്പോൾ ഗാസ. മുനന്പിലുടനീളം മൂന്നുലക്ഷത്തിലേറെ വീടുകളും അപ്പാർട്ട്‌മെന്റുകളും തകർത്തതായാണ്‌ യുഎൻ ഉപഗ്രഹ കേന്ദ്രമായ യുനോസാറ്റ് കണക്കാക്കുന്നത്‌. രണ്ടുവർഷത്തിനിടെ ഗാസയിലെ 6.60 ലക്ഷം കുട്ടികളുടെ പഠനം നിലച്ചതായി യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി വെളിപ്പെടുത്തുന്നു. ജലവിതരണസംവിധാനവും ശുദ്ധീകരണകേന്ദ്രങ്ങളും 89 ശതമാനവും ഇസ്രയേൽ പ്രത്യേകം ലക്ഷ്യമിട്ട്‌ തകർത്തു. ആക്രമണം നിർത്തുന്നതിനുമുന്പ്‌, സമീപത്തെ അവസാന ജലസംഭരണികളും തകർക്കാൻ സൈന്യത്തിന്‌ പ്രത്യേക നിർദേശമുണ്ടായിരുന്നു.


gaza


യുദ്ധാനന്തര പുനർനിർമാണത്തിന്റെ ഏതു പ്രക്രിയയും ആരംഭിക്കേണ്ടത് യുദ്ധാവശിഷ്ടങ്ങൾ നീക്കം ചെയ്തുകൊണ്ടാണ്. ഏകപക്ഷീയമായ തച്ചുതകർക്കലാണ്‌ നടന്നത്‌ എന്നതിനാൽ ഗാസ സാധാരണജീവിതത്തിലേക്ക് മടങ്ങുന്നതിന് അസാധാരണമായ പ്രയത്നവും സഹായവും ആവശ്യമാണ്‌. ഇസ്രയേലും അമേരിക്കയും അതിന്‌ അനുവദിക്കുകകൂടി വേണം. ഗാസയിൽ അടിസ്ഥാനസ‍ൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിന്‌ 7000 കോടി ഡോളറിലുമധികം വേണ്ടിവരുമെന്നാണ്‌ യുഎൻ, ലോകബാങ്ക്‌, യൂറോപ്യൻ യൂണിയൻ എന്നിവയുടെ കണക്ക്‌. പുതുതായി നിർമിക്കുന്നതിനേക്കാൾ പ്രയാസകരമാണ്‌ മണൽപ്പരപ്പിലെ അവശിഷ്ടങ്ങളിൽനിന്ന്‌ ആരംഭിക്കുന്നത്‌. മുനന്പിലെ 84 ശതമാനം കെട്ടിടങ്ങളും ഇസ്രയേൽ തകർത്തു. ഗാസ സിറ്റിപോലെ ചില ഭാഗങ്ങളിൽ ഇത് 92 ശതമാനംവരെയാണ്‌ നാശമെന്ന്‌ യുഎൻ വികസനപരിപാടിയുടെ പലസ്തീൻ പ്രതിനിധി ജാക്കോ സിലിയേഴ്സ് പറയുന്നു. ഉപഗ്രഹ ഡാറ്റയെ അടിസ്ഥാനമാക്കി ബിബിസി വിലയിരുത്തിയത്‌ ഗാസയിൽ ആറുകോടി ടണ്ണിലധികം അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുണ്ടെന്നാണ്.


​സമാധാനകരാറിന്റെ ഭാവി

ഇ‍ൗജിപ്‌തിൽ സമാധാനകരാറിൽ ഒപ്പിട്ടശേഷം നിരന്തരം വെടിനിർത്തൽ ലംഘിക്കുന്ന ഇസ്രയേലിനെയും പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്ന ഹമാസിനെയുമാണ്‌ കാണുന്നത്‌. തെക്കൻ നഗരമായ റഫയിൽ രണ്ട് ഹമാസ്‌ പ്രവർത്തകർ സൈനികരെ ആക്രമിച്ചെന്ന്‌ ആരോപിച്ച്‌ ഒരൊറ്റദിവസം തങ്ങൾ ഗാസയിൽ വർഷിച്ചത്‌ 153 ടൺ ബോംബുകളാണെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുതന്നെ വെളിപ്പെടുത്തി. എന്നാൽ, മാസങ്ങളായി റഫയിലെ യൂണിറ്റുകളുമായി തങ്ങൾക്ക്‌ ആശയവിനിമയമില്ലെന്നാണ്‌ ഹമാസ്‌ വ്യക്തമാക്കിയത്‌. ബന്ദികൈമാറ്റം ഉൾപ്പെടെ കരാറിൽ ഉറപ്പുനൽകിയ കാര്യങ്ങളെല്ലാം ഹമാസ്‌ പാലിക്കുകയും ചെയ്യുന്നു. ഖത്തറിൽ തുർക്കി ഉദ്യോഗസ്ഥരുമായി ചർച്ചകളിൽ പങ്കെടുത്ത ഹമാസ് പ്രതിനിധിസംഘം, ഇസ്രയേലിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉണ്ടായിട്ടും തങ്ങൾ വെടിനിർത്തൽ കരാറിൽ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ചു.


gaza peace summit Ceasefire deal sign


ഹമാസിന്റെ നിരായുധീകരണം, ഗാസയിൽ കൂടുതൽ പ്രദേശങ്ങളിൽനിന്ന് ഇസ്രയേലിന്റെ പിൻവാങ്ങൽ, പ്രദേശത്തിന്റെ ഭാവി ഭരണനിർവഹണം എന്നിവയിലാണ്‌ ധാരണപ്രകാരം വെടിനിർത്തലിന്റെ അടുത്തഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അന്താരാഷ്ട്ര പിന്തുണയുള്ള ഒരു അതോറിറ്റി സ്ഥാപിക്കാനാണ്‌ യുഎസ് പദ്ധതി നിർദേശിക്കുന്നത്. നിരായുധീകരണം ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ സംഘടനയ്‌ക്കുള്ളിലും മറ്റു പലസ്തീൻ ഗ്രൂപ്പുകളുമായും കൂടിയാലോചന നടത്തിമാത്രമേ തീരുമാനമെടുക്കൂ എന്ന്‌ ഹമാസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇസ്രയേലിനും അന്താരാഷ്ട്ര സംവിധാനത്തിനും ഗാസയിൽ ഒരു പ്രായോഗിക ബദൽ സൃഷ്ടിക്കാൻ കഴിയാത്തിടത്തോളം ഹമാസിന്റെ സാന്നിധ്യം നിഷേധിക്കാനാകില്ലെന്നതാണ്‌ യാഥാർഥ്യം. ഇക്കാര്യത്തിൽ വിജയിച്ചാൽമാത്രമേ ഹമാസിനെ പരാജയപ്പെടുത്താനാകൂവെന്ന് ഇസ്രയേലിൽ ചർച്ചകൾക്കെത്തിയ ട്രംപിന്റെ മരുമകൻ ജെറഡ്‌ കുഷ്‌നർതന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞു. കരാറിന്റെ ഭാഗമായി ഗാസയിലേക്ക് ഇസ്രയേൽ എത്രമാത്രം സഹായം നൽകുന്നുണ്ടെന്നതിനെക്കുറിച്ചും ആശങ്കയുണ്ട്.


​വെസ്റ്റ് ബാങ്കിലും ക്രൂരത

ഗാസയിലെ ആക്രമണത്തിന്റെ മറവിൽ ഇസ്രയേലി സൈന്യവും കുടിയേറ്റക്കാരും അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്‌തീൻകാർക്കെതിരെ ക്ര‍ൂരമായ അതിക്രമം തുടരുകയാണ്‌. നബ്‌ലസിന് തെക്കുള്ള ഖിർബെറ്റ് യാനുനിൽ ഒലിവ് വിളവെടുക്കാനെത്തിയ പലസ്തീൻ കർഷകർ കൃഷിഭൂമിയിൽ പ്രവേശിക്കുന്നത് ഇസ്രയേലി സൈന്യം തടഞ്ഞു. അധിനിവേശ പട്ടണമായ ടർമസ് അയയിൽ ഒലിവ് വിളവെടുക്കുന്നതിനിടെ പലസ്തീൻസ്ത്രീയെ കുടിയേറ്റക്കാരൻ തല്ലിച്ചതയ്‌ക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.



deshabhimani section

Dont Miss it

Recommended for you

Home