Articles

gaza genocide

ചോരകൊണ്ട് എഴുതിയ ഭൂപടം

gaza genocide
avatar
വി ബി പരമേശ്വരൻ

Published on Oct 06, 2025, 10:14 PM | 4 min read

ഇന്നേക്ക് കൃത്യം രണ്ടുവർഷംമുമ്പാണ് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത്. ഗാസയ്‌ക്കു ചുറ്റും ഇസ്രയേൽ തീർത്ത ഇരുമ്പുമറ ഭേദിച്ച് അയ്യായിരത്തോളം ഹമാസ് അംഗങ്ങൾ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങളും ഗ്രാമങ്ങളും നഗരങ്ങളും ആക്രമിക്കുകയും 1139 പേരെ വധിക്കുകയും ചെയ്തു. 251 പേരെ ബന്ദികളാക്കി. പാരാഗ്ലൈഡിങ് നടത്തിയും മോട്ടോർസൈക്കിൾ ഉപയോഗിച്ചുമാണ് അവർ ഇസ്രയേലിലേക്ക് കടന്നത്. മുഹമ്മദ് ദെയ്ഫിന്റെ നേതൃത്വത്തിലായിരുന്നു "ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ്’ എന്ന പേരിലുള്ള ഈ ആക്രമണം നടന്നത്. ഇസ്രയേൽ അതിന്റെ 75 വർഷത്തെ ചരിത്രത്തിൽ അഭിമുഖീകരിച്ച ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്. 1948നുശേഷം ആദ്യമായിട്ടായിരുന്നു ഒരു അറബ് കരസേന ഇസ്രയേലിന്റെ അതിർത്തിക്കുള്ളിലേക്ക് പ്രവേശിച്ച് നാശംവിതച്ചത്. ഇസ്രയേലിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ച ആക്രമണമായിരുന്നു ഹമാസിന്റേത്. നെതന്യാഹു സർക്കാരിന്റെ ഏറ്റവും വലിയ സുരക്ഷാവീഴ്ചയായിരുന്നു ഇത്. മൊസാദ് "ജറീക്കോ വാൾ’ എന്ന ഡോസിയറിൽ ഇസ്രയേൽ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും നെതന്യാഹു സർക്കാരിന്റെ അമിത ആത്മവിശ്വാസം ആ മുന്നറിയിപ്പ് തള്ളിക്കളയാൻ കാരണമായെന്ന് പിന്നീട് വിശകലനങ്ങൾ നിരത്തപ്പെട്ടു.


ഹിരോഷിമയിൽ അമേരിക്ക വർഷിച്ച ആറ്റംബോംബിനേക്കാൾ 12 ഇരട്ടി സ്ഫോടകവസ്തുക്കളാണ് ഇസ്രയേൽസേന ഗാസ എന്ന 365 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് വർഷിച്ചത്


നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാസയെ ഒരുപിടി ചാരമാക്കാൻ നെതന്യാഹു ഇറങ്ങിപ്പുറപ്പെട്ടത്. ട്രംപിന്റെ ആഗ്രഹപ്രകാരം മധ്യധരണ്യാഴി തീരത്തെ സുഖവാസകേന്ദ്രമാക്കാൻ ഗാസയിലെ എല്ലാ കെട്ടിടങ്ങളും ബോംബിട്ട് തകർക്കുകയും ജനങ്ങളെ കൊന്നൊടുക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തു. ഗാസയിലെ ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസംവരെ നൽകിയ കണക്കനുസരിച്ച് 67,160 പേർ കൊല്ലപ്പെട്ടു. 15,000 പേരെ കാണാതായിട്ടുണ്ട്. ബോംബിങ്ങിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി മരിച്ചവരായിരിക്കും ഇവരിലധികവും. അതായത് മരണസംഖ്യ 82,000 കടക്കുമെന്നർഥം. 1,70,000 പേർക്ക് പരിക്കേറ്റു. സിവിലിയൻമാരാണ് ഇവരിൽ ഭൂരിപക്ഷവും. മരിച്ചവരിൽ പകുതിയിലധികവും കുട്ടികളും സ്ത്രീകളുമാണ്. അയ്യായിരത്തോളംപേർക്ക്‌ അംഗവൈകല്യം ഉണ്ടായി. ഹിരോഷിമയിൽ അമേരിക്ക വർഷിച്ച ആറ്റംബോംബിനേക്കാൾ 12 ഇരട്ടി സ്ഫോടകവസ്തുക്കളാണ് ഇസ്രയേൽസേന ഗാസ എന്ന 365 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് വർഷിച്ചത്. ആശുപത്രികളും വീടുകളും കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിസ്ഥലങ്ങളും ഏതാണ്ട്‌ പൂർണമായി തകർത്തു. ഗാസയ്‌ക്കുപുറമെ വെസ്റ്റ് ബാങ്കിലും ആക്രമണം ആരംഭിച്ചു. ലബനനും ഇറാനും ഖത്തറും യമനും ആക്രമിക്കപ്പെട്ടു. സിറിയയിൽ നാലു ദശാബ്ദത്തിലധികം അധികാരത്തിലിരുന്ന മതനിരപേക്ഷ സർക്കാരിനെ അട്ടിമറിച്ച് അൽ ഖായ്ദയുമായി ബന്ധമുള്ള അഹമ്മദ് അൽഷാര സർക്കാരിനെ അവരോധിച്ചു.


gaza genocide


അമേരിക്കയുടെ പൂർണപിന്തുണയോടെ ഇസ്രയേൽ എന്ന തെമ്മാടിരാഷ്ട്രം പശ്ചിമേഷ്യയിൽ അഴിഞ്ഞാടിയെങ്കിലും അവർക്ക് വിജയിക്കാനായോ? എല്ലാ ശത്രുക്കളെയും വീഴ്ത്തി ശാശ്വതമായ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ രണ്ടുവർഷം നീണ്ട ആക്രമണത്തിലൂടെ അവർക്ക്‌ കഴിഞ്ഞോ?

ഹമാസ് ഭീകരവാദികളാണെന്നും അതിനാൽ അവരെ തുടച്ചുനീക്കുമെന്നും പറഞ്ഞാണ് ഇസ്രയേൽ തിരിച്ചടി ആരംഭിച്ചത്. എന്നാൽ, അമേരിക്കയും ശിങ്കിടികളും അല്ലാതെ യുഎൻ പോലും ഹമാസിനെ ഭീകരവാദികളുടെ ഗണത്തിൽപ്പെടുത്തിയില്ല. ഹമാസ് മേധാവി ഇസ്മായിൽ ഹാനിയേഹിനെ വധിച്ചെങ്കിലും ഹമാസിനെ നശിപ്പിക്കാനോ തുടച്ചുനീക്കാനോ ഇസ്രയേലിന് കഴിഞ്ഞില്ല. ഇപ്പോഴും 4000 ഹമാസ് അംഗങ്ങൾ ഗാസയിലുണ്ടെന്നാണ് ഇസ്രയേലിൽനിന്ന്‌ പ്രസിദ്ധീകരിക്കുന്ന ഹാരറ്റസ് പത്രം റിപ്പോർട്ട് ചെയ്തത്. ഇസ്രയേൽ എന്ന അധിനിവേശരാഷ്ട്രത്തിനെതിരെ പോരാടുക എന്ന പലസ്തീൻ ജനതയുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഹമാസ്. നേരത്തേ അത് യാസർ അറഫാത്തിന്റെ പിഎൽഒ ആയിരുന്നു. അറഫാത്ത് ഓസ്ലോ ഉടമ്പടി ഒപ്പിട്ട് ഇസ്രയേലിനെ അംഗീകരിച്ചതിൽ അമർഷമുള്ള ജനതയാണ് ഹമാസിനെ ഗാസയുടെ ഭരണം ഏൽപ്പിച്ചത്. ഹമാസിനെ തുടച്ചുനീക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇസ്രയേലിനായില്ല. ഇപ്പോഴത്തെ 20 ഇന സമാധാനപദ്ധതിതന്നെ അതിനുള്ള തെളിവാണ്. കെയ്റോയിൽ ഹമാസ് നേതാക്കളുമായി ചർച്ച നടത്താൻ ഇസ്രയേലിന് സന്നദ്ധമാകേണ്ടിവന്നു.


ഗാസ ആക്രമണം പലസ്തീൻപ്രശ്നം വീണ്ടും അന്താരാഷ്ട്രതലത്തിൽ സജീവ ചർച്ചാവിഷയമായതും ഇസ്രയേലിന് തിരിച്ചടിയാണ്. ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയത്തിന് വീണ്ടും ജീവൻ വച്ചിരിക്കുന്നു. ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിനുശേഷം 20 രാജ്യങ്ങളാണ് പലസ്തീൻ രാഷ്‌ട്രത്തെ അംഗീകരിച്ചത്. 2024ൽ നോർവെയും സ്‌പെയിനും സ്ലോവേനിയയും അയർലൻഡും 2025ൽ കാനഡയും ഓസ്‌ട്രേലിയയും ബ്രിട്ടനും ഫ്രാൻസും പോർച്ചുഗലും മെക്സിക്കോയും അംഗീകാരം നൽകി. യുഎന്നിലെ 193 അംഗരാജ്യങ്ങളിൽ 157ഉം 1988ൽ അറഫാത്ത് പ്രഖ്യാപിച്ച പലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകി. അതായത് 80 ശതമാനം രാഷ്ട്രങ്ങളും പലസ്തീനെ അംഗീകരിച്ചു (പലസ്തീൻ രാഷ്ട്രത്തിന് 1988ൽത്തന്നെ അംഗീകാരം നൽകിയ ആദ്യ അറബ് ഇതര രാജ്യമാണ് ഇന്ത്യ). അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും പലസ്തീൻ ഐക്യദാർഢ്യറാലികൾ നടന്നു. ‘സുമുദ് ഫ്ലോട്ടില’ സാർവദേശീയ പിന്തുണയുടെ മറ്റൊരു സൂചികയാണ്. പലസ്തീൻപ്രശ്നത്തെ കുഴിച്ചുമൂടാൻ അമേരിക്കയും ഇസ്രയേലും നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടു.


gaza genocide


ഇറാന്റെ ആണവശേഷിയും ബാലിസ്റ്റിക് മിസൈൽ ശേഷിയും നശിപ്പിച്ച് ഇസ്രയേൽ അനുകൂല ഭരണമാറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേലും അമേരിക്കയും ഇറാനെ ആക്രമിച്ചത്. ലബനനിലെ ഹിസ്‌ബുള്ള മേധാവി ഹസ്സൻ നസ്രള്ളയെ വധിച്ച് ഇറാൻ അനുകൂലപ്രസ്ഥാനത്തെ ദുർബലമാക്കിയതും സിറിയയിലൂടെ ലബനനിലേക്കുള്ള കരബന്ധം ഹാഫേസ് അൽ അസദിന്റെ വീഴ്ചയോടെ നഷ്ടമായതും ഇറാനെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ഇറാൻസേനയുടെ പ്രധാന നേതാക്കളായ ഖാസിം സുലൈമാനിയെയും ഹുസൈൻ സലാമിയെയും ആണവശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്കിർ സാദിഹിനെയും ഇസ്രയേൽസേന വധിച്ചതും തിരിച്ചടിതന്നെയാണ്. എന്നാൽ ഭരണമാറ്റം, ആണവശേഷി ഇല്ലാതാക്കൽ എന്നീ ലക്ഷ്യങ്ങൾ നേടുന്നതിൽ ഇസ്രയേൽ പൂർണമായും പരാജയപ്പെട്ടു. ഇറാന്റെ ആണവകേന്ദ്രങ്ങളായ ഇസ്ഫഹാൻ, നതാൻസ്, ഫോർദോ എന്നിവ ആക്രമിച്ചെങ്കിലും അവ പൂർണമായും നശിപ്പിക്കാനായില്ലെന്നാണ് റിപ്പോർട്ട്. അയൺ ഡോം ഉൾപ്പെടെയുള്ള പ്രതിരോധസംവിധാനങ്ങളെ ഭേദിച്ച് ഇറാന്റെ സൂപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത് നെതന്യാഹുവിന് ക്ഷീണമായി. ആണവായുധ നിർമാണത്തിനുള്ള ശ്രമങ്ങൾ ഇറാൻ സജീവമാക്കിയെന്നാണ് റിപ്പോർട്ട്. ഖമനേയിയുടെ മതാധിഷ്ഠിത ഭരണത്തിനെതിരെ ജനവികാരം ശക്തമായിരുന്നെങ്കിലും ഇസ്രയേൽ–അമേരിക്കൻ ആക്രമണത്തോടെ ജനങ്ങൾ ഒറ്റക്കെട്ടായതും ഭരണമാറ്റം എന്ന ഇസ്രയേൽ അജൻഡ പൊളിച്ചു.


അബ്രഹാം ഉടമ്പടിയിലൂടെയുംമറ്റും ഗൾഫിൽ ഇസ്രയേലിന് പൊതുസ്വീകാര്യത നേടിക്കൊടുക്കാനുള്ള അമേരിക്കൻ പദ്ധതിക്കും തിരിച്ചടിയേറ്റു. 1978ലെ ക്യാന്പ്‌ ഡേവിഡ് കരാറിലൂടെ ഈജിപ്തും 1994ലെ വാഷിങ്ടൺ പ്രഖ്യാപനത്തിലൂടെ ജോർദാനും ഇസ്രയേലുമായി സമാധാനം സ്ഥാപിച്ചിരുന്നു. 2000ൽ ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട അബ്രഹാം ഉടമ്പടിയിലൂടെ ഇസ്ലാമിക രാഷ്ട്രങ്ങളായ യുഎഇയും ബഹ്‌റൈനും സുഡാനും മൊറോക്കോയും ഇസ്രയേലുമായി സമാധാനം സ്ഥാപിച്ചു. സൗദിയും ഇസ്രയേലുമായി ചർച്ച ആരംഭിച്ചിരുന്നു. എന്നാൽ, ഗാസയിലെ വംശഹത്യ ഈ നീക്കങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമായി. സൗദി പാകിസ്ഥാനുമായി കരാർ ഉണ്ടാക്കിയതും ഇസ്രയേൽ ആക്രമണം തുടർന്നാൽ അബ്രഹാം ഉടമ്പടികൾ അപകടത്തിലാകുമെന്ന യുഎഇ മുന്നറിയിപ്പും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. ഗാസയിലെ വംശഹത്യയെ നിസ്സംഗമായി നോക്കിനിന്ന അറബ് രാഷ്‌ട്രങ്ങളുടെ സമീപനം, അവരുടെ പാൻ ഇസ്ലാമികരാഷ്ട്രീയം വെറും ചാപിള്ളയാണെന്നതിനുള്ള ക്ലാസിക്കൽ ഉദാഹരണംകൂടിയാണ്. ഗാസ കത്തുമ്പോഴും ഇസ്രയേലുമായും അമേരിക്കയുമായും അടുത്തബന്ധം ഉണ്ടാക്കാനാണ് അറബ് രാഷ്ട്രങ്ങൾക്ക് തിടുക്കം.


gaza genocide


ലോകത്ത് ഇസ്രയേൽ കൂടുതൽ ഒറ്റപ്പെട്ടു. അധിനിവേശ പലസ്തീൻ പ്രദേശത്തിന്റെ പ്രത്യേക യുഎൻ റിപ്പോർട്ടറായ ഫ്രാൻസെസ്ക അൽബനീസ് ഗാസയിലെ വേട്ടയ്‌ക്ക് വംശഹത്യയുടെ ചുവയുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ നവി പിള്ളയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്താരാഷ്ട്ര കമീഷൻ ഗാസയിലേത് വംശഹത്യതന്നെയാണെന്ന് പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ ഇതുസംബന്ധിച്ച കേസ് തുടരുകയുമാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റത്തിന് നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്‌ പുറപ്പെടുവിക്കുകയും ചെയ്തു. യുഎൻ പൊതുസഭാ സമ്മേളനത്തിൽ മൂന്നാം ലോകരാജ്യങ്ങളുടെ പ്രതിനിധികൾ പ്രത്യേകിച്ചും ലാറ്റിനമേരിക്കയിൽനിന്നുള്ള പ്രതിനിധികൾ ഇസ്രയേലിന്റേത്‌ വംശഹത്യയാണെന്ന് ആവർത്തിച്ചതും ലോകത്ത് ഇസ്രയേൽ ഒറ്റപ്പെടുകയാണെന്നതിന്റെ സൂചനയായി. ചൈനയിലെ തിയാൻജിനിൽ ചേർന്ന എസ്‌സിഒ ഉച്ചകോടിയും ഗാസയിലെ ആക്രമണത്തെ അപലപിച്ചു.


പശ്ചിമേഷ്യയിൽ അമേരിക്കയുടെ വിശ്വാസ്യതയ്‌ക്കും ഇടിച്ചിൽ തട്ടി. അമേരിക്കയുടെ സുരക്ഷാകവചം സ്വീകരിച്ച് മേഖലയിലെ ഏറ്റവും വലിയ സൈനികതാവളം തുറക്കാൻ അനുമതി നൽകിയ ഖത്തറിനെപ്പോലും ഇസ്രയേൽ ആക്രമിച്ചു. നേരത്തേ ഇറാനും അമേരിക്കൻ സൈനികതാവളം ലക്ഷ്യമാക്കി ആക്രമണം നടത്തി. ഏതുകോണിലൂടെ നോക്കിയാലും ഇസ്രയേൽ–അമേരിക്കൻ അച്ചുതണ്ടിന് പ്രതീക്ഷിച്ച വിജയം ഗാസ ഓപ്പറേഷനിലൂടെ നേടാനായില്ല. യുദ്ധത്തിന്റെ അന്തിമഫലം, സമാധാനം നശിച്ച രാജ്യമായി ഇസ്രയേൽ തുടരുമെന്നതുതന്നെയാണ്.



deshabhimani section

Dont Miss it

Recommended for you

Home