നിലയ്ക്കാത്ത ശിശുരോദനം


വിജേഷ് ചൂടൽ
Published on Oct 07, 2025, 11:30 PM | 4 min read
സയണിസ്റ്റ് ഭീകരത ഉറഞ്ഞുതുള്ളുന്ന ഗാസയിപ്പോള്‍ വലിയൊരു ശവപ്പറമ്പാണ്. പറക്കമുറ്റും മുന്പേ ചിറകറ്റുവീഴുന്ന കുഞ്ഞുങ്ങളുടെയും മക്കൾ കൺമുന്നിൽ പിടഞ്ഞുമരിക്കുന്നത് കാണേണ്ടിവരുന്ന അച്ഛനമ്മമാരുടെയും നാട്. തങ്ങൾക്കു മുമ്പേ മക്കൾ മരിച്ചുവീഴുന്നത് കാണേണ്ടിവരുന്നതാണ് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. അങ്ങനെനോക്കിയാൽ ഗാസയിലെ അച്ഛനമ്മമാരോളം ദുരന്തം പേറുന്നവർ ലോകത്തെവിടെയും ഉണ്ടാകില്ല. വംശഹത്യയുടെ ഏറ്റവും പ്രകടമായ ലക്ഷണമാണ് കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണം
നാസർ മെഡിക്കൽ കോംപ്ലക്‌സിലെ ശിശുരോഗവിദഗ്‌ദ്ധ ഡോ. അലാ അൽ നജ്ജാറിനെ അന്നു നൈറ്റ്‌ഡ്യൂട്ടിക്കായി കൊണ്ടുവിട്ടത് അതേ ആശുപത്രിൽ ഡോക്ടറായ ഭർത്താവ് ഹംദി അൽ നജ്ജാറായിരുന്നു. പതിവുപോലെ അദ്ദേഹം ഖാൻ യൂനിസിലെ വീട്ടിൽ കാത്തിരിക്കുന്ന മക്കൾക്ക് അരികിലേക്കു ധൃതിപ്പെട്ട് മടങ്ങുന്നത് അലാ നോക്കിനിന്നു. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞെത്തിയ ആംബുലൻസുകളിൽനിന്ന് ചോരയിൽ കുതിർന്ന ശരീരങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. ചോരതുടച്ചെടുത്തു തിരിച്ചറിഞ്ഞ മൃതദേഹങ്ങൾക്കു മുന്നിൽ ഡോ. അലാ മറ്റൊരു മൃതദേഹമായി മരവിച്ചുനിന്നു. അക്കൂട്ടത്തിൽ ഏഴു കുഞ്ഞുശരീരങ്ങൾ അവരുടെ മക്കളുടേതായിരുന്നു. രണ്ടുകുഞ്ഞുങ്ങളുടെകൂടി മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തി.
ഗുരുതരമായി പരിക്കേറ്റ ഡോ. ഹംദി പത്താംദിവസം വിടപറഞ്ഞു. രക്ഷപ്പെട്ട ഏക മകൻ ആദത്തിന് വലതുകാൽ നഷ്ടമായി. അലാ എന്ന ഡോക്ടർ ഇന്നും ബാക്കിയുണ്ട്. അലാ എന്ന അമ്മ അന്നേ മരിച്ചു. ഗാസയിലെ അമ്മമാരുടെ ജീവിതം ഇങ്ങനെയാണ്; കുഞ്ഞുങ്ങളുടേതും. ഇസ്രയേലിന്റെ ബോംബുകളേറ്റു പിടഞ്ഞുമരിക്കാൻ മാത്രമായി പിറക്കുന്ന കുഞ്ഞുങ്ങളുടെയും മക്കളുടെ മൃതദേഹങ്ങൾ കണ്ടുകണ്ട് മരിച്ചുജീവിക്കാൻ വിധിക്കപ്പെട്ട അമ്മമാരുടെയും നാട്. വംശഹത്യയുടെ പുതിയപതിപ്പ് പിന്നിടുന്ന രണ്ടുകൊല്ലത്തിലെന്നല്ല, എല്ലാ കാലവും ഇസ്രയേലിന്റെ തീതുപ്പുന്ന പോർവിമാനങ്ങളുടെ നിഴലിലായിരുന്നു ഗാസയുടെ ജീവിതം.

‘വീട്ടിലെ ഏത് ഒഴിഞ്ഞ മുറിയില്‍ ഷെല്‍ വീണാലും ഞങ്ങള്‍ അതിജീവിക്കുമെന്ന പ്രതീക്ഷയില്‍ മക്കളെ മൂന്നുപേരെയും ഒരു കോണിലെ ഒറ്റമുറിയില്‍ ഒരുമിച്ച് കിടത്തുകയാണ് ഞാൻ ആദ്യം ചെയ്തത്. പക്ഷേ തൊട്ടടുത്ത ദിവസം ഞാനവരെ പിരിച്ച് ഓരോ മുറിയിലായി കിടത്തും. ഒറ്റ ആക്രമണത്തില്‍ അവര്‍ ഒന്നിച്ചു മരിച്ചുപോകരുതല്ലോ. അത്രയും താങ്ങാനാവില്ലല്ലോ. പിന്നെ ഒരു ഷെല്ലിനു പകരം അര ടണ്‍ ബോംബാണ് അവർ ഇടുന്നതെങ്കില്‍ ഞങ്ങളാരും രക്ഷപ്പെടില്ല’– ഖാന്‍ യൂനിസ് അഭയാര്‍ഥിക്യാമ്പില്‍ വളര്‍ന്ന വെയ്ദാന്‍ അബു ഷമ്മാലയുടെ അനുഭവം ദി വാഷിങ്‌ടണ്‍ പോസ്റ്റ് പങ്കുവയ്ക്കുന്നു.
കുഞ്ഞുങ്ങളെ കൂട്ടത്തോടെ പട്ടിണിക്കിടുകയും, വിശപ്പിന്റെ വിതുമ്പലുകളെ ലക്ഷ്യമാക്കി ബോംബുകൾ വർഷിക്കുകയും ചെയ്യുന്ന ക്രൂരത ചരിത്രത്തിൽ ഇന്നേവരെ അരങ്ങേറിയിട്ടില്ല. പതിനായിരക്കണക്കിന് കുട്ടികൾ പട്ടിണിമരണത്തിന്റെ വക്കിലാണെന്നും ഉപരോധം നീക്കി ഭക്ഷണമെത്തിക്കാൻ അനുവദിക്കണമെന്നും യുഎന്നും ലോകരാജ്യങ്ങളും എത്രയോവട്ടം ഇസ്രയേലിനോട് അഭർ്യഥിച്ചു. ഒടുവിൽ അമേരിക്കൻ പിന്തുണയോടെയുള്ള ഗാസ ഹ്യുമനിറ്റേറിയൻ ഫൗണ്ടേഷൻ ഗാസയിൽ തുറന്ന ഭക്ഷണവിതരണകേന്ദ്രങ്ങളിലേക്ക് വിശന്നുവലഞ്ഞെത്തിയ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ വെടിവച്ചുകൊല്ലുകയെന്ന ക്രൂരതയുടെ പുതിയ അധ്യായം തുറക്കുകയായിരുന്നു ഇസ്രയേൽ. അന്നംതേടിയെത്തിയ അഞ്ഞൂറിലേറെ പേരെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയത്.

പലസ്തീനിന്റെ ശൈശവം പിച്ചവയ്ക്കുന്നതും ബാല്യം ഓടിക്കളിക്കുന്നതും സയണിസ്റ്റ് ഭീകരതയുടെ കരിനിഴലിലാണ്. യൗവ്വനത്തിന്റെ പ്രതിഷേധവും അമ്മയുടെ കണ്ണീരും അച്ഛന്റെ നെടുവീർപ്പുമെല്ലാം വലിയൊരു തടവറയിലൊടുങ്ങുന്നു. ഗാസയിലെ മൊത്തം ജനസംഖ്യയുടെ 47 ശതമാനവും കുട്ടികളാണ്. ഇസ്രയേൽ കടന്നാക്രമണത്തിന്റെ പുതിയ പതിപ്പ് തുടങ്ങുന്നതിന് എത്രയോ മുമ്പുതന്നെ ഇവർ മാനസികപ്രശ്നങ്ങൾക്ക് അടിപ്പെട്ടുകഴിഞ്ഞു. 80 ശതമാനം കുട്ടികളും പോസ്റ്റ് ട്രോമാറ്റിക് ഡിസോർഡറിന് വിധേയരാണെന്നാണ് യുഎൻ ഏജൻസികളുടെ വിലയിരുത്തൽ. ഓരോകുട്ടിയും മനസിനെ നടുക്കുന്ന ഒമ്പത് സംഭവങ്ങൾക്കെങ്കിലും സാക്ഷിയായിട്ടുണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്. ആളുകൾ കൊല്ലപ്പെടുന്നതും മുറിവേറ്റ് ചോരവാർക്കുന്നതും നേരിൽക്കണ്ടിട്ടുണ്ട് മിക്കവരും. സ്ഫോടനം പലവട്ടം കണ്ടിട്ടും കേട്ടിട്ടുമുള്ളവരാണ് എല്ലാവരും. ഇസ്രയേൽ സൈനികർ തങ്ങളുടെ ബന്ധുക്കളെ അപമാനിക്കുന്നതിനും മർദ്ദിക്കുന്നതിനും ദൃക്സാക്ഷികളായവരാണ് 65 ശതമാനം കുട്ടികളും. എട്ടിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള ആൺകുട്ടികളിൽ മൂന്നിലൊന്നും ഇസ്രയേലിനുനേരെ ചാവേറാക്രമണം നടത്തി മരിക്കാനിഷ്ടപ്പെടുന്നുവെന്ന് തുറന്നുപറയുമ്പോൾ ഒരു ജനത അനുഭവിക്കുന്ന ദുരിതത്തിന്റെയും അവഹേളനത്തിന്റെയും ആഴം വ്യക്തമാകുന്നു. സ്വന്തം സുരക്ഷയ്ക്കെന്ന പേരിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതികൾ അവർക്കെതിരായ കൂടുതൽ പോരാളികളെ സൃഷ്ടിക്കാൻ മാത്രമേ ഉതകുന്നുള്ളൂ.
ഓരോ പത്തു മിനിറ്റിലും ഒരു കുഞ്ഞ്
ഗാസയില്‍ ഇപ്പോള്‍ കൊല്ലപ്പെടുന്ന അഞ്ചുപേരില്‍ രണ്ടും കുട്ടികളാണെന്നാണ് സേവ് ദ ചില്‍ഡ്രന്‍ ഡയറക്ടര്‍ ജാസണ്‍ ലീ വെളിപ്പെടുത്തിയത്. ആഗോള ചാരിറ്റി ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ലോകത്തെ സകല സംഘര്‍ഷ മേഖലകളിലുമായി കൊല്ലപ്പെടുന്നതിനേക്കാൾ കുട്ടികള്‍ ഗാസയില്‍ കൊല്ലപ്പെടുന്നു. ഓരോ പത്തുമിനിറ്റിലും ഒരു കുഞ്ഞ് ആക്രമണത്തിനിരയാകുന്നുവെന്നാണ് റിപ്പോർട്ട്. വംശഹത്യയുടെ പുതിയപതിപ്പിൽ കൊല്ലപ്പെട്ട 67,000ലേറെ പലസ്‌തീൻകാരിൽ കുട്ടികളുടെ എണ്ണം 20,000നു മേലാണ്. സ്‌ത്രീകളുടെ കുട്ടികളും ചേർന്നാൽ മരണസംഖ്യയുടെ 70 ശതമാനത്തോളം വരും. ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെടുന്നൊരു യുദ്ധത്തില്‍ ആരുമാരും വിജയിക്കുന്നില്ലെന്നാണ് യുഎൻ ബാലാവകാശ സമിതി വെടിനിര്‍ത്തലിന് ആഹ്വാനംചെയ്തിറക്കിയ പ്രസ്താവനയില്‍ ഓർമിപ്പിച്ചത്.
യുഎൻ ഏജൻസികൾ അടക്കമുള്ളവരുടെ സഹായം ഗാസയിലെത്താൻ അനുവദിച്ചില്ല. പകരം ഇസ്രയേൽ–അമേരിക്ക പിന്തുണയുള്ള ഗാസ ഹ്യുമനിറ്റേറിയൻ ഫൗണ്ടേഷനെയാണ് ചുമതലയേൽപ്പിച്ചത്. ആഴ്‌ചകളോളം പട്ടിണികിടന്ന മനുഷ്യർ സഹായവിതരണകേന്ദ്രങ്ങളിലേക്ക് ഓടിയെത്തി. ഇവർക്കുനേരെ നിർദാക്ഷിണ്യം വെടിയുതിർക്കുകയായിരുന്നു
പട്ടിണിക്കിട്ട് വെടിവച്ചുകൊല്ലുന്നു
ഗാസയെ കൊന്നൊടുക്കാനുള്ള അന്തിമനടപടിക്ക് ‘ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്‌സ്’ എന്നാണ് ഇസ്രയേൽ പേരിട്ടത്. ഇതിനു മുന്നോടിയായിത്തന്നെ ഗാസയിലേക്കുള്ള എല്ലാ സഹായവഴികളും അടച്ചിരുന്നു. ഭക്ഷ്യവസ്തുക്കളോ മരുന്നുകളോപോലും ഗാസയിലേക്ക് കടത്തിവിടാൻ ഇസ്രയേലി സൈന്യം അനുവദിച്ചില്ല. രണ്ടുവർഷത്തെ ഉപരോധവും നിരന്തരമായ ആക്രമണങ്ങളും സൃഷ്ടിച്ച മനുഷ്യനിർമിത ക്ഷാമംമൂലം ഗാസയിൽ പട്ടിണിമരണങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പട്ടിണിയാൽ മരിച്ചവരുടെ എണ്ണം 460 ആയി. ഇതിൽ 159 കുട്ടികളും ഉൾപ്പെടുന്നു.
കഴിഞ്ഞ മാർച്ച് മുതൽ മെയ് പകുതി വരെ, ഇസ്രയേൽ ഗാസയുടെ അതിർത്തികൾ പൂർണമായും അടച്ചു. ഗാസയിലെ ദുർബലരായ ജനങ്ങളെ കടുത്ത പട്ടിണിയിലേക്കും നിർജലീകരണത്തിലേക്കും തള്ളിവിട്ടു. ഓക്സ്ഫാം, ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, ആംനസ്റ്റി ഇന്റർനാഷണൽ, നോർവീജിയൻ അഭയാർഥി കൗൺസിൽ എന്നിവയുൾപ്പെടെ നൂറിലധികം സഹായ സംഘടനകൾ ജോർദാനിലും ഈജിപ്തിലുമുള്ള വെയർഹൗസുകളിൽ വൻതോതിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചിട്ടുണ്ട്. എന്നിട്ടും പലസ്തീൻകാർ പട്ടിണിയിൽ തുടരുന്നു. കുഞ്ഞുങ്ങൾ അസ്ഥിപഞ്ചരങ്ങളായി കൊഴിഞ്ഞുവീഴുന്നു.

പട്ടിണികിടന്ന് അവശനിലയിലായ കുഞ്ഞിനെ എടുത്തുനിൽക്കുന്ന സ്ത്രീ. മൊബെെൽ സ്ക്രീനിൽ കുട്ടിയുടെ പഴയ ഫോട്ടോ കാണാം
പതിനായിരത്തിലേറെ കുഞ്ഞുങ്ങൾ പട്ടിണിയാൽ മരിക്കാൻ പോവുകയാണെന്നും ഉടൻ സഹായമെത്തിക്കാൻ വാതിലുകൾ തുറക്കണമെന്നും നിലവിളിക്കേണ്ടിവന്നു ഐക്യരാഷ്‌ട്ര സംഘടനയുടെ ഏജൻസികൾക്ക്. അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമായതോടെയാണ് ഉപരോധത്തിൽ ഇളവുനൽകാൻ ഇസ്രയേൽ കനിവുകാട്ടിയത്. അപ്പോഴും യുഎൻ ഏജൻസികൾ അടക്കമുള്ളവരുടെ സഹായം ഗാസയിലെത്താൻ അനുവദിച്ചില്ല. പകരം ഇസ്രയേൽ–അമേരിക്ക പിന്തുണയുള്ള ഗാസ ഹ്യുമനിറ്റേറിയൻ ഫൗണ്ടേഷനെയാണ് ആ ചുമതലയേൽപ്പിച്ചത്. കൂട്ടക്കൊലയ്‌ക്കു വേഗം കൂട്ടാനുള്ള പുതിയ പരീക്ഷണമായിരുന്നു ഇത്.
ആഴ്‌ചകളോളം പട്ടിണികിടന്ന മനുഷ്യർ സഹായവിതരണകേന്ദ്രങ്ങളിലേക്ക് ഓടിയെത്തി. ഇവർക്കുനേരെ നിർദാക്ഷിണ്യം വെടിയുതിർക്കുകയായിരുന്നു ഇസ്രയേലി സൈന്യം. ഒരു പ്രകോപനവുമില്ലെങ്കിലും വെടിവയ്ക്കാനാണ് മുകളിൽനിന്നുള്ള നിർദ്ദേശമെന്ന് സൈനികർതന്നെ വാർത്താ ഏജൻസിയോടു വെളിപ്പെടുത്തി. പട്ടിണികിടന്നുമരിച്ചതിലുമേറെ പേർ ഭക്ഷണം തേടിയെത്തവേ വെടിയേറ്റു മരിച്ചു. 1550 പേരെങ്കിലും ഇത്തരത്തിൽ കൊല്ലപ്പെട്ടതായാണ് യുഎൻ ഏജൻസികളുടെ കണക്ക്.
ആശുപത്രികളെയും അഭയാർഥിക്യാന്പുകളെയും ലക്ഷ്യമിട്ടുള്ള ക്രൂരമായ ആക്രമണമാണ് ഇസ്രയേൽ നിർബാധം തുടരുന്നത്. ആക്രമണങ്ങളിൽ ആയിരത്തോളം ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു.















