Articles

നാളെ
 ഗാന്ധിജയന്തി

ഗാന്ധിസ്‌മൃതി ഒരു സമരായുധം

gandhi jayanthi
avatar
ആർ പാർവതി ദേവി

Published on Sep 30, 2025, 11:08 PM | 3 min read

നമ്മുടെ രാഷ്ട്രപിതാവാണ്‌ എന്നതുകൊണ്ടുമാത്രമല്ല മഹാത്മാഗാന്ധിയെ ജനാധിപത്യ ഇന്ത്യ എന്നും സ്മരിക്കേണ്ടത്. വളരെ കരുതലോടെ കണക്കാക്കപ്പെടുന്ന ‘ഇന്ത്യ എന്ന ആശയ'ത്തിന് അടിത്തറയാകുന്ന മൂല്യങ്ങൾക്കായി ജീവിതസമർപ്പണം നടത്തിയ രക്തസാക്ഷി എന്ന നിലയിലാണ് ഗാന്ധിജി കൂടുതൽ സ്മരണീയനാകുന്നത്. ബ്രിട്ടീഷ് ഭരണത്തിൽനിന്ന്‌ ഇന്ത്യയെ മോചിപ്പിക്കുക എന്ന സുദൃഢമായ ലക്ഷ്യത്തോടൊപ്പം ഹിന്ദു–മുസ്ലിം മൈത്രി, ഹരിജനോദ്ധാരണം, അയിത്തോച്ചാടനം, മതനിരപേക്ഷത, സ്വാശ്രയ ഇന്ത്യ എന്നിവയ്ക്കും മഹാത്മാഗാന്ധി തുല്യപ്രാധാന്യം നൽകി. ഇന്ത്യയുടെ ബഹുസ്വരത ഗാന്ധിജി എന്തിനേക്കാളുമേറെ വിലമതിച്ചു.


​ഈ ലക്ഷ്യങ്ങൾക്കായി ഗാന്ധിജി രൂപപ്പെടുത്തിയ ദർശനത്തോട് സൈദ്ധാന്തികമായ വിയോജിപ്പുകളുള്ളവരും അദ്ദേഹത്തിന്റെ അസാധാരണ വ്യക്തിപ്രഭാവത്തെ വിസ്മയത്തോടെയാണ് കണ്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകവ്യവസായിയായിരുന്ന ജി ഡി ബിർളയെയും നവഖാലിയിലെ മുസ്ലിം കർഷകനെയും ഒരുപോലെ തന്റെ ആകർഷകവലയത്തിനുള്ളിൽ ചേർത്തുനിർത്താൻ കഴിയുന്ന മാസ്മരികത ഗാന്ധിജിയുടെ വ്യക്തിത്വത്തിനുണ്ടായിരുന്നു. (ഗാന്ധിജി വെടിയേറ്റുവീണത് ഡൽഹി ബിർളാമന്ദിറിലായിരുന്നല്ലോ. മറ്റു ചില വേളകളിൽ അദ്ദേഹം താമസിച്ചിരുന്നത് തൂപ്പുജോലിക്കാരുടെ കോളനിയിലായിരുന്നു) വട്ടക്കണ്ണടയും നീണ്ട ഊന്നുവടിയുമായി ഇന്ത്യൻ ഗ്രാമങ്ങളിലൂടെ അതിവേഗം സഞ്ചരിക്കുന്ന ‘അർധനഗ്നനായ ഫക്കീർ’ വഴിയോരങ്ങളെ ത്രസിപ്പിക്കുന്നത് ഭയപ്പാടോടെയാണ് മതതീവ്രശക്തികൾ നിരീക്ഷിച്ചിരുന്നതെന്നുവേണം കരുതാൻ. ആസേതുഹിമാചലം പടർന്നുകിടക്കുന്ന ഇന്ത്യയുടെ സിരാപടലങ്ങളിലേക്ക് ദേശസ്നേഹം ഒഴുക്കിവിടാൻ ഗാന്ധിജിയുടെ കൈയിൽ അഹിംസാമന്ത്രവും പൂർണസമർപ്പിതമായ, സവിശേഷമായ മാനവികബോധവുമാണ്‌ ഉണ്ടായിരുന്നത്.


gandhi jayanthi


എന്നാൽ, അതുകൊണ്ടുമാത്രം ഇന്ത്യൻ സമൂഹത്തിൽ ആഴത്തിലിറങ്ങിയ ചൂഷണത്തിന്റെ വേരുകൾ പിഴുതെറിയാനാകില്ലെന്ന് ഒരുവിഭാഗം യുവാക്കൾ അന്നുതന്നെ തിരിച്ചറിഞ്ഞു. വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമരരൂപങ്ങളോടുള്ള ഗാന്ധിജിയുടെ വിയോജിപ്പിൽ അവർ പ്രക്ഷുബ്‌ധരാകുകയും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ അങ്ങനെ സോഷ്യലിസ്റ്റ് ധാര ഉടലെടുക്കുകയും ചെയ്തു. അന്നതിന്‌ നേതൃത്വം നൽകിയ യുവാക്കൾ പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായരായി മാറി. ഇ എം എസും സുർജിത്തും പി കൃഷ്ണപിള്ളയും എം എൻ ഗോവിന്ദൻനായരും അടങ്ങുന്ന വിപ്ലവകാരികളുടെ ആ സംഘം ചരിത്രത്തിനുമുന്നിൽ നടക്കുകയും ചരിത്രം രചിക്കുകയും ചെയ്തു.


​എന്നാൽ, ഗാന്ധിജിയുടെ സ്വപ്‌നം മറ്റൊന്നായിരുന്നു. അതിനായി സ്വയം സമർപ്പിച്ച നിരായുധനായ ആ വയോധികനെ തൊട്ടരികിൽനിന്ന്‌ വെടിവച്ചുകൊല്ലാൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ കൈയിൽ 9 എംഎം ബെരേറ്റ കൈത്തോക്ക് പിടിപ്പിക്കുന്നതിനുപിന്നിൽ ദീർഘകാലത്തെ ആസൂത്രണം ഉണ്ടായിരുന്നു. ഒരു മതഭ്രാന്തൻ പെട്ടെന്നുള്ള ആവേശത്തിൽ ചെയ്ത കൊലപാതകമായിരുന്നില്ല അതെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. ഒരു ജ്യോത്സ്യന്റെ നിർദേശപ്രകാരം കുട്ടിയായ നാഥുറാമിനെ പെൺകുട്ടിയെപ്പോലെ അണിയിച്ചൊരുക്കി വളർത്തിയ രക്ഷിതാക്കൾ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല തങ്ങളുടെ മകൻ രാഷ്ട്രപിതാവിന്റെ കൊലയാളിയായി മാറുമെന്ന്. എന്നാൽ, കുട്ടിക്കാലംമുതൽ അനുഭവിച്ച ലിംഗസ്വത്വപ്രതിസന്ധി ‘ആക്രമണോത്സുക പുരുഷത്വം’ സ്ഥാപിക്കാനുള്ള വ്യഗ്രത നാഥുറാമിനുണ്ടാക്കി കൊടുത്തിട്ടുണ്ടാകാം. കൈത്തോക്ക് പിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ കരങ്ങൾ ഹിന്ദുമഹാസഭയുടെ നേതാവായ വി ഡി സവർക്കറും കൂട്ടരും കണ്ടെത്തുകയായിരുന്നു.


gandhi jayanthi


ഗാന്ധിജി ഉത്തമനായ, പ്രഖ്യാപിത ഹിന്ദുമതവിശ്വാസിയായിരുന്നു. വെടിയേറ്റുവീഴുമ്പോഴും ആ നാവിൽനിന്ന്‌ ‘ഹേ റാം’ ആണ് ഉയർന്നത്. ‘അമ്മേ’ എന്ന നിലവിളിയായിരുന്നില്ല. ഹിന്ദുമതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലുള്ള ഗാന്ധിജിയുടെ എതിർപ്പാണ് അദ്ദേഹത്തെ ഹിന്ദുത്വശക്തികളുടെ ബദ്ധശത്രുവാക്കി മാറ്റിയത്. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാൻ ഏതറ്റംവരെ പോകാനും ഗാന്ധിജി തയ്യാറായിരുന്നു. 1947 മാർച്ചിൽ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവിനെ കാണാൻ ഡൽഹിയിൽ ചെന്ന ഗാന്ധിജി സ്വതന്ത്ര ഇന്ത്യയിൽ മന്ത്രിസഭ രൂപീകരിക്കാൻ മുസ്ലിംലീഗ് നേതാവ് മുഹമ്മദാലി ജിന്നയെ ക്ഷണിക്കണമെന്ന് അഭിപ്രായപ്പെട്ടത് അവിശ്വസനീയമായി തോന്നാം. മതനിരപേക്ഷ ഇന്ത്യയുടെ താൽപ്പര്യം സംരക്ഷിക്കപ്പെടണം എന്ന ഒറ്റ വ്യവസ്ഥയേ ഗാന്ധിജിക്ക് ഉണ്ടായിരുന്നുള്ളൂ.


സ്വാഭാവികമായും കോൺഗ്രസ് ഇതിനോട് യോജിക്കാതിരിക്കുകയും മുസ്ലിംലീഗുമായി കടുത്ത ശത്രുതയിലേക്ക് പോകുകയും ചെയ്തുവെന്നത് ചരിത്രം. ഇന്ത്യ വെട്ടിമുറിക്കപ്പെടാതിരിക്കാൻ ഗാന്ധിജി നടത്തിയ ഒരു പാഴ്‌ശ്രമമായിരുന്നു അത്. 1947 ആഗസ്ത് 15ന്‌ രാജ്യം സ്വതന്ത്രമാകുകയും നാടെങ്ങും ആവേശത്തിമിർപ്പിലാറാടുകയും ചെയ്തപ്പോൾ നവഖാലിയിൽ (ഇപ്പോൾ ബംഗ്ലാദേശിലാണ്) സമാധാനദൂതുമായി ഗാന്ധിജി അലയുകയായിരുന്നു. അദ്ദേഹത്തിന്റെ സമരമാർഗമായ നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു. ഹിന്ദു–-മുസ്ലിം മൈത്രി അദ്ദേഹത്തിന്‌ അത്രയ്‌ക്ക് വിലപ്പെട്ടതായിരുന്നു.


2025 ആയപ്പോൾ ഇന്ത്യ കാണുന്ന കാഴ്ച, വിയോജിപ്പുകൾ നിശ്ശബ്ദമാക്കുന്നതിന് പുത്തൻ 9 എംഎം ബെരേറ്റകൾ നാടിന്റെ പലഭാഗങ്ങളിലും ഇപ്പോഴും കാഞ്ചി പിടിച്ച്‌ സദാ സന്നദ്ധമായിരിക്കുന്നുവെന്നതാണ്. ഗാന്ധിജിയുടെ ഹൃദയത്തെ തുളച്ച വെടിയുണ്ടകൾ പിന്നീട് ഗോവിന്ദ് പൻസാരെയുടെയും കൽബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും ജീവൻ കവർന്നു.


gandhi jayanthi


വയോധികനും പാർക്കിൻസൺ രോഗിയുമായ സ്റ്റാൻ സ്വാമിയെയും പോളിയോ ബാധയെ തുടർന്ന് വീൽചെയറിനെ ആശ്രയിച്ച്‌ ജീവിച്ച സായിബാബയെയും പോലെയുള്ള ജനാധിപത്യവാദികളെ ഭരണകൂടം അന്യായമായി തടവിൽ പാർപ്പിക്കുകയും ഒടുവിൽ അവരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തത് ആധുനിക ഇന്ത്യയുടെ മുഖം ലോകത്തിനുമുന്നിൽ വികൃതമാക്കി.


ഗാന്ധിജിയുടെ രക്തസാക്ഷിത്വം പാഠപുസ്തകങ്ങളിൽനിന്ന്‌ അപ്രത്യക്ഷമാകുന്നു. വോട്ടുകൾ മോഷണം പോകുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുകുത്തികളാകുന്നു. പാർലമെന്റ് അപ്രസക്തമാകുന്നു. ഹിംസാത്മകമായ ഹിന്ദുത്വപ്രത്യയശാസ്ത്രം ദംഷ്‌ട്രയും നെറ്റിക്കണ്ണുമായി ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങൾ ഞെരിച്ചമർത്തുന്നു. നവ ഫാസിസ്റ്റ് പ്രവണതകൾ ഇന്ത്യ എന്ന ആശയത്തെ തകിടംമറിക്കുന്നു.


മതരാഷ്ട്രമായി ഇന്ത്യയെ പരിവർത്തിപ്പിക്കാൻ നൂറുവർഷമായി ഹിന്ദുത്വശക്തികൾ നടത്തിവരുന്ന പരിശ്രമങ്ങൾക്ക് നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ആവേഗം കൈവരുമ്പോൾ, മഹാത്മാഗാന്ധി ഉൽക്കണ്ഠയോടെ ഉന്നയിച്ച പ്രശ്നങ്ങൾ അപകടകരമാംവിധത്തിൽ വളർന്നിരിക്കുന്നുവെന്നു കാണാം. രാഷ്ട്രപിതാവിന്റെ രക്തം വീണ്‌ കുതിർന്ന മണ്ണിൽനിന്ന്‌ ഉയർന്നുവരേണ്ട ഐക്യത്തോടെയുള്ള പ്രതിരോധത്തിന്റെ സാധ്യതകളെക്കുറിച്ചാകാം ഈ ഗാന്ധിജയന്തിദിനത്തിൽ നമ്മുടെ ചിന്തകൾ.



Home